Current Date

Search
Close this search box.
Search
Close this search box.

ഖിലാഫത്ത് ഏറ്റെടുക്കുന്നതിന് മുമ്പും ശേഷവും

താബിഇയ്യായ ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിനെ സംബന്ധിച്ചുള്ള സംസാരം നിറപ്പകിട്ടുള്ളതും വ്യത്യസ്തവുമാണ്. അദ്ദേഹത്തിന്റെ അത്യപൂര്‍വ്വമായ ജീവിത ചിത്രങ്ങള്‍ മടുപ്പുളവാക്കുമെങ്കില്‍ അതിനേക്കാള്‍ പ്രശോഭിതവും തെളിഞ്ഞതും പ്രതിഫലിക്കുന്നതുമായ വേറൊന്ന് കണ്ടെത്താനാവുകയില്ല. സച്ചരിതരില്‍ അഞ്ചാമന്റെ ജീവിത ചിത്രങ്ങളില്‍ മൂന്നെണ്ണം മുന്‍ ലക്കത്തില്‍ നാം കണ്ടുപോയതാണ്. വരിക, മുന്‍കഴിഞ്ഞു പോയതിനേക്കാള്‍ തിളക്കവും വെളിച്ചവും ഒട്ടും കുറയാത്ത വേറെ മൂന്നെണ്ണം കൂടി ഇപ്പോള്‍ നമുക്ക് ആസ്വദിക്കാം.

റജസ് വൃത്തത്തില്‍ കവിത എഴുതിയിരുന്ന ബദവി കവിയായ ദുകൈന്‍ ബിന്‍ സഈദ് ദാരിമി ഒന്നാമത്തെ ചിത്രം നിവേദനം ചെയ്യുന്നു: മദീനയിലെ ഗവര്‍ണറായിരുന്ന ഉമര്‍ ബിന്‍ അബ്ദില്‍ അസീസിനെ പ്രകീര്‍ത്തിച്ച് ഞാന്‍ കവിത ആലപിച്ചു. ഉയര്‍ന്ന തരം പതിനഞ്ച് ഒട്ടകങ്ങളെയാണ് എനിക്ക് അദ്ദേഹം പാരിതോഷികമായി നല്‍കിയത്. കൈയ്യില്‍ കിട്ടിയ ഒട്ടകങ്ങളെ പറ്റി ഞാന്‍ ആലോചിച്ചു. ആ കാഴ്ച എന്നെ വിസ്മയിപ്പിച്ചു. ഇടുങ്ങിയ മലമ്പാതകളിലൂടെ ഒറ്റക്ക് അതിനെയും കൊണ്ട് പോകുന്നതോര്‍ത്ത് എനിക്ക് പേടിയായി. അതിനെ വില്‍ക്കാനും തോന്നിയില്ല.

അങ്ങിനെയിരിക്കെ, നജ്ദിലെ എന്റെ നാട്ടിലേക്ക് യാത്രചെയ്യുന്ന കുറച്ച് സഹയാത്രികരെ കിട്ടി. ഞാന്‍ അവരുടെ സഹവാസം തേടി. അവര്‍ പറഞ്ഞു: സ്വാഗതം, ഞങ്ങള്‍ രാത്രിയിലാണ് പുറപ്പെടുക. കൂടെ വരാന്‍ ഒരുങ്ങിക്കോളൂ.

യാത്ര പറയാനായി ഞാന്‍ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ അടുക്കലെത്തി. അവിടെ രണ്ട് ശൈഖുമാരെ ഞാന്‍ കണ്ടു. എനിക്ക് അവരെ പരിചയമുണ്ടായിരുന്നില്ല. തിരിച്ചുപോകാന്‍ ഒരുങ്ങിയ എന്റെ നേരെ തിരിഞ്ഞു ഉമര്‍ പറഞ്ഞു:  ദുകൈനേ, എന്റേത് ആര്‍ത്തിയുള്ള മനസ്സാണ്. ഇപ്പോള്‍ ഉള്ളതിലേറെ ഞാന്‍ നേടിയെടുത്തിട്ടുണ്ടെന്ന് അറിയുമ്പോള്‍ നീ എന്റെ അരികില്‍ വരണം. എന്നില്‍ നിന്ന് നിനക്ക് ഇനിയും പ്രതീക്ഷിക്കാം.
ഞാന്‍: അമീറേ, ഇതിന് സാക്ഷി വേണം.
ഉമര്‍: അതിന് അല്ലാഹുവിനെ സാക്ഷിയാക്കുന്നു.
ഞാന്‍: സൃഷ്ടികളില്‍ നിന്നും?
ഉമര്‍: ഈ രണ്ട് ശൈഖുമാര്‍.
അവരില്‍ ഒരാളുടെ അടുത്തേക്ക് കടന്നുചെന്നു കൊണ്ട് ഞാന്‍ പറഞ്ഞു: എന്റെ ഉപ്പയും ഉമ്മയും താങ്കള്‍ക്ക് അര്‍പ്പണം, പരിചയപ്പെടാനാണ്, താങ്കളുടെ പേര് പറയാമോ?
അദ്ദേഹം പറഞ്ഞു: ഉമര്‍ ബിനുല്‍ ഖത്താബിന്റെ പുത്രന്‍ അബ്ദുല്ലായുടെ മകന്‍ സാലിം.
ഞാന്‍ അമീറിന്റെ നേരെ തിരിഞ്ഞു പറഞ്ഞു: യോഗ്യനായ സാക്ഷി തന്നെ. ഞാന്‍ മറ്റേ ശൈഖിനെ നോക്കി പറഞ്ഞു: എന്നെ താങ്കള്‍ക്ക് അര്‍പ്പിക്കുന്നു. താങ്കള്‍ ആരാണ്? അമീറിന്റെ വിമോചിത അടിമയായ അബൂ യഹ്‌യയാണ്.
ഞാന്‍ പറഞ്ഞു: ഇത് അമീറിന്റെ കൂട്ടത്തില്‍ നിന്നുമുള്ള സാക്ഷിയാണല്ലോ. ശേഷം ഞാന്‍ അഭിവാദ്യമര്‍പ്പിച്ച് ഒട്ടകങ്ങളെയുമായി നജ്ദിലെ എന്റെ നാട്ടുകാരുടെ അടുത്തേക്ക് തിരിച്ചു. ഈ ഒട്ടകങ്ങളില്‍ അല്ലാഹു എനിക്ക് ബറകത്ത് നല്‍കി. അതിലൂടെ ഞാന്‍ കൂടുതല്‍ ഒട്ടകങ്ങളേയും അടിമകളേയും സമ്പാദിച്ചു.

കാലചക്രം കറങ്ങി. നജ്ദിലെ യമാമ ഭൂപ്രദേശത്തെ ഊഷരമായ മരുപ്രദേശത്ത് ഞാന്‍ നില്‍ക്കുമ്പോള്‍ അമീറുല്‍ മുഅ്മിനീന്‍ സുലൈമാന്‍ ബിന്‍ അബ്ദില്‍ മലികിന്റെ മരണവൃത്താന്തം ഒരാള്‍ വിളിച്ചു പറയുന്നു. വിളംബരപ്പെടുത്തിയവനോട് ഞാന്‍ ചോദിച്ചു: സ്ഥാനമേറ്റെടുക്കുന്ന അടുത്ത ഖലീഫ ആരാണ്?
അയാള്‍ പറഞ്ഞു: ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്.

ആ വിശേഷം കേട്ടമാത്രയില്‍ ശാമിലേക്കുള്ള യാത്രയ്ക്ക് ഞാന്‍ ഭാണ്ഠം മുറുക്കി. അങ്ങിനെ ഞാന്‍ ദമാസ്‌കസില്‍ എത്തിയപ്പോള്‍, ജരീര്‍ ഖലീഫയുടെ അടുത്തു നിന്നും തിരിച്ചുവരുന്നത് കണ്ടു. അമവീ കാലഘട്ടത്തിലെ മുതിര്‍ന്ന മൂന്ന് കവികളായിരുന്നു ജരീര്‍, ഫറസ്ദഖ്, അഖ്ത്വല്‍ എന്നിവര്‍. അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു: അബൂ ജസ്‌റ എവിടുന്നാണ്?
അദ്ദേഹം പറഞ്ഞു: ഖലീഫയുടെ അടുത്തു നിന്നാണ്. അദ്ദേഹം പാവങ്ങള്‍ക്കേ കൊടുക്കുന്നുള്ളു, കവികള്‍ക്ക് തരുന്നില്ല. വന്നിടത്തേക്ക് തിരിച്ചുപൊയ്‌ക്കോളൂ. അതാണ് നല്ലത്.
ഞാന്‍ പറഞ്ഞു: നിന്നെപ്പോലെ അല്ല ഞാന്‍.
അദ്ദേഹം ചോദിച്ചു: നീ എന്താണ് ഉദ്ദേശിക്കുന്നത്?
ഞാന്‍ ഖലീഫയുടെ വീട്ടിലെത്തി. അദ്ദേഹം നടുത്തളത്തില്‍ ഇരിക്കുന്നുണ്ട്. അനാഥരും വിധവകളും പണം പിടിച്ചുപറിക്കപ്പെട്ടവരും അദ്ദേഹത്തിന്റെ ചുറ്റിലുമുണ്ട്. അവരുടെ ഉന്തുംതള്ളും കാരണം എനിക്ക് അദ്ദേഹത്തിന്റെ അടുത്തെത്താന്‍ ഒരു വഴിയും കിട്ടിയില്ല. ഉച്ചത്തില്‍ ഞാന്‍ ആലപിച്ചു:

يا عُمرَ الخَيْراتِ والمَكرُماتِ وعمرَ الدَّسائِعِ العظائمِ
إنّي امْرُءٌ مِن قَطنٍ مِن دارمٍ طلبتُ دَيني مِن أخي المَكارِمِ

(നന്മകളുടെയും മഹനീയതകളുടെയും ഉമറേ, ഉദാരതയുടെ വലിയ തളികകളുള്ള ഉമറേ. ഞാന്‍ ഖത്വന്‍ നിവാസി ദാരിം ഗോത്രക്കാരന്‍, തേടുന്നു ഞാനെന്റെ മഹനീയ സോദരനില്‍ നിന്നുമെന്റെ മുന്‍കൂറ്)

അദ്ദേഹത്തിന്റെ വിമോചിത അടിമയായ അബൂ യഹ്‌യ എന്നെ സൂക്ഷിച്ചു നോക്കി. പിന്നീട് അദ്ദേഹത്തിനോട് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, ഈ ബദവിയുടെ വിഷയത്തില്‍ താങ്കള്‍ക്കെതിരെ എനിക്ക് സാക്ഷി പറയാനുണ്ട്.
അദ്ദേഹം പറഞ്ഞു: എനിക്കറിയാം. ശേഷം എന്റെ നേരെ തിരിഞ്ഞു പറഞ്ഞു: ദുകൈനേ, അടുത്തേക്ക് വരൂ. ഞാന്‍ അദ്ദേഹത്തിന്റെ മുമ്പിലെത്തിയപ്പോള്‍ എന്നോട് ചാഞ്ഞു നിന്ന് പറഞ്ഞു: എന്ത് നേടിയാലും അതിനേക്കാള്‍ മഹത്തരമായത് കൊതിക്കുന്നവനാണ് ഞാനെന്ന് മദീനയില്‍ വെച്ച് ഞാന്‍ നിന്നോട് പറഞ്ഞത് ഓര്‍ക്കുന്നുവോ?
ഞാന്‍: അതേ, അമീറുല്‍ മുഅ്മിനീന്‍.
ഉമര്‍: ഹാ, ഞാനിതാ ഇഹലോകത്തിലെ ലക്ഷ്യം നേടിക്കഴിഞ്ഞു. അതാണ് രാജാധികാരം. എന്റെ മനസ്സ് കൊതിക്കുന്നത് പരലോകത്തിലെ ലക്ഷ്യമാണ്. അതാണ് സ്വര്‍ഗം. ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ തൃപ്തി കൊണ്ടാണ് വിജയം നേടാനാകുക. ഭൗതികമായ അന്തസ്സ് കിട്ടാനുള്ള മാര്‍ഗമായിട്ടാണ് രാജാക്കന്മാര്‍ അധികാരത്തെ ആക്കുന്നതെങ്കില്‍, പാരത്രികമായ അന്തസ്സ് നേടാനുള്ള വഴിയായിട്ടാണ് ഞാന്‍ അതിനെ ഉപയോഗിക്കുന്നത്… ദുകൈനേ, ഞാന്‍, അല്ലാഹുവാണ, ഈ ഉത്തരവാദിത്വം ഏറ്റെടുത്തതു മുതല്‍ വിശ്വാസികളുടെ ഒരു ദിര്‍ഹമോ ദീനാറോ എടുത്തിട്ടില്ല… ആയിരം ദിര്‍ഹമല്ലാതെ എന്റെ ഉടമസ്ഥതയിലില്ല. നീ അതിന്റെ പകുതി എടുത്തുകൊള്ളൂ. പകുതി എനിക്ക് തരണം.
അങ്ങിനെ അദ്ദേഹം എനിക്ക് തന്ന സമ്പത്ത് ഞാന്‍ സ്വീകരിച്ചു. അല്ലാഹുവാണ, അതിനേക്കാള്‍ ഐശ്വര്യമുള്ളത് ഞാന്‍ കണ്ടിട്ടേയില്ല. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്; ചില ശോഭന ചിത്രങ്ങള്‍  1
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്; ചില ശോഭന ചിത്രങ്ങള്‍  2
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്; ചില ശോഭന ചിത്രങ്ങള്‍  3
നീതിമാനും ദയാലുവുമായ ഉമര്‍