Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ പ്രസക്തി

ഉദാര മുതലാളിത്തമാണ് ആഗോള സാമ്പത്തിക ക്രമത്തിന്റെ അടിസ്ഥാനം. പ്രകൃതി, മനുഷ്യൻ, സമൂഹം തുടങ്ങിയ സ്വത്വങ്ങളുടെ പാരസ്പര്യത്തോടെയുള്ള പ്രയാണത്തിന് ഒട്ടും ഗുണകരമല്ല ഉദാര മുതലാളിത്തം സമർപ്പിക്കുന്ന സമ്പദ്ശാസ്ത്രം. കുറഞ്ഞ വ്യക്തികളുടെ താൽപര്യങ്ങൾക്ക് മാത്രമേ അത് മിച്ചം നൽകുന്നുള്ളൂ. മൂല്യാധിഷ്ഠിത തത്വങ്ങൾക്ക് മീതെയല്ല മുതലാളിത്ത സാമ്പത്തിക സ്ഥാപനങ്ങൾ നിലകൊള്ളുന്നത്. വ്യക്തി താൽപര്യങ്ങൾ, കൊള്ളലാഭം, ഊഹവ്യാപാരം, പലിശ തുടങ്ങിയ മാനദണ്ഡങ്ങളിലാണ് അവയുടെ നിലനിൽപ്പ്. താൽക്കാലികമായി വ്യക്തികൾക്ക് ഉദാര മുതലാളിത്തത്തിൽ ലാഭം ഉണ്ടാവുമെങ്കിലും, ആത്യന്തികമായി സമൂഹത്തിന് സാമ്പത്തികമായ അഭിവൃദ്ധി ഉണ്ടാവുന്നില്ല. ഇടക്കിടെയുണ്ടാവുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി അക്കാര്യമാണ് ഉണർത്തുന്നത്. ഇവിടെയാണ് ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ പ്രസക്തി ശ്രദ്ധേയമാവുന്നത്.

‘ശബാബ്’ വാരിക പുസ്തകം 46, ലക്കം 05ൽ വന്ന ‘സാമ്പത്തിക പ്രതിസന്ധിയും ഇസ്‌ലാമിക് ബാങ്കിംഗ് മുന്നോട്ടുവെക്കുന്ന പരിഹാരങ്ങളും’ എന്ന ശീർഷകത്തിലുള്ള ഡോ. മഹ്‌മൂദ് അഹ്‌മദിന്റെ പഠനം ഈ ദിശയിലുള്ള ചിന്തകളാണ്. മുതലാളിത്ത സാമ്പത്തിക ക്രമത്തിൽ അസ്ഥിരതക്ക് നിദാനമാവുന്ന മുഖ്യഘടകം പലിശയാണ്. പലിശ സമൂഹത്തെ എല്ലാം അർഥത്തിലും നിർവീര്യമാക്കാൻ പോന്ന ചൂഷണോപാധിയാണ്. ദുസുകിയെപ്പോലുള്ളവരുടെ നിരീക്ഷണങ്ങളെ മുൻനിർത്തിയാണ് അഹ്‌മദ്‌ തന്റെ പഠനം വികസിപ്പിക്കുന്നത്. എളുപ്പത്തിൽ ലഭിക്കുന്ന സമ്പത്ത്, കടത്തിന്റെയും വരവിന്റെയും അനിയന്ത്രിത വളർച്ച, അയഞ്ഞ മാനദണ്ഡങ്ങൾ, പ്രയാസങ്ങളെ നിർണയിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള പിഴവുകൾ, സുതാര്യതയുടെ അഭാവം എന്നിവ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് കാരണങ്ങളാണ്.

ഇസ്‌ലാമിക് ബാങ്കിങ്ങ് വ്യവസ്ഥ പലിശയടക്കമുള്ള മേൽപ്പറഞ്ഞ മുഴുവൻ മൂല്യരഹിത മാനദണ്ഡങ്ങളെയും സാമ്പത്തിക രംഗത്തുനിന്ന് മാറ്റിനിർത്തുന്നു. പലിശയുടെ വിപാടനം, ലാഭത്തിന്റെ ആനുപാതികമായ വിഹിതം പങ്കുവെക്കൽ, ഊഹത്തിന് പകരം സത്യസന്ധമായ സമീപനം, വസ്തുക്കളുടെ ക്രയവിക്രയം, സുതാര്യത തുടങ്ങിയ തത്വങ്ങളുടെ അടിസ്ഥാനങ്ങളിലാണ് ഇസ്‌ലാമിക് ബാങ്കിങ്ങ് ചലിക്കുന്നത്. ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ ഉൽപന്നങ്ങളായ മുദാറബ, മുശാറക, മുറാബഹ, ഇജാറ എന്നീ രീതികളും ലാഭനഷ്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നിക്ഷേപങ്ങളും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ സാധിക്കുന്നു.

സംഘ്ഫാഷിസത്തിന്റെ ഭീകരത
ആശയപരമായും പ്രയോഗപരമായും ഭീകരതയുടെ പ്രതീകങ്ങളാണ് ലോകത്തുടനീളം കണ്ടുവന്ന മുഴുവൻ ഫാഷിസ്റ്റ് പ്രവണതകളും. ഈ യാഥാർഥ്യത്തിന് അപവാദമല്ല ഇന്ത്യയിലെ സംഘ്ഫാഷിസവും. പ്രഫ. ശംസുൽ ഇസ്‌ലാമിന്റെ ‘ആർ.എസ്.എസ്: ഭീകരതയുടെ തത്വവും ചരിത്രവും’ എന്ന തലക്കെട്ടിലുള്ള സെപ്തംബർ ഒന്നാം പാതി ‘തേജസി’ൽ വന്ന നിരീക്ഷണം വായിച്ചാൽ അക്കാര്യം ബോധ്യമാവും.

ഹൈന്ദവ ദേശീയതയാണ് സംഘ്ഫാഷിസത്തിന്റെ ആത്മാവ്. ഹൈന്ദവ ദേശീയതയായിരുന്നു ഗുജറാത്തിൽ വംശഹത്യക്ക് നേതൃത്വം നൽകാൻ നരേന്ദ്ര മോദിക്ക് പ്രചോദനമേകിയത്. ഗാന്ധിയുടെ നെഞ്ചിനുനേരെ കാഞ്ചി വലിക്കാൻ വിനായക് ഗോഡ്സെക്ക് ധൈര്യമേകിയതും ഹൈന്ദവ ദേശീയതതന്നെ. കെ.ബി ഹെഡ്ഗെവാർ, ബി.എസ് മൂഞ്ചെ, വിനായക് ദാമോദർ സവർക്കർ, ഗോൾവാൾക്കർ എന്നിവരാണ് സംഘ്ഫാഷിസത്തിന്റെ സൈദ്ധാന്ധിക ആചാര്യന്മാർ. ആയിരം വർഷങ്ങളുടെ പാരമ്പര്യമുള്ള ഹൈന്ദവ ദേശീയതക്ക് വീര്യം പകരാൻ സംഘ് ആചാര്യന്മാർ അഡോൾഫ് ഹിറ്റ്ലറുമായും ബെനീത്തോ മുസോളിനിയുമായും നിരന്തരം സമ്പർക്കങ്ങൾ നിലനിർത്തിയിരുന്നുവെന്ന് ശംസുൽ ഇസ്‌ലാം തന്റെ നിരീക്ഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. മൂഞ്ചെയുടെ ഡയറിയിനിന്ന് അദ്ദേഹം ഉദ്ധരിക്കുന്നു: ‘ഞാനിതാ ഇന്ന് രാവിലെയും ഉച്ചക്കുശേഷവും ബലില്ല(ഇറ്റാലിയൻ ഫാഷിസത്തിന്റെ യുവവിഭാഗം) യുമായി സന്ധിച്ചു. ബലില്ലയും മറ്റു ഫാഷിസ്റ്റ് സംഘടനകളും എന്നിൽ വലിയ മതിപ്പുളവാക്കി’.

ഭാഷ പോഷിപ്പിക്കാൻ ‘ഭാഷാപോഷിണി’
ഭാഷ, ആശയം, പ്രമേയം എന്നിവക്ക് കൃത്യതയുണ്ടാവുമ്പോഴാണ് സംസാരവും എഴുത്തും മൂർച്ചയുള്ളതാവുന്നത്. നിരന്തരമായ വായനയിലൂടെ മാത്രം സാധ്യമാവുന്ന സിദ്ധിയാണ് ഭാഷ. നിരന്തരമായ ചിന്തയിലൂടെ മാത്രം കൈവരുന്ന വരമാണ് ആശയം. ഭാഷയില്ലാത്ത ആശയംകൊണ്ടോ, ആശയമില്ലാത്ത ഭാഷകൊണ്ടോ കാര്യമില്ല. ഭാഷ സൂക്ഷമമാക്കാൻ സഹായിക്കുന്ന പ്രസിദ്ധീകരണമാണ് ‘ഭാഷാപോഷിണി’. കഥ, കവിത, നിരൂപണം, സംഗീതം, സിനിമ, കല, വിമർശനം, പഠനം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ തന്മയത്വമുള്ള ഭാഷയിൽ ഭാഷാപോഷിണി കൈകാര്യം ചെയ്യുന്നു. ഉദാഹരണത്തിന് സെപ്തംബർ മാസം പുറത്തിറങ്ങിയ ‘ഭാഷാപോഷിണി’യിലെ സച്ചിദാനന്ദൻ മാഷിന്റെ ‘മഴു’ എന്ന നാമത്തിലുള്ള കവിത എത്ര സുന്ദരമാണ്: അണ്ണാന്റെ ചിലക്കലിനും പ്രാവിന്റെ കുറുകലിനുമിടയിൽ ഒരു മഴു/ തത്തയുടെ ചിറകുകൾക്കും തേരട്ടയുടെ കാലുകൾക്കുമിടയിൽ ഒരു മഴു/ കുരുവിയുടെ കൂടിനും ചില്ലയിലെ കൂമ്പിനുമിടയിൽ ഒരു മഴു/ മനസ്സിലെ മഴക്കും മാനത്തെ മേഘങ്ങൾക്കുമിടയിൽ ഒരു മഴു/വിതക്കും കൊയ്ത്തിനുമിടയിൽ, കർമത്തിനും സ്വർഗത്തിനുമിടയിൽ, കാമുകനും കാമുകിക്കുമിടയിൽ ഒരു മഴു/ മരത്തിനും മഴുവിന്നുമിടയിൽ ജീവിതം.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles