Current Date

Search
Close this search box.
Search
Close this search box.

ബലികർമം ഐഛിക ആരാധനയാണ്

ഇസ്‌ലാമിനെ ഗവേഷണ സ്വഭാവത്തോടെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ പ്രസിദ്ധീകരണമാണ് ‘ബോധനം’ ത്രൈമാസിക. ലേഖനങ്ങൾ, പഠനങ്ങൾ, വിശകലനങ്ങൾ എന്നിങ്ങനെ പല അടരുകളിൽ വരുന്ന ഓരോ സൃഷ്ടിയും ഒന്നിനൊന്ന് മികവ് പുലർത്തുന്നതാണ്. ഇസ്‌ലാമിന്റെ ശരിയായ രൂപം ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമ വിഭവമാണ് ബോധനം.

ജൂലൈ-സെപ്തംബർ കാലയളവിൽ പുറത്തിറങ്ങിയ ‘ബോധന’ത്തിൽ ഒരു ലേഖനമുണ്ട്. ‘ബലികർമം: നവീന വാദങ്ങളുടെ ഖണ്ഡനം’ എന്നാണ് അതിന്റെ ശീർഷകം. മൗലാനാ മൗദൂദിയാണ് ലേഖനത്തിന്റെ രചന നിർവഹിച്ചത്. ഇസ്‌ലാമിലെ ആരാധനാഭാവമുളള ചിഹ്നങ്ങളെ കാലത്തിനൊത്ത് വ്യാഖ്യാനിക്കുന്ന പ്രവണത പണ്ടേയുള്ളതാണ്. അത്തരത്തിൽ വ്യാഖ്യാനത്തിന് വിധേയമായ പ്രശ്നമാണ് ബലികർമം. മതേതര, നിരീശ്വര, സർവമതസത്യവാദികളാണ് ലളിത യുക്തികൾകൊണ്ട് ബലിപോലുള്ള ചിഹ്നങ്ങൾക്ക് നൂതനമായ വ്യാഖ്യാനങ്ങൾ നൽകാൻ ശ്രമിക്കാറുള്ളത്.

മേൽലേഖനം മൗദൂദി തയാറാക്കാനുണ്ടായ പശ്ചാത്തലം പറയാം: ‘എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക’യെ അവലംബിച്ച് ജനാബ് അർശീ സാഹിബ് അമൃത്‌സറിൽനിന്ന് പുറത്തിറങ്ങുന്ന ‘ബലാഗ്’ പ്രസിദ്ധീകരണത്തിൽ ബലികർമത്തിനെതിരെ ഒരു ലേഖനം എഴുതി. ബലിയുടെ സാധുതയെ ചോദ്യംചെയ്യുന്ന ഒന്നായിരുന്നു അത്. രണ്ട് വാദങ്ങളാണ് അർശീ സാഹിബ് മുന്നോട്ട് വെക്കുന്നത്. ഒന്ന്, ബലിയുമായി ബന്ധപ്പെട്ട സ്വപ്നദർശനത്തിന്റെ ഉദേശ്യം ഗ്രഹിക്കുന്നതിൽ പ്രവാചകൻ ഇബ്റാഹീമിന് അബദ്ധം പിണഞ്ഞു. മകൻ ഇസ്മാഈലിനെ സത്യത്തിന്റെ വഴിയിൽ നേർച്ചയാക്കാനുള്ള ദൈവികമായ ആഹ്വാനത്തെ, മകനെ അറുക്കാനുള്ള കൽപനയായി ഇബ്റാഹീം തെറ്റിദ്ധരിക്കുകയായിരുന്നു. രണ്ട്, ബലി ഇസ്‌ലാമിലില്ല. ഉരുവിനെ അറുക്കാൻ ദൈവത്തിന്റെ കൽപനയുമില്ല. മറിച്ച്, മകനെ ഇസ്‌ലാമിനുവേണ്ടി വഖഫ് ചെയ്യലാണ് ബലി. തന്നെയുമല്ല, നിലവിലെ ബലി ‘പുരോഗതി പ്രാപിച്ച സംസ്കാരത്തിന്’ ഒട്ടും യോജിച്ചതല്ല.

