കുട്ടിയായിരിക്കെ ഞാന്‍ അറിഞ്ഞ ദമസ്‌കസല്ല ഇന്ന് നാം കാണുന്നത്. അവിടത്തെ വീടുകളും തെരുവുകളും അവിടത്തുകാരുടെ വസ്ത്രധാരണ രീതികളും സമ്പ്രദായങ്ങളുമെല്ലാം മാറിയിരിക്കുന്നു. അതിനെ കുറിച്ചുള്ള വര്‍ത്തമാനം ചരിത്രത്തിന്റെ അധ്യായമായി മാറിയിരിക്കുന്നു. ദമസ്‌കസിനെ വര്‍ണിക്കുകയല്ല ഞാന്‍. അതിന്റ സൗന്ദര്യവും അതിന്റെ പോരാട്ടത്തിന്റെ ഗുണപാഠങ്ങളും ഉള്‍ക്കൊളളിച്ച ഒരു പുസ്തകം ‘ദമസ്‌കസ്’ എന്ന പേരില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ എണ്‍പതുകളില്‍ ഞാനതിനെ കുറിച്ച് ധാരാളം ലേഖനങ്ങളും ‘അല്‍-രിസാല’യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ ലോകത്ത് പഴക്കമുള്ള എത്രയോ നഗരങ്ങളുണ്ട്. ജന്മത്തെ കുറിച്ച് ചരിത്രത്തിന് പോലും പിടി കൊടുക്കാത്തവ വരെ അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ലോകത്തെ ഏറ്റവും പഴക്കമുള്ള ജനവാസ നഗരമാണ് ദമസ്‌കസ്. ഭൂമിയില്‍ സുന്ദരമായ എത്രയോ നഗരങ്ങളുണ്ട്. എന്നാല്‍ ദമസ്‌കസ് (ഏറ്റവും ചുരുങ്ങിയത് അവിടത്തുകാരുടെ കണ്ണിലെങ്കിലും) ലോകത്തെ ഏറ്റവും സുന്ദരമായ നഗരമാണ്. അല്ലെങ്കില്‍ ലോകത്തെ ഏറ്റവും സുന്ദരമായ പ്രദേശമായിരുന്നു അത്. നാട്ടുകാരായ നാമാണ് അതിന്റെ സൗന്ദര്യം നശിപ്പിച്ചത്.
അതിലെ ഗൗത്ത (സിറിയന്‍ നഗരം) കണ്ട അറബികളെ അത് വിസ്മയിപ്പിച്ചിട്ടുണ്ട്. അവരിലെ കവികള്‍ സുന്ദരമായി അതിനെ വര്‍ണിക്കുകയും ശാശ്വതമായ വരികള്‍ രചിക്കുകയും ചെയ്തു. ഇന്നെവിടെയാണ് ആ ഗൗത്ത? അവിടത്തെ മരങ്ങള്‍ നാം മുറിക്കുകയും പൂക്കള്‍ പറിച്ചെറിയുകയും ചെയ്തു. അതിന്റെ തലക്കു മേല്‍ കല്ലുകളും കോണ്‍ക്രീറ്റും നാം എറിഞ്ഞു. ശ്വാസം മുട്ടിച്ച് അതിനെ കൊലപ്പെടുത്തി ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തു. മനുഷ്യബന്ധങ്ങളുടെ തരിശുഭൂമിയായ നിലകളുള്ള വീടുകള്‍ അതിന് മേല്‍ നാം പണിതു.
ദമസ്‌കസിന്റെ കാലാവസ്ഥ പോലും മാറിയിരിക്കുന്നു. എയര്‍കണ്ടീഷനറുകളുടെ സ്ഥാനത്ത് ദമസ്‌കസില്‍ വിശറികള്‍ ആര്‍ക്ക് വേണം? എപ്പോഴായിരുന്നു ചൂട് 40 ഡിഗ്രിയില്‍ എത്തിയിരുന്നത്? സൗദിയിലെയും ഇറാഖിലെയും നമ്മുടെ സഹോദരങ്ങള്‍ ഇതേ ദമസ്‌കസിലേക്കായിരുന്നല്ലോ വേനലില്‍ എത്തിയിരുന്നത്. നാം ദമസ്‌കസുകാര്‍ വേനലില്‍ മലകളിലേക്ക് കയറുകയായിരുന്നല്ലോ പതിവ്, അതിനെല്ലാം മാറ്റം വരുത്തിയത് എന്താണ്? അതിലെ കാറ്റിന് തീകൊളുക്കുകയും ഇളംകാറ്റിനെ തടയുകയും ചെയ്തത് ആരാണ്? മരങ്ങള്‍ മുറിച്ചു കളഞ്ഞ നാം തന്നെയാണത്. ആളുകള്‍ വിതക്കുമ്പോള്‍ നാം പിഴുതെറിയുകയാണ്. അവര്‍ മരുഭൂമികള്‍ പൂന്തോട്ടങ്ങളാക്കുമ്പോള്‍ നാം പൂന്തോട്ടങ്ങളെ മരുഭൂമിയാക്കുന്നു. ഇന്നോ അഞ്ച് വര്‍ഷം മുമ്പോ നാം ചെയ്ത ഒന്നല്ല ഇത്. മറിച്ച് ദശകങ്ങളായി നാം ദമസ്‌കസിനോട് ചെയ്തു കൊണ്ടിരിക്കുന്ന തെറ്റാണത്. എത്രത്തോളമെന്നാല്‍ കുറ്റവാളി പരാമര്‍ശിക്കപ്പെടാതെ, കുറ്റകൃത്യം കര്‍മണി പ്രയോഗമായിമാറിയിരിക്കുന്നു.
കിഴക്കന്‍ ഗൗത്ത പോലും നമ്മുടെ ദ്രോഹത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല. ഗൗത്തയുടെ ഓരത്ത് ‘വാള്‍നട്ട് പാത’ എന്ന പേരില്‍ ഒരു വഴി തന്നെയുണ്ടായിരുന്നു. രണ്ടു പേര്‍ കൈകോര്‍ത്ത് പിടിച്ചാല്‍ പോലും എത്താത്തത്ര വണ്ണമുള്ള വാള്‍നട്ട് മരങ്ങള്‍ അവിടെയുണ്ടായിരുന്നു എന്നത് എനിക്ക് നേരിട്ടറിയാവുന്നതാണ്. ഏത് ബുദ്ധിമാനാണ് വ്യവസായത്തിന് ആ പ്രദേശത്തെ തെരെഞ്ഞെടുത്തത്? എപ്പോഴായിരുന്നു അത്? വാള്‍നട്ട് കായ്ച്ചിരുന്ന കൂറ്റന്‍ മരങ്ങളുടെ സ്ഥാനത്ത് പുകതുപ്പുന്ന കുഴലുകളാണിന്ന്.
വീടിന്റെ വാതില്‍ക്കല്‍ ഇറങ്ങി നില്‍ക്കുന്ന ഒരാള്‍ക്ക് വഴിയും കടകളും വഴിയാത്രികരെയും വളരെ വ്യക്തമായി കാണാം. എന്നാല്‍ ആ വളവിന് ശേഷമുള്ളതോ ഗ്രാമത്തിനപ്പുറമുള്ളതോ അവന്‍ കാണുകയില്ല. മിനാരത്തില്‍ കയറി നിന്നാല്‍ ഗ്രാമം മുഴുവന്‍ കാണാം. അപ്പോള്‍ കാഴ്ച്ചയുടെ വൃത്തം വിശാലമാണെങ്കിലും അതിന്റെ വ്യക്തതക്ക് കുറവുണ്ട്. വിമാനത്തില്‍ കയറുകയാണെങ്കില്‍ പട്ടണം ഒന്നടങ്കം കാണാം. എന്നാല്‍ ആ കാഴ്ച്ചക്ക് തീരെ വ്യക്തതയില്ല.
ഞാന്‍ കുട്ടിയായിരിക്കെ മനസ്സിലാക്കിയ ദമസ്‌കസിന്റെ ചിത്രം എന്താണ്?
