Current Date

Search
Close this search box.
Search
Close this search box.

അബൂബക്‌റും ഉമറും നല്‍കിയ ആദരവ്

തീക്കുണ്ഡത്തില്‍ നിന്നും രക്ഷപെട്ട അബൂ മുസ്‌ലിം മദീനയിലേക്ക് തിരിക്കാനാണ് ആഗ്രഹിച്ചത്. നബി തിരുമേനിയെ കണ്ടുമുട്ടണമെന്ന് അദ്ദേഹത്തിന് കലശലായ ആഗ്രഹമുണ്ടായിരുന്നു. തിരുനബിയുടെ ദര്‍ശനത്തിലൂടെ കണ്ണിന് അഞ്ജനമെഴുതുന്നതിനും, അവിടുന്നിനോട് ഒത്തുകഴിഞ്ഞ് ഉള്‍പുളകമണിയുന്നതിനും മുമ്പേ തന്നെ അദ്ദേഹം നബിയില്‍ വിശ്വസിച്ചിരുന്നു. പക്ഷെ നബി(സ)യുടെ വിയോഗത്തിന്റെയും തുടര്‍ന്ന് അബൂബക്ര്‍ സ്വിദ്ദീഖ് മുസ്‌ലിംകളുടെ ഖിലാഫത്ത് ഏറ്റെടുത്തതിന്റെയും വൃത്താന്തം വന്നെത്തുന്നതിനു മുമ്പ്, മദീന മുനവ്വറയെന്ന യഥ്‌രിബിന്റെ ഓരത്ത് എത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആദരണീയനായ നബിയുടെ വിയോഗത്തിലെ മനോവ്യഥ ആദ്ദേഹത്തിന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു.

അബൂ മുസ്‌ലിം മദീനയില്‍ എത്തി. തിരുദൂതരുടെ മസ്ജിദ് ലക്ഷ്യമാക്കി നടന്നു. മസ്ജിദിന്റെ മുമ്പില്‍ എത്തിയപ്പോള്‍ കവാടത്തിന്റെ സമീപത്തായി ഒട്ടകത്തെ കെട്ടിയിട്ട്, വിശുദ്ധ നബിയുടെ ഹറമിലേക്ക് കടന്ന്, നബി തിരുമേനി(സ)യ്ക്ക് സലാം പറഞ്ഞു. പിന്നീട് മസ്ജിദിലെ ഒരു തൂണിന്റെ പിന്നില്‍ നിന്ന് നിസ്‌കരിക്കാന്‍ തുടങ്ങി. നമസ്‌കരിച്ച് കഴിഞ്ഞപ്പോള്‍ ഉമര്‍ ബിന്‍ ഖത്താബ് അദ്ദേഹത്തിന്റെ മുമ്പില്‍ വന്നുനിന്നു ചോദിച്ചു: എവിടുത്തുകാരനാണ്?
അബൂ മുസ്‌ലിം പറഞ്ഞു: യമനില്‍ നിന്നാണ്.
ഉമര്‍: അല്ലാഹുവിന്റെ ശത്രു തീക്കുണ്ഡമൊരുക്കിയ നമ്മുടെ ചങ്ങാതിയെ അല്ലാഹു എന്ത് ചെയ്തു? അല്ലാഹു അതില്‍ നിന്നും രക്ഷപ്പെടുത്തിയോ?
അബൂ മുസ്‌ലിം: അദ്ദേഹം സുഖമായിരിക്കുന്നു.
ഉമര്‍: അല്ലാഹുവില്‍ സത്യംചെയ്ത് ഞാന്‍ ചോദിക്കുന്നു, അത് താങ്കള്‍ തന്നെയല്ലെ?
അബൂ മുസ്‌ലിം: അതെ.
അദ്ദേഹത്തിന്റെ നയനങ്ങള്‍ക്കിടയില്‍ ചുംബിച്ചു കൊണ്ട് ഉമര്‍ ചോദിച്ചു: അല്ലാഹുവിന്റെയും താങ്കളുടെയും ശത്രുവിനെ അല്ലാഹു എന്ത് ചെയ്‌തെന്ന് അറിയാമോ?
അബൂ മുസ്‌ലിം പറഞ്ഞു: ഇല്ല, യമന്‍ വിട്ടത് മുതല്‍ അയാളുടെ ഒരു വാര്‍ത്തയും എനിക്ക് അറിയില്ല.
ഉമര്‍: അവശേഷിച്ച സത്യസന്ധരായ വിശ്വാസികളുടെ കരങ്ങളാല്‍ അല്ലാഹു അയാളെ കൊന്നുകളഞ്ഞു. അയാളുടെ ഭരണം നീക്കം ചെയ്തു. അയാളുടെ അനുയായികളെ അല്ലാഹുവിന്റെ മതത്തിലേക്ക് തിരിച്ചുതന്നു.
അബൂ മുസ്‌ലിം: കെട്ടിച്ചമച്ച കളവിലൂടെ പൊളിവിനെ പൊരുളാണെന്ന് ധരിച്ചുവശായ യമന്‍കാര്‍ ഇസ്‌ലാമിന്റെ ചിറകിന്റെ അടിയിലേക്ക് മടങ്ങിവന്നതും, അസ്‌വദുല്‍ അന്‍സിയുടെ പതനവും കണ്ട് കണ്‍കുളിര്‍ക്കുന്നതിനും മുമ്പ്, ഇഹലോകത്തില്‍ നിന്നും എന്നെ പറഞ്ഞുവിടാത്ത അല്ലാഹുവിനത്രെ സര്‍വ്വസ്തുതി.
ഉമര്‍: അല്ലാഹുവിന്റെ ഖലീലായ നമ്മുടെ പിതാവ് ഇബ്‌റാഹീം(അ)നോട് ചെയ്തത് പോലുള്ള ചെയ്തിക്ക്, മുഹമ്മദിന്റെ ഉമ്മത്തില്‍ നിന്നും വിധേയനാകേണ്ടിവന്ന ഒരാളെ എനിക്ക് കാണിച്ചുതന്ന അല്ലാഹുവിനെ ഞാനും സ്തുതിയ്ക്കുകയാണ്.

അങ്ങിനെ ഉമര്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് അബൂബക്‌റിന്റെ അടുക്കലേക്ക് നടന്നു. കടന്നുചെന്നപ്പോള്‍ ഖലീഫയോട് ഉപചാരപൂര്‍വ്വം അദ്ദേഹം സലാം പറയുകയും അനുസരണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തന്റെയും ഉമറിന്റെയും ഇടയിലായി സ്വിദ്ദീഖ് അദ്ദേഹത്തെ ഇരുത്തി. അബൂബക്‌റും ഉമറും അദ്ദേഹത്തോട് അസ്‌വദുല്‍ അന്‍സിയയുമായിട്ടുള്ള സംഭവങ്ങള്‍ അന്വേഷിച്ചറിയാന്‍ തുടങ്ങി.

അബൂ മുസ്‌ലിം കുറച്ചുകാലം മദീന മുനവ്വറയില്‍ താമസിച്ചു. റസൂലുല്ലാഹി(സ)യുടെ മസ്ജിദിലാണ് അക്കാലയളവില്‍ അദ്ദേഹം താമസിച്ചത്. അല്ലാഹു കണക്കാക്കിയിടത്തോളം പരിശുദ്ധ റൗദയില്‍ അദ്ദേഹം നിസ്‌കരിച്ചു. അബൂ ഉബൈദ ബിന്‍ ജര്‍റാഹ്, അബൂദര്‍റുല്‍ ഗിഫാരീ, ഉബാദ ബിന്‍ സ്വാമിത്, മുആദ് ബിന്‍ ജബല്‍, ഔഫ് ബിന്‍ മാലിക് അശ്ജഈ പോലുള്ള അഭിവന്ദ്യരായ സഹാബികളില്‍ നിന്നും അദ്ദേഹം ഏറെ പഠിച്ചു.

ശാമില്‍ പോയി താമസിക്കണമെന്ന് അബൂ മുസ്‌ലിമിന് തോന്നി. റോമുമായുള്ള പോരാട്ടത്തില്‍ മുസ്‌ലിം സൈന്യത്തില്‍ പങ്കാളിത്തം വഹിച്ച്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കഴിഞ്ഞുകൂടി പ്രതിഫലം നേടണമെന്നുള്ള മോഹമായിരുന്നു, ശാം അതിര്‍ത്തിയോട് അടുത്ത് കഴിയണമെന്നുള്ള ഉദ്ദേശത്തിന്റെ പിന്നിലുണ്ടായിരുന്നത്. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

അബൂ മുസ്‌ലിം ഖൗലാനി 1
അബൂ മുസ്‌ലിം ഖൗലാനി 2
അബൂ മുസ്‌ലിം ഖൗലാനി 4