Current Date

Search
Close this search box.
Search
Close this search box.

ഇന്നലെകളിലെ അസംഭവ്യങ്ങളാണ് ഇന്നിന്റെ അനുഭവങ്ങള്‍

old-damascus.jpg

ചെറിയ പ്രായത്തിലെ ഓര്‍മകളുടെ വലിയൊരു ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു. അവ സംഭവിക്കുമ്പോള്‍ ഒരു ചെറിയ കുട്ടി മനസ്സിലാക്കുന്നതില്‍ കവിഞ്ഞൊന്നും ഞാനും മനസ്സിലാക്കിയിരുന്നില്ല. ആ നാളുകളില്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്. അതിലെ സംഭവങ്ങള്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ പൂര്‍ണാര്‍ഥത്തില്‍ അതുള്‍ക്കൊള്ളാന്‍ എനിക്ക് സാധിച്ചിരുന്നില്ല. സ്വപ്‌നങ്ങളില്‍ നിന്ന് കഥ മെനയുന്നത് പോലെയാണ് ഞാനിപ്പോള്‍ അതിനെ കുറിച്ച് വിവരിക്കുന്നത്.

വളരെ പഴക്കമുള്ള ചരിത്രത്തിന്റെ ഏടുകള്‍ സംഗഹിക്കും പോലെയാണ് എനിക്കത് അനുഭവപ്പെടുന്നത്. 1914ലെ ജീവിതത്തില്‍ നിന്നും എത്രയോ മാറിയിരിക്കുന്നു 1981ലെ നമ്മുടെ ജീവിതം. അന്നത്തെ അവസ്ഥയില്‍ ഒന്നും അവശേഷിക്കുന്നില്ല. ദുന്‍യാവിന്റെ കാര്യം മാത്രമാണ് ഞാനുദ്ദേശിച്ചത്. എന്നാല്‍ ദീനിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അത് അവതരിപ്പിച്ചവന്‍ അതിനെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. പ്രസ്തുത അവസ്ഥകളില്‍ ചിലതെല്ലാം അന്നുണ്ടായതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. മോശമായവയും അക്കൂട്ടത്തിലുണ്ട്.

നാഗരികതയുടെ ഫലങ്ങള്‍ ആസ്വദിക്കുന്ന നാം അസംഭവ്യങ്ങളായി കരുതിയിരുന്ന പലതുമാണ് കാണുകയും അനുഭവിക്കുകയും ചെയ്യുന്നത്. പ്രപഞ്ചത്തെയും അതിലെ ദൈവിക നിയമങ്ങളെയും കുറിച്ച നമ്മുടെ അറിവ് വര്‍ധിച്ചിരിക്കുന്നു. യൂറോപ്യന്‍മാരെയും അമേരിക്കക്കാരെയും മാത്രമാണ് നാം പരിഷ്‌കൃതരായി കണ്ടിരുന്നത്. അവര്‍ക്കും നമ്മുടെ പിന്നോക്കാവസ്ഥക്കും ഇടയിലെ അകലം കുറഞ്ഞിരിക്കുന്നു. ഇന്ന് അവര്‍ക്കുള്ള പോലെ നമുക്കും യൂണിവേഴ്‌സിറ്റികളുണ്ട്. അവരിലെ ശാസ്ത്രജ്ഞരെ പോലെ നമുക്കിടയിലും ശാസ്ത്രജ്ഞരുണ്ട്. അവരുടെ ഭാഷ സംസാരിക്കുന്നവരും അവരെ പോലെയും അതിനപ്പുറവും അവരുടെ സംസ്‌കാരം മനസ്സിലാക്കിയവും നമുക്കിടയിലുണ്ട്.

മുമ്പുണ്ടായിരുന്നതിനേക്കാള്‍ എല്ലാം വളര്‍ന്നിട്ടുണ്ട്. എന്നാല്‍ എന്നോടൊപ്പം നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ: അതിന് എന്ത് വിലയാണ് നാം ഒടുക്കേണ്ടി വന്നത്? വിശ്വാസപരമായും ധാര്‍മികമായും അത് ലാഭമാണോ നഷ്ടമാണോ നമുക്ക് ഉണ്ടാക്കിയിട്ടുള്ളത്? ഖേദത്താല്‍ വിരല്‍ കടിക്കുന്ന ഒരു ദിവസം വരുമെന്ന് ഞാന്‍ ഭയക്കുന്നു. എന്നാല്‍ ആ ഖേദം കൊണ്ട് ഒരു ഫലവുമുണ്ടാവില്ല. ‘ഇതെല്ലാം നിങ്ങളെടുത്തു കൊള്ളൂ, ഞങ്ങള്‍ക്കിത് വേണ്ട. പകരം ഞങ്ങളുടെ ദീനും സ്വഭാവഗുണങ്ങളും മടക്കി നല്‍കൂ.’ എന്ന് പറയുന്ന സന്ദര്‍ഭം.

ജീവിതമാകുന്ന കടലിന്റെ തീരത്ത് അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാതെയാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. അതിലെ മുത്തുകളോ അതിന്റെ ആഴങ്ങളിലെ അപകടങ്ങളോ ഞങ്ങളെ വീര്‍പ്പുമുട്ടിച്ചില്ല. ഞങ്ങള്‍ (സമ്പന്നരെയല്ല ഞാനുദ്ദേശിക്കുന്നത്, എന്നെ പോലുള്ള അറിയപ്പെടാത്ത പണ്ഡിതന്‍മാര്‍) പരിമിതമായ വിഭവങ്ങള്‍ കൊണ്ടുള്ള ജീവിതമാണ് നയിച്ചിരുന്നത്. എന്നാലത് സന്തോഷം നല്‍കിയിരുന്നു. വിനോദങ്ങള്‍ കുറവായിരുന്നെങ്കിലും കുലീനമായിരുന്നു അവ. ഞങ്ങളുടെ പക്കല്‍ റേഡിയോകളുണ്ടായിരുന്നില്ല. അന്നവ കണ്ടെത്തിയിരുന്നില്ല. സിനിമയോ പ്രേക്ഷകരോ ഉണ്ടായിരുന്നില്ല. കാറുകളോ അവക്ക് സഞ്ചരിക്കാന്‍ പറ്റിയ റോഡുകളോ നമുക്കന്ന് ഉണ്ടായിരുന്നില്ല. കുതിരകള്‍ വലിച്ചിരുന്ന മനോഹരമായ വണ്ടികളായിരുന്നു നമുക്കുണ്ടായിരുന്നത്. 1916ലാണ് ആദ്യമായി ഒരു കാര്‍ ഞങ്ങളുടെ നാട്ടിലെത്തിയതെന്ന് ഞാന്‍ ഓര്‍ക്കുന്നു. അത് കാണാനായി ആളുകള്‍ പുറത്തിറങ്ങി. കുതിരയില്ലാതെ തനിയെ സഞ്ചരിക്കുന്ന അത് കണ്ട ഒരു ഗ്രാമീണന്‍ പറഞ്ഞത് ജിന്നാണ് അതിനെ വലിച്ചു കൊണ്ടു പോകുന്നതെന്നായിരുന്നു. ഭയമുള്ളവര്‍ അല്‍പം വിട്ടു നിന്നപ്പോള്‍ കുട്ടികളായിരുന്ന ഞങ്ങള്‍ അതിനൊപ്പം ഓടി. ആ ഓട്ടത്തിനിടെ എന്റെ പുസ്തക സഞ്ചി നഷ്ടമാവുകയും അതിനുള്ള ഫലം കിട്ടുകയും ചെയ്തു.

1915ലാണ് വിമാനം വരുന്നത്. (അതിനെ കുറിച്ച് ഞാന്‍ കേട്ടിരുന്നു. ചെറിയ കുട്ടിയായിരുന്നതിനാല്‍ കണ്ടിരുന്നില്ല. അതിന്റെ അത്ഭുതത്തെ കുറിച്ച് ആളുകള്‍ വാചാലരായി. 1903ലാണ് വ്യോമഗതാഗതം ആരംഭിക്കുന്നത്.) തുര്‍ക്കിക്കാരായ രണ്ട് മുസ്‌ലിം പൈലറ്റുമാരാണ് അത് ഓടിച്ചിരുന്നത്. അതില്‍ ഒരാളുടെ പേര് ഫത്ഹി എന്നായിരുന്നു. മറ്റേയാളുടെ പേര് ഇന്നെന്റെ ഓര്‍മയിലില്ല. മര്‍ജുല്‍ അഖഌറില്‍ അതിന് വമ്പിച്ച സ്വീകരണമാണ് നല്‍കിയത്. ശ്രദ്ധേയമായ ഒരു ദിനം തന്നെയായിരുന്നു അത്. വളരെ ആദരവോടെ പൈലറ്റുമാരെ യാത്രയയച്ചു. എന്നാല്‍ തിബ്‌രിയയില്‍ വിമാനം നിലംപതിച്ചു. ഖുദ്‌സിന്റെ വിമോചകനും പോരാളിയുമായ സലാഹുദ്ദീന്‍ അയ്യൂബിയെ ഖബറടക്കിയ അങ്കണത്തില്‍, അമവി മസ്ജിദിന്റെ വടക്കേ മതിലിന് പിന്നില്‍ പൈലറ്റുമാര്‍ മറമാടപ്പെട്ടു.

ദമസ്‌കസിലെ ആദ്യ റോഡ് ജമാല്‍ പാഷ റോഡാണ്. ഹമീദിയ മാര്‍ക്കറ്റില്‍ നിന്നാരംഭിച്ച് ഹിജാസ് റെയില്‍വേ സ്‌റ്റേഷനിലാണ് അതവസാനിക്കുന്നത്. പ്രവാചക നഗരിയിലെ അംബരിയ കവാടത്തിനടുത്ത് സമാപിക്കുന്ന റെയില്‍ തുടങ്ങുന്നത് അവിടെയാണ്. ജൂതകുപ്രചാരണങ്ങള്‍ക്ക് ഇരയായ സുല്‍ത്താല്‍ അബ്ദുല്‍ ഹമീദിന്റെ പ്രവര്‍ത്തന ഫലമായിരുന്നു അത്. (നാം അറബികള്‍ അത് നശിപ്പിച്ചു. നമ്മുടെയും ലോറന്‍സിന്റെ സംഘത്തിന്റെയും പ്രവര്‍ത്തനഫലമായി 1917ല്‍ അത് നശിപ്പിക്കപ്പെട്ടു.)

നാം കണ്ട ആദ്യത്തെ റോഡ് അതായിരുന്നു. നല്ല വീതിയുണ്ടായിരുന്ന അതിന്റെ നടുവില്‍ കാല്‍നടപ്പാതയും മര്‍ജാന്‍ ചെടികളുമുണ്ടായിരുന്നു. അതോടൊപ്പം തന്നെ ഹിജാസ് സ്റ്റേഷനില്‍ നിന്നും ബര്‍ദ നദിയിലേക്കുള്ള റോഡും ആരംഭിച്ചു. അവിടത്തെ ഏറ്റവും പഴക്കമുള്ള കെട്ടിടമാണ് ‘അബ്ബാസിയ’. അബുല്‍ അബ്ബാസ് എന്ന ഒരു ബൈറൂത്ത് നിവാസിയിലേക്ക് ചേര്‍ത്താണ് ആ പേര് നല്‍കപ്പെട്ടത്. മരവും കട്ടയും ഉപയോഗിച്ച് നിര്‍മിച്ച രണ്ട് നിലകളില്‍ നിര്‍മിച്ച അതില്‍ ചായക്കടയും ക്ലബ്ബുമുണ്ടായിരുന്നു.

അതുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവമുണ്ട്. (സന്ദര്‍ഭം പരിഗണിക്കാതെ ഞാനത് പറയുകയാണ്.) മുനീറ അല്‍മഹ്ദിയ എന്ന പാട്ടുകാരി നൃത്തം ചെയ്യുന്ന പരിപാടി അബ്ബാസിയയില്‍ നടക്കുന്നുണ്ടെന്ന് ഒരാള്‍ വന്ന് ഞങ്ങളുടെ ഒരു ശൈഖിനോട് പറഞ്ഞു. അദ്ദേഹം അതിലുള്ള തന്റെ രോഷം പ്രകടിപ്പിച്ചു കൊണ്ട് ക്ലാസ്സില്‍ പറഞ്ഞു: എങ്ങനെയാണ് ഒരു പെണ്ണ് പുരുഷന്‍മാരുടെ മുന്നില്‍ തന്റെ നഗ്നത പ്രകടിപ്പിച്ച് നൃത്തം ചെയ്യുന്നത്? ദീനും മാന്യതയും എവിടെപ്പോയി? അതുകേട്ട വിദ്യാര്‍ഥികള്‍ പറഞ്ഞു: അല്ലാഹുവില്‍ അഭയം! എങ്ങനെയായിരിക്കുമത്? എവിടെ വെച്ചാണത്? എപ്പോഴാണത്? അദ്ദേഹം പറഞ്ഞു: അബ്ബാസിയയില്‍, ഇശാഅ് നമസ്‌കാരത്തിന് ശേഷം.

അതുവരെ ക്ലബ്ബില്‍ പകുതി സീറ്റിനുള്ള ആള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആ രാത്രി മുഴുവന്‍ സീറ്റുകളും നിറഞ്ഞു. അതുകൊണ്ട് ഉപദേശകര്‍ ശ്രദ്ധിക്കണമെന്നാണ് പറയുന്നത്. ഒരു തിന്മയെ കുറിച്ച് അധികമായി നാം പറയുമ്പോള്‍ പലപ്പോഴും അതിനുള്ള പ്രചരമായിട്ടത് മാറുന്നു.

വിവ: നസീഫ്‌