Current Date

Search
Close this search box.
Search
Close this search box.

സോളിഡാരിറ്റി വായനകളിലെ മതവും രാഷ്ട്രീയവും

ഒരു മുസ്‌ലിം സംഘടനയുടെ പ്രാഥമികമായ ദൗത്യം എന്താണ്? മുസ്‌ലിംകളും മുസ്‌ലീം സംഘടനകളും ഏതു വിധം പ്രവ്യത്തികളില്‍  ഏര്‍പ്പെട്ടലാണ് പൊതുസമൂഹത്തില്‍ സ്വീകരിക്കപ്പെടുക? പൊതുസമൂഹത്തില്‍ സ്വീകരിക്കപ്പെടുക എന്നതാണോ ഒരു മുസ്‌ലിം സംഘടനയുടെ പ്രവര്‍ത്തന അജണ്ടകളെ നിര്‍ണ്ണയിക്കെണ്ട മാനദണ്ഡം? (നുഐമാന്‍  രിസാല വാരിക 2013 മെയ് 10). പത്തു വര്‍ഷം പിന്നിട്ട സോളിഡാരിറ്റിയെ കുറിച്ച് എകദേശം മുകളില്‍ നുഐമാന്‍ ഉന്നയിച്ച പോലെയുള്ള ചോദ്യങ്ങള്‍ എടുത്തിട്ട് മിക്ക മുസ്‌ലിം ആനുകാലികങ്ങളും കഴിഞ്ഞ വാരങ്ങളില്‍ വിശകലനങ്ങള്‍ നടത്തിയിരുന്നു. തേജസ് പത്രമാണ് അതിന് തുടക്കമിട്ടത്. അധികമാരും കാണാന്‍ സാധ്യതയില്ലാത്ത പാഠഭേദം മാസികയില്‍ എപി കുഞ്ഞാമു എഴുതിയ സോളിഡാരിറ്റിയുടെ മതവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന ലേഖനം തേജസ് ദിനപത്രം (11/4/2013) പുന:പ്രസിദ്ധീകരിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ആ ലേഖനത്തെ ഉദ്ദരിച്ച് വ്യത്യസ്ത മുസ്‌ലിം ആനുകാലികങ്ങളില്‍ സോളിഡാരിറ്റിയെ  പോസ്റ്റമോര്‍ട്ടം ചെയ്ത് അതിനുള്ളിലെ മതത്തിന്റയും രാഷ്ട്രീയത്തിന്റയും ആന്തരിക തോത് തൂക്കി കണക്കാക്കി എഫ് ഐ ആറുകള്‍ എഴുതി.വിചിന്തനം വാരികയില്‍ (ഏപ്രില്‍ 20) പിഎംഎ വഹാബാണ് ആ ദൗത്യം നിര്‍വഹിച്ചത്. കുഞ്ഞാമുവില്‍ തുടങ്ങിയ ആ ലേഖനം അവസാനിച്ചപ്പോഴും കുഞ്ഞാമുവില്‍ നിന്ന് പുറത്ത് കടന്നിരുന്നില്ല. ആ പറഞതിലപ്പുറം പോകാനുള്ള ത്രാണി ലേഖകനില്ലാതെ പോയതാണ് വിചിന്തനം വിശകലനത്തിന്റ പരിമിതി, ആശയദാരിദ്രവും.

സ്വയം വേദി കെട്ടി തങ്ങളുടെ വിമര്‍ശകരെ അതിലേക്ക് ക്ഷണിച്ചു വരുത്തി സോഷ്യല്‍ ഓഡിറ്റിംഗ് നടത്തിയതിന്റ വിശകലനവുമായാണ് പ്രബോധനം വാരിക (ഏപ്രല്‍ 26) പുറത്തിറങ്ങിയത്. പക്ഷേ കുഞ്ഞാമു സിന്‍ഡ്രോം പ്രബോധനത്തെയും പിടികൂടി. രണ്ടു പേജ് പാഠഭേദം ലേഖനത്തിന് 5 പേജാണ് പ്രബോധനം നീക്കി വെച്ചത്. എഴുത്തിലാവട്ടെ ചില വെപ്രാളവും ദഹനക്കേട് ഉണ്ടായോ എന്ന സംശയം വേറെയുമുണ്ട്. പിന്നീടാണ് ഈ വിഷയത്തില്‍ തുടക്കത്തിലുദ്ധരിച്ച ശ്രദ്ധേയമായ നുഐമാന്റ രിസാല ലേഖനം പുറത്ത് വരുന്നത്. കുഞ്ഞാമുവിന്റ നിരീക്ഷണങ്ങളുടെ തുടര്‍ച്ചയായി ഇതിനെയും കാണാമെങ്കിലും എഴുത്തുക്കാരന്‍ സ്വീകരിച്ച ശൈലി ശ്രദ്ധേയമാണ്. ചില പരാമര്‍ശങ്ങള്‍ രസാവഹവും മറ്റ് ചിലത് മൂര്‍ച്ചയുള്ളതുമാണ്. എസ്.എസ്.എഫിന്റെ നാല്‍പ്പതാം വാര്‍ഷികത്തില്‍ ആ സംഘടനയെക്കുറിച്ചുള്ള വിലയിരുത്തുന്ന എഴുത്താണ് സോളിഡാരിറ്റിയുടെ പത്തു വര്‍ഷങ്ങളില്‍ കറങ്ങി തിരിഞ്ഞത്. അതിന് ലേഖകന്‍ കണ്ടത്തിയ മാര്‍ഗമാണ്  രണ്ട് സംഘടനകളുടെയും അജണ്ടകളുടെയും പ്രവര്‍ത്തനരൂപങ്ങളുടെയും താരതമ്യപഠനം. സോളിഡാരിറ്റിയില്‍ മതമെത്ര? രാഷ്ട്രീയമെത്ര? എന്ന് പരിശോധിക്കുമ്പോള്‍ തന്നെ ആ ‘മതത്തിന്റ ‘ SSF ലുള്ള തോതും ഉദാഹരണസഹിതം ലേഖകന്‍ അടയാളപ്പെടുത്തുന്നു. ഒരു ചോദ്യം നോക്കൂ…’ പാലിയേക്കര ടോള്‍ പിരിവിനെതിരെയുള്ള സമരത്തില്‍ പങ്കെടുക്കുന്നതും മമ്പുറം ജാറത്തില്‍ സിയാറത്തിന് പോകുന്നതും ഒരാളുടെ മതകീയ  മതേതര നിലവാരം അളക്കാനുള്ള മാനദണ്ഡമാണോ? ആദ്യത്തെയാള്‍ പുരോഗമനവാദിയും രണ്ടാമത്തെയാള്‍ പിന്തിരിപ്പനുമാണോ?’ സോളിഡാരിറ്റിയുടെ വളര്‍ച്ച മതത്തിന് പുറത്തേക്കും SSF ന്റെത് മതത്തിനകത്തേക്കും ആണെന്നാണ് ലേഖകന്‍ സമര്‍ഥിക്കുന്നത്.’ സോളിഡാരിറ്റി മതത്തിന്റ പുനര്‍മതേതരവത്കരണം ലക്ഷ്യമിടുന്നു. സുന്നികളാവട്ടെ മതം തന്നെയാണ് മതേതരത്യം എന്ന് പറയുന്നു.’ എന്ന വരികളില്‍ നിന്ന് ലേഖകന്റ മനസ്സിലുള്ള മതത്തിന്‍യും മതേതരത്യത്തിന്റയും അതിര്‍ത്തി വരകള്‍ തെളിഞ്ഞ് വരുന്നുണ്ട്.ആ വരകള്‍ ആര് വരച്ചതാണ് എന്നിടത്താണ് സംവാദത്തിന്റ മര്‍മം കിടക്കുന്നത്. അതു പക്ഷെ ഈ ദീര്‍ഘമായ പത്തു ഈ ലേഖനത്തില്‍ സ്പര്‍ശിക്കാതെ പോയില്ലെ എന്ന് സംശയം. എങ്കിലും സോഷ്യല്‍ ഓഡിറ്റിംഗിന് സ്വയം വേദി കെട്ടിയ സംഘടനയുടെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ഈ ലേഖനവും വായിക്കേണ്ടതാണ്. ആവശ്യമായത് ഉള്‍ക്കൊള്ളുകയും വേണം. കാരണം ലേഖകന്റ തന്നെ അഭിപ്രായത്തില്‍ രണ്ട് സംഘടനകളിലും ശരികളുണ്ട്. അതില്‍ ഏതാണ് മികച്ചതെന്ന് എളുപ്പത്തില്‍ തീരുമാനിക്കാന്‍ സാധ്യമല്ല.’ ഇതില്‍ ഏതാണ് മികച്ച ശരിയെന്ന് എന്ന് തീരുമാനിക്കലല്ല ഈ ലേഖനത്തിന്‍ ഉദ്ദേശ്യം. രണ്ട് ധാരകള്‍ക്കും അതിന്റെതായ പെടുന്നനെയുള്ളതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉളളതുമായ ഗുണദോഷങ്ങള്‍ ഉണ്ടാവും.’

അപ്പറഞ്ഞതില്‍ ഒരു ശരിയുണ്ടന്നാണ് ഈയുള്ളവന്റ പക്ഷവും.  ഏതായാലും പത്ത് വര്‍ഷം പിന്നിടുന്ന സോളിഡാരിറ്റി അകത്തും പുറത്തുമായി ഇനിയും വിശകലനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. വരും വാരങ്ങളില്‍ അതും തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Related Articles