Current Date

Search
Close this search box.
Search
Close this search box.

കാശ്മീർ: സ്മൃതി നാശം സംഭവിക്കാത്തവർക്ക് ചില വസ്തുതകൾ

Militancy in Kashmir

കാശ്മീർ വിഷയം ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം പഴക്കമുള്ള ഒന്നാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു ഇരട്ട പ്രസവമായിരുന്നു. 1947 ൽ ഇന്ത്യാ വിഭജനം നടന്നുവെന്ന് പലരും പ്രസ്താവിക്കുന്നത് അത്ര ശരിയല്ല. അത് കേട്ടാൽ തോന്നുക നേരത്തെ ഇവിടെ സുശക്തവും സുഭദ്രവുമായ ഒരു രാഷ്ട്രമുണ്ടായിരുന്നുവെന്നാണ്. വസ്തുത അങ്ങനെയല്ല. പരസ്പരം പോരടിച്ച /പോരടിക്കുന്ന നൂറുകണക്കിന് നാട്ടുരാജ്യങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഭാഷ, വേഷം, ആഹാരരീതി, ആചാര സമ്പ്രദായങ്ങൾ ഉൾപ്പെടെ വൈജാത്യങ്ങൾ മാത്രമല്ല, വൈരുദ്ധ്യങ്ങൾ കൂടി ഉണ്ടായിരുന്നു. ഇവയെ ഇന്ത്യൻ യൂനിയനിൽ സമർഥമായും കുറച്ചൊക്കെ ബലാൽക്കാരമായും ലയിപ്പിച്ചതിന് പ്രതിഫലമായിട്ടാണ് കാൽനൂറ്റാണ്ടിലേറെക്കാലം ആ രാജകുടുംബങ്ങൾക്ക് പ്രീവിപേഴ്‌സ് (മാലിഖാൻ) നൽകേണ്ടി വന്നത്. പിന്നീട് ശ്രീമതി ഇന്ദിരാഗാന്ധിയാണ് അത് നിർത്തലാക്കിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പ്രത്യേകമായ ചില സംഗതികൾ വകവെച്ചു കൊടുക്കുന്നതിന്റെ കാരണം ഇന്ത്യാ യൂനിയനിൽ ലയിക്കുമ്പോൾ നൽകിയ ഉറപ്പാണ്.

ഇന്ത്യ സ്വതന്ത്രയായതിന് ശേഷം കുറഞ്ഞത് രണ്ട് തലമുറയെങ്കിലും പിന്നിട്ടു കഴിഞ്ഞു. ഇന്ന് 80 വയസ്സിന്ന് മുകളിലുള്ളവർക്കേ 1947ന്റെ ചെറിയ ഓർമയെങ്കിലുമുണ്ടാവൂ. എന്തിനേറെ പറയുന്നു, 1975 ലെ ഭീകരമായ അടിയന്തിരാവസ്ഥയെ പറ്റി അറിയാത്തവരായിരിക്കും ഇന്ന് 55 വയസ്സിന് താഴെയുള്ളവർ. ഇത്രയും പറഞ്ഞത് നാട്ടിന്റെ ചരിത്രത്തെ നേരെ ചൊവ്വെ അറിയാത്തവരാണ് ഇന്നത്തെ വോട്ടർമാരിൽ (18 വയസ്സിനു മുകളിലുള്ളവർ) മഹാ ഭൂരിപക്ഷവും എന്ന് തിരിച്ചറിയാനാണ് ഇങ്ങനെയുള്ള സമൂഹത്തിന് കാശ്മീർ വിഷയത്തിന്റെ ഉള്ളുകള്ളികൾ കൃത്യമായി ഗ്രഹിക്കാൻ വളരെ പ്രയാസമുണ്ടാകും. ചിന്താശീലരായ പുതുതലമുറ കൂട്ടി വായിക്കാനും സത്യസന്ധമായ വിശകലനം നടത്തുവാനും ചില ഉദ്ധരണികൾ നിരത്തുകയാണ്. 1980 ൽ പ്രശസ്തമായ മലയാള നാട് വാരികയിൽ പ്രഗത്ഭനായ ഒ.വി വിജയൻ എഴുതിയത് പുനർ വായനക്കായി താഴെ ചേർക്കുകയാണ്.

