Current Date

Search
Close this search box.
Search
Close this search box.

Stories

ആസ്ഥാന കവിയുടെ വരികളില്‍

അക്കാലഘട്ടത്തില്‍ ആരെക്കാളും ജനമനസ്സുകളില്‍ ഇറങ്ങിനിന്നു അലിയ്യ് ബിന്‍ ഹുസൈന്‍. ജനം അദ്ദേഹത്തെ സത്യസന്ധമായി സ്‌നേഹിച്ചു. ആചാരാനുസാരമായി അവര്‍ അദ്ദേഹത്തെ ആദരിച്ചു…. ദൃഢബന്ധം പുലര്‍ത്തി. അദ്ദേഹത്തെ കാണാന്‍ അവര്‍ അതിയായി ആഗ്രഹിച്ചു. അദ്ദേഹം വീടിന്റെ പുറത്തേയ്ക്കും അകത്തേയ്ക്കും പോകുമ്പോളും മസ്ജിദിലേക്ക് മടങ്ങുമ്പോളും തിരിച്ചുവരുമ്പോളും അദ്ദേഹത്തെ കണ്ട് അനുഗ്രഹീതരാകുവാന്‍ അവര്‍ കാത്തിരുന്നു.

ഒരിക്കല്‍ ഹിശാം ബിന്‍ അബ്ദില്‍ മലിക് മക്കയില്‍ പരിവാര സമേതം ഹജ്ജിനെത്തി. അദ്ദേഹം അന്ന് മക്കയിലെ ഗവര്‍ണറായിരുന്നു. ത്വവാഫ് ചെയ്യാനും ഹജറുല്‍ അസ്‌വദ് മുത്താനുമായി അദ്ദേഹം മുന്നോട്ട് നീങ്ങി. ചുറ്റിലും നിന്നിരുന്ന സൈനികര്‍, ജനങ്ങളോട് അദ്ദേഹത്തിന്റെ വരവിനെ സംബന്ധിച്ച് ഉണര്‍ത്തുകയും വഴി വിശാലമാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആരും അവരെ തിരിഞ്ഞു നോക്കുകയോ, വഴി കൊടുക്കുകയോ ചെയ്തില്ല.

ആ ഭവനം അല്ലാഹുവിന്റെ ഭവനമാണ്. ജനം മുഴുവനും അവന്റെ അടിമകളാണ്. അപ്പോളാണ് വിദൂരത്ത് നിന്നും ലാഇലാഹ ഇല്ലല്ലാ, അല്ലാഹു അക്ബര്‍ എന്നിങ്ങനെയുള്ള ശബ്ദം കേട്ടുതുടങ്ങിയത്. ജനങ്ങള്‍ എത്തിനോക്കി. അതാ ജനക്കൂട്ടത്തിന് നടുവില്‍, പ്രസന്നവദനനായ…. സുമുഖനായ… സ്ഥൂലഗാത്രനായ… ഗാംഭീര്യവും ശാന്തിയും വിളയാടുന്ന മുഖകാന്തിയില്‍  ഒരാള്‍. മുണ്ടുടുത്ത് മേല്‍മുണ്ട് പുതച്ച് അയാള്‍ നടന്നുവരികയാണ്. രണ്ട് കണ്ണുകള്‍ക്കിടയില്‍ നിസ്‌കാരത്തഴമ്പ് കാണാം. ജനക്കൂട്ടം അദ്ദേഹത്തിന് വഴിമാറിക്കൊടുത്തു. ജനം വരിവരിയായി നിന്ന് ഹാര്‍ദ്ദമായി ആദരിച്ചാനയിക്കുകയാണ്. അങ്ങിനെ അദ്ദേഹം ഹജ്‌റുല്‍ അസ്‌വദിന്റെ അടുത്തെത്തി ചുംബിച്ചു.

മറ്റൊരിടത്ത് പരിചാരകരില്‍ ഒരാള്‍ തിരിഞ്ഞുനിന്ന് ഹിശാമിനോട് ചോദിച്ചു: ജനങ്ങള്‍ ഈ ബഹുമാനവും ആദരവുമൊക്കെ നല്‍കുന്ന ഇദ്ദേഹം ആരാണ്?
ഹിശാം പറഞ്ഞു: എനിക്ക് അറിയില്ല.
അമവീ കാലഘട്ടത്തിലെ ഒന്നാംനിര കവികളില്‍ ഒരാളായ ഫറസ്ദഖ് അവിടെയുണ്ടായിരുന്നു. അയാള്‍ പറഞ്ഞു: ഹിശാമിന് അദ്ദേഹത്തെ അറിയില്ലെങ്കില്‍ എനിക്കറിയാം, ലോകത്തിന് മുഴുവന്‍ അറിയാം. ഇതാണ് അലിയ്യ് ബിന്‍ ഹുസൈന്‍. അല്ലാഹു അദ്ദേഹത്തിലും പിതാവിലും പിതാമഹനിലും സംപ്രീതനാവട്ടെ. ശേഷം അയാള്‍ പാടി:
ഇതോ, താഴ്‌വരകള്‍ക്ക് അദ്ദേഹത്തിന്റെ ചവിട്ടടികള്‍ തിരിച്ചറിയാം
ഈ ഭവനവും ഹറമും ചുറ്റുപാടും അവനെ തിരിച്ചറിയുന്നു
ഇതാണ് അല്ലാഹുവിന്റെ അടിമകളില്‍ സകലരിലും ഉത്തമിയുടെ സൂതന്‍
ഇവനാണ് ഭക്തന്‍, പരിശുദ്ധന്‍, പ്രമുഖന്‍
ഇതാണ് ഫാത്വിമയുടെ പുത്രന്‍, നീ അജ്ഞനെങ്കിലും
ഇവന്റെ പിതാമഹനിലൂടെയാണ് അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക് സമാപ്തികുറിക്കപ്പെട്ടത്
ഇതാരെന്ന നിന്റെ ചൊല്ലവനൊരു കുറവല്ല
ഇതരഭാഷക്കാരും അറബികളും തിരിച്ചറിയുന്നുണ്ട് നിനക്കപരിചിതനായവനെ
ഇരുകൈകളും പെരുത്ത സഹായം ചെയ്തിടുന്നു, വ്യാപരിച്ചു അതിന്റെ നേട്ടവും
ഇറ്റിക്കുന്നുവത് രണ്ടും, ഇല്ലായ്മ അതില്‍ ഭവിക്കുന്നില്ല
ഇണക്കമുള്ള ഭാവത്തില്‍ ഭയക്കേണ്ടതില്ലവന്റെ പാരുഷ്യം
ഈരണ്ടെണ്ണം അലങ്കാരമായ് നില്‍ക്കുന്നു, സല്‍സ്വഭാവവും പ്രകൃതവും
ഇല്ല എന്നര്‍ത്ഥമുള്ള ‘ലാ’ മൊഴിഞ്ഞിട്ടില്ലവന്‍ ലാ ഇലാഹയിലല്ലാതെ
ലാ ഇലാഹയില്ലായിരുന്നെങ്കിലാ ‘ലാ’ അതെ എന്ന സാരത്തില്‍ ‘നഅം’ എന്നായേനെ
ഇഹ്‌സാന്‍ കൊണ്ട് മരുഭൂവിനെ വളര്‍ത്തിയപ്പോള്‍ വിട്ടുമാറി
ഇരുളും നിര്‍ദ്ധനത്വവും ഇല്ലായ്മയും അതില്‍ നിന്ന്
ഇവനെ ഖുറൈശികള്‍ പാര്‍ത്താല്‍ അവരിലെ പ്രഭാഷകന്‍ പറയും
‘ഇവന്റെ മാന്യപ്രവൃത്തികളിലാണ് മാന്യത ചെന്നുചേരുന്നത്’
ഇമയടയ്ക്കുന്നവന്‍ ലജ്ജയാല്‍, ഇമയടയ്ക്കപ്പെടുമവന്റെ ഗാംഭീര്യത്തിനാല്‍
ഇവനോട് സംവദിക്കപ്പെടുന്നില്ല പുഞ്ചിരിയുടെ വേളയിലല്ലാതെ
ഈ കരങ്ങളിലൊരു പടക്കുന്തം, അതിന്റെ ഗന്ധം സുഗന്ധമായി ഉടലെടുത്തത്
ഇച്ഛാശക്തിയുള്ളവന്റെ കൈത്തണ്ടയില്‍ നിന്നും. ആ നാസികയില്‍ തുടിച്ചു നില്‍ക്കുമാഭിജാത്യം
ഇദ്ദേഹത്തിന്റെ ഉല്‍പത്തിയുടെ വ്യുല്‍പത്തി അല്ലാഹുവിന്റെ റസൂലില്‍ നിന്നും
ഇവരുടെ ചുവടും പ്രകൃതവും സ്വഭാവവും അതിവിശിഷ്ടം

അല്ലാഹുവിന്റെ ദൂതരുടെ പൗത്രന്റെ മേല്‍ അവന്‍ തൃപ്തിപ്പെടട്ടെ. രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയക്കുന്നവര്‍ക്കും, അവന്റെ ശിക്ഷയെ ഭയന്ന് ശരീരം ശോഷിച്ചു പോയവര്‍ക്കും, പ്രതിഫലം കാംക്ഷിക്കുന്നവര്‍ക്കും അദ്ദേഹം ഒരു അപൂര്‍വ ചിത്രമായിരുന്നു. (അവസാനിച്ചു)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സൈനുല്‍ ആബിദീന്‍ 1
സൈനുല്‍ ആബിദീന്‍ 2
സൈനുല്‍ ആബിദീന്‍ 3

Related Articles