Current Date

Search
Close this search box.
Search
Close this search box.

നാഗരികതകളുടെ വളർച്ചയും തളർച്ചയും

നാഗരികതകളുടെ ഉത്ഥാനപതനങ്ങളെക്കുറിച്ച് പഠനം നടത്തിയ ദാർശനികനാണ് ഇബ്‌നുഖൽദൂൻ. അദ്ദേഹത്തിന്റെ ‘മുഖദ്ദിമ’ ഈ വിഷയത്തിലുള്ള രചനയാണ്. നാഗരികതകളെക്കുറിച്ച് ആലോചിച്ച മറ്റൊരു ദാർശനികനാണ് മാലിക് ബിന്നബി. അവരുടെയത്ര ആഴത്തിലേക്ക് പോവുന്നില്ലെങ്കിലും, സമാനമായ ചിന്തകൾ പങ്കുവെക്കുന്ന പണ്ഡിതനാണ് ഡോ. സഈദ് റമദാൻ ബൂത്വി. ‘സമൂഹങ്ങളുടെ നാഗരിക വളർച്ചയും തകർച്ചയും’ എന്ന ശീർഷകത്തിൽ അദ്ദേഹത്തിന്റെ ലേഖനം പുസ്തകം 12, ലക്കം 47 സുന്നി അഫ്കാറിൽ വായിക്കാം.

വ്യക്തിയുടെ ആയുസ്സ്‌പോലെ നാഗരികതക്കും ആയുസ്സുണ്ട്. വ്യത്യസ്ത ഘട്ടങ്ങൾ പിന്നിട്ട് വ്യക്തി മരിക്കുംപോലെ, വ്യത്യസ്ത ഘട്ടങ്ങൾക്കുശേഷം നാഗരികതയും നശിച്ചുപോവുന്നു. ദൈവികമായ നടപടി ക്രമങ്ങളുടെ ഭാഗമാണത്. ഖാറൂനിന്റെ ചരിത്രം പ്രതിപാദിച്ചാണ് ബൂത്വി ലേഖനം വികസിപ്പിക്കുന്നത്. ഭൗതിക നാഗരികതയുടെ പ്രതീകമാണ് ഖാറൂൻ. ഖാറൂന് വളർച്ചയുടെ പടികളുണ്ടായിരുന്നു; തളർച്ചയുടെയും. ഖാറൂന് ഒത്തിരി അനുഗ്രഹങ്ങൾ ലഭിച്ചു. എന്നാൽ, നാട്ടിൽ കുഴപ്പമുണ്ടാക്കാനായിരുന്നു ഖാറൂന്റെ യത്‌നം. തിന്മയുടെയും തെമ്മാടിത്തത്തിന്റെയും സർവരൂപങ്ങളുമാണ് കുഴപ്പം. ഒടുവിൽ ഖാറൂനെ ദൈവം നശിപ്പിച്ചു: ”അങ്ങനെ അവനെയും കൊട്ടാരത്തെയും നാം ഭൂമിയിൽ ആഴ്ത്തിക്കളഞ്ഞു”(അൽഖസ്വസ്: 81). സമാനമായ പരിണതിയാണ് സമകാലീന ഖാറൂനുമാർക്കും അവരുടെ നാഗരികതകൾക്കും സംഭവിക്കാൻ പോവുന്നത്.

ലിംഗരാഷ്ട്രീയം
സമകാലീന കേരളത്തിലെ ചൂടേറിയ വിഷയമാണല്ലോ ജെൻഡർ പൊളിറ്റിക്‌സ്. വിഷയത്തിന്റെ ഇസ്‌ലാമിക സമീപനം ഗ്രഹിക്കാൻ സഹായകമാണ് ഓഗസ്റ്റിൽ പുറത്തിറങ്ങിയ തെളിച്ചം മാസികയിലെ ഡോ. യാസിർ ഖാദിയുടെ ‘ട്രാൻസ്‌ജെൻഡറിസം: വസ്തുതകളും വീക്ഷണങ്ങളും’ എന്ന തലക്കെട്ടിലുള്ള പഠനം.

പുരുഷൻ, സ്ത്രീ എന്നിങ്ങനെ ദ്വിലിംഗഭേദങ്ങളിൽ അധിഷ്ഠിതമാണ് മനുഷ്യർ. വസിതുനിഷ്ഠ യാഥാർഥ്യമാണത്. മാനസികമെന്നതിനപ്പുറം, ജൈവികമാണ് ലിംഗഭേദം. സൂക്ഷമ കോശംമുതൽ സ്ഥൂലശരീരംവരെ ആൺ പെൺ സ്വത്വങ്ങൾ തികച്ചും വ്യത്യസ്തമാണ്. ലിംഗഭേദത്തിലെ ജൈവികത തകിടംമറിഞ്ഞാൽ, സമൂഹവും തകിടംമറിയും. വ്യക്തിക്ക് ലിംഗഭേദ ക്രമമില്ലായ്മ ഉണ്ടായേക്കാം. മാനസികമായും ജൈവികമായും അത് സംഭവിക്കാം. മാനസികമായ ലിംഗഭേദ ക്രമമില്ലായ്മക്ക് ഉദാഹരണമാണ് സ്വവർഗാനുരാഗം. കേവലം തോന്നലുകളായുള്ള സ്വവർഗാനുരാഗം പ്രശ്‌നമല്ല. തോന്നലുകളുടെ പേരിൽ കുറ്റമോ, ശിക്ഷയോ ഇല്ല. ആത്മസംസ്‌കരണത്തിലൂടെ അതിൽനിന്ന് മോചനം നേടാനാണ് സ്വവർഗാനുരാഗികൾ ശ്രമിക്കേണ്ടത്. അതേസമയം, സ്വവർഗരതി സിദ്ധാന്ധവും പ്രായോഗിക സമീപനവുമായി മാറിയാൽ ഇസ്‌ലാം ശക്തമായി എതിർക്കും. വിശുദ്ധവേദത്തിൽ വന്ന പ്രവാചകൻ ലൂത്വിന്റെ അധ്യാപനങ്ങൾ അതാണ് പഠിപ്പിക്കുന്നത്.

ജൈവികമായ ലിംഗഭേദ ക്രമമില്ലായ്മക്കുള്ള ഉദാഹരണമാണ് ഇന്റർസെക്‌സ്. ഇന്റെർസെക്‌സെന്നാൽ ട്രാൻസ്‌ജെൻഡറല്ല. വ്യക്തി സ്വലിംഗത്തിൽനിന്ന് അപരലിംഗത്തിലേക്ക് ഹോർമോൺ മാറ്റത്തിലൂടെയോ, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയോ മാറുന്ന പ്രക്രിയയാണ് ട്രാൻസ്‌ജെൻഡർ. അത് ഒരുനിലക്കും അനുവദനീയമല്ല. മനുഷ്യനിലുള്ള ദൈവത്തിന്റെ ഉടമസ്ഥാവകാശത്തെ നിഷേധിക്കലാണത്. അവ്യക്തമായ ലൈംഗികാവയവങ്ങളോടെയോ, വിചിത്രമായ ക്രോമസോമുകളോടെയോ ജനിക്കുന്ന അവസ്ഥയാണ് ഇന്റർസെക്‌സ്. പുരുഷശരീരത്തിൽ സ്ത്രീ മനോഭാവവും നേരേതിരിച്ചും ഉണ്ടാവലും ഇന്റർസെക്‌സാണ്. ഇത്തരം അവസ്ഥകളൊന്നും കുറ്റകരമല്ല. വ്യക്തിയുടെ നിയന്ത്രണത്തിൽ വരുന്ന കാര്യമല്ല അവ. അവ്യക്ത ലൈംഗികാവയവങ്ങൾ ഉള്ളവർ ഏതു ലിംഗത്തോടാണോ കൂടുതൽ ആഭിമുഖ്യം, അതിനനുസൃതമായ വിധിവിലക്കുകളുമാണ് അവർക്ക് ഇസ്‌ലാം നിശ്ചയിച്ചുകൊടുക്കുന്നത്. നിർണിത ലിംഗത്തിലേക്ക് മാറാൻ സാധിക്കുമെന്ന വിദഗ്ദ ഡോക്ടർമാരുടെ നിർദേശമുണ്ടെങ്കിൽ, ശസ്ത്രക്രിയയുമാവാം. ഏത് ലിംഗത്തോടാണ് ആഭിമുഖ്യമെന്ന് നിർണയിക്കാൻ കഴിയുന്നില്ലെങ്കിൽ, തൽസ്ഥിതി തുടരലാണ് ഉത്തമം. പുരുഷ ശരീരത്തിൽ സ്ത്രീ മനോഭാവവും നേരേതിരിച്ചും ഉള്ളവർ പരിഹാരം സംയമനം ശീലിച്ച് ശരീരത്തിനനുസൃതമായി മനസിനെ അതിലേക്ക് പാകപ്പെടുത്തുകയുമാണ് വേണ്ടത്.

