Current Date

Search
Close this search box.
Search
Close this search box.

സവര്‍ണവായനകളും ഉത്തരാധുനിക ഇസ്‌ലാം എഴുത്തുകളും

ജൂണ്‍ തുടക്കത്തില്‍ കേരളരാഷ്ട്രീയാന്തരീക്ഷം സവര്‍ണസാമുദായിക തെറികളാല്‍ മലീമസമായിരുന്നു. എന്‍ എസ് എസ് ആസ്ഥാനനായകന്‍ സുകുമാരന്‍നായരാണ് ഇതിന് നേത്യത്വം നല്‍കിയത്. ന്യൂനപക്ഷരാഷ്ട്രീയ മുന്നേറ്റവും അവരുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയുമാണ്  ഈ കോമരം തുള്ളലിന്റെ പിന്നിലെന്ന് സര്‍വര്‍ക്കും അറിയാം. അതിനാല്‍തന്നെ സവര്‍ണതയുടെ ഈ അജണ്ടകള്‍ തുറന്നുകാണിക്കുന്ന ലേഖനങ്ങളായിരുന്നു പോയ വാരത്തെ മിക്ക മുസ്‌ലിം ആനുകാലികങ്ങളിലെയും കവര്‍സ്‌റ്റോറികളിലൊന്ന്. എഡിറ്റോറിയലും മൂന്ന് ലേഖനങ്ങളും എഴുതി തേജസ് ദൈ്വവാരികയാണ് (ജൂണ്‍ 16-30 ) ഈ വിഷയം കൂടൂതല്‍ കവര്‍ ചെയ്തത്. എന്‍ പി ചേക്കുട്ടി, ബാബുരാജ്, ബാബര്‍ എന്നിവരാണ് ലേഖകന്‍മാര്‍.’ ചാലപ്പുറം കോണ്‍ഗ്രസില്‍ നിന്ന് പെരുന്ന കോണ്‍ഗ്രസിലേക്ക് ‘ എന്ന തലക്കെട്ടില്‍  സീതി എഴുതിയ ലേഖനമാണ് ഈ വിഷയത്തില്‍ പ്രബോധനം വാരിക ( ജൂണ്‍  14 ) കവര്‍ ചെയ്തിട്ടുള്ളത്. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ശുക്കൂറിന്റെ തുറന്നു പറച്ചിലുകളാണ്’ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഉണ്ട ചോറിന് നന്ദിയില്ലാത്തവര്‍ ‘സത്യധാരയില്‍ (ജൂണ്‍  16-30) ഈ വിഷയകമായിട്ടുള്ളത്. ഈ ചര്‍ച്ച മാറ്റി നിര്‍ത്തിയാല്‍ മുസ്‌ലിം ആനുകാലികങ്ങളിലെ കഴിഞ്ഞ വാരത്തെ ശ്രദ്ദേയ വായനകളായി തോന്നിയത് ശബാബ് വാരികയിലെ (ജൂണ്‍  14) പിന്‍വാങ്ങിയതല്ല, പരാജയപ്പെട്ടതാണ് കേരളത്തിലെ യുക്തിവാദ പ്രസ്ഥാനം എന്ന കവര്‍ഫീച്ചറാണ്. ചെറിയമുണ്ടം അബ്ദുറസാഖ്, ഒ അബ്ദുറഹ്മാന്‍, എന്‍ എം ഹുസൈന്‍, കെ ഇ എന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. പ്രബോധനം വാരികയിലെ സല്‍മായാഖുബുമായുള്ള അഭിമുഖവും കനപ്പെട്ടതായിരുന്നു. തേജസ് ദൈ്വവാരികയില്‍ എട്ട് അധ്യായങ്ങള്‍ പിന്നിട്ട യൂസുഫുല്‍ ഖര്‍ദാവിയുടെ ആത്മകഥയും പങ്കുവെക്കേണ്ട വായനാനുഭവമാണ്. പുതിയ രിസാല വാരികയില്‍ (ജൂണ്‍  21) പി സുരേന്ദ്രന്‍ എഴുതിയ ‘സൂക്ക് ; സംസ്‌കാരത്തിന്റെ വിപണികള്‍ ‘ മനോഹരമായ മറ്റൊരു എഴുത്താണ്.
 
മതേതര ആനകാലികങ്ങളില്‍ മികച്ച ഇസ്‌ലാം വായനാവിഭവമൊരുക്കിയത് പുതിയ പച്ചക്കുതിര മാസികയാണ് (2013 ജൂണ്‍) സ്വത്വരാഷ്ട്രീയം ചൂടുള്ള ചര്‍ച്ചാവിഷയമായ ഉത്തരാധുനിക വായനാപരിസരത്ത്  സ്വവര്‍ഗാനുരാഗികളെ ഇസ്‌ലാം  എങ്ങനെ ഉള്‍ക്കൊളളുന്നൂവെന്ന കെ അശ്‌റഫിന്റെ വായനകളാണ്  പുതിയ പച്ചക്കുതിര മാസികയില്‍ ‘ലൈംഗിക രാഷ്ട്രീയവും ഇസ്‌ലാമിക സമീപനങ്ങളും’എന്ന് പ്രസിദ്ധീകരണം കവറില്‍ അച്ചടിച്ചിരിക്കുന്നത്. സ്വവര്‍ഗ ലൈംഗികതയോടുള്ള ഇസ്‌ലാമിക നിലപാടില്‍ അകാദമിക് ലോകത്ത് നടന്ന മൂന്ന് അഭിപ്രായങ്ങളെയാണ് ലേഖകന്‍ അടയാളപ്പെടുത്തുന്നത്. ഇസ്‌ലാം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന  കേരളം ആ വായനകള്‍ അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. പക്ഷ, ഈ മൂന്ന് വായനകളെയും പരിചയപ്പെടുത്തുന്നതിനിടക്ക് ലേഖകന്‍ ചില അഭിപ്രായങ്ങളോട് പക്ഷപാതം കാണിക്കുകയും. മറ്റ് ചിലതിനോട് കൂടുതല്‍ ചേര്‍ന്നിരിക്കുകയും ചെയ്തു.സ്വവര്‍ഗ ലൈംഗികത പാപമാണെന്നാണ് മുസ്‌ലിംഭുരിപക്ഷം വിശ്വസിക്കുന്നത്. ഈ അഭിപ്രായത്തെ ഈ വിഷയത്തിലെ ആദ്യ അഭിപ്രായമായി പരിചയപ്പെടുത്തുന്ന അവയെ ഓര്‍ത്തഡോക്‌സ്    എന്ന് ചാപ്പ കുത്തിയാണ് പരിചയപ്പെടുത്തുന്നത്. ലേഖകന്റെ വരികള്‍ ‘മുസ്‌ലിം ഓര്‍ത്തഡോക്‌സ് സമീപനം പുലര്‍ത്തുന്നവര്‍ പറയുന്നത് ഇസ്‌ലാമിക പാഠങ്ങളില്‍ ലെസ്ബിയന്‍ സ്വത്വങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല എന്നാണ്. ഇസ്‌ലാം ഭിന്ന ലൈംഗികത അടിസ്ഥാനമാക്കിയുള്ള കുടുംബജീവിതത്തെ ഒരു വിശുദ്ധ ദൈവിക സ്ഥാപനമായി മനസ്സിലാക്കുന്നു. അങ്ങനെ ദൈവിക വിരുദ്ധമായി എതിര്‍ക്കപ്പെടേണ്ട ഒരു മ്ലേച്ചവൃത്തിയായി ഇവര്‍ സ്വവര്‍ഗ ലൈംഗികതയെ കാണുന്നു……………… സുന്നി-സലഫി  പാരമ്പര്യ ആധുനിക പണ്ഡിതന്‍മാരുടെ ഒരു വലിയ നിര ഈ വീക്ഷണം പുലര്‍ത്തുന്നവരാണ്. ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമി, ഈജിപ്തില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി, സൂഫി പണ്ഡിതനായ സയ്യിദ് ഹുസൈന്‍ നസ്ര്‍! , നാസറുദ്ദിന്‍ അല്‍ബാനി ഇവരൊക്കെ ഈ നിലപാട് പുലര്‍ത്തുന്നു……. ഇതൊരിക്കലും വ്യാഖ്യാനത്തിന്റെ അധികാരം, പാഠവും അര്‍ഥവും തമ്മിലുള്ള വളരെ ആപേക്ഷികമായ ബന്ധം, വ്യാഖ്യാനത്തിന്റെ മാറുന്ന ചരിത്രസാഹചര്യം ഇവയെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങള്‍ ഒന്നും പഠിക്കാതെയാണ് മുന്നോട്ട് പോകുന്നത്. (പേജ് 50 ) ഇതാണ് ലേഖകന്‍ അടയാളപ്പെടുത്തുന്ന ഓര്‍ത്തഡോക്‌സ് നിലപാട്.

