ഒരു മഹായുദ്ധത്തിനുള്ള ഒരുക്കം, മനസ്സുകളെ സംസ്‌കരിച്ച് കൊണ്ട് മാത്രമേ തുടങ്ങാനാകുകയുള്ളുവെന്ന് അബ്ദുല്‍ റഹ്മാന്‍ ഗാഫിഖിയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഉള്ള് പൊട്ടിയതും പൊള്ളയായതുമായ കോട്ടകളിലിരുന്ന,് വിജയമെന്ന ലക്ഷ്യം സാക്ഷാല്‍ക്കാരിക്കാന്‍ ഒരു സമൂഹത്തിനും കഴിയുകയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനായി ഒന്നൊന്നായി സ്‌പെയിനിലെ പ്രവിശ്യകളിലൂടെ അദ്ദേഹം ചുറ്റിക്കറങ്ങി, ‘എതെങ്കിലും ഗവര്‍ണര്‍മാരില്‍ നിന്നോ ജഡ്ജിമാരില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ, എന്തെങ്കിലും അവകാശം വകവെച്ചു കിട്ടാനുണ്ടെങ്കില്‍ അത് അമീറിനെ അറിയിക്കണം, അവ്വിഷയത്തില്‍ മുസ്‌ലിം അമുസ്‌ലിം വേര്‍തിരിവില്ലെന്നും’ വിളിച്ചുപറയാനായി വിളിയാളന്‍മാരെ നിയോഗിച്ചു.
അങ്ങിനെ ഒന്നൊന്നായി പരാതികള്‍ പരിഹരിച്ചുതുടങ്ങി. ബലഹീനന് ശക്തനില്‍ നിന്നും പ്രതിക്രിയ എടുത്തുതുടങ്ങി. അക്രമിയില്‍ നിന്നും അക്രമിക്കപ്പട്ടവന് അവകാശം വീണ്ടെടുത്തു.
അതിനുമപ്പുറം, പിടിച്ചെടുക്കപ്പെട്ടതും പുതുക്കിപ്പണിതതുമായ ദേവാലയങ്ങളുടെ പ്രശ്‌നത്തിന്റെ നിജസ്ഥിതി വിലയിരുത്തിത്തുടങ്ങി. കരാറുകള്‍ പാലിച്ചുതുടങ്ങി. കൈക്കൂലിപ്പുറത്ത് നിര്‍മിക്കപ്പെട്ടവ തകര്‍ത്തുതുടങ്ങി. പിന്നെ, ഉദ്ദ്യോഗസ്ഥരില്‍ ഓരോരുത്തരെയായി നിരീക്ഷിച്ചു. വിശ്വസിക്കാന്‍ കൊള്ളാത്തവരെയും വക്രതയുള്ളവരെയും നീക്കി, തന്ത്രജ്ഞതയും തഴക്കവും പഴക്കവുമുള്ളവരെ പകരം നിയമിച്ചുതുടങ്ങി.
കടന്നുചെല്ലുന്ന ഓരോ നാട്ടിലും പള്ളിയില്‍ നമസ്‌കാരത്തിനായി ജനങ്ങളെ ഒരുമിച്ചുകൂട്ടി, ജിഹാദില്‍ അവരെ ഉത്സുകരാക്കുന്ന, രക്തസാക്ഷിത്വത്തിന് പ്രേരണയേകുന്ന, അല്ലാഹുവിന്റെ തൃപ്തിയിലും അവന്‍ നല്‍കുന്ന പ്രതിഫലത്തിലും താത്പര്യമുളവാക്കുന്ന പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തി.
അബ്ദുല്‍ റഹ്മാന്‍ പറയുക മാത്രമായിരുന്നില്ല പ്രവര്‍ത്തിക്കുകയുമായിരുന്നു. പ്രതീക്ഷകള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സ്തൂപം പണിതു. അധികാരമേറ്റ നിമിഷം മുതല്‍ അദ്ദേഹം വിഭവങ്ങള്‍ ഒരുക്കൂട്ടുകയും ആയുധം സംഭരിക്കുകയുമായിരുന്നു. ഗിരിശൃംഗങ്ങളില്‍ നിന്നും ശത്രു നിരീക്ഷണം നടത്താനുള്ള സൈനിക പോസ്റ്റുകള്‍ അറ്റകുറ്റപ്പണി നടത്തി. കോട്ടകള്‍ സ്ഥാപിച്ചു. താത്ക്കാലിക പാലങ്ങള്‍ കേടുപാട് തീര്‍ത്തു. വലിയ പാലങ്ങള്‍ നിര്‍മിച്ചു.
