മസ്ജിദ് വിട്ടുപോകാന്‍ ഒരുങ്ങിയതായിരുന്നു ഫര്‍റൂഖ്. മസ്ജിദിന്റെ അകത്തളത്തിലെ മുക്കുമൂലകള്‍ മുമ്പ് കണ്ടിട്ടുപോലുമില്ലാത്ത തരത്തില്‍ വൈജ്ഞാനിക സദസ്സുകളാല്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. കാല് വെക്കാനുള്ള ഇടം പോലുമില്ലാതെ ജനം ഒന്നിനു പിറകെ ഒന്നായി ഒരു ശൈഖിനെ വട്ടമിട്ടിരിക്കുന്നത് ഫര്‍റൂഖ് കണ്ടു. ദൃഷ്ടി തിരിച്ച് നോക്കിയപ്പോള്‍, ജനക്കൂട്ടത്തിലുളള പ്രായം ചെന്ന തലപ്പാവുധാരികളും, കോലംകൊണ്ട് വലിയ പദവിക്കാരാണെന്ന് ദ്യോതിപ്പിക്കുന്ന തരത്തിലുള്ള പ്രമാണിമാരും കൈയ്യില്‍ തൂലിക പിടിച്ച് മുട്ട് കുത്തിനില്‍ക്കുന്ന യുവജനങ്ങളുമെല്ലാം ശൈഖിന്റെ മൊഴികള്‍ പെറുക്കിയെടുക്കുകയാണ്. അതീവ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നത് പോലെ എഴുത്ത് പുസ്തകങ്ങളില്‍ അവര്‍ അത് സംരക്ഷിക്കുകയാണ്. ശിരസ്സില്‍ പക്ഷികള്‍ ഇരിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം നിശ്ചലരായി ദൃഷ്ടികള്‍ ശൈഖിലൂന്നി, അദ്ദേഹം മൊഴിയുന്ന ഓരോ വാക്കുകളും സസൂഷ്മം ശ്രവിക്കുകയാണ്. ശൈഖ് പറയുന്നതൊന്നും ആര്‍ക്കും വിട്ടുപോകാതിരിക്കാനായി ഏറ്റുപറച്ചിലുകാര്‍ ഓരോ വചനങ്ങളും അകലേക്ക് എത്തിച്ചുകൊടുക്കുന്നു. ശൈഖിന്റെ രൂപം മനസ്സിലാക്കാന്‍ ഫര്‍റൂഖ് ശ്രമിച്ചുനോക്കിയെങ്കിലും ദൂരക്കൂടുതല്‍ കാരണമായി അത് വിജയം കണ്ടില്ല.
അദ്ദേഹത്തിന്റെ പ്രോജ്വലപ്രഭാഷണവും നിറഞ്ഞൊഴുകുന്ന ജ്ഞാനവും ആശ്ചര്യകരമായ ഓര്‍മയും ഫര്‍റൂഖിനെ ഹരംകൊള്ളിച്ചു. അദ്ദേഹത്തിന്റെ മുമ്പാകെ ജനങ്ങള്‍ പഞ്ചപുച്ഛമടക്കിയിരിക്കുന്നത് ഫര്‍റൂഖിനെ അത്ഭുതപ്പെടുത്തി. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ശൈഖ് മജ്‌ലിസ് അവസാനിപ്പിച്ച് എഴുന്നേറ്റു. അപ്പോള്‍ ജനങ്ങള്‍ തിരക്കിട്ട് അദ്ദേഹത്തെ പൊതിഞ്ഞു, അദ്ദേഹത്തിന്റെ നേരെ കുതിച്ചുചെന്നു. മസ്ജിദിന്റെ പുറത്തേക്ക് വഴിയൊരുക്കി അദ്ദേഹത്തിന്റെ പിന്നില്‍ തിരക്കുകൂട്ടി.
തന്റെ അടുത്തിരുന്ന ആളെ തിരിഞ്ഞുനോക്കിക്കൊണ്ട് ഫര്‍റൂഖ് ചോദിച്ചു: അല്ലാഹുവാണ, ആ ശൈഖ് ആരാണെന്ന് പറയാമോ?
അയാള്‍ അപരിചിതത്വത്തോടെ ചോദിച്ചു: താങ്കള്‍ മദീനക്കാരനല്ലേ?
ഫര്‍റൂഖ്: അതെ.
