Current Date

Search
Close this search box.
Search
Close this search box.

ആദ്യരാത്രി നമസ്‌കാരത്തില്‍ മുഴുകിപ്പോയവര്‍

മുആദ എന്ന പേരില്‍ സ്വിലത് ബിന്‍ അശ്‌യമിന് ഒരു പിതൃവ്യപുത്രിയുണ്ടായിരുന്നു. അവരും അദ്ദേഹത്തെപ്പോലെ താബിഇയ്യായിരുന്നു. അവര്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)വിനെ നേരില്‍ കണ്ട് ദീന്‍ മനസ്സിലാക്കിയ അവരില്‍ നിന്നും മഹാനായ ഹസന്‍ ബസ്വരി അറിവ് പഠിച്ചിട്ടുണ്ട്. ഭക്തയും വിശുദ്ധയും ഉപാസകയും പരിത്യാഗിയുമായിരുന്നു അവര്‍. രാത്രിയാകുമ്പോള്‍ അവര്‍ ഇങ്ങിനെ പറയാറുണ്ടായിരുന്നു: ചിലപ്പോള്‍ ഇത് എന്റെ അവസാന രാത്രിയായിരിക്കും, അതുകൊണ്ട് സുബ്ഹി വരേക്കും ഞാന്‍ ഉറങ്ങുകയില്ല’. പകലാകുമ്പോള്‍ അവര്‍ പറയും: ചിലപ്പോള്‍ ഇത് എന്റെ അവസാന ദിനമായിരിക്കും. അതിനാല്‍ വൈകുവോളം വിശ്രമമില്ല.

തണുപ്പ് കാരണം ഉറങ്ങിപ്പോകാതിരിക്കാനും ഇബാദത്ത് നഷ്ടപ്പെടാതിരിക്കാനുമായി, ശൈത്യകാലത്ത് കട്ടികുറഞ്ഞ വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത്. നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും കൊണ്ട് രാവുകളെ അവര്‍ സജീവമാക്കി. ഉറക്കം തൂങ്ങി വീഴാറായാല്‍ എഴുന്നേറ്റ് വീട്ടില്‍ ചുറ്റിനടന്നു കൊണ്ട് പറയും: ശരീരമേ, ദീര്‍ഘമായി ഇനി ഉറങ്ങാനുള്ളതല്ലേ…. നാളെ ഖബ്‌റിലെ നീണ്ട നിദ്ര… സന്താപത്തിലോ സന്തോഷത്തിലോ, മുആദാ, നാളെ എന്താകണമെന്നാണോ ആഗ്രഹം അത് ഇന്നുതന്നെ തിരഞ്ഞെടുക്കൂ.