വിഭജനത്തിന്റെ മുറിവുകൾ
ഒന്നും രണ്ടും മഹായുദ്ധങ്ങൾ കനത്ത നഷ്ടങ്ങളാണ് ലോകത്തിന് വരുത്തിവെച്ചത്. സമാനമാണ് ഇന്ത്യാ വിഭജനവും. ആഴത്തിലുള്ള മുറിവുകളാണ് അതുണ്ടാക്കിയത്. വിഭജനത്തെ പ്രമേയമാക്കി നിരവധി സാഹിത്യങ്ങളുണ്ട്. ഖുശ്‌വന്ത് സിംഗിന്റെ ‘പാകിസ്ഥാനിലേക്കുള്ള തീവണ്ടി’ അവയിൽ പ്രധാനമാണ്. കണ്ണീരിന്റെ നനവോട് കൂടിയേ നോവൽ വായിക്കാനാവുള്ളൂ. ‘ഒരു മനുഷ്യന്റെ ചോര’ എന്ന നാമത്തിലുള്ള സാദത്ത് ഹസൻ മാൻതോയുടെ കഥ വിഭജനം പ്രമേയമായ സൃഷ്ടിയാണ്. ഓഗസ്റ്റ് മാസം ‘പാഠഭേദം’ത്തിലാണ് കഥ വന്നിരിക്കുന്നത്.

‘ഒരു ലക്ഷം ഹിന്ദുക്കളും ഒരു ലക്ഷം മുസ്‌ലിങ്ങളും മരിച്ചുവെന്ന് പറയരുത്, രണ്ടുലക്ഷം മനുഷ്യജീവികൾ മരിച്ചുവെന്ന് പറയൂ’ എന്ന പ്രസ്താവനയോടെയാണ് കഥയുടെ തുടക്കം. രണ്ട് രാജ്യങ്ങളുടെതല്ല, രണ്ട് സംസ്‌കാരങ്ങളുടെ വിഭജനമായിരുന്നു ഇന്ത്യാ വിഭജനം. കഥ മുഴുവൻ വായിക്കുമ്പോൾ, അക്കാര്യം ബോധ്യമാവും. മുഖ്യകഥാപാത്രം മുംതസ് പാകിസ്ഥാനിലേക്ക് കപ്പൽ പിടിക്കുന്നതോടെ കഥ മുന്നോട്ട് നീങ്ങുന്നു. സുഹൃത്തുക്കളായ മൂന്നുപേർ മുംതസിനെ യാത്രയാക്കാൻ വന്നിട്ടുണ്ട്. ഹിന്ദു സമുദായംഗങ്ങളാണവർ. ജുഗലാണ് പ്രധാനി. മുംതസിനെ യാത്രക്ക് പ്രേരിപ്പിച്ചത്, ലഹളയിൽ മുസ്‌ലിമിനാൽ ജുഗലിന്റെ അമ്മാവൻ ലാഹോറിൽ കൊല്ലപ്പെട്ട വാർത്ത അറിഞ്ഞപ്പോൾ, ‘നിന്നെ ഞാൻ കൊന്നേക്കാം, ഞാനത് ആലോചിക്കുകയായിരുന്നു, നോക്കിക്കോ’യെന്ന ജുഗലിന്റെ മുംതസിനോടുള്ള പ്രസ്താവനയായിരുന്നു.

പിന്നീട്, ലഹളയുടെ നിരർഥങ്ങളെക്കുറിച്ചുള്ള ദാർശനിക ചിന്തകളിൽ മുഴുകുകയാണ് മുംതസ്. പ്രധാനപ്പെട്ട ഒരു ചിന്ത ഇപ്രകാരമാണ്: ‘മതവിശ്വാസമെന്ന് പറയുമ്പോൾ, ഞാൻ അർഥമാക്കുന്നത് സഹമനുഷ്യരിൽനിന്ന് നമ്മെ ഉയർത്തുന്ന ഗുണവിശേഷണമാണ്. നമുക്ക് ചുറ്റും നമ്മെ യഥാർഥത്തിൽ മനുഷ്യരാക്കുന്ന, സവിശേഷ പരിവേഷം സൃഷ്ടിക്കുന്ന ഒന്ന്. പക്ഷേ, എന്താണത്? നിർഭാഗ്യവശാൽ അത് കൈയിലെടുത്ത് കാണിച്ചുതരാൻ എനിക്കാവില്ല’. ബ്രിട്ടീഷ്യന്ത്യയിലെ പഞ്ചാബിലാണ് സാദത്ത് ഹസൻ മാൻതോയുടെ ജനനം. വിഭജനാനന്തരം പാകിസ്ഥാനിലായിരുന്നു ജീവിതം. ‘നഗ്നശബ്ദങ്ങൾ’ എന്ന പേരിൽ ബുക്പ്ലസ് പ്രസിദ്ധീകരണാലയം അദ്ദേഹത്തിന്റെ കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles