Current Date

Search
Close this search box.
Search
Close this search box.

അക്രമിയായ ഭരണാധികാരിയെ കാത്തിരിക്കുന്നത്

മുസ്‌ലിംകളുടെ ഖലീഫയായ സുലൈമാന്‍ ബിന്‍ അബ്ദില്‍ മലിക് ചിരപുരാതന ഗേഹമായ കഅ്ബയുടെ ഓരത്ത് ഒട്ടകക്കട്ടില്‍ അഴിച്ചു വെച്ചുകൊണ്ടിരിക്കുന്നു. മഹത്തായ കഅ്ബയോടുള്ള താത്പര്യം അദ്ദേഹത്തെ കുളിരണിയിക്കുന്നുണ്ട്. അംഗരക്ഷകനോടായി അദ്ദേഹം പറഞ്ഞു: നമുക്ക് ദീന്‍ പറഞ്ഞുതരാനായി, അല്ലാഹുവിന്റെ ദിനങ്ങളില്‍ പ്രശോഭിച്ചു നില്‍ക്കുന്ന ഈ ദിനത്തില്‍ നമ്മെ ഗുണദോഷിക്കാനായി ഒരു പണ്ഡിതനെ കണ്ടെത്തണം.

ഹജ്ജിനും കച്ചവടത്തിനും മറ്റുമായി ആ സീസണില്‍ അവിടെ എത്തിയിട്ടുള്ളവരെ നോക്കി അംഗരക്ഷകന്‍ നടന്നു. അമീറുല്‍ മുഅ്മിനീന്റെ മോഹം അദ്ദേഹം അവരോട് ഉണര്‍ത്തിച്ചുകൊണ്ടിരുന്നു. ആരോ അദ്ദേഹത്തോട് പറഞ്ഞു: ഇതാ ത്വാവൂസ് ബിന്‍ കൈസാന്‍ ഇക്കാലഘട്ടത്തിലെ കര്‍മശാസ്ത്ര വിശാരദരുടെ നേതാവ്, അല്ലാഹുവിലേക്ക് വസ്തുനിഷ്ഠമായി പ്രബോധനം നടത്തുന്നവന്‍, താങ്കള്‍ അദ്ദേഹത്തെ കൂട്ടിക്കോളൂ.

അംഗരക്ഷകന്‍ ത്വാവൂസിന്റെ അടുത്തു പോയി പറഞ്ഞു: ഗുരോ, അമീറുല്‍ മുഅ്മിനീന്റെ വിളിക്ക് ഉത്തരം ചെയ്താലും.
ഒട്ടു അമാന്തിക്കാതെ ത്വാവൂസ് ക്ഷണം സ്വീകരിച്ചു. അവസരം വിനിയോഗിക്കപ്പെടാതെ പോകരുതെന്നും എത്രയും വേഗം അത് ഉപയോഗപ്പെടുത്തണമെന്നതും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരുടെ ബാധ്യതയായി അദ്ദേഹം വിശ്വസിച്ചിരുന്നു. അധികാരസ്ഥാനത്ത് ഇരിക്കുന്നവരുടെ വളവ് നേരെയാക്കാന്‍ ഉതകുന്ന, അക്രമത്തില്‍ നിന്നും അനീതിയില്‍ നിന്നും അവരെ അകറ്റുന്ന, അത്യുന്നതനായ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന സത്യവചനമാണ് ഏറ്റവും ഉത്തമവചനമെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു.

ത്വാവൂസ് അംഗരക്ഷകനൊന്നിച്ച് നടന്നു. ഖലീഫയുടെ അടുക്കല്‍ കടന്നുചെന്നപ്പോള്‍ അദ്ദേഹം അഭിവാദ്യം അര്‍പ്പിച്ചു. അതിമനോഹരമായി ചക്രവര്‍ത്തി പ്രത്യഭിവാദ്യം ചെയ്തു സ്വീകരിച്ചു, തൊട്ടടുത്തായി ആദരിച്ചിരുത്തി. തന്നെ കുഴക്കിയ ഹജ്ജിന്റെ നിയമപ്രശ്‌നങ്ങള്‍ ചോദിച്ചു തുടങ്ങി. ബഹുമാനത്തോടെ അദ്ദേഹത്തെ സൂക്ഷ്മമായി ശ്രവിച്ചു.

ത്വാവൂസ് പറയന്നു: അമീറുല്‍ മുഅ്മിനീന്റെ ആശ നിറവേറി, ചോദിക്കാന്‍ ഇനിയൊന്നും ശേഷിക്കുന്നില്ലെന്ന് ബോദ്ധ്യമായപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു ‘ത്വാവൂസേ, ഈ സദസ്സ്, അല്ലാഹു നിന്നോട് ഇതിനെ സംബന്ധിച്ച് ചോദ്യംചെയ്യുന്നതാണ്’. അങ്ങിനെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, നരകഗര്‍ത്തത്തിന്റെ ഓരത്തുണ്ടായിരുന്ന ഒരു കല്ല് നരകത്തിന്റെ ആഴങ്ങളില്‍ കിടക്കുന്നുണ്ട്. എഴുപത് വര്‍ഷം താഴേക്ക് പതിച്ചാണ് ഇപ്പോഴത് ഇരിപ്പുറപ്പിച്ചിട്ടുള്ള സ്ഥാനത്ത് എത്തിയത്. അമീറുല്‍ മുഅ്മിനീന്‍, നരകഗര്‍ത്തങ്ങളില്‍ പെട്ട ഈ ഗര്‍ത്തം അല്ലാഹു ആര്‍ക്ക് വേണ്ടി ഒരുക്കിയതാണെന്ന് താങ്കള്‍ക്ക് അറിയുമോ?
ഒട്ടും ആലോചിക്കാതെ അദ്ദേഹം പറഞ്ഞു: ഇല്ല. പിന്നെ എന്നോടായി ചോദിച്ചു: നിനക്ക് നാശം, അത് ആര്‍ക്കുള്ളതാണ്?
ഞാന്‍ പറഞ്ഞു: പ്രതാപിയും അന്തസ്സുള്ളവനുമായ അല്ലാഹു അത് ഒരുക്കിവെച്ചിരിക്കുന്നത് ഭരണനിര്‍വഹണത്തില്‍ പങ്കാളിത്തം വഹിച്ച് അനീതി ചെയ്യുന്നവര്‍ക്കായിട്ടാണ്.

സുലൈമാന്‍ ഞെട്ടിവിറച്ചു. അദ്ദേഹത്തിന്റെ ജീവന്‍ പോകുമെന്ന് എനിക്ക് തോന്നി. അദ്ദേഹം കരയാന്‍ തുടങ്ങി. കണ്ഠനാഡി മുറിഞ്ഞുപോകുമാറ് ശബ്ദമില്ലാതെ ഏങ്ങലടിച്ചുകൊണ്ടുള്ള കരച്ചില്‍. ഞാന്‍ അദ്ദേഹത്തെ വിട്ട് തിരിച്ചുപോകുമ്പോള്‍ എന്റെ നന്മയ്ക്കായി അദ്ദേഹം ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.
ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് ഖിലാഫത്ത് ഏറ്റെടുത്തപ്പോള്‍ ‘അബൂ അബ്ദി റഹ്മാന്‍, എനിക്ക് ഉപദേശം തന്നാലും’ എന്നാവശ്യപ്പെട്ട് ത്വാവൂസ് ബിന്‍ കൈസാന്റെ അരികിലേക്ക് ആളയച്ചു. ഒരു വരിയുള്ള കത്തില്‍ ത്വാവൂസ് അദ്ദേഹത്തിന് എഴുതി: ‘താങ്കളുടെ കര്‍മങ്ങള്‍ എല്ലാം നല്ലതാകണമെന്ന് വിചാരിക്കുന്നെങ്കില്‍ ഉത്തമരെ ജോലിക്കാരാക്കുക, വസ്സലാം’.
കത്ത് വായിച്ച ഉമര്‍ പറഞ്ഞു:  ഉപദേശമായിട്ട് ഇത് മതി, ഉപദേശമായിട്ട് ഇത് മതി. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ത്വാവൂസ് ബിന്‍ കൈസാന്‍ 1
ത്വാവൂസ് ബിന്‍ കൈസാന്‍ 2
ത്വാവൂസ് ബിന്‍ കൈസാന്‍ 3