”… കാശ്മീർ ഇന്ത്യയിൽ ലയിക്കാൻ തീരിമാനിക്കുന്ന അവസരത്തിൽ കാശ്മീരീ ജനതയുടെ അനിഷേധ്യ നേതാവ് അബ്ദുല്ലയായിരുന്നു. മതേതരവും വികേന്ദ്രീകൃത ജനാധിപത്യപരവുമായ ഒരു ഉപരാഷ്ട്ര സമുച്ചയത്തിൽ ( family of Nationalities) ലയിക്കാനാണ് അദ്ദേഹം കാശ്മീരീ ജനതക്കു വേണ്ടി തീരുമാനമെടുത്തത്. അമ്പത്തിമൂന്നിൽ അദ്ദേഹത്തെ തുറുങ്കിലടച്ചത് എന്തിന്?

… കാശ്മീരിന്റെ വിലയനം സ്വീകരിക്കുന്ന വേളയിൽ ജവഹർലാൽ നെഹ്‌റു കാശ്മീരി ജനതക്ക് കൊടുത്ത ഉറപ്പ് എന്തായിരുന്നു? അവരുടെ ഹിതം അറിഞ്ഞ ശേഷമേ വിലയനം സാധ്യമായിത്തീരൂ എന്ന്. എന്നാൽ എന്നാണ് നാം കാശ്മീരി ജനതയുടെ ഹിതം മനസ്സിലാക്കിയത്?
കാശ്മീരികൾ സ്വയം കാശ്മീരികളെന്നും മറ്റുള്ളവരെ ഇന്ത്യക്കാരെന്നും പറയുന്നു. അസുഖകരമായ ഈ സത്യങ്ങളെ നാം മുപ്പത് കൊല്ലം മൂടിവെച്ചു. അവയെ സത്യസന്ധതയോടെ നേരിടാൻ മടിച്ചു. ജവഹർലാൽ നെഹ്‌റു സ്വന്തം അസ്തിത്വത്തെ സംരക്ഷിക്കാനായിരുന്നുവോ തന്റെ സ്വദേശമായ കാശ്മീരിനെ പിടിച്ചു നിന്നത്. ആ പിടിച്ചു നിൽക്കൽ കാരണമായാണോ ഇന്ത്യയും പാക്കിസ്ഥാനുമായി നിരവധി സംഘട്ടനങ്ങളുണ്ടായത്? ഞാനൊന്നും പറയാൻ തുനിയുകയല്ല ഇവിടെ, ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ നാം സത്യസന്ധമായും ആണത്തത്തോടും ശ്രമിക്കണമെന്ന് നിർദ്ദേശിക്കുക മാത്രമാണ്.

… പാക്കിസ്ഥാനും ഇന്ത്യയുമായി ഈ മൂന്ന് ദശകങ്ങളായി സംഘർഷാവസ്ഥയാണ്. നാലായിരം കോടി രൂപയുണ്ടായാൽ നമുക്ക് രാജസ്ഥാൻ ജലസേചന പദ്ധതി നടപ്പാക്കി, മരുഭൂമിയെ വിഭവസമൃദ്ധമായ കൃഷി ഭൂമിയാക്കി മാറ്റാൻ കഴിയും. എന്നാൽ അത്രയും പണം വേണം മുങ്ങിക്കപ്പലുകളും വാണങ്ങളും സംഭരിക്കാൻ. നാം അത് സംഭരിച്ചു കഴിഞ്ഞാൽ പാക്കിസ്ഥാൻ വീണ്ടും ആയുധക്കലവറ നിറക്കുന്നു. അപ്പോൾ നാമും പിന്തുടരുന്നു. പിന്നെ പാക്കിസ്ഥാൻ നമ്മെ പിന്തുടരുന്നു. അങ്ങനെ അവസാനമില്ലാതെ. ആ കാലമത്രയും ആ അനന്തതയത്രയും രാജസ്ഥാൻ മരുഭൂമിയായിക്കിടക്കുന്ന … ദശലക്ഷക്കണക്കിന് മാറാവ്യാധിക്കാർ ചീഞ്ഞു മരിക്കുന്നു. മുപ്പത്തിയാറ് കോടി മനുഷ്യർ ദാരിദ്ര്യരേഖയുടെ താഴേയ്ക്കു വഴുതി വീഴുന്നു.