രണ്ടാമത്തേത്  ‘ഇസ്‌ലാമില്‍ സ്വവര്‍ഗ ലൈംഗികത വിലക്കപ്പെട്ടതാണെന്ന് പറയുമ്പോള്‍ തന്നെ മുസ്‌ലിം ആയി തന്നെ ഒരാള്‍ക്ക് സ്വവര്‍ഗലൈംഗിക ആഭിമുഖ്യം പുലര്‍ത്തി ജീവിക്കാമെന്നതാണ്. അയാളെ/അവളെക്കുറിച്ച് ഒരു വിധിയെന്നത് മരണശേഷം ദൈവികമായി തീരുമാനിക്കേണ്ടതാണെന്നും ഇവര്‍ വാദിക്കുന്നു. …….. പൂര്‍ണ്ണമായും വിയോജിച്ചു കൊണ്ടുതന്നെ അയാളുടെ / അവളുടെ തിരഞ്ഞെടുപ്പിനെ അവര്‍ മാനിക്കുന്നു………. താരിഖ് റമദാനെ പോലുള്ള ബുദ്ധിജീവികളുടെ സമീപനം ആണിത്. (പേജ് 50) ഏറ്റവും പുതിയ വായനയായി ലേഖകന്‍ പരിചയപ്പെടുത്തുന്നത് മൂന്നാമത്തേതാണ്. സ്‌കോട്ട് സിറാജുള്‍ഹഖ് കൂഗ്‌ളിന്റെത് ആണത് . ‘ കൂഗിള്‍ പറഞത് ഒരാള്‍ക്ക്  ഇസ്‌ലാമില്‍ വിശ്വാസപരമായി സ്വവര്‍ഗലൈംഗിക ആഭിമുഖ്യം പുലര്‍ത്തി ജീവിക്കാം എന്നാണ്……….. ശരീഅത്തിന്റെ മുന്‍ഗണനകളും പൊതുതാല്‍പര്യവും പരിഗണിച്ചാല്‍ സ്വവര്‍ഗലൈംഗികത ഒരു കുറ്റമല്ല എന്ന് മാത്രമല്ല അത് അനുവദനീയം കൂടിയാണ്..(പേജ് 50)

ഈ മൂന്ന് അഭിപ്രായങ്ങളും അതിന്റെ വക്താക്കളെയും പരിചയപ്പെടുത്തുകയാണ് ; അവയിലെ ശരിതെറ്റുകളെ അളക്കുകയല്ല ലേഖകന്റെ പ്രാഥമിക ലക്ഷ്യമെന്ന് അംഗീകരിക്കുന്നു. അതില്‍ വിയോജിപ്പ് ഇല്ലതാനും. പക്ഷേ, മന:പൂര്‍വമോ അല്ലാതെയോ ലേഖകന്‍ ചില പക്ഷം ചേരലുകള്‍ ഈ അഭിപ്രായങ്ങളില്‍ പുലര്‍ത്തിയിട്ടുണ്ടെന്നത് വായനാനുഭവമാണ്. അതു കൊണ്ടാണ് ഒന്നാമത്തെ നിലപാടെടുത്ത മുസ്‌ലിം ഭൂരിപക്ഷത്തെ ഓര്‍ത്തഡോക്‌സ് ആയി  അശ്‌റഫ് മുദ്ര കുത്തുന്നത്. ഈ പക്ഷം ചേരല്‍ ഇല്ലാതെ തന്നെ ആ ലേഖനം ഭംഗിയായി പൂര്‍ത്തിയാക്കാമായിരുന്നു. ഏതായാലും സ്വത്വരാഷ്ട്രീയത്തിന്റെ ഉത്തരാധുനിക കാലത്ത് ഇസ്‌ലാംവായനകള്‍ വളരുക തന്നെയാണ്.

Related Articles