Current Date

Search
Close this search box.
Search
Close this search box.

ശബാബ് ഗ്രീന്‍ദീനിലെത്തുമ്പോഴും തേജസ് പ്രതിരോധത്തില്‍ തന്നെയാണ്

മൂന്ന് വ്യത്യസ്ഥ മണ്ഡലങ്ങളിലായി മലയാളി മുസ്‌ലിം ആനുകാലികങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന എഴുത്ത് സാന്നദ്ധ്യമായിരുന്ന പ്രതിഭകളാണ് കഴിഞ്ഞ ദിവസങ്ങളിലായി അക്ഷരലോകത്തോട് വിടവാങ്ങിയത്.

ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയനായ അസ്ഗറലി എഞ്ചിനീയര്‍, ഖുര്‍ആന്‍  ശാസ്ത്ര വിഷയങ്ങളില്‍ അഗ്രഗണ്യനായിരുന്ന മുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവി, ചരിത്രകാരനായ ഡോ: എം എസ് ജയപ്രകാശ് എന്നീ ആ മൂന്ന് മഹാവ്യക്തികളെ  സ്മരിച്ചു കൊണ്ട്  വായനവാരം പോയവാരത്തെ വായനകളിലേക്ക് കടക്കുന്നു.

മെയ് അവസാന വാരത്തില്‍ കയ്യിലെത്തിയ മുസ്‌ലിം ആനുകാലികങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ശബാബ് വാരികയാണ്. ഉള്ളടക്കം കൊണ്ട് മാത്രമല്ല, ആ വാരിക പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ അടുത്ത ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ പ്രമേയം കൊണ്ടുകൂടിയാണ് പുതിയ ശബാബ് ശ്രദ്ധേയമാകുന്നത്. മണ്ണ് പൂക്കാന്‍ …മരം പെയ്യാന്‍ …പരിസ്ഥിതിയെ തലോടുക. എന്ന തലക്കെട്ടില്‍ ജൂണ്‍ ഒന്ന് മുതല്‍ മുപ്പത് വരെ ഐ എസ് എം പരിസ്ഥിതി കാമ്പയിന്‍ നടത്തുകയാണ്. അതിന്റ ഭാഗമായിട്ടുള്ള വിഷയമാണ് ശബാബിന്റ കവര്‍സ്‌റ്റോറി. ടിടിഎ റസാഖിന്റ ഗ്രീന്‍ ദീന്‍ ഇസ്‌ലാമിലെ ദൈവശാസ്ത്രം, ഇബ്‌റാഹിം അബ്ദുല്‍ മത്വിന്റെ ഭൂമി വലിയൊരു പള്ളിയാണ് എന്നീ ലേഖനങ്ങള്‍ പരിസ്ഥിതി പ്രശ്‌നം സജീവമായ ഒരു ദീനീപ്രശ്‌നമാണെന്ന് സമര്‍ഥിക്കുന്നു. സമീപകാല പരിസ്ഥിതി സമരങ്ങളിലെ ഇസ്‌ലാമിക സംഘടനകളുടെ പ്രാതിനിധ്യവും അതില്‍  പൊതുസമൂഹത്തില്‍ ചിലര്‍ ഉയര്‍ത്തിയ സംശയങ്ങള്‍ക്കും നേരെ തന്റെ പക്ഷം വ്യക്തമാക്കുന്നു ‘പരിസ്ഥിതി സമരങ്ങളില്‍ മുസ്‌ലിംകള്‍ സജീവമാകുന്നത് എന്ത് കൊണ്ട്?’ എന്ന എഴുത്തിലൂടെ സി ആര്‍ നീലകണ്ഡന്‍ .
 
ശക്തമായ ഗ്രീന്‍ദീനിന്റെ കേരളവക്താക്കളായി ശബാബ് മാറുമ്പോള്‍ പക്ഷേ, ഇതേ ലക്കം ഇറങ്ങിയ തേജസ് വാരിക പ്രതിരോധ ദിനിലാണ് ഊന്നുന്നത്. നാറാത്ത് നിന്ന് പിടികൂടിയ പോപുലര്‍ഫ്രന്റ് പ്രവര്‍ത്തകരുടെ മേല്‍ തീര്‍ത്തും ന്യായീകരിക്കാനാവാത്ത കരിനിയമമായ യു എ പി എ ചുമത്തിയതാണ് തേജസിനെ പ്രതിരോധത്തിലാക്കിയത്. ഈ വിഷയത്തില്‍ സംഘടന കാമ്പയിന്‍ നടത്തി വരികയാണ്. ഈ പശ്ചാത്തലത്തില്‍ കരിനിയമങ്ങള്‍ ചുമത്തുന്നതിലെ ഭരണകൂട ഏകപക്ഷീയതയെക്കുറിച്ച് കരമന അശ്‌റഫ് മൗലവിയുടെ അഭിമുഖവും ഇകെ നജ്മുദ്ദീന്റ ലേഖനവുമാണ് തേജസിന്റെ കവര്‍സ്‌റ്റോറി. ഈ വിഷയത്തില്‍ എല്ലാ സംഘടനകളും ഉണര്‍ന്ന് പ്രതികരിച്ചാല്‍ എല്ലാവര്‍ക്കും നന്ന് അല്ലെങ്കില്‍  ഇന്ന് പോപുലര്‍ ഫ്രന്റിനെ തേടിവന്നവര്‍ ഈ കരിനിയമവുമായി നാളെ മറ്റുള്ളവരെയും തേടി വരും. കെ.കെ ബാബുരാജുമായി എന്‍ എം സിദ്ദീഖി നടത്തുന്ന അഭിമുഖമാണ് തേജസിലെ മറ്റൊരു വായനാവിഭവം. കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന ദളിത് ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ വെല്ലുവിളികളുമാണ് സംഭാഷണത്തിന്റെ ഉള്ളടക്കം.’ തീര്‍ച്ചയായും, വരാനിരിക്കുന്ന കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയ കര്‍ത്യത്തം രൂപപ്പെടുക കീഴാളസ്ത്രീകള്‍, ദളിതര്‍, മുസ്‌ലിംകള്‍, ക്യസ്ത്യാനികള്‍, അവര്‍ണരിലെയും സവര്‍ണരിലെയും ജാതിവിരുദ്ധമായ ഒരു ഉത്ബുദ്ധ വിഭാഗം എന്നിവരുടെ ഇടയില്‍ നടക്കുന്ന സോഷ്യല്‍ എഞ്ചിനീയറങ്ങിലൂടെയാവും.’ ബാബുരാജിന്റെ താത്വിക നിരീക്ഷണങ്ങള്‍ പ്രായോഗിക രാഷ്ട്രീയ കേരളത്തില്‍ എങ്ങനെ നടപ്പാകുമെന്ന് വരുംകാലത്ത് കാത്തിരുന്ന് കാണാം.

കഴിഞ്ഞ വാരമിറങ്ങിയ മിക്ക മുസ്‌ലിം ആനുകാലികങ്ങളും പരാമര്‍ശിച്ച പൊതു വിഷയമാണ് ഐപിഎല്‍ ക്രിക്കറ്റിലെ കോഴയുടെ പിന്നാമ്പുറ കഥകളും അതുയര്‍ത്തുന്ന സാസ്‌കാരിക ദുരന്തങ്ങളും. പുതിയ രിസാല വാരിക ഈ വിഷയമാണ് കവര്‍സ്‌റ്റോറി ചെയ്തിരിക്കുന്നത്. രാജീവ് ശങ്കരനും എന്‍ എം സ്വാദിഖ് സഖാഫിയുമാണ് ലേഖകന്‍മാര്‍. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്ഥാനിലും മലേഷ്യയിലും നടന്ന തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രബോധനം വാരികയിലെ മുഖ്യലേഖനങ്ങള്‍.

Related Articles