അർശീ സാഹിബിന്റെ ഇരുവാദങ്ങളെയും വിശുദ്ധവേദത്തിന്റെയും തിരുചര്യയുടെയും അടിസ്ഥാനത്തിൽ പണ്ഡിതോചിതമായാണ് മൗദൂദി കൈകാര്യം ചെയ്യുന്നത്. മകനെ ബലിയറുക്കാനുള്ള ദൈവിക കൽപനയുടെ ഉദേശ്യത്തിൽ ഇബ്റാഹീമിന് ഒട്ടും അവ്യക്തത ഉണ്ടായിരുന്നില്ല. വെളിപാടിന്റെ ഒരിനമാണ് പ്രവാചകന്മാർക്കുള്ള സ്വപ്നദർശനം. സ്വപ്നദർശനം കൃത്യമായി നിറവേറ്റിയതിനാലാണ്, “ഇബ്റാഹീം, താങ്കൾ സ്വപ്നദർശനത്തെ സത്യപ്പെടുത്തുകയും സാക്ഷാൽക്കരിക്കുകയും ചെയ്തിരിക്കുന്നു”വെന്ന് ദൈവം അരുളുന്നത്. നിലവിലെ ബലികർമം ഇസ്‌ലാമിലെ സുബദ്ധമായ ഒരു ഐഛിക ആരാധനയാണ്. വിശുദ്ധവേദം ഹജ്ജ് അധ്യായത്തിലെ മുപ്പത്തിയാറാമത്തെ സൂക്തവും സ്വാഫാത്ത് അധ്യായത്തിലെ നൂറ്റിയേഴാമത്തെ സൂക്തവും അക്കാര്യമാണ് തെളിയിക്കുന്നത്.

ഗാംഭീര്യം നിറഞ്ഞ ദർശനം
‘സുന്നി അഫ്കാർ’ പുസ്തകം 19, ലക്കം 42ൽ വന്ന ഡോ. സഈദ് റമദാൻ ബൂത്വിയുടെ ‘സമകാലിക മുസ്‌ലിം സമൂഹം’ എന്ന തലക്കെട്ടിലുള്ള നിരീക്ഷണങ്ങൾ ചിന്തോദ്ദീപമാണ്. നിലവിലെ മുസ്‌ലിങ്ങളെ സംബന്ധിച്ച ആകുലതകളാണ് ബൂത്വി പങ്കുവെക്കുന്നത്. അവയിൽനിന്ന് ചിലത് കുറിക്കാം: ഒത്തിരി വെല്ലുവിളികൾക്ക് നടുവിലാണ് മുസ്‌ലിങ്ങൾ; വെല്ലുവിളികളെ നേരിടാനാവാതെ ഭയത്തിലാണ് അവർ കഴിയുന്നത്; ഇസ്‌ലാമിന്റെ ശത്രുക്കളുമായി ചങ്ങാത്തത്തിൽ കഴിയുന്നതിൽ മുസ്‌ലിങ്ങൾക്ക് ഒരു അലോസരവുമില്ല; മുസ്‌ലിങ്ങളുടെ സമ്പത്ത് ഉപയോഗിച്ച് ശത്രുക്കൾ നിഷ്കളങ്കരായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധന്മാരെയും അറുകൊല ചെയ്യുന്നു; മുസ്‌ലിം നേതൃത്വത്തിന്റെ കാര്യവും ആശാവഹമല്ല.

മുസ്‌ലിങ്ങളുടെ ഭാവി പ്രത്യാശാ നിർഭരമാവണമെങ്കിൽ, പ്രവാചകന്റെ കാലത്തെ മുസ്‌ലിങ്ങളിൽനിന്ന് വെളിച്ചം സ്വീകരിക്കണമെന്നാണ് ബൂത്വിയുടെ നിരീക്ഷണങ്ങളുടെ മറ്റൊരു വശം. വിശുദ്ധവേദമായിരുന്നു ആദ്യകാല മുസ്‌ലിങ്ങളുടെ വിളക്ക്. ആ വിളക്കിന്റെ വെളിച്ചത്തിൽ വെല്ലുവിളകൾ മുഴുവൻ നിഷ്പ്രഭമായി. ഗ്രീക്ക്, റോമൻ, സാസാനിയൻ നാഗരികതകൾ ഉയർത്തിയ പ്രതിബന്ധങ്ങൾ മുസ്‌ലിങ്ങൾ എളുപ്പത്തിൽ അതിജീവിച്ചു. അഭിമാനവും ഗാംഭീര്യവും നിറഞ്ഞ ദർശനം മതി ഏത് ശത്രുവിനെയും അതിജയിക്കാൻ. ആ ദർശനം മുസ്‌ലിങ്ങളുടെ കൈവശമുണ്ട്. ഇസ്‌ലാമാണത്, ബൂത്വി പറഞ്ഞുവെക്കുന്നു.

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

ചിത്തം ത്രസിക്കുന്ന എഴുത്ത്
നല്ല എഴുത്തുകൾ ഉള്ളകത്തെ ഉന്മാദിയാക്കും. പി.എൻ ദാസിന്റെയും വി.ജി തമ്പിയുടെയുമൊക്കെ രചനകൾ അത്തരത്തിലുള്ളവയാണ്. ഭാവനയുടെ ഓളങ്ങളും ആത്മീയ അനുഭൂതികളും പ്രജ്ഞയിൽ ഉണ്ടാക്കാൻ പോന്നവയാണവ. സമകാലിക പ്രസിദ്ധീകരണങ്ങളിലും ചിത്തത്തെ ഉന്മിഷമാക്കുന്ന എഴുത്ത് കാണാം. ‘രിസാല’ വാരികയിൽ വന്നുകൊണ്ടിരിക്കുന്ന ‘ഹൃദയനേത്രം’ എന്ന പേരിലുള്ള കെ.ടി സൂപ്പിയുടെ പംക്തി അതിന് ഉദാഹരണമാണ്.

‘മരുഭൂമിയെ പൂവാടിയാക്കുന്നതെങ്ങനെ?’ എന്നാണ് പുതിയ ലക്കത്തിലെ പംക്തിയുടെ നാമം. മനോഹരമായ വാക്കുകളിൽ വലിയ ആശയങ്ങളാണ് ഇവിടെ മൊട്ടിടുന്നത്. ഈ പംക്തി വായിച്ച് കഴിയുമ്പോൾ, ഉള്ളിലൂടെ ഒരു ഊർജം പ്രസരിക്കുന്നതായി അനുഭവപ്പെടും. അല്ലാമാ ഇഖ്ബാലിന്റെ ‘അസ്റാറെ ഖുദി’യെന്ന ദാർശനിക കാവ്യത്തെ പരാർമശിച്ചുകൊണ്ടാണ് കെ.ടി സൂപ്പി തുടങ്ങുന്നത്. ഓരോ മനുഷ്യനിലും നിലീനമായ സാധ്യതകൾ വിടർന്ന് ഭൂമി പൂവനമാകേണ്ട അവസ്ഥയെ ദർശന മാധുരിയോടെ അവതരിപ്പിക്കുന്ന രചനയാണ് ‘അസ്റാറെ ഖുദി’. ഏത് ഉന്നത ദർശനവും കർമതലത്തിൽ സദ്ഫലങ്ങൾ തീർക്കുമ്പോഴാണ് ജീവിതം സഫലമാവുക. മൂല്യങ്ങളുടെ സ്വരലയത്തിലൂടെ മരുഭൂമിപോലും പൂവാടിയാകുന്നത് അങ്ങനെയാണ്.

ഞാനാരാണെന്ന ചോദ്യത്തോട് സർഗാത്മകമായി പ്രതികരിച്ച് ജീവിത സാക്ഷാൽകാരം നേടണമെന്നാണ് ഇഖ്‌ബാലിന്റെ മേൽ കൃതിയുടെ പൊരുൾ. മനഷ്യനെന്നാൽ പ്രപഞ്ചത്തിന്റെ കൊച്ചു പതിപ്പാണെന്ന ഗസ്സാലിയൻ വീക്ഷണത്തിന്റെ രഹസ്യവും അതുതന്നെ. മനുഷ്യനിലെ സർഗാത്മകത എങ്ങനെയാണ് ദിവ്യവെളിച്ചത്തിലൂന്നി കർമപാത തീർക്കുന്നതെന്ന് ഇഖ്‌ബാലിന്റെ കവിതയിൽ ദർശിക്കാം: ‘ദൈവമേ, നീ മണ്ണ് സൃഷ്ടിച്ചു/ മണ്ണിൽനിന്ന് ഞങ്ങൾ മൺപാത്രമുണ്ടാക്കി/ ദൈവമേ, നീ കല്ല് സൃഷ്ടിച്ചു/ കല്ലിൽനിന്ന് ഞങ്ങൾ കണ്ണാടിയുണ്ടാക്കി’. അലസതയെന്നാൽ ജീവിച്ചിരിക്കുന്നവനെ മറമാടലാണെന്ന വിവേകാനന്ദന്റെ വാക്യവും മേൽ കവിതക്കൊപ്പം സൂപ്പി ഉദ്ധരിക്കുന്നുണ്ട്.

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles