Current Date

Search
Close this search box.
Search
Close this search box.

പത്രപ്രവർത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്ന കാലം

രാജ്യത്തിന്റെ നിലവിലെ ശോചനീയമായ അവസ്ഥയെപ്പറ്റിയും മറ്റൊരു നാസി കാലത്തെ ഓർമിപ്പിക്കുന്ന വിധത്തിൽ ഭീതിയുടെയും വെറുപ്പിന്റെയും നിശബ്ദതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതിനെപ്പറ്റിയുമുള്ള ധീരമായ ഒരു ചുവടുവെപ്പാണ്‌ രാജ്യത്തെ മുൻനിര മാധ്യമപ്രവർത്തകരിലൊരാളായ രവിഷ് കുമാറിന്റെ പുതിയ പുസ്തകം. അമിത് ഷാ കുറ്റാരോപിതനായ പ്രമാദമായ സൊഹ്രാബുദീൻ വ്യാജ ഏട്ടുമുട്ടൽ കേസിന് പിന്നിലെ ഗൂഢാലോചനകളെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് ഹർകിഷൻ ലോയയുടെ ദുരൂഹമായ മരണത്തെ പരാമർശിച്ചാണ് The Free Voice on Democracy, Culture and the Nation എന്ന പുസ്തകം ആരംഭിക്കുന്നത് തന്നെ. ദുരൂഹത പുറത്തുവന്നതോടെ ഭാര്യയോ മക്കളോ ഉൾപ്പെടെ ആരും തന്നെ കേസുമായി മുന്നോട്ട് വരാൻ തയാറായില്ല.

ഒരാൾ ഭീതിയില്ലാതെ ധൈര്യത്തോടെ സംസാരിക്കാൻ തയാറായാൽ ആരാണ് അവർക്ക് ധൈര്യം പകരുക? അതിന്റെ ചുമതല കോടതിക്കില്ലേ? ഭീതി കൊണ്ട് മാത്രമാണ് ആ കുടുംബം അത് പുറത്തുപറയാത്തത്. ജനങ്ങൾക്ക് മറ്റുള്ളവരിലും പലപ്പോഴും തങ്ങളിൽ തന്നെയും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന, അലോസരപ്പെടുത്തുന്ന വസ്തുതകൾ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് രവിഷ് കുമാർ.
ലോയയുടെ മരണത്തിലെ ദുരൂഹതകൾ ചുരുളഴിക്കാനായി ഭീതിയെയും കണ്ണുരുട്ടലുകളെയും നേരിട്ടതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് എൻ ഡി ടിവി യുടെ എക്സിക്യൂട്ടിവ് എഡിറ്ററും പ്രൈം ടൈം ഷോയുടെ അവതാരകനുമായ രവിഷ്‌.
അദ്ദേഹം പറയുന്നു: “ലോയയുടെ മരണ ശേഷം എന്റെ ഫോൺ ഇടതടവില്ലാതെ റിങ് ചെയ്തു. അത്ര സുഖകരമല്ലാത്ത സംശയങ്ങളാണ് ചർച്ചകളിലൊക്കെയും പൊന്തിവന്നത്‌. ലോയയുടെ കേസ് അവസാനം എത്തിനിൽക്കുന്ന ആൾ അതിനുമാത്രം പേടിക്കേണ്ട ഒരാളാണോ എന്നതായിരുന്നു എല്ലാവരുടെയും സംശയം.”

ധീരമായ മാധ്യമപ്രവർത്തനത്തിലൂടെ മുന്നോട്ടുപോയപ്പോഴൊക്കെയും സത്യം പുറത്തുപറഞ്ഞതിന്റെ പേരിൽ ക്രൂരമായ ട്രോളനിരയാകേണ്ടി വന്നു അദ്ദേഹത്തിന്. എന്തെങ്കിലും എഴുതാനായി തനിക്ക് പിന്നാലെ നടന്ന ഹിന്ദി പത്രങ്ങളൊക്കെയും തന്റെ എഴുത്തുകളൊന്നും പ്രസിദ്ധീകരിക്കാതെ വന്നു. കുട്ടിക്കാലത്ത് കണക്കിനെ പേടിയായിരുന്ന തന്നെ ആശ്വസിപ്പിച്ചിരുന്ന അച്ഛനെ അദ്ദേഹം ഓർക്കുന്നു. തുടർച്ചയായ പരിഹാസങ്ങളിലും പീഡനങ്ങളിലും വിളികളിലും ട്രോളുകളിലും കുടുങ്ങിപ്പോയ തനിക്ക് കൂട്ടായി വിയോജിപ്പിന്റെ ശബ്ദമുയർത്താൻ ആരുമില്ലാതായെന്ന് അദ്ദേഹം പരിഭവപ്പെടുന്നു.