അയാള്‍: ശൈഖിനെ അറിയാത്ത ഒരാള്‍ മദീനയിലോ?
ഫര്‍റൂഖ്: അറിയാത്തതിന് എന്നോട് മാപ്പാക്കിയാലും. മുപ്പത് വര്‍ഷത്തോളമായി ഞാന്‍ മദീനയില്‍ നിന്നും വിട്ടൊഴിഞ്ഞിട്ട്, ഇന്നലെയാണ് മടങ്ങിയെത്തിയത്.
അയാള്‍: സാരമില്ല, അല്‍പ സമയം ഇരുന്നാലും, ശൈഖിനെപ്പറ്റി പറഞ്ഞുതരാം. താങ്കള്‍ ശ്രവിച്ച ശൈഖ് താബിഉകളിലെ നേതാക്കളില്‍ ഒരാളും മുസ്‌ലിം പ്രധാനികളിലുള്‍പ്പെട്ട വ്യക്തിത്വവുമാണ്. മദീനയിലെ ഹദീസ് പണ്ഡിതന്‍, കര്‍മശാസ്ത്ര വിദഗ്ധന്‍, വിശിഷ്യാ ചെറുപ്രായത്തില്‍ തന്നെ ഇവിടുത്തെ ഇമാം….
ഫര്‍റൂഖ്: മാശാ അല്ലാഹ്, ലാ ഖുവ്വത ഇല്ലാ ബില്ലാഹ്.
അയാള്‍ പറഞ്ഞു തുടങ്ങി: താങ്കള്‍ കണ്ടത് പോലെ, അദ്ദേഹത്തിന്റെ സദസ്സ്, വിശ്രുത മദ്ഹബുകളുടെ ഇമാമുകളായ മാലിക് ബിന്‍ അനസ്, അബൂ ഹനീഫത്തുന്നുഅ്മാന്‍, യഹ്‌യ ബിന്‍ സഈദ് അന്‍സ്വാരീ, സുഫ്‌യാന്‍ ഥൗരീ, അബ്ദുല്‍ റഹ്മാന്‍ ബിന്‍ അംറ് ഔസാഈ, ലൈസ് ബിന്‍ സഅ്ദ് പോലുള്ളവരുടേതിന് സമാനമാണ്.
ഫര്‍റൂഖ്: അല്ല താങ്കള്‍ ………
അയാള്‍ ആ സംസാരം പൂര്‍ണമാക്കാന്‍ അനുവദിക്കാതെ പറഞ്ഞു കൊണ്ടിരുന്നു: അതുമല്ല ശൈഖ് ആദരണീയ ഗുണഗണങ്ങളുടെ ഉടമയും വിനയാന്വിതനും ധര്‍മിഷ്ഠനുമാണ്….. ചങ്ങാതിമാരോടോ ചങ്ങാതിമാരുടെ മക്കളോടോ അദ്ദേഹത്തേക്കാള്‍ ഉദാരത പുലര്‍ത്തുന്നതായി, ഭൗതിക വിഭവങ്ങളില്‍ അദ്ദേഹത്തേക്കാള്‍ വിരക്തി കാണിക്കുന്നതായി, അല്ലാഹുവിന്റെ സമക്ഷത്തിലുള്ളതില്‍ അദ്ദേഹത്തേക്കാള്‍ ആശ വെക്കുന്നതായി മറ്റാരെയും മദീനക്കാര്‍ക്ക് അറിയില്ല.
ഫര്‍റൂഖ്: പക്ഷെ, അദ്ദേഹത്തിന്റെ പേരെന്താണെന്ന് എന്നോട് താങ്കള്‍ പറഞ്ഞില്ല.
അയാള്‍: അതാണ് റബീഅത്തുര്‍റഅ്‌യ്.
ഫര്‍റൂഖ്: റബീഅത്തുര്‍റഅ്‌യോ?
