Current Date

Search
Close this search box.
Search
Close this search box.

Stories

ആയിരം അടിമകളെ മോചിപ്പിച്ച ധര്‍മിഷ്ടന്‍

ഒരു മദീനവാസി പറയുന്നു: സൈനുല്‍ ആബിദീന്‍ മസ്ജിദില്‍ നിന്നും പുറത്തേക്ക് വരികയായിരുന്നു. ഞാന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. ചീത്തവാക്കുകളാല്‍ ഞാന്‍ അദ്ദേഹത്തെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു. അതിന്റെ കാരണം എന്തായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ആളുകള്‍ എന്നെ പിടികൂടാനായി ചാടിവീണു. എന്നെ അവര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ മര്‍ദനമേല്‍ക്കാതെ രക്ഷപ്പെടുമായിരുന്നില്ല. ഉടനെ ജനക്കൂട്ടത്തോട് അദ്ദേഹം പറഞ്ഞു: അയാളെ വിട്ടേക്കൂ. അങ്ങിനെ ജനം എന്നെ വിട്ടയച്ചു. എന്റെ പരിഭ്രാന്തി കണ്ട അദ്ദേഹം പുഞ്ചിരിയോടെ അടുത്തുവന്നു, എന്നെ സമാധാനിപ്പിക്കുകയും സുരക്ഷിതത്വബോധം പകര്‍ന്നുതരികയും  ചെയ്തു. ശേഷം എന്നോട് പറഞ്ഞു: നിന്റെ അറിവനുസരിച്ച് നീ നമ്മെ ചീത്തവിളിച്ചു. നിനക്കറിയില്ലാത്ത നമ്മുടെ വിശേഷങ്ങള്‍ അതിലേറെയാണ്. അദ്ദേഹം എന്നോട് ചോദിച്ചു: നമ്മുടെ എന്തെങ്കിലും സഹായം നിനക്ക് വേണ്ടതുണ്ടോ? എനിക്ക് ലജ്ജയായി. ഞാനൊന്നും പറഞ്ഞില്ല. ഞാന്‍ ലജ്ജിക്കുന്നത് കണ്ട് ലജ്ജയായെന്ന് കണ്ട്, അദ്ദേഹം ധരിച്ചിരുന്ന വസ്ത്രം എനിക്ക് നല്‍കി. ആയിരം ദിര്‍ഹവും എനിക്ക് നല്‍കാന്‍ കല്‍പിച്ചു. അതിന് ശേഷം അദ്ദേഹത്തെ കാണുമ്പോളെല്ലാം ഞാന്‍ പറഞ്ഞു ‘താങ്കള്‍ നബി (സ)യുടെ സന്താനങ്ങളില്‍ ഉള്‍പ്പെട്ടയാളാണെന്ന് ഞാന്‍ സാക്ഷിയാണ്’.

അദ്ദേഹം മോചിപ്പിച്ച അടിമകളില്‍ ഒരാള്‍ പറയുന്നു: ഞാന്‍ അദ്ദേഹത്തിന്റെ അടിമയായിരുന്നു. അദ്ദേഹം ഒരാവശ്യത്തിനായി എന്നെ നിയോഗിച്ചു. ഞാന്‍ തിരിച്ചെത്താന്‍ വൈകി. ഞാന്‍ എത്തിയപ്പോള്‍ അദ്ദേഹം എന്നെ ചാട്ട കൊണ്ടടിച്ചു. ഞാന്‍ കരഞ്ഞു. എനിക്ക് കലശലായ ദേഷ്യം വന്നു. കാരണം അദ്ദേഹം അതിന് മുമ്പ് ആരെയും അടിച്ചിട്ടില്ലായിരുന്നു. ഞാന്‍ പറഞ്ഞു: അലിയ്യ് ബിന്‍ ഹുസൈനേ, അല്ലാഹുവിനെ സൂക്ഷിക്കൂ. ഒരാവശ്യാര്‍ത്ഥം താങ്കള്‍ എന്നെ നിയോഗിക്കുന്നു. അത് പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ താങ്കള്‍ എന്നെ അടിക്കുന്നുവോ?

അദ്ദേഹം കരഞ്ഞു കൊണ്ട് പറഞ്ഞു: നീ അല്ലാഹുവിന്റെ റസൂലിന്റെ മസ്ജിദിലേക്ക് പോയി, രണ്ട് റക്അത്ത് നമസ്‌കരിച്ചിട്ട് പറയുക. ‘അല്ലാഹുവേ, അലിയ്യ് ബിന്‍ ഹുസൈന് പൊറുത്ത് കൊടുക്കേണമേ.’ അങ്ങിനെ ചെയ്യുമെങ്കില്‍ നീ സ്വതന്ത്രനാണ്. ഞാന്‍ പോയി നമസ്‌കരിച്ചു, പ്രര്‍ത്ഥിച്ചു. വീട്ടിലെത്തിയതും അദ്ദേഹം എന്നെ മോചിപ്പിച്ചു.

ഉന്നതനും പ്രതാപവാനുമായ അല്ലാഹു അദ്ദേഹത്തിന് ധാരാളം സമ്പത്ത് നല്‍കി. വിഭവങ്ങളുടെ ഒഴുക്ക് തന്നെയുണ്ടായി. നല്ല ലാഭമുള്ള ഒരു കച്ചവടവും വളര്‍ച്ചയുള്ള കൃഷിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടിമകളായിരുന്നു അത് രണ്ടും നിയന്ത്രിച്ചിരുന്നത്. ഈ കൃഷിയും വ്യാപാരവും അദ്ദേഹത്തിന് വമ്പിച്ച അഭിവൃദ്ധിയും സമ്പത്തും നല്‍കി. എന്നാലും ഈ ഭാരിച്ച സ്വത്ത് അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല. അനുഗ്രഹങ്ങള്‍ അദ്ദേഹത്തെ ഉന്മത്തനാക്കിയില്ല. ഇഹലോകത്തിലെ സമ്പത്ത്, അദ്ദേഹം പരലോക വിജയത്തിനുള്ള വാഹനമാക്കി. ഏറ്റവും നല്ല മുതല്‍ സല്‍കര്‍മിയുടേതാണ് എന്നതിനെ സാക്ഷാല്‍കരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത്.

അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട സല്‍കര്‍മം, അല്ലാഹു അല്ലാതെ മറ്റാരും അറിയാത്ത രഹസ്യ സ്വദഖകളായിരുന്നു. നേരം ഇരുട്ടുമ്പോള്‍, തന്റെ മെലിഞ്ഞ മുതുകില്‍ ധാന്യപ്പൊടിയും വഹിച്ച് ജനം ഉറക്കിലായിരിക്കെ, അര്‍ധരാത്രിയില്‍ പുറത്തേക്കിറങ്ങും. ജനങ്ങളോട് ചോദിച്ച് പ്രയാസപ്പെടുത്താത്ത ആവശ്യക്കാര്‍ക്ക് സ്വദഖ ചെയ്യാനായി, മദീനയിലെ കോളനികളില്‍ അതുമായി കറങ്ങി നടക്കും. എവിടെ നിന്നാണ് തങ്ങള്‍ക്ക് സുഭിക്ഷമായി ഭക്ഷണം കിട്ടിക്കൊണ്ടിരുന്നതെന്ന് അറിയാത, ജീവിച്ചു കൊണ്ടിരുന്ന അനേകര്‍ മദീനയില്‍ ഉണ്ടായിരുന്നു. അലിയ്യ് ബിന്‍ ഹുസൈന്‍ മരണപ്പെട്ടപ്പോള്‍ അവര്‍ക്ക് വന്നിരുന്ന ഭക്ഷണം നിലച്ചു. അപ്പോളാണ് അതിന്റെ ഉറവിടം അവര്‍ തിരിച്ചറിഞ്ഞത്.

സൈനുല്‍ ആബിദീനെ മയ്യിത്ത് കുളിപ്പിക്കുന്ന പലകയില്‍ വെച്ചപ്പോള്‍, കുളിപ്പിക്കുന്നവര്‍ അദ്ദേഹത്തിന്റെ പുറത്ത് കറുത്ത അടയാളങ്ങള്‍ കണ്ടു. അവര്‍ ചോദിച്ചു: ഇതെന്താണ്?
ആരൊ പറഞ്ഞു: മദീനയിലെ നൂറ് വീടുകളിലേക്ക് ധാന്യച്ചാക്കുകള്‍ ചുമന്നതിന്റെ അടയാളമാണ്. അദ്ദേഹത്തിന്റെ മരണത്താല്‍ നഷ്ടപ്പെട്ടത് അവരുടെയൊക്കെ ആശ്രയമായിരുന്നു.

അലിയ്യ് ബിന്‍ ഹുസൈന്‍ വിമോചിപ്പിച്ച അടിമകളുടെ വിശേഷങ്ങള്‍ സഞ്ചാരികള്‍ കിഴക്കും പടിഞ്ഞാറും എത്തിച്ചു. ഇതിഹാസങ്ങള്‍ എഴുതുന്നവരുടെ ഭാവനകള്‍ക്ക് അതീതമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അറിഞ്ഞവര്‍ തന്നെ എല്ലാം അറിഞ്ഞില്ല. എതെങ്കിലും അടിമ ഗുണകരമായത് വല്ലതും ചെയ്താല്‍ അതിന് പ്രത്യുപകാരമായി അദ്ദേഹം അവനെ മോചിപ്പിക്കും. പാപം ചെയ്ത് പശ്ചാത്തപിച്ച അടിമയെ, പശ്ചാത്താപത്തിന്റെ സമ്മാനമായും അദ്ദേഹം മോചിപ്പിക്കും. ആയിരം അടിമകളെ മോചിപ്പിച്ചതായി നിവേദകര്‍ ഉദ്ധരിക്കുന്നുണ്ട്. ഒരു വര്‍ഷത്തിലേറെ ഏതെങ്കിലും അടിമസ്ത്രീയെയോ, പുരുഷനെയോ അദ്ദേഹം സേവനം ചെയ്യിച്ചിട്ടില്ല. കൂടുതല്‍ അടിമമോചനവും സംഭവിച്ചത് ഈദുല്‍ഫിത്വ്ര്‍ രാത്രിയിലായിരുന്നു. ഖിബ്‌ലയ്ക്ക് അഭിമുഖമായി ‘അല്ലാഹുവേ, അലിയ്യ് ബിന്‍ ഹുസൈന് പൊറുത്ത് കൊടുക്കേണമേ’ എന്ന് പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം അവരോട് അഭ്യര്‍ത്ഥിക്കും. പെരുന്നാളിന്റെ സന്തോഷം ഇരട്ടിയാകുമാറ് അവര്‍ക്ക് സമ്പത്ത് നല്‍കുകയുംചെയ്യും. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സൈനുല്‍ ആബിദീന്‍ 1
സൈനുല്‍ ആബിദീന്‍ 2
സൈനുല്‍ ആബിദീന്‍ 4

Related Articles