Also read: ഇന്ത്യയിൽ ഇസ് ലാമിക സാമ്പത്തിക സംവിധാനത്തിന്റെ ആരംഭം

സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ അരക്ഷിതാവസ്ഥ അനുഭവിക്കേണ്ടി വന്ന തന്റെ അവസ്ഥയെ ഉസൈൻ ബോൾട്ടിനോടാണ് അദ്ദേഹം ഉപമിക്കുന്നത്. ബോൾട്ടിനെ ഫിനിഷിങ് ലൈനിൽ കാത്തിരിക്കുന്നത് ഒരു റിബൺ ആണ്. എന്നാൽ തന്നെ പോലുള്ളവരെ കാത്തിരിക്കുന്നത് ശക്തിയേറിയ ഒരു മതിലും. അതിൽ തട്ടി നിങ്ങളുടെ ജോലിയും വിശ്വാസ്യതയും ജീവിതവും എല്ലാം അസനിഗ്ധാവസ്ഥയിലാകുന്നു.

പതിനൊന്ന് അധ്യായങ്ങൾ ഉള്ള പുസ്തകത്തിൽ ആധുനിക രാഷ്ട്രീയത്തിന്റെ വിവിധ വശങ്ങളെയാണ് ചർച്ച ചെയ്യുന്നത്. എങ്ങനെയാണ് ഭരണകൂടത്തിന്റെയും മൂടുതാങ്ങി കളായ മാധ്യമങ്ങൾ വ്യാജ വാർത്തയും അനാവശ്യ ചാനൽ ചർച്ചകളും ഉത്പാദിപ്പിച്ച്, ചിന്താശേഷിയില്ലാത്ത മുൻവിധികളെ സാധൂകരിക്കുന്ന ഒരാൾക്കൂട്ടത്തെ സൃഷ്ടിക്കുന്നതെന്ന് ഒരു അധ്യായത്തിൽ അദ്ദേഹം പറയുന്നു. അവർ ഒരു ആൾക്കൂട്ടമായി മാറുകയും അവരുടെ വികാരങ്ങളും സ്വഭാവവും റോബോട്ടുകളെപ്പോലെയായിത്തീരുകയും ചെയ്യുന്നു.
ഗോദി മീഡിയ ബാക്കിവെച്ച പണിയാണ് വാട്സ്ആപ് യൂണിവേഴ്സിറ്റിയിലൂടെയും സജീവമായ ഐടി സെല്ലില്ലൂടെയും അവർ നടത്തുന്നത്. അഭിപ്രായങ്ങൾ രൂപീകരിക്കുന്നതിലും വലിയ തോതിൽ തെറ്റിദ്ധാരണകളും കുപ്രചരണങ്ങളും അഴിച്ചു വിടുന്നതിലും വലിയ പങ്ക് രാഷ്ട്രീയക്കാർക്കു തന്നെയാണ്. അതുപോലെ, സത്യങ്ങൾ വിളിച്ചു പറയുന്നവരിൽ പേടി സൃഷ്ടിക്കാനും ഇവർക്ക് കഴിഞ്ഞു. ഗൗരി ലങ്കേഷ് വിഷയത്തിലും അതാണ് നമ്മൾ കണ്ടത്. അങ്ങനെയാണ് മുസ്‌ലിമായതിന്റെ പേരിൽ കാരവൻ റിപ്പോർട്ടർ ബാസിത് മാലിക് അക്രമത്തിനിരയായതും കനയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കേസ് റിപ്പോർട്ട് ചെയ്തതിന് ഇന്ത്യൻ എക്സ്പ്രസിലെ അലോക് സിംഗും കൗനൈൻ ശരീഫും രാജ്യദ്രോഹികളായി മാറിയതും.

വിഭാഗീയ ശക്തികൾക്ക് എല്ലാ പിന്തുണയും നൽകുന്ന പദ്ധതിയിലൂടെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ അവർക്കായിട്ടുണ്ട്. ഗൗരി ലങ്കേഷിന്റെ മരണത്തിൽ സന്തോഷിച്ചവരെല്ലാം ആ അന്തരീക്ഷത്തിന്റെ സൃഷ്ടികളാണ്. ശാന്തയും ധീരയുമായൊരു മാധ്യമപ്രവർത്തകയെ കൊന്നതിൽ സന്തോഷിക്കുന്നതും തെറി വിളിക്കുന്നതും എന്തുമാത്രം ലജ്ജാകരമാണ്.!- അദ്ദേഹം എഴുതുന്നു.

1930- കളിലെ നാസി ജർമനിയും ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും തമ്മിലെ അതിശയകരമായ സാമ്യതകളെ വരച്ചിടുകയാണ് രവിഷ് കുമാർ. കുപ്രചരണങ്ങളും ആൾക്കൂട്ട സംസ്കാരവും വിശ്രമമില്ലാതെ പ്രചരിപ്പിച്ച ഹിറ്റ്‌ലർക്ക്‌ തന്റെ തീവ്രവൽകരണത്തിന്റെ പാതയിൽ ഒരു തടസവും നേരിടേണ്ടി വന്നില്ല. ജർമനിയിലെ കൂട്ടക്കൊലയെപ്പറ്റി എഴുതപ്പെട്ട ഒരു പുസ്തകത്തിലാണ് ഇത് ഞാൻ ശ്രദ്ധിക്കുന്നത്. ആ ചരിത്രം വീണ്ടും ആവർത്തിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഹിറ്റ്‌ലർക്കെതിരെ ഒരാൾക്കൂട്ടവും ഒരക്ഷരവും ഉരിയാടിയില്ല. സാധാരണക്കാരും നിസ്സഹായരായിരുന്നു. സംസാരിക്കേണ്ടവർ അതേപ്പറ്റി മിണ്ടിയതെയില്ല. രക്ഷപ്പെട്ട ജൂതന്മാർക്ക്‌ അഭയം നൽകാനും ഒരു രാഷ്ട്രവും തയാറായില്ല. അത് തന്നെയല്ലേ ഈ ലോകത്ത് ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത്?- അദ്ദേഹം എഴുതുന്നു.

Also read: ജനകീയ സമരങ്ങളും വനിതാപങ്കാളിത്തവും

ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്യുന്ന ഇസ്രായേൽ എന്ന ജൂതരാഷ്ട്രത്തെപ്പറ്റിയും അദ്ദേഹം എഴുതുന്നുണ്ട്. ഒരു കാലത്ത് അക്രമത്തിനിരയായവർ തന്നെ മറ്റൊരു സമൂഹത്തിന് മേൽ അതിലും വലിയ അക്രമം നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണവിടെ. ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം എന്തെന്നാണ് അറിയേണ്ടത്.

ഒരു വിവർത്തന ഗ്രന്ഥം ആണെങ്കിലും ഭാഷയുടെ അതിരുകളില്ലാതെ ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിലാണ് ഇത് പുസ്തകത്തിന്റെ രൂപഘടന. ജനങ്ങളെ യന്ത്രവൽകരിക്കൽ, പുതിയ ഭക്തി പ്രതിഭാസം, വിഡ്ഢികളായ ആൾദൈവങ്ങൾ, പൊള്ളയായ ടിവി ചർച്ചകൾ, ആൾക്കൂട്ട സംസ്കാരത്തിന്റെ വളർച്ച, ജനങ്ങളെ ചിന്തിക്കാൻ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ്, വ്യാജ വാർത്തകൾ തുടങ്ങി സമൂഹം അകപ്പെട്ട അനേകം പ്രതിസന്ധികളെ വരച്ചിടുകയാണ് രവീഷ് കുമാർ. ലൗ ജിഹാദ്, ഗോവധം, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഉദ്വേഗമുണർത്തുന്ന വാർത്തകളുണ്ടാക്കി ആൾകൂട്ടത്തെ വെറുപ്പ് വഹിക്കുന്ന മൃഗങ്ങളാക്കാനാണ് ഇവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അസഹിഷ്ണുത നിറഞ്ഞ, വെറുപ്പിന്റെ ഇൗ അന്തരീക്ഷത്തിൽ നമ്മൾ ഒരിക്കലും നിഷ്ക്രിയരായിരിക്കാൻ പാടില്ല.

മാധ്യമങ്ങൾ ഭരണകൂടത്തിന്റെ ജിഹ്വയായി നട്ടെല്ലില്ലാത്ത മാധ്യമപ്രവർത്തനം ആണിന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ജോലി താൽപര്യങ്ങൾ മാത്രം പരിഗണിച്ച് ഈ രംഗത്തുള്ളവരൊക്കെയും അധികാരികളുടെ ചെരുപ്പ് നക്കികളായ ഇക്കാലത്ത് സത്യം വിളിച്ച് പറയാൻ ചങ്കൂറ്റമുള്ള അല്പം പേർ മാത്രമാണ് ശേഷിക്കുന്നത്. അവർക്കാണ് അദ്ദേഹം ഈ പുസ്തകം കാഴ്ചവയ്ക്കുന്നത്.

The Free Voice on Democracy, Culture and the Nation
(Revised and Updated Edition)
Ravish Kumar
Speaking Tiger Publishing Pvt. Ltd
2019  `245

വിവ. അഫ്സൽ പിടി മുഹമ്മദ്

Related Articles