അയാള്‍: അതെ, അദ്ദേഹത്തിന്റെ നാമം റബീഅ എന്നാണ്. പക്ഷെ, മദീനയിലെ പണ്ഡിത മഹത്തുക്കള്‍ അദ്ദേഹത്തെ വിളിക്കുന്നത് റബീഅത്തുര്‍റഅ്‌യ് (ചിന്തകനായ റബീഅ) എന്നാണ്. കാരണം ഒരു പ്രശ്‌നത്തില്‍ ഖുര്‍ആനിലോ റസൂല്‍ (സ)യുടെ തിരുവചനങ്ങളിലോ മൂലവാക്യം കണ്ടെത്തിയില്ലെങ്കില്‍ അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ആശ്രയം തേടിയെത്തും, അദ്ദേഹം അവരെ അലട്ടിയ വിഷയത്തില്‍, ഇജ്തിഹാദ് (ഗവേഷണം)ത്തിലൂടെയും, മൂലവാക്യം വരാത്തതിന്‍ മേല്‍ മൂലവാക്യം വന്നതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ധാരണം ചെയ്തും, തൃപ്തികരമായ നിലയില്‍ അവലംബമാമാക്കാനുതകുന്ന വിധി കണ്ടെത്തി നല്‍കും.
ഫര്‍റൂഖ് അസ്വസ്ഥനായി ചോദിച്ചു: എന്നാലും അദ്ദേഹത്തിന്റെ കുലമേതെന്ന് താങ്കള്‍ എന്നോട് പറഞ്ഞില്ല?
അയാള്‍: അബൂ അബ്ദിറഹ്മാന്‍ എന്ന് വിളിക്കപ്പെടുന്ന ഫര്‍റൂഖിന്റെ പുത്രന്‍ റബീഅയാണ് അത്. പിതാവ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരസജ്ജനായി മദീന വിട്ടതിന് ശേഷമാണ് അദ്ദേഹം ജനിച്ചത്. ഉമ്മ അദ്ദേഹത്തിന്റെ പരിപാലനവും പരിപോഷണവും ഏറ്റെടുത്തു. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ ഉപ്പ മടങ്ങിയെത്തിയെന്ന് ആളുകള്‍ പറയുന്നതായി നമസ്‌കാരത്തിന് തൊട്ടുമുമ്പ് ഞാന്‍ കേട്ടിരുന്നു.
അപ്പോള്‍ ഫര്‍റൂഖിന്റെ നേത്രങ്ങളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ ഉതിര്‍ന്നുവീണു, അതിന്റെ കാരണം അയാള്‍ക്ക് മനസ്സിലായില്ല. ഫര്‍റൂഖ് കാലുകള്‍ വലിച്ചു വെച്ച് വീട്ടിലേക്ക് നടന്നു. കണ്ണുകളില്‍ ഉരുണ്ടു കൂടിയ അശ്രുകണങ്ങള്‍ കണ്ട ഉമ്മു റബീഅ ചോദിച്ചു: അബൂ റബീഅ എന്ത് സംഭവിച്ചു?
നല്ലത് തന്നെ, വിജ്ഞാനത്തിന്റെയും മഹത്വത്തിന്റെയും അന്തസ്സിന്റെയും ഉത്തുംഗശൃംഗത്തില്‍ നമ്മുടെ പുത്രന്‍ റബീഅയെ ഇന്ന് ഞാന്‍ കണ്ടിരുന്നു. ഫര്‍റൂഖ് പ്രതിവചിച്ചു.
കിട്ടിയ അവസരത്തില്‍ ഉമ്മു റബീഅ പറഞ്ഞു: മുപ്പതിനായിരം ദീനാറാണോ താങ്കളുടെ പുത്രന്‍ നേടിയെടുത്ത അറിവും അന്തസ്സുമാണോ താങ്കള്‍ക്ക് പ്രിയം?
ഫര്‍റൂഖ് പറഞ്ഞു: അതെ, അല്ലാഹുവാണ, ഇഹലോകത്തിലെ സകല സമ്പത്തിനേക്കാളും ഞാന്‍ തിരഞ്ഞെടുക്കുന്നതും ഇഷ്ടപ്പെടുന്നതും ഇതാണ്.
ഉമ്മു റബീഅ: എന്റടുക്കല്‍ താങ്കള്‍ തന്നിട്ടു പോയതെല്ലാം അവന് വേണ്ടി ചെലവഴിച്ചതാണ്. എന്റെ പ്രവര്‍ത്തനത്തില്‍ താങ്കള്‍ സംപ്രീതനാണോ?
ഫര്‍റൂഖ്: അതെ, നീ ചെയ്തത് എനിക്കും അവനും മുസ്‌ലിംകള്‍ക്കും നന്മയായിരുന്നു.
വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട
റബീഅത്തു റഅ്‌യ് – 1
റബീഅത്തു റഅ്‌യ് – 2
റബീഅത്തു റഅ്‌യ് – 3