അദ്ദേഹത്തിന്റെ ബൃഹത് നിര്‍മിതിയായിരുന്നു സ്‌പെയിനിന്റെ തലസ്ഥാനത്തുള്ള കൊര്‍ദോവാ പാലം (puente romano). ജനങ്ങള്‍ക്കും സൈനികര്‍ക്കും ഗതാഗതത്തിനായി കൊര്‍ദോവാ മഹാനദിക്കു മേലെ ഈ പാലം അദ്ദേഹം നിര്‍മിച്ചത് ജലപ്രളയത്തില്‍ നിന്നും നാടിനെയും നാട്ടുകാരേയും സംരക്ഷിക്കാന്‍ കൂടിയായിരുന്നു. ഈ പാലം ലോകാത്ഭുതങ്ങളില്‍ ഒന്നായി ഗണിക്കപ്പെടുന്നു. 400 മീറ്റര്‍ നീളവും 30 മീറ്റര്‍ ഉയരവും 40 മീറ്റര്‍ വീതിയുമുള്ള ഇതിന് 18 ആര്‍ച്ചുകളും 19 ഗോപുരങ്ങളുമുണ്ട്. സ്‌പെയിനിന് അലങ്കാരമായി ഇന്നും ഇത് നിലകൊള്ളുന്നുണ്ട്.
എത്തിപ്പെടുന്ന നാടുകളിലെല്ലാം സേനാനായകരേയും നാട്ടുപ്രമാണിമാരേയും സംഘടിപ്പിക്കാന്‍ അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി ശ്രമിച്ചു. അവര്‍ പറയുന്നതെല്ലാം അദ്ദേഹം സാകൂതം ശ്രവിച്ചു. അവരുടെ അഭിപ്രായങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തി. അവരുടെ ഉപദേശങ്ങള്‍ ഫലത്തിലെടുത്തു. ഈ സദസ്സുകളില്‍ അദ്ദേഹം കുറച്ച് സംസാരിക്കുകയും കൂടുതല്‍ കേള്‍ക്കുകയുമായിരുന്നു.
മുസ്‌ലിം നേതൃത്വത്തെ സന്ധിച്ചത് പോലെ തന്നെ ഗാഫിഖി, സന്ധിയില്‍ കഴിഞ്ഞിരുന്ന അമുസ്‌ലിം നേതാക്കളുടെ കൂടെയും ഇരുന്നു. അവരുടെ നാടിനെ കുറിച്ച് അദ്ദേഹത്തിന് അജ്ഞാതമായ കാര്യങ്ങളും, അവരുടെ രാജാക്കന്മാരേയും നായകരേയും സംബന്ധിച്ച് സങ്കീര്‍ണമായി തോന്നിയ സംഗതികളും അവരെക്കൊണ്ട് കൂടുതലായി പറയിച്ചു.
ഒരിക്കല്‍, സന്ധിയില്‍ കഴിഞ്ഞിരുന്ന ഫ്രഞ്ചുകാരായ നേതാക്കളില്‍ ഒരാളെ അദ്ദേഹം വിളിച്ചുവരുത്തി, പലകാര്യങ്ങളേയും സംബന്ധിച്ച് ചര്‍ച്ചനടത്തി. ശേഷം അയാളോട് ചോദിച്ചു: നിങ്ങളുടെ മഹാരാജാവായ ചാള്‍സ് നമ്മോട് പോരാട്ടത്തിന് വരാത്തത് എന്താണ്? പ്രാദേശിക രാജാക്കന്മാരെ നമുക്കെതിരെ സഹായിക്കാത്തതെന്താണ്?
അയാള്‍ പറഞ്ഞു: ‘അമീറേ, ഞങ്ങളോട് ചെയ്ത കരാറുകള്‍ നിങ്ങള്‍ പാലിച്ചിട്ടുണ്ട്. അത്‌കൊണ്ട്, നിങ്ങള്‍ ഞങ്ങളോട് ചോദിച്ച കാര്യത്തില്‍ സത്യംപറയല്‍ ഞങ്ങള്‍ക്ക് ബാദ്ധ്യതയാണ്. നിങ്ങളുടെ മഹാനായ നായകന്‍ മൂസ ബിന്‍ നുസൈ്വര്‍ സ്‌പെയ്ന്‍ മുഴുവനും പിടിച്ചടക്കി. അനന്തരം, സ്‌പെയിനിന്റെയും ഞങ്ങളുടെ നാടിനുമിടയിലുള്ള പിരണീസ് മലനിരകള്‍ താണ്ടിക്കടക്കണമെന്ന താത്പര്യം അദ്ദേഹത്തിന് കലശലായി. അങ്ങിനെ പ്രവിശ്യാ രാജാക്കന്മാരും പുരോഹിതന്മാരും ചക്രവര്‍ത്തിയുടെ അടുക്കല്‍ അഭയംതേടിയെത്തി. അവര്‍ പറഞ്ഞു: രാജാവേ, നമുക്കും നമ്മുടെ പേരന്മാര്‍ക്കും എന്നെന്നേക്കുമായിട്ടുള്ള ഈ നിന്ദ്യത എന്താണ്? മുസ്‌ലിംകളെ സംബന്ധിച്ച് എന്തൊക്കെയോ ഞങ്ങള്‍ കേട്ടിരിക്കുന്നു. സൂര്യനുദിക്കുന്ന ദിക്കില്‍ നിന്നും അവര്‍ നമുക്കെതിരെ ചാടിവീഴുമെന്ന് കരുതി നാം ഭയന്നിരിക്കുകയായിരുന്നു. എന്നാലിതാ അവര്‍ ഇപ്പോള്‍ വന്നിട്ടുള്ളത് പടിഞ്ഞാറ് നിന്നാണ്. അവര്‍ സ്‌പെയിന്‍ മുഴുവനും പിടിയിലാക്കി. അതിലുള്ളതെല്ലാം നിയന്ത്രണത്തിലാക്കി. അവരുടെ എണ്ണം കുറവാണ്. ആയുധങ്ങള്‍ മോശമാണ്. വാളുകളുടെ വെട്ട് തടുക്കാനുതകുന്ന പടയങ്കികളോ, പടക്കളത്തിലേക്ക് കുതിക്കാനായി നല്ല കുതിരയോ അവരില്‍ അധികം പേര്‍ക്കും ഇല്ല. എന്നിട്ടും അവര്‍ നമ്മെയും അവരെയും വേര്‍തിരിക്കുന്ന ഗിരിശൃംഗങ്ങളുടെ മുകളിലെത്തി നില്‍ക്കുന്നു.
രാജാവ് പറഞ്ഞു: നിങ്ങള്‍ക്ക് ഭവിച്ച കാര്യത്തില്‍ ഞാന്‍ കുറേ ആലോചിച്ചു….. വളരെ ദീര്‍ഘമായി നിരീക്ഷിച്ചു. അങ്ങിനെ ഞാന്‍ കണ്ടു: അവരുടെ ഈ കുതിച്ചുചാട്ടത്തിന് തടയിടാന്‍ നമുക്കാവുകയില്ലെന്ന്. തന്റെ വഴിയില്‍ വിലങ്ങി നില്‍ക്കുന്നതെന്തിനെയും പിഴുതെടുത്ത് ഒഴുക്കിക്കൊണ്ടുപോയി, തോന്നിയ ഇടത്ത് എറിഞ്ഞു കളയുന്ന പ്രളയജലമാണ് ഇപ്പോള്‍ അവര്‍.
ഞാന്‍ കണ്ടു: വലിയ ആളും അര്‍ത്ഥവും വേണ്ടതില്ലാത്ത, ഒരു ആദര്‍ശവും നിയതലക്ഷ്യവുമുള്ള സമൂഹമാണവര്‍. പടയങ്കികളുടെയും പടക്കുതിരകളുടേയും സ്ഥാനത്ത് നില്‍ക്കുന്ന വിശ്വാസവും സത്യസന്ധതയും അവര്‍ക്കുണ്ട്. പക്ഷെ, കാത്തിരുന്നുകൊള്ളുക, അവരുടെ കൈകള്‍ സമരാര്‍ജിത സ്വത്തുക്കളാല്‍ മൂടുവോളം… മാളികകളിലും കൊട്ടാരങ്ങളിലും സ്വശരീരങ്ങളെ പാര്‍പ്പിക്കുവോളം…. അടിമപ്പെണ്ണുങ്ങളും സേവകരും അവര്‍ക്ക് അധികരിക്കുവോളം… നേതൃത്വത്തിനായുള്ള കിടമല്‍സരത്തില്‍ അവര്‍ ഏര്‍പ്പെടുവോളം. ആ സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്ക് വളരെ അനായാസം അവരെ നിയന്ത്രിയ്ക്കാം.’
അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി, ദുഃഖിതനായി തലകുമ്പിട്ടിരുന്നു… ദീര്‍ഘശ്വാസം വിട്ടു. നമസ്‌കാരസമയം ആയിട്ടുണ്ടായിരുന്നു. നമസ്‌കാരത്തിലേക്ക് വരൂ എന്ന് ഉരുവിട്ടുകൊണ്ട് അദ്ദേഹം സദസ്സ് വിട്ടു. (തുടരും)
വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട
അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി 1
അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി 2
അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി 4