Current Date

Search
Close this search box.
Search
Close this search box.

ഇയാസ് ബിന്‍ മുആവിയ മുസ്‌നി -1

islam1.jpg

ആ രാത്രിയില്‍ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന് ഉറങ്ങാന്‍ കഴിഞ്ഞതേയില്ല. ഒരു പോള കണ്ണടക്കാനാവാതെ വിരിപ്പില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് അദ്ദേഹം. തണുപ്പ് നിറഞ്ഞ ദമസ്‌കസിലെ ആ രാവുകളില്‍ അദ്ദേഹത്തെ അലട്ടിയിരുന്നത് ബസറയില്‍ ആരെ ഗവര്‍ണറായി നിയമിക്കുമെന്ന കാര്യമായിരുന്നു. അല്ലാഹു അവതരിപ്പിച്ചത് പ്രകാരം നീതി പൂര്‍വം വിധിക്കുന്ന, പ്രലോഭന-പ്രകോപനങ്ങള്‍ക്ക് വശംവദനാവാത്ത ഒരാളെയാണ് അദ്ദേഹത്തിന് വേണ്ടത്.
മഹത്വത്തില്‍ ഏതാണ്ട് തുല്യരായ രണ്ട് പേരുണ്ടായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ദീനില്‍ അവഗാഹമുള്ള, സത്യത്തില്‍ അടിയുറച്ച് നല്‍ക്കുന്ന, ധിഷണയില്‍ ഔന്നത്യവും, നല്ല കാഴ്ചപ്പാടുമുള്ള രണ്ട് പേര്‍. പക്ഷെ, മഹത്വത്തിലും, ശ്രേഷ്ഠതയിലും അവര്‍ തുല്യരായിരുന്നുവെന്ന് മാത്രമല്ല, അവരിലൊരാള്‍ക്ക് മുന്‍ഗണന നല്‍കുക തീര്‍ത്തും പ്രയാസകരവുമായിരുന്നു.

പ്രഭാതം പുലര്‍ന്നപ്പോള്‍ ഖലീഫ ഇറാഖിലെ തന്റെ ഗവര്‍ണറായ അദിയ്യ് ബിന്‍ അര്‍ത്വയെ വിളിച്ച് വരുത്തി. അദ്ദേഹമന്ന് ദമസ്‌കസിലുണ്ടായിരുന്നു. ഖലീഫ അദ്ദേഹത്തോട് പറഞ്ഞു.
-‘അല്ലയോ, അദിയ്യ്, ഇയാസ് ബിന്‍ മുആവിയ, ഖാസിം ബിന്‍ റബീഅ എന്നിവരോട് ബസറയിലെ ഖാദി സ്ഥാനത്തെക്കുറിച്ച് സംസാരിക്കുക. അവരില്‍ നിന്ന്  യോജിച്ചയാളെ അവിടെ ചുമതലപ്പെടുത്തുക.’
-‘അതെ, അപ്രകാരം ചെയ്യാം, അമീറുല്‍ മുഅ്മിനീന്‍’ അദ്ദേഹം പറഞ്ഞു.

അദിയ്യ് അവരെ രണ്ടുപേരെയും വിളിച്ച് വരുത്തി.
-‘നിങ്ങളില്‍ രണ്ടാലൊരാളെ ബസറയിലെ ഖാദിയായി നിശ്ചയിക്കാന്‍ ഖലീഫ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം?
ഇതുകേട്ട അവരിരുവരും പരസ്പരം പുകഴ്ത്തുകയാണ് ചെയ്തത്. തന്നെക്കാള്‍ വിജ്ഞാനം കൊണ്ടും, ശ്രേഷ്ഠത കൊണ്ടും മറ്റവനാണ് മുന്നില്‍ എന്നായിരുന്നു അവരുടെ വിലയിരുത്തല്‍. ഒടുവില്‍ അദിയ്യ് അവരോട് പറഞ്ഞു.
-‘ഈ വിഷയത്തില്‍ തീരുമാനമെടുക്കാതെ നിങ്ങള്‍ ഇവിടെ നിന്ന് പിരിഞ്ഞ് പോവില്ല.’
അപ്പോള്‍ ഇയാസ് അദ്ദേഹത്തോട് പറഞ്ഞു.
-‘അല്ലയോ ഗവര്‍ണര്‍, എന്നെയും ഖാസിമിനെയും കുറിച്ച് ഇറാഖിലെ പണ്ഡിതരായ ഹസന്‍ ബസരിയോടും, മുഹമ്മദ് ബിന്‍ സീരീനോടും അന്വേഷിക്കുക. ഞങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജനങ്ങളില്‍ ഏറ്റവും യോഗ്യര്‍ അവരാണ്’.

ഖാസിം ഇടക്കിടെ അവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇയാസിന് അവരോട് കാര്യമായ ബന്ധമൊന്നുമുണ്ടായിരുന്നില്ല. തനിക്ക് ഇയാസ് പാര വെച്ചതാണെന്ന് ഖാസിമിന് മനസ്സിലായി. ഗവര്‍ണര്‍ അവരോട് അഭിപ്രായം ചോദിച്ചാല്‍ നിസ്സംശയം അവര്‍ തന്നെയാണ് അഭിപ്രായപ്പെടുകയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ഉടനെ അദിയ്യിനോട് പറഞ്ഞു.
-‘ഞങ്ങളെക്കുറിച്ച് നിങ്ങള്‍ ആരോടും ചോദിക്കേണ്ടതില്ല. അല്ലാഹുവാണ, ഇയാസ് തന്നെയാണ് എന്നേക്കാള്‍ വിവരമുള്ളവനും, വിധികല്‍പിക്കാന്‍ യോഗ്യനും. ഞാന്‍ ഇപ്പറയുന്നത് കളവാണെങ്കില്‍, അതിന്റെ അര്‍ത്ഥം ഖാദി സ്ഥാനം ഏല്‍പിക്കപ്പെടാന്‍ ഞാന്‍ യോഗ്യനല്ല എന്നതാണല്ലോ. ഞാന്‍ പറയുന്നത് സത്യമാണെങ്കില്‍ എന്നേക്കാള്‍ ശ്രേഷ്ഠമായവനെ ഖാദിയാക്കല്‍ താങ്കള്‍ക്ക് യോജിച്ചതുമല്ല.’

ഇതു കേട്ട ഇയാസ് പറഞ്ഞു.
-‘അല്ലയോ അദിയ്യ്, ഖാദി സ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് താങ്കള്‍ ഒരാളെ നരകത്തിന്റെ ഓരത്ത് നിര്‍ത്തി. അദ്ദേഹമാവട്ടെ, കള്ളസത്യം ചെയ്ത് നരകത്തില്‍ നിന്നും സ്വന്തത്തെ രക്ഷപ്പെടുത്തി. അധികം വൈകാതെ അദ്ദേഹം പശ്ചാത്തപിച്ച്, അതിന്റെ കുറ്റത്തില്‍ നിന്നും രക്ഷപ്പെടും.’
അപ്പോള്‍ അദിയ്യ് അദ്ദേഹത്തോട് പറഞ്ഞു
-‘ഇപ്രകാരം കാര്യം മനസ്സിലാക്കാന്‍ കഴിവുള്ള താങ്കള്‍ തന്നെയാണ് ഖാദിസ്ഥാനത്തിന് യോഗ്യന്‍. അതിനാല്‍ താങ്കളതേറ്റെടുക്കുക.
അവസാനം നിവൃത്തിയില്ലാതെ അദ്ദേഹത്തിന് അത് ഏറ്റെടുക്കേണ്ടി വന്നു.

ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് ബസറയിലെ ഖാദിയായി തെരഞ്ഞെടുത്ത ഈ വ്യക്തി ആരായിരുന്നു? ബുദ്ധിക്കും സാമര്‍ത്ഥ്യത്തിനും ഉദാഹരണമായി സമര്‍പിക്കപ്പെട്ട ഇദ്ദേഹത്തെ അറിയേണ്ടേ? ഖലീഫ അഹ്മദ് ബിന്‍ മുഅ്തസിമിനെ പുകഴ്ത്തി അബൂ തമാം പാടിയത് ഇപ്രകാരമാണ്.
‘അംറിന്റെ മുന്നേറ്റവും, ഹാതിമിന്റെ ഔദാര്യവും, അഹ്‌നഫിന്റെ വിവേകവും, ഇയാസിന്റെ ബുദ്ധിയും ചേര്‍ന്നവന്‍’.  

ഹിജ്‌റ 46-ാം വര്‍ഷം നജ്ദിലെ യമാമയിലാണ് ഇയാസ് ബിന്‍ മുആവിയയുടെ ജനനം. കുടുംബസമേതം ബസറയിലേക്ക് യാത്ര പോവുകയും അവിടെ വളരുകയും ചെയ്തു. യുവാവായിരിക്കെ അദ്ദേഹം ഇടക്കിടെ ദമസ്‌കസ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. അക്കാലത്ത് ജീവിച്ചിരുപ്പുണ്ടായിരുന്ന സഹാബാക്കളില്‍ നിന്നും, താബിഉകളില്‍ നിന്നും വിജ്ഞാനം സമ്പാദിച്ചു. ചെറുപ്രായത്തില്‍ തന്നെ ബുദ്ധി സാമര്‍ത്ഥ്യത്തിന്റെ അടയാളങ്ങള്‍ അവനില്‍ പ്രകടമായിരുന്നു.

ദിമ്മികളില്‍ പെട്ട ഒരു യഹൂദിയുടെ പാഠശാലയില്‍ അദ്ദേഹം കണക്ക് പഠിക്കാന്‍ ചെല്ലാറുണ്ടായിരുന്നുവത്രെ. അധ്യാപകന്റെ അടുത്ത് യഹൂദികളായ ഒട്ടേറെ പേരും പഠിക്കാനെത്താറുണ്ടായിരുന്നു. അവര്‍ മതകാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അവരറിയാതെ ശ്രദ്ധിച്ച് കേള്‍ക്കാറുണ്ടായിരുന്നു ഇയാസ്.
ഒരിക്കല്‍ അധ്യാപകന്‍ അവരോട് പറഞ്ഞു.
-‘മുസ്‌ലിംകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് അല്‍ഭുതം തോന്നുന്നില്ലേ. അവര്‍ സ്വര്‍ഗത്തില്‍വെച്ച് ഭക്ഷിക്കുമെന്നും, മലമൂത്രവിസര്‍ജ്ജനം നടത്തുകയില്ലെന്നും വാദിക്കുന്നു!
ഇതു കേട്ട ഇയാസ് അധ്യാപകനോട് ചോദിച്ചു.
-‘നിങ്ങള്‍ സംസാരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ എനിക്ക് അനുവാദം തരാമോ?’
-‘അതെ’ അദ്ദേഹം പറഞ്ഞു
-‘ഇഹലോകത്ത് തിന്നുന്നതൊക്കെയും വിസര്‍ജ്യമായി പുറത്ത് പോവുമോ?
-‘ഇല്ല’
-‘പുറത്ത് പോവാത്തവ എവിടേക്കാണ് പോവുന്നത്’.
-‘ശരീര പുഷ്ടിയായി മാറുന്നു അവ’.
-‘ഇഹലോകത്ത് നാം തിന്നുന്നവയില്‍ കുറച്ച് പോഷകമായി മാറുന്നുവെന്ന് അംഗീകരിക്കുന്ന നിങ്ങള്‍ക്ക് എന്ത് കൊണ്ട് സ്വര്‍ഗത്തില്‍ അവ പൂര്‍ണമായി പോഷകമായി മാറുമെന്ന് അംഗീകരിച്ച് കൂടാ?’
ഇതു കേട്ട അധ്യാപകന്‍ മുഖം ചുളിച്ചു പറഞ്ഞു
-‘നാശം പിടിച്ചവനാണ് ഇവന്‍’.

ആ കുട്ടി വളര്‍ന്ന് കൊണ്ടേയിരുന്നു. അവന്റെ ബുദ്ധികൂര്‍മതയെക്കുറിച്ച് വാര്‍ത്തകള്‍ പരന്നു. ഒരിക്കല്‍ ദമസ്‌കസ് സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ വലിയ പണ്ഡിതനുമായി ഒരു അവകാശത്തിന്റെ വിഷയത്തില്‍ അവന് അഭിപ്രായവ്യത്യാസമുണ്ടായി. എത്ര തന്നെ തെളിവ് സമര്‍പിച്ചിട്ടും അദ്ദേഹമത് അംഗീകരിച്ചില്ല. സഹികെട്ട ഇയാസ് അദ്ദേഹവുമായി ഖാദിയുടെ മുന്നിലെത്തി. ഇയാസ് വളരെ ഉച്ചത്തില്‍ തന്റെ വാദമുന്നയിച്ചു.
-‘അല്ലയോ കുട്ടീ, നീ മെല്ലെ സംസാരിക്ക് നിന്റെ എതിരിലുള്ളത് പ്രായം ചെന്ന പണ്ഡിതനാണ്’ഖാദി അവനോട് പറഞ്ഞു.
-‘പക്ഷെ, അവകാശം അദ്ദേഹത്തേക്കാള്‍ വലുതാണ്…’ ഇയാസ് മറുപടി നല്‍കി.
ഇയാസിന്റെ മറുപടിയില്‍ ഖാദി കോപിഷ്ടനായി. അദ്ദേഹം മിണ്ടാതിരിക്കാന്‍ കല്‍പിച്ചു.
-‘ഞാന്‍ മിണ്ടാതിരുന്നാല്‍ എന്റെ ന്യായം ആരാണ് പറയുക?’ ഇയാസ് തിരിച്ചടിച്ചു.
അതോടെ ഖാദിയുടെ കോപം പതിന്മടങ്ങ് വര്‍ധിച്ചു. അയാള്‍ പറഞ്ഞു.
-‘താങ്കള്‍ കോടതില്‍ കടന്നത് മുതല്‍ അസത്യം മാത്രമാണല്ലോ പുലമ്പുന്നത്.
-‘ലാ ഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീക ലഹു’ ഇത് സത്യമാണോ അതോ അസത്യമോ?
അതുകേട്ട ഖാദി ശാന്തനായി, അദ്ദേഹം പറഞ്ഞു
-‘സത്യം… അല്ലാഹുവാണ… അത് സത്യം തന്നെയാണ്…’

ഇയാസ് വിജ്ഞാനം കുത്തിയിരുന്ന് പഠിച്ചു. ധാരാളം പേര്‍ അവനില്‍ നിന്ന് വിജ്ഞാനം നുകര്‍ന്നു. അദ്ദേഹത്തിന്റെ ഉസ്താദുമാര്‍ വരെ അവനില്‍ നിന്ന് പഠിക്കാന്‍ തുടങ്ങുകയും, അവനെ ഇമാമാക്കി നമസ്‌കരിക്കുകയും ചെയ്തു.
അതിനിടെയാണ് അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ ബസറ സന്ദര്‍ശിക്കാനെത്തിയത്. അന്ന് അദ്ദേഹം ഖിലാഫത്ത് ഏറ്റെടുത്തിട്ടില്ല. മീശ മുളക്കാത്ത പയ്യനായിരുന്ന ഇയാസിനെ ബസറയില്‍ വെച്ചു കണ്ടു അദ്ദേഹം. അവന്റെ പിന്നില്‍ താടിവെച്ച, തലനരച്ച പ്രായം ചെന്ന നാല് വിദ്യാര്‍ത്ഥികളുമുണ്ട്. പണ്ഡിതന്മാര്‍ ധരിച്ചിരുന്ന പച്ച പുതപ്പ് അവരുടെ തോളുകളിലുണ്ട്. ഇത് കണ്ട അബ്ദുല്‍ മലിക് പറഞ്ഞു.
-‘ഈ താടിക്കാര്‍ക്ക് നാശം. അവരെ നയിക്കാന്‍ ഒരു പണ്ഡിതനുമില്ലേ… ഈ കുട്ടിയെയാണോ അവര്‍ മുന്നില്‍ നടത്തുന്നത്?’
ശേഷം ഇയാസിലേക്ക് തിരിഞ്ഞ് ചോദിച്ചു.
-‘നിന്റെ പ്രായം എത്രയാണ്?’
-‘അബൂ ബക്‌റും, ഉമറും അടങ്ങിയ സൈന്യത്തിന്റെ ഉത്തരവാദിത്തം പ്രവാചകന്‍(സ) ഉസാമത് ബിന്‍ സൈദിനെ ഏല്‍പിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്ന പ്രായമാണ് എനിക്കുള്ളത്.’
അപ്പോള്‍ അബ്ദുല്‍ മലിക് അവനോട് പറഞ്ഞു
-‘നീ മുന്നോട്ട് വാ… നീ തന്നെയാണ് മുന്നില്‍ നടക്കേണ്ടവന്‍… അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ….’

ഒരു ദിവസം റമദാന്‍ പിറ കാണുന്നതിനായി ജനങ്ങള്‍ പുറത്തിറങ്ങി നില്‍ക്കുകയാണ്. പ്രമുഖ സഹാബിവര്യനായ അനസ് ബിന്‍ മാലിക് അന്‍സാരിയുണ്ട് അവരുടെ മുന്‍നിരയില്‍. ഏകദേശം നൂറ് വയസ്സോളമെത്തിയ വൃദ്ധനായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആകാശത്തേക്ക് നോക്കി. പക്ഷെ ഒന്നും തന്നെ കണ്ടില്ല. അനസ് ബിന്‍ മാലിക് ആകാശത്തേക്ക് നോക്കിക്കൊണ്ടേയിരിക്കുകയാണ്. അദ്ദേഹം ഉറക്കെ വിളിച്ച് പറഞ്ഞു.
‘ഞാന്‍ ചന്ദ്രനെ കണ്ടിരിക്കുന്നു… അതാ അവിടേക്ക് നോക്കൂ…’ അദ്ദേഹം തന്റെ കൈ കൊണ്ടു ഒരു ഭാഗത്തേക്ക് ചൂണ്ടി. പക്ഷെ, ആരും അവിടെ ഒന്നും കണ്ടില്ല…
ഇയാസിന് കാര്യത്തില്‍ എന്തോ പന്തികേട് തോന്നു. അവന്‍ അനസ് ബിന്‍ മാലികിനെ സസൂക്ഷ്മം വീക്ഷിച്ചു. അപ്പോഴുണ്ട് അദ്ദേഹത്തിന്റെ പുരികത്തില്‍ നിന്നും ഒരു നീണ്ട മുടി കണ്ണിലേക്ക് തൂങ്ങിക്കിടക്കുന്നു… ഇയാസ് വളരെ മര്യാദയോടെ അനുവാദം ചോദിച്ച് ആ മുടി അവിടെ നിന്ന് മാറ്റി. എന്നിട്ട് ചോദിച്ചു.
-‘അല്ലയോ പ്രവാചക അനുചരരെ, ഇപ്പോഴും ആ അമ്പിളി അവിടെ തന്നെ ഉണ്ടോ?’
അനസ് ഇയാസിനെ നോക്കി… എന്നിട്ട് പറഞ്ഞു
-‘ഇല്ല… അതവിടെ ഇല്ല….’

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ഇയാസ് ബിന്‍ മുആവിയ 2

ഇയാസ് ബിന്‍ മുആവിയ 3

Related Articles