Current Date

Search
Close this search box.
Search
Close this search box.

ജ്ഞാനമാര്‍ഗ്ഗത്തിലെ നീരുറവ

ഓജസ്സും ഉന്മേഷവും തുടിക്കുന്ന, അന്യൂനവും അക്ഷീണവുമായ ശരീരഘടനയുള്ള യുവാവായിരുന്നു അദ്ദേഹം. അതോടൊപ്പം ധാരണാശക്തിയും ബുദ്ധിതീക്ഷണതയമുള്ളവനും, മൂല്യങ്ങളോട് പ്രതിപത്തിയും അല്ലാഹു വിലക്കിയവകളോട് അകലം പാലിക്കുന്നവനുമായിരുന്നു അദ്ദേഹം. വ്യതിരിക്തവും അപൂര്‍വ്വവുമായ വ്യക്തിത്വം ചെറുപ്രായത്തില്‍ തന്നെ നേടിയെടുക്കുന്നതിന്, കറുത്ത നിറവും ചുരുണ്ട മുടിയും എത്യോപ്യന്‍ വംശപാരമ്പര്യവും അദ്ദേഹത്തിന് തടസ്സമായില്ല.

ജന്മം കൊണ്ട് ഏത്യോപ്യക്കാരനും കര്‍മം കൊണ്ട് അറബിയുമായ ആ യുവാവ്, വിജ്ഞാനം മാത്രമാണ് അല്ലാഹുവിലേക്ക് എത്തിക്കുന്ന ഋജുവായ പാതയെന്നും, തഖ്‌വ മാത്രമാണ് സ്വര്‍ഗത്തിലേക്ക് എത്താന്‍ ഒരുക്കപ്പെട്ട വഴിയെന്നും കണ്ടെത്തി. അങ്ങിനെ തഖ്‌വയെ വലംകൈയ്യിലും ജ്ഞാനത്തെ ഇടംകൈയ്യിലും ഏറ്റുവാങ്ങി. ജീവിത യാത്രയില്‍ ജ്ഞാനവും തഖ്‌വയുമായി അനവരതം അദ്ദേഹം മുന്നേറി. ഒന്നുകില്‍ പുസ്തകം വായിച്ച് ചടഞ്ഞിരിക്കും അല്ലെങ്കില്‍ ആരാധനയില്‍ അണിചേര്‍ന്നിട്ടുണ്ടാകും എന്ന നിലയിലല്ലാതെ കുട്ടിക്കാലം മുതലേ ആളുകള്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. അങ്ങിനെയൊക്കെ ആയിരുന്നു അക്കാലഘട്ടത്തിലെ മഹാനായിരുന്ന സഈദ് ബിന്‍ ജുബൈര്‍(റ).

അബൂ സഈദ് ഖുദ്‌രി(റ), അദിയ്യ് ബിന്‍ ഹാത്വിം ത്വാഇ(റ), അബൂ മൂസാ അശ്അരി്(റ), അബൂ ഹുറൈറ ദൗസി(റ), അബ്ദുല്ലാ ബിന്‍ ഉമര്‍(റ), ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) പോലുള്ള പ്രമുഖ സ്വഹാബികളില്‍ നിന്നുമാണ് സഈദ് ബിന്‍ ജുബൈര്‍ എന്ന യുവാവ് വിദ്യ നേടിയെടുത്തത്. എങ്കിലും അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്‍ മുസ്‌ലിം ഉമ്മത്തിലെ മഹാപണ്ഡിതനും അറിവിന്റെ ആഴക്കടലുമായ അബ്ദുല്ലാ ബിന്‍ അബ്ബാസായിരുന്നു. അബ്ദുല്ലാ ബിന്‍ അബ്ബാസിന്റെ തണലില്‍ ഖുര്‍ആനും തഫ്‌സീറും ഹദീസും അതിലെ അവ്യക്തതകളും പഠിച്ചു കഴിഞ്ഞുകൂടി. ഇബ്‌നു അബ്ബാസില്‍ നിന്നും പാണ്ഡിത്യം നേടി, ഖുര്‍ആന്‍ വ്യാഖ്യാനം പഠിച്ചു. അവിടെ നിന്ന് തന്നെ ഭാഷയില്‍ അഗാധ പാണ്ഡിത്യം നേടി. ചുരുക്കത്തില്‍ സഈദ് ബിന്‍ ജുബൈറിന്റെ അറിവില്‍ ആവശ്യമില്ലാത്ത ആരും അക്കാലത്തുണ്ടായിരുന്നില്ല.

