Current Date

Search
Close this search box.
Search
Close this search box.

ഉര്‍വത് ബിന്‍ സുബൈര്‍ -2

urvath-3.jpg

വലീദ് ബിന്‍ അബ്ദുല്‍ മലികിന്റെ ഭരണ കാലം. അല്ലാഹു ഉര്‍വത് ബിന്‍ സുബൈറിനെ പരീക്ഷിക്കാന്‍ ഉദ്ദേശിച്ചത് അപ്പോഴായിരുന്നു. ഈമാന്‍ ഹൃദയത്തില്‍ അടിയുറച്ചവര്‍ക്ക് മാത്രം നേരിടാന്‍ കഴിയുന്ന പരീക്ഷണമായിരുന്നു അത്.

ദമസ്‌കസില്‍ വന്ന് തന്നെ കാണണമെന്ന് ഉര്‍വത് ബിന്‍ സുബൈറിന് ഖലീഫ വലീദ് ബിന്‍ അബ്ദുല്‍ മലികന്റെ കല്‍പന വന്നു. തന്റെ മൂത്ത പുത്രനെയും കൂടെകൂട്ടിയാണ് ഉര്‍വത് രാജകൊട്ടാരത്തിലേക്ക് പുറപ്പെട്ടത്. ഖലീഫ വളരെ ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിന് നല്‍കിയത്. സന്തോഷത്തോടും മുഖപ്രസന്നതയോടും കൂടിയാണ് അദ്ദേഹത്തെ വരവേറ്റത്. പക്ഷെ, കപ്പല്‍ ആശിച്ചത് പോലെയായിരുന്നില്ല പിന്നീട് കാറ്റ് വീശിയത്.

പിതാവിനൊപ്പം വന്ന മകന്‍ ഖലീഫയുടെ കുതിരാലയത്തിന്റെ സമീപത്തേക്ക് നീങ്ങി. മൂന്ന് കാലില്‍ നില്‍ക്കുന്ന രാജാവിന്റെ മേത്തരം കുതിരകളെ ആകാംക്ഷയോടെ വീക്ഷിക്കുകയായിരുന്നു അവന്‍. പെട്ടെന്ന്, ഒരു മൃഗം അവനെ പിന്നില്‍ വന്ന് ഇടിക്കുകയും, അതേതുടര്‍ന്ന് അവന്‍ മരിക്കുകയും ചെയ്തു.

വളരെയധികം വേദനയോടെ മകന്റെ ഖബ്‌റിലേക്ക് ആ പിതാവ് മണ്ണ് വാരിയിട്ട് കൊണ്ടേയിരുന്നു. എഴുന്നേറ്റപ്പോഴേക്കും കാലില്‍ നീര് വന്നിരുന്നു. വളരെ അല്‍ഭുതകരമായ വിധത്തിലാണ് നീര് വര്‍ധിച്ചത്. ഖലീഫ തന്റെ അതിഥിക്ക് നാലുപാട് നിന്നും വൈദ്യന്‍മാരെ വിളിച്ച് വരുത്തി. പക്ഷെ ചികിത്സയൊന്നും ഫലിച്ചില്ല. മാത്രമല്ല, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന് മുമ്പ് കാല്‍ മുറിച്ച് മാറ്റണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. മറ്റൊരു മാര്‍ഗവുമില്ലായിരുന്നു. കാല് മുറിച്ച് മാറ്റുന്നതിനായി വൈദ്യന്‍ വന്നു. മാംസം മുറിക്കുന്നതിനുപയോഗിക്കുന്ന കത്തികളും മറ്റ് ഉപകരണങ്ങളും നിരത്തി വെച്ചു. വൈദ്യന്‍ ഉര്‍വയോട് പറഞ്ഞു ‘വേദന അറിയാതിരിക്കാന്‍ കുറച്ച് ലഹരി കുടിക്കുകയാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം.’

-‘ഒരിക്കലുമില്ല, ശാരീരിക സൗഖ്യത്തിന് വേണ്ടി നിഷിദ്ധമായത് ഉപയോഗിക്കാന്‍ ഞാന്‍ തയ്യാറല്ല’ ഉര്‍വത് ബിന്‍ സുബൈറിന്റെ സ്വരം കനത്തതായിരുന്നു.
-‘എങ്കില്‍ മയക്ക് മരുന്ന് തരാം’ എന്നായി വൈദ്യന്‍.
-‘വേദനയറിയാതെ എന്റെ ഒരു അവയവം മുറിക്കപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല. അത് മുഖേനെ എനിക്ക് പ്രതിഫലം നഷ്ടപ്പെട്ടേക്കും.’  അദ്ദേഹം പറഞ്ഞു.

വൈദ്യന്‍ കത്തിയെടുത്ത് കാല്‍ മുറിക്കാന്‍ നില്‍ക്കുമ്പോഴുണ്ട് ഒരു സംഘമാളുകള്‍ അടുത്തേക്ക് വരുന്നു. ഉര്‍വത് ബിന്‍ സുബൈര്‍ ചോദിച്ചു ‘ഇതൊക്കെ ആരാണ്?’
ഇവര്‍ താങ്കളെ ബലമായി പിടിച്ച് വെക്കാന്‍ വന്നവരാണ്. വേദന സഹിക്കാതെ വരുമ്പോള്‍ ഒരു പക്ഷെ താങ്കള്‍ കാല്‍ വലിച്ചേക്കും, അത് കൂടുതല്‍ പ്രയാസം സൃഷ്ടിച്ചേക്കും.’ ഡോക്ടര്‍ വിശദീകരിച്ചു.
-‘അവരോട് പോകാന്‍ പറ, എനിക്കവരെ ആവശ്യമില്ല. അവരെക്കാള്‍ ശക്തമായ കൂട്ടാളികള്‍ എനിക്കുണ്ട്. അല്ലാഹുവിനെക്കുറിച്ച സ്മരണയും, തസ്ബീഹും.’

ഡോക്ടര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. കത്രികയുപയോഗിച്ച് മാംസം മുറിച്ചു. ശേഷം മടവാളെടുത്ത് എല്ല് മുറിക്കാന്‍ തുടങ്ങി. അപ്പോഴും ഉര്‍വത് ഇപ്രകാരം പറയുന്നുണ്ടായിരുന്നു. ‘ലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹു അക്ബര്‍’….. അയാള്‍ മുറിച്ച് കൊണ്ടേയിരിക്കുകയാണ്. കാല്‍ മുറിച്ച് കഴിയുന്നത് വരെ ഉര്‍വത് ബിന്‍ സുബൈര്‍ തക്ബീറും, തഹ്‌ലീലും ചൊല്ലിക്കൊണ്ടേയിരുന്നു. പിന്നീട് ഒരു ഇരുമ്പ് പാത്രത്തില്‍ എണ്ണ തിളപ്പിച്ചു, അദ്ദേഹത്തിന്റെ കാല്‍ അതില്‍ മുക്കി. രക്തമൊലിക്കുന്നത് നിര്‍ത്തുന്നതിനും മുറിവ് കരിയുന്നതിനും വേണ്ടിയായിരുന്നു അത്. അത്കൂടി ആയപ്പോഴേക്കും അദ്ദേഹം ബോധരഹിതനായി. യുവത്വത്തിലേക്ക് കടന്നതിന് ശേഷം ഖുര്‍ആന്‍ പാരായണം നിലച്ച ഒരേ ഒരു ദിവസമായിരുന്നു അത്.

ബോധം വന്നതിന് ശേഷം, മുറിച്ച് മാറ്റിയ കാല്‍ കൊണ്ട് വരാന്‍ അദ്ദേഹം കല്‍പിച്ചു. അത് കയ്യിലെടുത്ത് ചുംബിച്ചു കൊണ്ട് ഉര്‍വത് ബിന്‍ സുബൈര്‍ പറഞ്ഞു ‘രാത്രിയുടെ അന്ധകാരങ്ങളില്‍ നിന്നെക്കൊണ്ട് എന്നെ പള്ളിയിലേക്ക് വഹിച്ചവനാണ് സത്യം, അവനറിയാം നിന്നെകൊണ്ട് ഞാന്‍ ഹറാമിലേക്ക് നടന്നിട്ടേയില്ല.’

തന്റെ അതിഥിക്ക് സംഭവിച്ച വിപത്തില്‍ വലീദ് ബിന്‍ അബ്ദുല്‍ മലികിന് വല്ലാത്ത മനപ്രയാസമുണ്ടായി. മകന്‍ മരണപ്പെട്ടു, ദിവസങ്ങള്‍ക്കകം കാല്‍ മുറിച്ച് മാറ്റപ്പെട്ടു. ഖലീഫ അദ്ദേഹത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. അതിനിടെയാണ് ബനൂ അബ്‌സില്‍ നിന്ന് ഒരു സംഘം ഖലീഫയുടെ കൊട്ടാരത്തിലെത്തിയത്. അവര്‍ക്കിടയില്‍ ഒരു അന്ധനായ മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കണ്ണിന് എന്ത് പറ്റിയതാണെന്ന് ഖലീഫ അന്വേഷിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു. ‘അമീറുല്‍ മുഅ്മിനീന്‍, ബനൂ അബ്‌സില്‍ എന്നേക്കാള്‍ സമ്പത്തുള്ള, തറവാടിത്തമുള്ള ഒരാളും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ വളരെ ശക്തമായ ഒരു പ്രളയം ഞങ്ങളെ പിടികൂടി. എന്റെ എല്ലാ സമ്പത്തും, കുടുംബവും എനിക്ക് നഷ്ടപ്പട്ടു. ആകെ അവശേഷിച്ചത് ഒരു ഒട്ടകവും, ഒരു ചെറിയ കുഞ്ഞും മാത്രമായിരുന്നു.

ഒരു അനുസരണയില്ലാത്ത ഒട്ടകമായിരുന്നു അത്. എന്റെ കയ്യില്‍ നിന്നും അത് ഓടി. ഞാന്‍ കുഞ്ഞിനെ നിലത്തുപേക്ഷിച്ച് ഒട്ടകത്തിന്റെ പിന്നാലെ പോയി. കുറച്ച് മുന്നോട്ട് നടന്നതും, പിന്നില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍  കേട്ടു. ഞാന്‍ അങ്ങോട്ട് തിരിഞ്ഞു നോക്കി. അവന്റെ തല അപ്പോഴേക്കും ഒരു ചെന്നായയുടെ വായിലായിക്കഴിഞ്ഞിരുന്നു. അത്  കുട്ടിയെ തിന്നുകയാണ്, ഞാന്‍ അവന്റെയടുത്തേക്ക് ഓടി. പക്ഷെ, അവനെ രക്ഷപ്പെടുത്താന്‍ എനിക്കായില്ല. ചെന്നായ കുട്ടിയെ പൂര്‍ണമായും കീഴ്‌പെടുത്തിയിരുന്നു.

ഞാന്‍ ഒട്ടകത്തിന്റെ അടുത്തേക്ക് തന്നെ തിരിച്ച് പോയി. അത് പുറം കാല്‍ കൊണ്ട് എന്നെ തൊഴിച്ചു. മുഖത്താണ് തൊഴിയേറ്റത്. എന്റെ കണ്ണ് തകര്‍ന്നു പോയി. ആ രാത്രിയില്‍ കൂട്ടോ, കുടുംബമോ ഇല്ലാതെ, കയ്യില്‍ കാശില്ലാതെ, കാഴ്ചശക്തി നഷ്ടപ്പെട്ട് ഞാന്‍ കഴിച്ച് കൂട്ടി.’  വിവരണം കേട്ട ഖലീഫ കാവല്‍ക്കാരനോട് പറഞ്ഞു. ഇയാളെ ഉര്‍വയുടെ അടുത്തേക്ക് കൊണ്ട് പോവുക. അയാള്‍ ഈ കഥ ഉര്‍വക്ക് വിവരിച്ച് കൊടുക്കട്ടെ’.

അദ്ദേഹത്തെ മദീനയിലേക്ക് ചുമന്ന് കൊണ്ട് വന്നപ്പോള്‍ വീട്ടിലേക്ക് സന്ദര്‍ശക പ്രവാഹമായിരുന്നു. അദ്ദേഹം അവരോട് പറഞ്ഞു. ‘നിങ്ങളിതൊന്നും കണ്ട് ഞെട്ടേണ്ടതില്ല…. അല്ലാഹു എനിക്ക് നാല്‍ ആണ്‍മക്കളെ തന്നു… അവരില്‍ ഒരാളെ അവന്‍ തന്നെ തിരിച്ചെടുത്തു… മൂന്നെണ്ണം ബാക്കിയുണ്ടല്ലോ… അല്ലാഹുവിന് സ്തുതി…..
കൈകളും കാലുകളുമായി നാലെണ്ണം എനിക്ക് തന്നു…. അവയില്‍ നിന്ന് ഒന്ന് തിരികെയെടുത്തു…. സര്‍വസ്തുതിയും അവനാണ്…..
അല്ലാഹുവാണ…. അല്ലാഹു എന്നില്‍ നിന്ന് എടുത്തത് വളരെ കുറച്ചാണ്…. അവശേഷിപ്പിച്ചതോ… ധാരാളവും….

തങ്ങളുടെ ഇമാമിന് വിപത്തിറങ്ങിയത് അറിഞ്ഞ മദീനക്കാര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ വീട്ടിലേക്ക് കൂട്ടം കൂട്ടമായി ഒഴുകി…… അദ്ദേഹത്തിന് നല്‍കപ്പെട്ട ഏറ്റവും സുന്ദരമായ അനുശോചന വാക്യം ഇബ്‌റാഹീം ബന്‍ മുഹമ്മദ് ബിന്‍ ത്വല്‍ഹയില്‍ നിന്നായിരുന്നു… അദ്ദേഹം പറഞ്ഞു.

‘താങ്കള്‍ സന്തോഷിച്ച് കൊള്ളുക…. താങ്കള്‍ക്ക് മുമ്പെ താങ്കളുടെ ഒരു അവയവവും, മകനും സ്വര്‍ഗത്തിലെത്തിയിരിക്കുന്നു…. അവശേഷിക്കുന്നത് അവയെയാണല്ലോ പിന്തുടരുക…. താങ്കളില്‍ നിന്നും ഞങ്ങള്‍ക്കാവശ്യമുള്ളതിനെ അല്ലാഹു അവശേഷിപ്പിച്ചിരിക്കുന്നു…. താങ്കളുടെ വിജ്ഞാനം, ഫിഖ്ഹ്, അഭിപ്രായം… തുടങ്ങിയവയാണവ… അല്ലാഹു അതുമുഖേനെ താങ്കള്‍ക്കും ഞങ്ങള്‍ക്കും പ്രയോജനം ചെയ്‌തേക്കും….

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

 

ഉര്‍വത് ബിന്‍ സുബൈര്‍ -1
ഉര്‍വത് ബിന്‍ സുബൈര്‍ -3

 

Related Articles