Current Date

Search
Close this search box.
Search
Close this search box.

അർത്ഥശൂന്യമായ സമീകരണങ്ങൾ

Hameed Chennamangaloor

ജൂൺ 16-30ന്റെ ‘കേരള ശബ്ദ’ത്തിൽ ഹമീദ് ചേന്ദമംഗലൂരിന്റെ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു:
1. ” ആർഎസ്എസിനെ പോലെ ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനകൾ ന്യൂനപക്ഷ സമുദായത്തിലുമുണ്ട്. ഉദാഹരണമാണ് ജമാഅത്തെ ഇസ്ലാമി. അതിൽ നിന്ന് പൊട്ടിമുളച്ചതാണ് പഴയ സിമിയും സോളിഡാരിറ്റിയും, എസ്.ഐ.ഒ യുമെല്ലാം.
2. ” ഇന്ത്യൻ സാഹചര്യത്തിൽ ഇസ്ലാമിസത്തിന്റെ മുഖ്യ പ്രതിനിധാനമാണ് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമി വാസ്തവത്തിൽ മുസ്ലിം ആർഎസ്എസ് ആണ്. രണ്ടും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ സാക്ഷ്യം പരിശോധിച്ചാൽ അത് വ്യക്തമാകും. ആർ. എസ്.എസ്സും ജമാഅത്തെ ഇസ്ലാമിയും പ്രത്യയശാസ്ത്ര മചൂനന്മാർ (ideological cousins)ആണ്.

ജമാഅത്ത് ഇസ്ലാമിയെ അടിസ്ഥാനരഹിതമായി വിമർശിക്കുന്ന ഹമീദ് അതിനെ ആർ.എസ്.എസിനോട് സദൃശമാക്കി സമീകരിക്കുന്നത് ആട്ടിനെ പട്ടിയും പിന്നെ പട്ടിയെ പേപ്പട്ടിയുമാക്കി അവതരിപ്പിക്കുന്ന വിക്രിയയാണ്. ഇതുവഴി ആർ.എസ്.എസിന്ന് മാന്യത ഉണ്ടാക്കി കൊടുക്കാനാണ് ഹമീദ് യത്നിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് ഉള്ള നന്മയോ മേന്മയോ ആർഎസ്എസിന് ഇല്ല. ആർഎസ്എസിനുള്ള ഭീകര സ്വഭാവവും അക്രമോത്സുകതയും അസഹിഷ്ണുതയും ജമാഅത്തെ ഇസ്ലാമിക് തീരെയില്ല. അങ്ങനെയുണ്ടെന്ന് തെളിയിക്കുക ആർക്കും സാധ്യമല്ല. നിരവധി വർഗീയ കലാപങ്ങളെപറ്റി അന്വേഷിച്ച കമ്മീഷനുകൾ കലാപത്തിന്റെ കാരണമായി ആർഎസ്എസിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും ആർഎസ്എസ് ചെറുതും വലുതുമായി ഒരുപാട് കലാപങ്ങൾ പലയിടങ്ങളിൽ സൃഷ്ടിക്കുന്നുമുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ ആരും പ്രതിചേർക്കപ്പെട്ടിട്ടുമില്ല. മറിച്ച് കലാപത്തിനിരയായ പാവങ്ങൾക്ക് മത ജാതി ഭേദമന്യേ പലനിലക്കും സഹായങ്ങൾ എത്തിക്കാനും റിലീഫ് പ്രവർത്തനങ്ങൾ നടത്താനും ജമാഅത്തെ ഇസ്ലാമി ആവുംവിധം ആത്മാർത്ഥമായി ശ്രമിച്ചത് ആർക്കും അറിയാവുന്ന വസ്തുതയാണ്. ആർഎസ്എസിനെ പരോക്ഷമായും സമർത്ഥമായും മഹത്വവൽക്കരിക്കുന്ന ഹമീദ് മനപ്പൂർവ്വം കുയുക്തി പ്രയോഗിക്കുകയാണ്. ആർഎസ്എസിനെയും ജമാഅത്തെ ഇസ്ലാമിയും സമീകരിക്കുന്നത് “അഞ്ജനമെന്തെന്നെ നിക്കറിയാം, അത് മഞ്ഞൾ പോലെ വെളുത്തിട്ടാണ്.”എന്നപ്രയോഗം പോലെയുള്ള മഹാവങ്കത്തം തന്നെയാണ്.

ആർഎസ്എസ് വംശീയ സംഘടനയാണ്. സവർണ്ണ ഹൈന്ദവതയെ മുറുക്കെ പിടിക്കുകയും നടപ്പാക്കുകയും, ജാതി വ്യവസ്ഥ എല്ലാ നിലക്കും അംഗീകരിച്ച് അതിലൂന്നി പ്രവർത്തിക്കുകയും ചെയ്യുന്നു. ജമാഅത്തെ ഇസ്ലാമി എല്ലാവിധ വംശീയതയെയും വർഗീയതയെയും നിരാകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. എല്ലാ മനുഷ്യരെയും ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളും എന്ന നിലയിൽ പരസ്പരം സഹോദരന്മാരാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതേ ആശയം നാനാ മാർഗേണ പ്രബോധനം ചെയ്യുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു. സത്യശുദ്ധവും സമഗ്ര സമ്പൂർണ്ണവുമായ ഏകദൈവ വിശ്വാസത്തെ ഉയർത്തിപ്പിടിക്കുന്നവരും ബഹുദൈവ വിശ്വാസത്തെയും തദടിസ്ഥാനത്തിലുള്ള സമ്പ്രദായങ്ങളെ സജീവമായി പിന്തുടരുന്നവരും ഒരുപോലെയാണെന്ന വാദം വളരെ വിചിത്രമാണ്.

ആർ.എസ്.എസ് അതിന്റെ അനുയായികൾക്ക് വളരെ വ്യാപകമായി നിരന്തരം ആയുധ പരിശീലനം നൽകുന്ന അർദ്ധ സൈനിക സംഘടനയാണ്; ജമാഅത്തെ ഇസ്ലാമി എവിടെയെങ്കിലും ആയുധ പരിശീലനം നൽകുന്നതായി തെളിയിക്കുക സാധ്യമല്ല. ആർഎസ്എസ് ഇന്ത്യയിൽ നടന്ന ആയിരക്കണക്കിന് വർഗീയ കലാപങ്ങളിൽ പലനിലക്കും വലിയ പങ്കുവഹിച്ചിട്ടുണ്ട്.ജമാഅത്തെ ഇസ്ലാമി ഒരൊറ്റ വർഗീയ കലാപത്തിലും ഇതേവരെ പങ്കാളിയായിട്ടില്ല.സംഘപരിവാർ പതിനായിരക്കണക്കിന് നിരപരാധികളെ വധിക്കുകയും അതിലേറെ പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ഇന്നേവരെ ഒരാളെയും വധിച്ചിട്ടില്ല. സംഘപരിവാർ പതിനായിരക്കണക്കിന് ആളുകളെ വിധവകളും വികലാംഗരും അനാഥകരുമാക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയെ പറ്റി അങ്ങനെ ആർക്കും പറയാനാവില്ല. സംഘപരിവാർ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ അന്യായമായി നശിപ്പിച്ചിട്ടുണ്ട്. കോടികളുടെ സ്വത്തുകൾ കൊള്ളയടിച്ചിട്ടുമുണ്ട്.ജമാഅത്തെ ഇസ്ലാമി ആരുടെയും സ്വത്തുക്കൾ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടില്ല.

ആർഎസ്എസ് ഉൾപ്പെടെ സംഘപരിവാറിലെ നല്ലൊരു വിഭാഗം മത വിശ്വാസമോ ധാർമിക മൂല്യങ്ങളോ കണിശമായി പാലിക്കണമെന്ന് നിർബന്ധമുള്ളവർല്ല (ഉദാ: സവർക്കർ) ആകയാൽ തന്നെ ദൈവവിശ്വാസം ഇല്ലാത്തവർ അതിന്റെ നേതൃത്വത്തിൽ ഉണ്ടായിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി സത്യ ശുദ്ധമായ ഏകദൈവ വിശ്വാസത്തിലും സദാചാര ധാർമിക മൂല്യങ്ങളിലും ഊന്നി നിന്ന് സമാധാനപരമായി പ്രവർത്തിക്കുന്ന ആദർശ പ്രസ്ഥാനമാണ്.രചനാത്മകതയിലൂന്നിയു ള്ളതാണ് അതിന്റെ നയനിലപാടുകൾ.

ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘപരിവാർ രാഷ്ട്രീയത്തിൽ ഹൈന്ദവതയിൽ ഊന്നിക്കൊണ്ടുള്ള ഏകശിലാസംസ്കാരത്തിന് വേണ്ടി പല മാർഗ്ഗേണശാഠ്യപൂർവ്വം യത്നിക്കുന്നു. ദേശത്തെ പൂജിക്കുകയും “ദേശീയത”യെന്ന വ്യാജ വിഗ്രഹത്തിന്റെ ഉപാസകരാക്കി പൗരന്മാരെ അധപതിപ്പിക്കുകയും ഗുരുതരമാംവിധം വഴിതെറ്റിപ്പിക്കുകയും ചെയ്യുന്നു. സങ്കുചിത ദേശീയതയെ ദേശസ്നേഹമായി തെറ്റായി പരിചയപ്പെടുത്തി അനർത്ഥകരവും വിധ്വംസകരവുമായ രീതിയിൽ പ്രവർത്തിക്കുന്നു. തങ്ങളുടെ നിലപാടിനെ നിരാകരിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിച്ചു അവർക്കെതിരെ വെറുപ്പും വിദ്വേഷവും വളർത്തുന്നു. ജമാഅത്തെ ഇസ്ലാമി വിശാലമാനവികതയിലും വിശ്വ സാഹോദര്യത്തിലും അധിഷ്ഠിതമായി ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്നതിനാൽ സങ്കുചിത ദേശീയ ഭ്രാന്തിനോട് ശക്തിയായി വിയോജിക്കുകയും,എന്നാൽ ദേശസ്നേഹത്തെ അതിന്റെ നല്ല അർത്ഥത്തിൽ അംഗീകരിക്കുകയും ചെയ്യുന്നു.ഫാസിസ്റ്റ് ശൈലിയിൽ പ്രവർത്തിക്കുന്ന ആർ.എസ്.എസും സംഘപരിവാറും തങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു. ജമാഅത്തെ ഇസ്ലാമി ആരുടെ മേലും സ്വന്തം ആശയ ആദർശങ്ങൾ അടിച്ചേൽപ്പിക്കുന്നില്ല സമാധാനപരമായ ആശയപ്രബോധനമാണ് അതിന്റെ ശൈലി. സംഘപരിവാർ മറ്റുള്ളവരുടെ ആചാര അനുഷ്ഠാനങ്ങളിലും സമ്പ്രദായങ്ങളിലും ആഹാര പാനീയങ്ങളിലും അമാന്യമായി ധിക്കാരപൂർവം ഇടപെടുകയും വിലക്കേർപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ ആർഎസ്എസിനെയും ജമാഅത്തെ ഇസ്ലാമിയെയും സമീകരിക്കുന്നത് ദുരുപദിഷ്ഠിതവും അന്യായവുമാണ്. അത് ആർഎസ്എസിനെ വെള്ളപൂശാനുള്ള വൃഥാശ്രമമാണ്. ആർഎസ്എസിന് ഹമീദ് പ്രിയങ്കരനാകുന്നതും അതുകൊണ്ടായിരിക്കും.

ആർഎസ്എസും മാർക്സിസ്റ്റ് പാർട്ടിയും തമ്മിൽ പ്രവർത്തന ശൈലിയിലും നയനിലപാടുകളിലും കുറെ പൊരുത്തമു ണ്ടെന്ന് മാത്രമല്ല,അത് പയ്യെ പയ്യെ കൂടിവരുന്നുമുണ്ട്.( ചുവപ്പ് കാവിയായി സാവകാശം പരിണമിച്ചു കൊണ്ടിരിക്കുന്നുണ്ട് ) ഇരു കൂട്ടരിലും സദാചാര ധാർമിക മൂല്യങ്ങളെയും മത മൂല്യങ്ങളെയും മാനിക്കാത്തവരുണ്ട്. നിരപരാധികളെ നിഷ്കരുണം വകവരുത്തുന്നതിൽ രണ്ടു കൂട്ടരും ഏറെക്കുറെ സമാന നിലവാരം പുലർത്തുന്നു.

അക്രമോത്സുകതയും അസഹിഷ്ണുതയും ഇരുകൂട്ടരുടെയും പൊതുസ്വഭാവമാണ്.മാർക്സിസ്റ്റുകളിൽ ഈയിടെയായി ഇസ്ലാം/മുസ്ലിം വിരോധം കൂടിവരുന്നുണ്ട്.ഇതിനെ ആർഎസ്എസ് വളരെ സമർത്ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പരോക്ഷ മാർഗ്ഗേണ ആർഎസ്എസ് മാർക്സിസ്റ്റ് പാർട്ടിയെ വളരെ സമർത്ഥമായി സ്വാധീനിക്കുന്നുണ്ട്.ആശയപരമായും അല്ലാതെയും ആർഎസ്എസ് മാർക്സിസ്റ്റ് പാർട്ടിയിൽ നുഴഞ്ഞുകയറിയിട്ടുണ്ട്, അത് അന്തിമ വിശകലനത്തിൽ മാർക്സിസ്റ്റ് പാർട്ടിയെ ആന്തരികമായി കാർന്നു തിന്നുന്ന അർബുദമായി മാറിയിട്ടുമുണ്ട്. നല്ലവരായ നിരവധി സഖാക്കൾ ഇക്കാര്യത്തിൽ വളരെ അസ്വസ്ഥരുമാണ്.ബംഗാളിലും മറ്റും പാർട്ടി തകരാൻ മുഖ്യ ഹേതു ആർഎസ്എസ് ദുസ്വാധീനം പാർട്ടിയെ പല മാർഗ്ഗേണ ഗ്രസിച്ചതാണെന്ന് വർഗീയ വിരുദ്ധരായ സഖാക്കൾ ഉൾപ്പെടെപലരും നിരീക്ഷിക്കുന്നുണ്ട്.

( ഈ കുറിപ്പ് കേരള ശബ്ദം വാരികയ്ക്ക് അയച്ചിട്ടുണ്ട്)

 

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

???? ലേഖകൻെറ  മറ്റുകുറിപ്പുകൾക്ക് 

Related Articles