Current Date

Search
Close this search box.
Search
Close this search box.

ഗവര്‍ണറും ഭാര്യയും

night-moon.jpg

അന്നാട്ടിലെ ഗവര്‍ണര്‍ ഇക്‌രിമത്തുല്‍ ഫയ്യാദ് ആയിരുന്നു ആ മനുഷ്യന്‍. ഖുസൈമയുടെ വാര്‍ത്ത കേട്ടപ്പോള്‍ നാലായിരം ദീനാറെടുത്ത് ഒരു കിഴിയിലാക്കി മറ്റാരും അറിയാതിരിക്കാന്‍ ഒറ്റക്ക് അദ്ദേഹം ഇറങ്ങി പുറപ്പെടുകയായിരുന്നു. അത് ഖുസൈമക്ക് കൈമാറി സന്തോഷത്തോടെ അദ്ദേഹം മടങ്ങി. നാലായിരം ദീനാര്‍ കൊടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമാണ് അദ്ദേഹം അനുഭവിച്ചത്.

ഈ ലോകത്ത് നിരവധി ആസ്വാദനങ്ങളുണ്ട്. അതില്‍ ഏറ്റവും ആസ്വാദ്യകരവും മനസ്സില്‍ സ്പര്‍ശിക്കുന്നതും നന്മ ചെയ്യുമ്പോള്‍ ലഭിക്കുന്ന ആസ്വാദനമാണ്. നന്മ ചെയ്യുന്ന ഒരാള്‍ക്ക് തന്റെ പണത്തിന് പകരമായി ഈ ആസ്വാദനം ലഭിച്ചിലായിരുന്നുവെങ്കില്‍ നന്മകള്‍ നിലച്ചു പോകുമായിരുന്നു. അതിന്റെ എത്രയോ മടങ്ങ് കൂടുതലാണ് അല്ലാഹുവിന്റെ പക്കല്‍ അവനെ കാത്തിരിക്കുന്നത്. ‘ദൈവികസരണിയില്‍ സമ്പത്ത് ചെലവു ചെയ്യുന്നവരുണ്ടല്ലോ, അവരുടെ ധനവ്യയത്തെ ഇപ്രകാരം ഉപമിക്കാവുന്നതാകുന്നു: ഒരു ധാന്യമണി വിതച്ചു. അത് ഏഴു കതിരുകളിട്ടു. ഓരോ കതിരിലും നൂറു മണികള്‍! അല്ലാഹു അവനിച്ഛിക്കുന്നവരുടെ കര്‍മത്തെ ഇവ്വിധം പെരുക്കിക്കൊടുക്കുന്നു.’

നൂറ് എഴുപതിനായിരമായി മാറുന്ന കച്ചവടത്തെ അവഗണിച്ച് അഞ്ചോ പത്തോ ലാഭം കിട്ടുന്ന കച്ചവടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന മുസ്‌ലിമിന്റെ അവസ്ഥ എന്താണ്!

ആരും കാണാതെ തിരിച്ചെത്താന്‍ സാധിച്ചതില്‍ അല്ലാഹുവിനെ സ്തുതിച്ച് ഒരു കള്ളനെ പോലെ പതുങ്ങി ഇക്‌രിമ വീട്ടില്‍ പ്രവേശിച്ചു. തന്റെ ഭാര്യ തന്നെ കണ്ടത് അദ്ദേഹം അറിഞ്ഞിരുന്നില്ല. അതീവ ബുദ്ധിമതിയായിരുന്നു അവള്‍. എന്നാല്‍ മിക്ക സ്ത്രീകളെയും പോലെ തന്റെ ഭര്‍ത്താവില്‍ മറ്റാരെങ്കിലും അവകാശം സ്ഥാപിക്കുമോ എന്ന ഭയവും സംശയങ്ങളും അവള്‍ക്കുമുണ്ടായിരുന്നു. വീട്ടിലേക്ക് കാലെടുത്തു വെച്ചതും കള്ളന്റെ മേല്‍ ചാടിവീഴുന്ന പോലീസുകാരനെ പോല്‍ ഇരുട്ടില്‍ നിന്നും അവള്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് ചാടിവീണു.