കഠിന ആരാധനയിലും അമിതവിരക്തിയിലും നിമഗ്നനായിരുന്നെങ്കിലും, സ്വിലത് ബിന്‍ അശ്‌യം നബി തിരുമേനി(സ)യുടെ മാര്‍ഗം വിട്ടുപോകാന്‍ തുനിഞ്ഞില്ല. അതിനാല്‍ പിതൃവ്യപുത്രിയായ മുആദയെ അദ്ദേഹം വിവാഹമാലോചിച്ചു. കല്യാണദിനത്തില്‍ സഹോദരപുത്രന്‍ അദ്ദേഹത്തെ കുളിപ്പുരയിലും പിന്നീട് വധുവിനോടൊത്ത് മണിയറയിലും എത്തിച്ചു. രണ്ടാളും ഒന്നിച്ചായപ്പോള്‍ അദ്ദേഹം എഴുന്നേറ്റ് രണ്ട് രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിച്ചു. അദ്ദേഹത്തെ പിന്തുടര്‍ന്ന് വധുവും നിസ്‌കരിക്കാന്‍ നിന്നു. നിസ്‌കാരത്തിന്റെ മാസ്മരികതയില്‍ രണ്ടാളും ആകൃഷ്ടരായി. സുബ്ഹിയാകുവോളം അവര്‍ നിസ്‌കാരത്തില്‍ മുഴുകി. രാവിലെ തന്നെ എത്തിയ സഹോദരപുത്രന്‍ ചോദിച്ചു: പിതൃവ്യപുത്രിയെത്തന്നെ മണവാട്ടിയായി താങ്കള്‍ക്ക് ലഭിച്ചിട്ടും അവളെ വിട്ട് രാത്രി മുഴുവന്‍ നിസ്‌കാരത്തില്‍ കഴിഞ്ഞുകൂടിയല്ലേ?
അദ്ദേഹം പറഞ്ഞു: സഹോദരപുത്രാ, ഇന്നലെ നീ എന്നെ ഒരു കെട്ടിടത്തിലാക്കി. അത് എന്നെ നരകത്തെ ഓര്‍മിപ്പിച്ചു. ശേഷം എന്നെ മറ്റൊരിടത്ത് പ്രവേശിപ്പിച്ചു. അത് എന്നെ സ്വര്‍ഗത്തെ ഓര്‍മിപ്പിച്ചു. നേരം വെളുക്കുവോളം ഞാന്‍ സ്വര്‍ഗ നരകത്തിന്റെ ചിന്തയില്‍ ആയിപ്പോയി.
ആ ചെറുപ്പക്കാരന്‍ ചോദിച്ചു: എന്താണ് താങ്കള്‍ പറഞ്ഞുവരുന്നത്.
സ്വിലത് ബിന്‍ അശ്‌യം: നീ എന്നെ കുളിപ്പുരയില്‍ ആക്കിയില്ലേ, ചൂടുവെള്ളം എന്നെ നരകത്തെ ഓര്‍മിപ്പിച്ചു. പിന്നെ നീ എന്നെ മണിയറയിലാക്കി അവിടുത്തെ പരിമളം എന്നെ സ്വര്‍ഗത്തെ ഓര്‍മിപ്പിച്ചു.

അല്ലാഹുവിനെ ഭയന്ന് നിലവിളിക്കുന്ന, പാപമോചനം തേടുന്ന, ഭൗതികവിരക്തനായ ഉപാസകന്‍ മാത്രമായിരുന്നില്ല സ്വിലത് ബിന്‍ അശ്‌യം. അതിനോടൊപ്പം ശക്തനായ അശ്വഭടനും ദൈവമാര്‍ഗത്തിലെ പോരാളിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തേക്കാള്‍ പരുഷരും ശക്തരും അഭ്യാസികളുമായ ആയുധധാരികളെ പോര്‍ക്കളങ്ങള്‍ വളരെക്കുറച്ചേ കണ്ടിട്ടുണ്ടാവുകയുള്ളൂ. മുസ്‌ലിം പടനായകരെല്ലാം അദ്ദേഹത്തെ ആവരിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചു. തങ്ങള്‍ കൊതിക്കുന്ന വന്‍വിജയം അദ്ദേഹത്തിന്റെ ധീരതയുടെ മഹത്വത്തില്‍ തട്ടിപ്പറിച്ചെടുക്കാനായി, തന്റെ സൈന്യത്തില്‍ അദ്ദേഹം ഉണ്ടാകണമെന്ന് അവര്‍ നിനച്ചിരുന്നു.

ജഅ്ഫര്‍ ബിന്‍ സൈദ് നിവേദനം ചെയ്യുന്നു: ഞങ്ങള്‍ ഒരു പോരാട്ടത്തിലായിരുന്നു. കൂടെ സ്വിലത് ബിന്‍ അശ്‌യമും ഹിശാം ബിന്‍ ആമിറും ഉണ്ടായിരുന്നു. ശത്രുവുമായി സന്ധിച്ചപ്പോള്‍ സ്വിലതും കൂട്ടുകാരനും മുസ്‌ലിം അണികളില്‍ നിന്നും ശത്രുക്കളുടെ കൂട്ടത്തിലേക്ക് കുന്തം കൊണ്ട് കുത്തിത്തുളച്ച്, വാള് കൊണ്ട് വെട്ടി മല്‍സരിച്ച് മുന്നേറി. ശത്രുക്കളുടെ മുന്നണിയില്‍ കനത്ത നാശമേല്‍പ്പിച്ചു. ശത്രു നേതൃത്വത്തില്‍ ചിലര്‍ ചിലരോട് പറഞ്ഞു: മുസ്‌ലിം സൈനികരിലെ രണ്ടാളുകള്‍ സൃഷ്ടിച്ച ദുരന്തമാണിത്. അപ്പോള്‍ അവര്‍ എല്ലാവരും ഒരുമിച്ച് നമ്മോട് പൊരുതിയാലോ? നിങ്ങള്‍ മുസ്‌ലിംകളുടെ മേധാവിത്വം അംഗീകരിച്ച് സന്ധിക്ക് അപേക്ഷിക്കൂ.

ഹിജ്‌റ 76ല്‍ മാവറാഅന്നഹ്ര്‍ (transoxiana) ലക്ഷ്യം വെച്ച് നീങ്ങിയ മുസ്‌ലിം സൈന്യത്തില്‍ സ്വിലത് ബിന്‍ അശ്‌യം പുറപ്പെട്ടു. കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ഒരു പുത്രനുമുണ്ടായിരുന്നു. രണ്ട് സംഘങ്ങളും കൂട്ടിമുട്ടി. പോര്‍ക്കളം ചൂടുപിടിച്ചു. സ്വിലത് പുത്രനോട് പറഞ്ഞു: മോനേ, മുന്നേറുക, അല്ലാഹുവിന്റെ ശത്രുക്കളോട് പോരാടുക. സൂക്ഷിപ്പ് വസ്തുക്കള്‍ പാഴാകാത്ത ഒരു സന്നിധിയുണ്ട്. നിന്നെ ഞാന്‍ അവിടെ കാണുന്നുണ്ട്. അല്ലാഹുവിന്റെ തൃപ്തിക്കായി ഞാന്‍ നിന്നെ സമര്‍പ്പിക്കുന്നു. വില്ലില്‍ നിന്നും തെറിച്ചുപോയ അമ്പ് പോലെ ആ യുവാവ് ശത്രുവിനോട് പോരാടാനായി കുതിച്ചു. രക്തസാക്ഷിയായി വീഴുവോളം അവന്‍ പോരാടിക്കൊണ്ടേയിരുന്നു. അവന്റെ പിന്നാലെ കൂടാനേ ആ പിതാവിനും കഴിഞ്ഞുള്ളൂ. പുത്രന്റെ ഓരത്തേക്ക് രക്തസാക്ഷിയായി എത്തുവോളം അദ്ദേഹവും ജിഹാദ് ചെയ്തുകൊണ്ടിരുന്നു.

ബസ്വറയില്‍ ഈ രണ്ടാളുടെയും മരണവാര്‍ത്ത എത്തിയപ്പോള്‍ മുആദ അദവിയ്യയെ സമാശ്വസിപ്പിക്കാനായി സ്ത്രീകളെത്തി. അവരോട് മുആദ പറഞ്ഞു: എനിക്ക് ആശംസയര്‍പ്പിക്കാനാണ് നിങ്ങള്‍ വന്നതെങ്കില്‍ നിങ്ങള്‍ക്ക് സ്വാഗതം. നിങ്ങള്‍ വന്നത് മറ്റെന്തിനെങ്കിലുമാണെങ്കില്‍…. നിങ്ങള്‍ക്ക് നല്ലത് വരട്ടെ… നിങ്ങള്‍ക്ക് തിരിച്ചു പോകാം.

ആദരണീയമായ ശ്രേഷ്ഠമായ ഈ മുഖങ്ങളെ അല്ലാഹു തെളിച്ചമുള്ളതാക്കട്ടെ. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഇവരിലൂടെ നന്മ വരുത്തട്ടെ. ഇതിനേക്കാളും  സൂക്ഷമതയുള്ളതും നല്ലതും മനുഷ്യ ചരിത്രത്തിന്റെ അറിവിലുണ്ടാകില്ല.

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സ്വിലത് ബിന്‍ അശ്‌യം അല്‍-അദവി – 1
സ്വിലത് ബിന്‍ അശ്‌യം അല്‍-അദവി – 2

Related Articles