Current Date

Search
Close this search box.
Search
Close this search box.

Stories

ഈമാന്റെ കെടാവിളക്ക്

ഹജ്ജതുല്‍ വദാഇല്‍ നിന്നും മടങ്ങിയെത്തിയതോടെ നബി തിരുമേനി(സ)യ്ക്ക് രോഗം അധികരിച്ചുവെന്ന വാര്‍ത്ത അറേബ്യന്‍ ഉപഭൂഖണ്ഡത്തിലാകെ പ്രചരിച്ചു. വിശ്വാസം ഉള്‍കൊണ്ടിരുന്നതിനു ശേഷം കുഫ്‌റിലേക്ക് മടങ്ങാനും, അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിച്ചമക്കാനുമുള്ള പൈശാചിക ചിന്ത അസ്‌വദുല്‍ അന്‍സിയില്‍ അങ്ങിനെയാണ് ഉടലെടുത്തത്. താന്‍ അല്ലാഹുവില്‍ നിന്നും അയക്കപ്പെട്ട നബിയാണെന്ന് യമനിലുള്ള തന്റ ജനതയുടെ മുമ്പാകെ അയാള്‍ വാദിച്ചു.

ശക്തനും കൊള്ളരുതാത്തവനുമായ കറുമ്പന്‍ അതികായനായിരുന്നു അസ്‌വദുല്‍ അന്‍സി. ജാഹിലിയ്യാ കാലത്തില്‍ തന്നെ അയാള്‍ ജോത്സ്യത്തില്‍ നിപുണനും ജനസമക്ഷം കണ്‍കെട്ട് വിദ്യകള്‍ കാണിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ഭാഷാനിപുണന്‍, വാക്‌സാമര്‍ത്ഥ്യം, ബുദ്ധികൂര്‍മത, കെട്ടുകഥകള്‍ പറഞ്ഞ് പൊതുജനത്തെയും, സമ്മാനങ്ങളും കാണിക്കകളും നല്‍കി നേതാക്കളെയും കൈയ്യിലെടുക്കാനുള്ള കഴിവ് എന്നിവയും അയാള്‍ക്കുണ്ടായിരുന്നു. തന്നെ സംബന്ധിച്ചുള്ള ഭീതിയും നിഗൂഢതയും നിലനിര്‍ത്തുന്നതിനായി കറുത്ത മുഖംമൂടി അണിഞ്ഞല്ലാതെ അയാള്‍ ജനസമക്ഷം പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ഉണക്കപ്പുല്ലില്‍ തീപിടിക്കുന്നത് പോലെ യമനില്‍ അസ്‌വദുല്‍ അന്‍സിയുടെ പ്രബോധനം പടര്‍ന്നുപിടിച്ചു. കള്ളം കെട്ടിച്ചമയ്ക്കാനും പൊലിപ്പിച്ചു കാട്ടാനുമുള്ള അയാളുടെ നൈപുണ്യവും, അതിനെ പിന്തുണക്കുന്ന അനുചരരുടെ കുശലതയും പ്രബോധന പ്രവര്‍ത്തനങ്ങളെ സഹായിച്ചത് പോലെ, സ്വഗോത്രമായ ബനൂ മദ്ഹിജിന്റെ പിന്തുണയും അതിന് സഹായകമായിട്ടുണ്ട്. അന്ന് യമനിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളതും വലുതും ശക്തവുമായ ഗോത്രമായിരുന്നു അത്.

ആകാശത്തു നിന്നും ഒരു മലക്ക് ദിവ്യസന്ദേശവുമായി ഇറങ്ങി വരുന്നുണ്ടെന്നും, അദൃശ്യവൃത്താന്തങ്ങള്‍ അറിയിച്ചു തരുന്നുണ്ടെന്നും അയാള്‍ ജനസമക്ഷം വാദിച്ചിരുന്നു. ഈ വാദം ശരിയാണെന്ന് സമര്‍ത്ഥിക്കാനായി പല മാര്‍ഗവും അയാള്‍ പയറ്റി.

ജനങ്ങളുടെ വിശേഷങ്ങളും പ്രശ്‌നങ്ങളും കണ്ടെത്താനും, രഹസ്യങ്ങളും വൃത്താന്തങ്ങളും നിരീക്ഷിക്കാനും എല്ലാ സ്ഥലത്തും അയാള്‍ ചാരന്മാരെ നിയോഗിക്കുമായിരുന്നു. ആശകളും ആശങ്കകളുമായി മറഞ്ഞു കിടന്നിരുന്ന വിവരങ്ങള്‍ അവര്‍ എത്തിച്ചുകൊടുക്കും. തദവസരത്തില്‍ അവര്‍ ജനങ്ങളെ സമീപിച്ച് അയാളില്‍ ശരണം തേടാനും സഹായം അര്‍ത്ഥിക്കാനും പ്രേരണ ചെലുത്തും. അങ്ങിനെ എത്തുന്നവരോട് അവരുടെ ആവശ്യങ്ങള്‍ അയാള്‍ തന്നെ പറയും. പ്രയാസം അനുഭവിക്കുന്നവരുടെ സങ്കടങ്ങള്‍ അയാള്‍ തന്നെ പറഞ്ഞുതുടങ്ങും. അവരുടെ രഹസ്യങ്ങളെല്ലാം അറിയുന്നുണ്ടെന്ന് കാണിച്ചു കൊടുക്കും. ബുദ്ധിയെ ഭ്രമിപ്പിക്കുന്ന അചിന്തനീയമായ അത്ഭുതങ്ങളും അമാനുഷിക പ്രവര്‍ത്തികളും അവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും.

ക്രമേണ അയാള്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. കീര്‍ത്തി പരന്നു. അനുയായികള്‍ അധികരിച്ചു. അവരെയുമായി അയാള്‍ സ്വന്‍ആയിലേക്കിറങ്ങി. ശേഷം സ്വന്‍ആയില്‍ നിന്നും മറ്റ് പ്രദേശങ്ങളിലെത്തി. അങ്ങിനെ ഹദര്‍മൗത്തിനും ത്വാഇഫിനും ഇടയിലും ബഹ്‌റൈനിനും ഏദനും ഇടയിലുള്ള ദേശങ്ങള്‍ അയാള്‍ക്ക് കീഴടങ്ങി.
അസ്‌വദുല്‍ അന്‍സിക്ക് അധികാരം ലഭിക്കുകയും, നാടുകളും നാട്ടുകാരും കീഴടങ്ങുകയും ചെയ്തപ്പോള്‍ അയാള്‍ എതിരാളികളെ പിന്തുടര്‍ന്നു തുടങ്ങി. സത്യമതത്തില്‍ ഉറച്ചവിശ്വാസവും ആദരവായ നബിയില്‍ ദൃഢമായ ഉറപ്പും അല്ലാഹുവിനോടും റസൂലിനോടും സത്യസന്ധമായ അനുസരണയുമുള്ള സത്യം വിളിച്ചുപറയുന്ന അസത്യത്തോട് രാജിയാകാത്തവരെല്ലാം ഇയാളുടെ എതിരാളികളില്‍ ഉണ്ടായിരുന്നു. അബൂ മുസ്‌ലിം ഖൗലാനീ എന്നറിയപ്പെടുന്ന അബ്ദുല്ലാ ബിന്‍ ഥുവബ് ഇവരുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു.

മതവിഷയത്തില്‍ അടിയുറപ്പും ഈമാനികമായി ശക്തനും നേരിന് വേണ്ടി ഉള്ളുറപ്പോടെ നിലകൊള്ളുന്നവനുമായിരുന്നു അബൂ മുസ്‌ലിം ഖൗലാനി. അദ്ദേഹം അല്ലാഹുവിനോട് ആത്മാര്‍ഥത പുലര്‍ത്തി, ഇഹലോകത്തിലെ അലങ്കാരങ്ങളെ അവഗണിച്ചു, ജീവിതവിഭവങ്ങളുടെ മാസ്മരികതയില്‍ വിരക്തി പുലര്‍ത്തി, അല്ലാഹുവിനെ അനുസരിക്കാനും അവനിലേക്ക് ക്ഷണിക്കാനുമായി ജീവിതം ഉഴിഞ്ഞുവെച്ചു. നശ്വരമായ ദുന്‍യാവിന് പകരം ശാശ്വതമായ പരലോകം വിലക്കു വാങ്ങി. അങ്ങിനെ ജനം അദ്ദേഹത്തെ തങ്ങളുടെ മനസ്സുകളില്‍ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഉള്ളും പുറവും ശുദ്ധമായ, പ്രാര്‍ത്ഥനക്ക് അല്ലാഹുവിങ്കല്‍ നിന്നും ഉത്തരം ലഭിക്കുന്ന ഒരാളായി അവര്‍ അദ്ദേഹത്തെ ദര്‍ശിച്ചു. (തുടരും)
 
വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

അബൂ മുസ്‌ലിം ഖൗലാനി 2

Related Articles