ഭാര്യ: എവിടെയായിരുന്നു താങ്കള്‍?
ഇക്‌രിമ: ഒരാവശ്യത്തിന് പുറത്തു പോയതായിരുന്നു.
ഭാര്യ: നാട്ടിലെ ഗവര്‍ണര്‍ രാത്രിയുടെ അന്ധകാരത്തില്‍ വേഷംമാറി ഒറ്റക്ക് പുറത്തിറങ്ങുകയോ? അല്ലാഹുവാണ്, താങ്കള്‍ എന്തെങ്കിലും അത്യാവശ്യത്തിന് പുറത്തു പോയതല്ല. ഞാനല്ലാതെ മറ്റൊരു ഭാര്യ നിങ്ങള്‍ക്കുണ്ട്. അവളുടെ അടുത്തേക്കാണ് നിങ്ങള്‍ പോയത്.
അവളുടെ സംസാരം കരച്ചിലേക്ക് വഴിമാറി. വസ്ത്രം വലിച്ചു കീറി അവള്‍ അലറി വിളിച്ചു: ഇക്‌രിമ, നിങ്ങള്‍ ഭാര്യയെ വഞ്ചിക്കുകയാണ്.
ഇക്‌രിമ: അല്ല പെണ്ണേ, നിനക്കെന്താണ് പറ്റിയത്? ഭ്രാന്ത് പിടിച്ചോ? ഞാനൊരു സ്ത്രീലമ്പടനല്ലെന്ന് നിനക്കറിയില്ലേ. നീയല്ലാതെ മറ്റൊരു ഭാര്യയും എനിക്കില്ല. അല്ലാഹുവല്ലാത്ത മറ്റൊരാള്‍ അക്കാര്യം അറിയുന്നത് ഞാനിഷ്ടപ്പെടുന്നില്ല.
ഭാര്യ: അല്ലാഹുവാണ, അതെന്താണെന്ന് എന്നോട് പറയും വരെ ഞാന്‍ തൃപ്തയാവുകയില്ല.
ഇക്‌രിമ: ഞാന്‍ പറയുകയില്ല.
വീണ്ടും അവള്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി, എന്നിട്ട് പറഞ്ഞു: എന്നാല്‍ ഞാനെന്റെ വീട്ടിലേക്ക് പോവുകയാണ്.
ഇക്‌രിമ: ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍… നീയങ്ങനെ വാശി പിടിക്കുകയാണെങ്കില്‍ ഞാന്‍ പറയാം. എന്നാല്‍ ഒരിക്കലും മറ്റൊരാളെയും അതറിയിക്കുകയില്ലെന്ന് അല്ലാഹുവിനെയും മലക്കുകളെയും പിടിച്ച് നീ സത്യം ചെയ്യണം.
ഭാര്യ: ഞാന്‍ സത്യം ചെയ്യുന്നു.
ഇക്‌രിമ: പരന്നു കിടക്കുന്ന മരുഭൂമിയിലൂടെ നടക്കുകയാണ് നാം എന്നു കരുതുക. സൂര്യന്‍ തലക്കു മുകളില്‍ കത്തിനില്‍ക്കുന്നുണ്ട്. അപ്പോള്‍ ഒരു തണലിനായി നാം എത്രത്തോളം ആഗ്രഹിക്കും? ഒരു കുന്തത്തിന്റെ തണലെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിക്കുകയില്ലേ? വലിയ വിലക്കാണ് അത് വില്‍ക്കുന്നതെങ്കിലും നാമത് വിലകൊടുത്ത് വാങ്ങിക്കുകയില്ലേ?

അദ്ദേഹം തുടര്‍ന്നു: മരുഭൂമിയിലെ നമ്മുടെ അവസ്ഥക്ക് സമാനമായ മറ്റൊരു അവസ്ഥയെ കുറിച്ച് ഞാനോര്‍ത്തു പോയി. പരലോകത്ത് ഒരുമിച്ച് കൂട്ടപ്പെടുന്ന സന്ദര്‍ഭം. സൂര്യന്‍ തലക്കു മുകളില്‍ തൊട്ടടുത്ത് നില്‍ക്കുന്നു. ആയിരം വര്‍ഷങ്ങളുടെ നീളമുള്ള ദിവസം. ജനങ്ങള്‍ വിയര്‍പ്പില്‍ മുങ്ങിയിരിക്കുകയാണ്. മുഴുവന്‍ മനുഷ്യരും അവിടെ ഒരുമിച്ചു കൂട്ടപ്പെട്ടിട്ടുണ്ട്. ആദ്യത്തെ മനുഷ്യന്‍ മുതല്‍ അവസാനത്തെ ആള്‍ വരെ കേള്‍ക്കും വിധം ആദരവോടെ ഏഴ് വിഭാഗങ്ങള്‍ അവിടെ വിളിക്കപ്പെടും. ഒരു തണലും ഇല്ലാത്ത ആ ദിവസം കാരുണ്യവാന്റെ സിംഹാസനത്തിന്റെ തണലാകുന്ന മഹാ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കുക. തന്റെ വലതു കൈ ചെലവഴിക്കുന്നത് ഇടതു കൈ പോലും അറിയാത്ത തരത്തില്‍ രഹസ്യമായി ദാനധര്‍മം ചെയ്യുന്നവര്‍ അക്കൂട്ടത്തിലുണ്ടാകും. പ്രിയ സഖീ…. ഞാനും അക്കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിച്ചു കൊണ്ട് നാലായിരം ദീനാറും എടുത്ത് പുറപ്പെട്ടു… തുടര്‍ന്ന്  സംഭവിച്ചതെല്ലാം അവള്‍ക്ക് വിവരിച്ചു കൊടുത്തു.
എന്നിട്ടദ്ദേഹം ചോദിച്ചു: നീയെന്നെ വിശ്വസിക്കുന്നുണ്ടോ, അതല്ല ഞാന്‍ സത്യം ചെയ്യണോ?
അവള്‍ പറഞ്ഞു: വിശ്വസിക്കുന്നു, എനിക്കിപ്പോള്‍ സമാധാനമായി. (തുടരും)

മൊഴിമാറ്റം: നസീഫ്

ജാബിറു അഥ്‌റാതില്‍ കിറാം 2

ജാബിറു അഥ്‌റാതില്‍ കിറാം 4