വിജ്ഞാനം തേടി മുസ്‌ലിം നാടുകളില്‍ അദ്ദേഹം ചുറ്റിനടന്നു. വിചാരിച്ചിടത്തോളം അറിവ് നേടിയെടുത്തപ്പോള്‍, താവളമായി അദ്ദേഹം കൂഫയില്‍ ഒരു വീടൊരുക്കി അവിടുത്തെ അധ്യാപകനും ഇമാമുമായി. റമദാന്റെ രാവുകളില്‍ ഇമാമായി നില്‍ക്കുമ്പോള്‍, അബ്ദുല്ലാ ബിന്‍ മസ്ഊദിന്റെയും ചിലപ്പോള്‍ സൈദ് ബിന്‍ ഥാബിത്തിന്റെയും ചിലപ്പോള്‍ മറ്റുള്ളവരുടെയും പാരായണ ശൈലി അനുവര്‍ത്തിക്കാറുണ്ടായിരുന്നു. ഒറ്റക്ക് നമസ്‌കരിക്കുമ്പോള്‍ ചില വേളകളില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്‍ക്കാറുണ്ടായിരുന്നു. പ്രതാപവാനും മഹാനുമായ അല്ലാഹുവിന്റെ വചനമായ ‘(അതിന്റെ ഫലം) എത്രയും വേഗം അവര്‍ അറിയുന്നതാണ്, കഴുത്തുകളില്‍ വിലങ്ങുകളും ചങ്ങലകളുമായി അവര്‍ തിളയ്ക്കുന്ന വെള്ളത്തിലൂടെ വലിച്ചിഴക്കപ്പെടും’ [അല്‍ഗാഫിര്‍ 70-72] എന്നത് പോലുള്ള മുന്നറിയിപ്പിന്റെയും വാഗ്ദാനത്തിന്റെയും വചനങ്ങളിലൂടെ കടന്നു പോകുമ്പോള്‍, അദ്ദേഹത്തിന്റെ ചര്‍മം വിറയ്ക്കുകയും ഹൃദയം നുറുങ്ങുകയും കണ്ണ് നിറയുകയും അതിനെത്തുടര്‍ന്ന് പാരായണം മുന്നോട്ട് കൊണ്ടുപോകാനാവാതെ മരണവെപ്രാളം കാണിക്കുകയും ചെയ്യുമായിരുന്നു. റജബില്‍ ഉംറയ്ക്കായും ദുല്‍ഖഅ്ദയില്‍ ഹജ്ജിനായും, വര്‍ഷത്തില്‍ രണ്ട് വട്ടം വിശുദ്ധ ഗേഹത്തിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ പതിവായിരുന്നു. സഈദ് ബിന്‍ ജുബൈറിന്റെ, നിറഞ്ഞ തെളിനീരുറവയില്‍ നിന്നും കോരിയെടുക്കാന്‍,  വിദ്യാര്‍ത്ഥികളും നന്മ തേടുന്നവരും സംഘങ്ങളായി കൂഫയിലെത്തിച്ചേര്‍ന്നിരുന്നു.

ഒരാള്‍ക്ക് ചോദിക്കാനുള്ളത് ഖശ്‌യഃ (ഭയം) എന്തെന്നാണ്. നിന്റെയും നിന്റെ പാപങ്ങള്‍ക്കുമിടയില്‍ മറയാകുമാറ്, പ്രതാപവാനും മഹാനുമായ അല്ലാഹുവിനെ ഭയപ്പെടുന്നതാണ് ഭയം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. മറ്റൊരാള്‍ ചോദിക്കുന്നത് ദിക്ര്‍ (ദൈവസ്മരണ) എന്തെന്നാണ്. പ്രതാപവാനും ഉന്നതനുമായ അല്ലാഹുവിനെ അനുസരിക്കലാണ് ദിക്ര്‍. ആരെങ്കിലും അല്ലാഹുവിന്റെ സാമീപ്യത്തിലേക്ക് വന്ന് അനുസരിക്കുമെങ്കില്‍ അവന്‍ അല്ലാഹുവിനെ സ്മരിച്ചു. പിന്തിരിഞ്ഞു പോവുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍, രാത്രി മുഴുവനും തസ്ബീഹിലും ഖുര്‍ആന്‍ പാരായണത്തിലുമായി കഴിഞ്ഞുകൂടിയാലും ദൈവസ്മരണ പുലര്‍ത്തിയവന്‍ ആവുകയില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സഈദ് ബിന്‍ ജുബൈര്‍ – 2
സഈദ് ബിന്‍ ജുബൈര്‍ – 3
സഈദ് ബിന്‍ ജുബൈര്‍ – 4

Related Articles