ഞാന്‍ ഖാസിയൂന്‍ മലയില്‍ കയറിയപ്പോള്‍ ഇരു ഗൗത്തയും എനിക്ക് കാണാമായിരുന്നു. ഇരുപത് കിലോമീറ്ററിലേറെ എന്റെ കണ്ണിന് മുമ്പില്‍ പ്രകടമായിരുന്നു. ഈ ലോകം മുഴുവന്‍ സമ്മേളിച്ചതിന്റെ ചെറിയ രൂപം അതിലെനിക്ക് കാണാമായിരുന്നു. അമവി മസ്ജിദിനെയും അക്കാലത്തെ വലിയ ഖുബ്ബകളിലൊന്നായിരുന്ന ഖുബ്ബത്തുന്നസ്‌റിനെയും കേന്ദ്രീകരിച്ച ഒരു നാഗരികത. അതിന് ചുറ്റുമുള്ള തോട്ടങ്ങളും പൂന്തോപ്പുകളും. ബറദ നദിയും അതിന്റെ ആറ് മക്കളും അതിന്റെ താഴ്ഭാഗത്തു കൂടെ ഒഴുകുന്നു. അതിലേക്ക് നോക്കിക്കൊണ്ടിരിക്കുന്ന മിസ്സ നഗരം. അതിലേക്ക് എത്തിനോക്കുന്ന ഖാസിയൂന്‍ പര്‍വതവും മിസ്സ താഴ്‌വരയുമെല്ലാം കാണാം. കുന്നുകളും താഴ്‌വരയും തോട്ടങ്ങളും തരിശ് പ്രദേശങ്ങളും തോടും പുഴയും മസ്ജിദും കൊട്ടാരവും തുടങ്ങി കടല്‍ ഒഴികെയുള്ള ഭൂമിയിലെ ല്ലാം അതിലുണ്ട്. എന്നാല്‍ ചെടികളാലും മരങ്ങളാളുമുള്ള പച്ചപ്പിന്റെ സമുദ്രം നാടിന് ചുറ്റും നിനക്ക് കാണാം.
വിശ്രമിക്കാന്‍ ഇറങ്ങിയ ഒരു പക്ഷിയെ പോലെയാണ് ഞാന്‍ ദമസ്‌കസിനെ കാണുന്നത്. ശരീരം മതിലിന് മധ്യത്തില്‍ വെച്ച് ഒരു ചിറക് അല്‍മൈതാനിലേക്കും മറ്റൊന്ന് മുഹാജിരീന്‍ ഗ്രാമത്തിലേക്കും നീട്ടിവെച്ചാണ് അതിരിക്കുന്നത്. അല്ലെങ്കില്‍ വിവാഹാഘോഷങ്ങളുടെ ക്ഷീണത്തില്‍ ഉറങ്ങുന്ന വവധുവിനെ പോലെയാണത്. അതിന്റെ തല ഖാസിയൂന്‍ കാല്‍മുട്ടുകള്‍ക്ക് മുകളിലും കാല്‍പാദങ്ങള്‍ ഖദം ഗ്രാമത്തിലുമാണ്. അതിന്റെ ഹൃദയം മുഴുവന്‍ മുസ്‌ലിം മനസ്സുകളെയും മാടിവിളിക്കുന്ന മസ്ജിദുല്‍ അമവിയുമാണ്. ഏറെ പഴക്കമുള്ള മസ്ജിദാണത്. ദമസ്‌കസിനെ കുറിച്ച വര്‍ത്തമാനത്തിലേക്ക് ഞാന്‍ പിന്നെ മടങ്ങി വരാം. ദമസ്‌കസിനെ കുറിച്ച സംസാരം മടുപ്പുണ്ടാക്കുന്നതല്ല. അതില്‍ ഞാന്‍ ജീവിച്ച ഓരോ മാസത്തെ കുറിച്ചും രണ്ട് പേജ് എഴുതിയിരുന്നെങ്കില്‍ ‘ഖാമൂസുല്‍ മുഹീത്വ്’ (ഒരു അറബി നിഘണ്ടു) നേക്കാള്‍ വലിയ ഗ്രന്ഥമാകുമായിരുന്നു അത്. (തുടരും)
വിവ: നസീഫ്
അലി ത്വന്‍ത്വാവിയുടെ ഓര്‍മകള്‍