യുദ്ധം നമ്മുടെ രാഷ്ട്രീയമാണ്. മാത്രമല്ല ചീനയുടെയും പാക്കിസ്ഥാന്റെയും കാര്യത്തിൽ ഒരു ദേശീയ ധാരണ (national consensus) ഉണ്ടാക്കാൻ നാം ഇതുവരെ മിനക്കെട്ടിട്ടില്ല. കോൺഗ്രസ്സുകാരൻ സംസാരിച്ചാൽ ജനസംഘം മുറവിളി കൂട്ടും. നാടിനെ ഒറ്റിക്കൊടുക്കുകയാണെന്ന്, മറിച്ചും. ഈ പരാധീനതയിൽ നാം വൻശക്തികളുടെ കരുക്കളായി മാറുകയും ചെയ്യുന്നു. അമേരിക്ക ചീനക്കെതിരായും റഷ്യ പാക്കിസ്ഥാനെതിരായും നമ്മെ ഉപയോഗിച്ചു.

കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അതിനെ തൊട്ടു കളിക്കരുതെന്നും ജനസംഘത്തിന്റെ ഷോവനിസത്തോടു കൂടിയാണ് കമ്മ്യൂണിസ്റ്റുകാർ ഒരു കാലത്ത് വാദിച്ചത്. കാരണം ലളിതം, കാശ്മീരിന്റെ പാക്കിസ്ഥാൻ മേഖലയിൽ, അമേരിക്ക സൈനിക സന്നാഹങ്ങൾ നിറച്ച സ്ഥിതിക്ക് വെടി നിറുത്തൽ രേഖയ്ക്കിപ്പുറത്ത് ഇടം വേണമെന്നത് സോവ്യറ്റ് യൂനിയന്റെ താൽപര്യമായിരുന്നു. കൃഷ്ണമേനോനെ പുറത്താക്കാൻ കൃപലാനിയും മൊറാർജിയും കഠിന ശ്രമങ്ങൾ നടത്തിയെങ്കിൽ അവർ ഇവിടത്തെ അമേരിക്കൻ ലോബിയുടെ താൽപര്യങങളെ നടപ്പാക്കുക മാത്രമായിരുന്നു. നാഗഭൂമിയും മിസോറാമും ഉത്തര പ്രദേശത്തെ പോലെ ”ഭാരത’മാണെന്ന് ശഠിക്കുന്നത് ഇന്ത്യൻ ബൂർഷ്വാസിയാണ്. കമ്മ്യൂണിസ്റ്റുകാരനും ആ മാന്ത്രിക വലയിൽപെട്ട് ഭ്രമബുദ്ധിയായിത്തീരുന്നുവെന്ന് മാത്രം.

എന്താണ് ഭാരതമെന്ന കാര്യത്തിൽ വിപുലവും ധീരവുമായ ഒരു ചർച്ച ആവശ്യമായിത്തീർന്നിരിക്കുകയാണിന്ന്. സ്വതന്ത്ര ഭാരതത്തിന്റെ ഭരണം ഈസ്‌ററിന്ത്യാ കമ്പനിയുടെ പിന്തുടർച്ചാവകാശി മാത്രമാണെങ്കിൽ നമ്മുടെ സ്വാതന്ത്ര്യ സമരം ഒരു പ്രഹസനമായി തരം താഴുന്നു. അങ്ങനെ സംഭവിക്കാൻ നാം അനുവദിച്ചുകൂട. ഈയിടെ ലാൽദെങ്ക സുപ്രധാനമായ ഒരു സത്യത്തിനു നേരെ വിരൽ ചൂണ്ടി. ഇന്ത്യയിൽ മൂന്ന് ഗോത്രധാരകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര്യരും ദ്രാവിഡരും മംഗോളിയരും.

നിലവിലുള്ള സംവിധാനത്തെ തകർത്ത് ഇന്ത്യയെ നുറുങ്ങുകളാക്കുന്നത് ആർക്കും നല്ലതാവാൻ വഴിയില്ല. എന്നാൽ ഇന്ത്യ അതിന്റെ ദേശീയ ഘടകങ്ങളുടെ വിഭിന്നത അംഗീകരിക്കണം. ഹിന്ദിയും ഹിന്ദുമതവും രാഷ്ട്രീയ കരുക്കളല്ലാതായിത്തീരണം. അവ സാമ്രാജ്യ സംസ്ഥാപനത്തിനുതകുമെങ്കിലും ജനായത്തപരവും സംതൃപ്തവും ആയ ഒരു സമുദായത്തെ സൃഷ്ടിക്കാൻ ഉപകരിക്കുകയില്ല. പ്രസക്തമായിട്ടുള്ളത് രാഷ്ട്രമെന്ന മിഥ്യയല്ല, മനുഷ്യനെന്ന യാഥാർഥ്യമാണ്. മനുഷ്യനിലൂടെയേ രാഷ്ട്രം യഥാർഥമായിത്തീരുന്നുളളൂ. ഇതോടൊപ്പം നമ്മുടെ നിരവധി യുദ്ധങ്ങളെയും നാം വിലയിരുത്താൻ മുതിരേണ്ടതാണ്. തുറന്നു പറഞ്ഞാൽ , ദേശസ്‌നേഹമില്ലാത്ത, മനുഷ്യ സ്‌നേഹം കൊണ്ട് ത്രസിക്കുന്ന ഒരു സ്വയം വിമർശനം. ഉദ്ധരണം:(ഇന്ദ്രപ്രസ്ഥം: 139-143 പന്തളത്തെ പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ചത്.)

കാശ്മീരിൽ ചീഫ് ജസ്റ്റിസായും പത്ത് ദിവസം ഗവർണറായും സേവനമനുഷ്ഠിച്ച പരേതനായ ജസ്റ്റിസ് വി. ഖാലിദ് സാഹിബിന്റെ നിരീക്ഷണം കൂടി കാണുക:

”ആ ഒരു വർഷം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായിരുന്നു. ഇപ്പോൾ അവിടെ നടക്കുന്ന സംഭവങ്ങൾ അറിയുമ്പോൾ എന്റെ മനസ്സ് വല്ലാതെവേദനിക്കുന്നു. കുറെ കാര്യങ്ങളിലെങ്കിലും നമ്മുടെ സർക്കാറിന്റെ കൈകാര്യം ചെയ്യലിലെ താളപ്പിഴകളാണ് കുഴപ്പമുണ്ടാക്കുന്നത്. ജഗ്‌മോഹനെ ഗവർണറാക്കി കശ്മീരിൽ അയച്ചു എന്നതാണ് ഇന്ദിരാഗാന്ധി ചെയ്ത വലിയ തെറ്റ്. ജഗ്‌മോഹൻ കശ്മീരികളെ ഒട്ടും സ്‌നേഹിച്ചിരുന്നില്ല. ജഗ്‌മോഹൻ രണ്ട് പ്രാവശ്യം കശ്മീരിലുണ്ടായിരുന്നു. ബി.കെ. നെഹ്‌റുവായിരുന്നു ഒരു ഘട്ടത്തിൽ അവിടെ ഗവർണർ. അദ്ദേഹം വളരെ മാന്യനായിരുന്നു. അദ്ദേഹവുമായി നല്ല അടുപ്പത്തിലായിരുന്നു. വിരമിച്ചതിന്‌ശേഷവും അത് തുടർന്നു. ഇന്ദിരാഗാന്ധിയും ബി.കെ.നെഹ്‌റുവും തമ്മിൽ അത്ര രസത്തിലായിരുന്നില്ല, അവർ ബന്ധുക്കളാണെങ്കിലും. ഇന്ദിരാഗാന്ധി ബി.കെ.നെഹ്‌റുവിനോട് ഫറൂഖ് അബ്ദുല്ലയെ ഡിസ്മിസ് ചെയ്യാനാവശ്യപ്പെട്ടപ്പോൾ അങ്ങിനെ ചെയ്യില്ലെന്നും അസംബ്ലിയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലേ പിരിച്ചുവിടുകയുള്ളൂ എന്നുമുള്ള നിലപാടിലദ്ദേഹം ഉറച്ചുനിന്നു. അന്ന് ബി.കെ.നെഹ്‌റു അമേരിക്കയിലൊക്കെ ലെക്ചർ ടൂറിന്ന് പോകാറുണ്ടായിരുന്നു. അപ്പോഴദ്ദേഹം ലീവെടുക്കാറില്ല.

… ഞാൻ ചെന്ന കാലത്ത് പക്ഷെ യാത്രക്ക് ലീവെടുക്കാതെ ഇന്ദിരാഗാന്ധി സമ്മതിച്ചില്ല. അങ്ങിനെ ഗവർണർ പദവിയിലിരിക്കെ പത്ത് ദിവസം അദ്ദേഹം ലീവെടുത്ത് പോയി. ആ പന്ത്രണ്ട് ദിവസം ഞാനായിരുന്നു ആക്ടിങ് ഗവർണർ. ഏറെ കഴിയുന്നതിനുമുമ്പെ ഇന്ദിരാഗാന്ധി അദ്ദേഹത്തെ ഗുജറാത്തിലേക്ക് മാറ്റിക്കളഞ്ഞു. അപ്പോഴാണ് ജഗ്‌മോഹൻ വന്നത്. പിറ്റെദിവസം എന്നെ ഡിന്നറിന് വിളിച്ചു, കൂടെ ഫാറൂഖ് അബ്ദുല്ലയേയും. ഏറെ നേരം സംസാരിച്ചു. നല്ല തമാശയൊക്കെ പറഞ്ഞു അന്ന് രാത്രി പിരിഞ്ഞു. നേരം പുലർന്നപ്പോഴേക്കും ഫാറൂഖ് അബ്ദുല്ലയെ ഡിസ്മിസ് ചെയ്തിരുന്നു. അന്ന് ……..കേസൊന്നും വന്നിട്ടില്ല. ഡിസ്മിസ് ചെയ്യപ്പെട്ടാൽ ആരും സുപ്രീംകോടതിയിൽ പോകാറുമില്ല. വാസ്തവത്തിൽ ഫാറൂഖ് അബ്ദുല്ല അന്ന് സൂപ്രീം കോടതിയിൽ പോയിരുന്നുവെങ്കിൽ പിരിച്ചുവിടപ്പെട്ട നടപടി റദ്ദാക്കുമായിരുന്നു……. ചരിത്രപരമായി നോക്കിയാൽ കശ്മീരികളെ ഇന്ത്യാഗവണ്മെന്റ് ധരിപ്പിച്ചിരുന്നത് ഒരു ഹിതപരിശോധന ഉണ്ടാകുമോന്നാണ്. ഹിതപരിശോധന മുഖേന ആർക്കൊപ്പം ചേരണമെന്ന് തീരുമാനിക്കാനുള്ള അവകാശം. അതവർ വിശ്വസിച്ചു. എന്നാലത് നടന്നില്ല. ഹരികൃഷ്ണയായിരുന്നല്ലോ കശ്മീർ രാജാവ്. അദ്ദേഹം ഇന്ത്യക്കൊപ്പം ചേരാൻ തീരുമാനിച്ചതുകൊണ്ടാണല്ലോ കശ്മീർ ഇന്ത്യയുടെ ഭാഗമായത്. ഹിതപരിശോധനയെന്ന വാഗ്ദാനം ആ സമയത്ത് നൽകിയതാണ്. ലംഘിക്കപ്പെട്ട വാഗ്ദാനത്തെച്ചൊല്ലി വഞ്ചിക്കപ്പെട്ടു എന്ന തോന്നലായിരുന്നു കശ്മീരികൾക്ക്. മാത്രമല്ല കശ്മീരിലെ ഓഫിസുകളിലെവിടെയും അർഹിക്കുന്ന പ്രാതിനിധ്യം അവർക്കുണ്ടായിരുന്നില്ല. കശ്മീരികൾക്ക് മുഖ്യധാരയിലേക്കെത്താൻ ഒന്നും ചെയ്തുകൊടുത്തല്ല. വികസനകാര്യത്തിൽ ശ്രദ്ധിച്ചില്ല.

പദ്ധതികൾ രൂപപ്പെടുത്തുമെന്ന വാഗ്ദാനമല്ലാതെ ഒന്നും ചെയ്തില്ല. ന്യായമായ അവകാശം അനുവദിച്ചില്ലെന്ന പരാതി അവർക്കിപ്പോഴുമുണ്ട്. ..അത് കേൾക്കാനും പരിഹരിക്കാനും സന്നദ്ധരായാൽ മതിയായിരുന്നു. കശ്മീരികളിലധികവും പാവങ്ങളാണ്… കശ്മീരികൾക്ക് ഉദ്യോഗങ്ങളിലെത്താനുള്ള വഴിയൊരുക്കണം. സംസ്ഥാനത്തിന്റെ പുരോഗതിയിൽ അവരും പങ്കാളികളാണെന്ന ബോധത്തിലേക്ക് അവരെ എത്തിക്കണം. കശ്മീരികളെ ശത്രുമനസ്സുള്ളവരാക്കിത്തീർത്ത കുറ്റത്തിൽ വലിയ പങ്ക് ഗവർണ്ണരായിരുന്ന ജഗ്‌മോഹന്നാണ്. കശ്മീരിലെ ജനതയോട് അദ്ദേഹത്തിന് ലവലേശം സ്‌നേഹമുണ്ടായിരുന്നില്ല. എന്നാൽ ബി.കെ. നെഹ്‌റു അങ്ങിനെയായിരുന്നില്ല. അദ്ദേഹത്തിന്ന് കശ്മീരിവേര് ഉണ്ടായിരുന്നുവല്ലോ? 370 ാം വകുപ്പ് എടുത്തുകളയാൻ പാടില്ലെന്നാണെന്റെ അഭിപ്രായം. അത് അങ്ങിനെതന്നെ നിലനിർത്തണം. കശ്മീരിന്റെ മാത്രം കാര്യമല്ല. ഹിമാചൽപ്രദേശിന്നും അരുണാചൽ പ്രദേശത്തിനുമെല്ലാമുണ്ട് ചില പ്രത്യേക അവകാശങ്ങൾ . അവരെ നാം വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. ഹിതപരിശോധനയാണ് പോംവഴി എന്ന് പറയാനിപ്പോൾ കഴിയില്ല. തെരഞ്ഞെടുപ്പ് നടത്തിയതോടെ ഹിതപരിശോധനയുടെ പ്രസക്തി നഷ്ടപ്പെട്ടു എന്നാണ് നമ്മുടെ വാദം. സിംലകരാർ പ്രകാരമാണ് എല്ലാ പരിഹാരശ്രമങ്ങളും നടത്തേണ്ടത്. ഹിതപരിശോധനയില്ലാതെ കശ്മീർ ജനതയുടെ മുഴുവൻ വിശ്വാസവും ആർജ്ജിച്ചെടുക്കാൻ കഴിയുന്ന പദ്ധതികളും പ്രവർത്തനങ്ങളുമാണ് പരിഹാരമാർഗം…ഫാറുഖ് അബ്ദുല്ല പലപ്പോഴും പറഞ്ഞകാര്യം ഓർമ്മയുണ്ട്. ”ഇന്ന ഡാമിൽനിന്ന് ഇത്ര വൈദ്യുതി തരാമെന്ന് പറഞ്ഞിട്ടും അത് തന്നിട്ടില്ല. പദ്ധതികളെക്കുറിച്ച് പറയുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല. പിന്നെ നമ്മളെന്തുചെയ്യും…”

കശ്മീരി പണ്ഡിറ്റുകളും കശ്മീരി മുസ്‌ലിംകളും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. പണ്ഡിറ്റുകളെ അവിടെ നിന്ന് അടിച്ചോടിച്ചു എന്ന് പറഞ്ഞാലത് ഞാൻ വിശ്വസിക്കില്ല. എന്റെ കൂടെ ജോലിക്കാരായി പണ്ഡിറ്റുകൾ കുറേപേരുണ്ടായിരുന്നു….കശ്മീരി ഭാഷയാണവർ സംസാരിക്കുകപോലും ചെയ്യാറ്”(ചന്ദ്രിക ആഴ്ചപ്പതിപ്പ്. 2013 ജനു: 23)

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles