Current Date

Search
Close this search box.
Search
Close this search box.

വെളിച്ചം കെടാതെ സൂക്ഷിക്കുന്നവര്‍

സ്‌നേഹം, ഭയം, പ്രണയം തുടങ്ങിയ വികാരങ്ങളാണ് സുരക്ഷിതമായ അഭയസ്ഥാനങ്ങളിലേക്ക് ഓടിയണയുന്നതിനെ കുറിച്ചുള്ള നമ്മുടെ ബോധ്യങ്ങളുടെ പിന്നിലുള്ള ശക്തികള്‍. ആകാശങ്ങളിലെവിടെയെങ്കിലും പരുന്തിന്‍ കണ്ണുകള്‍ പ്രത്യക്ഷപ്പെടുമ്പൊഴേക്കും അമ്മക്കോഴിയുടെ ചിറകിന്നടിയിലെ ചെറുചൂടിലേക്ക് പതുങ്ങി ഒളിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ കണ്ടിട്ടില്ലെ?.  ഭയത്തില്‍ നിന്നും നിര്‍ഭയത്വം നല്‍കുന്ന, സ്‌നേഹത്തിന്റെ ചെറുചൂട് പ്രസരിപ്പിക്കുന്ന, പ്രണയാര്‍ദ്രമായി വാരിപ്പുണരുന്ന എന്തൊക്കെയോ ഉള്ളതു കൊണ്ടല്ലെ ജീവിതം ജീവിച്ചു തന്നെ തീര്‍ക്കാന്‍ നാം തീരുമാനിച്ചത്. ആ ‘എന്തൊക്കെയോ’ പലര്‍ക്കും പലതാണ്. ഇവിടെയാണ് ദൈവം, മൂല്യങ്ങള്‍, അമ്മ, ഇണ, വീട്, കുടുംബം തുടങ്ങിയ കര്‍തൃത്വങ്ങളും, സ്ഥാപനങ്ങളും പ്രസക്തമാവുന്നത്. മഴയായും, തണലായും, വെയിലായുമൊക്കെ നാം ഇവയെ അനുഭവിക്കുന്നു, അക്ഷരവടിവുകളുടെ ചിത്രമെഴുത്തുകളില്‍ മനോഹരമായി ആവിഷ്‌കരിക്കുന്നു. ആ ശുദ്ധസത്യങ്ങളുടെ ഉറവകളില്‍ അഭിനവ കാളിയസര്‍പ്പങ്ങളുടെ കാളകൂട വിഷം കലരാതെ നോക്കേണ്ട ധാര്‍മിക വിപ്ലവ ബാധ്യത നമുക്കുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുകളുടെ വായനാസുഖത്തിലേക്കാണ് ഇത്തവണത്തെ വാരികകളില്‍ ചിലത് നമ്മെ എടുത്തെറിയുന്നത്.

യത്തീംഖാനയുടെ കൃത്രിമ സംരക്ഷണ പാളികളുടെ വിടവിന്നുള്ളിലൂടെ വീട്ടിലേക്ക് നീണ്ട് വളഞ്ഞ് പോകുന്ന വഴിയിലേക്ക് കണ്ണുനട്ടിരിക്കുന്ന കുരുന്നു ബാലന്റെ ഓര്‍മകളിലൂടെ തുടങ്ങി, അവന്‍ കാതില്‍ സൂക്ഷിച്ചുവെച്ചിരുന്ന ഉമ്മയുടെ സ്‌നേഹ മൊഴി, കവിളിനോട് ചേര്‍ത്തു വെച്ചിട്ടുള്ള ഉമ്മയുടെ മുത്തം, മനസ്സില്‍ കൊത്തിവെച്ചലങ്കരിച്ച ഉമ്മയുടെ വാത്സല്യ മുഖം എന്നിവയിലൂടെ വികസിച്ച്, വീട് ഉമ്മയാവുന്നതിന്റെയും, ഉമ്മ തന്നെ ഒരു വീടാവുന്നതിന്റെയും ആത്മാനുഭവസാക്ഷ്യങ്ങളുടെ അഴിമുഖത്ത് നിന്നും തുടരനുഭവങ്ങളുടെ കടലാഴങ്ങളിലേക്ക് വായനക്കാരനെയും കൊണ്ട് മുങ്ങാംകുഴിയിടുകയാണ് പ്രബോധനം വാരികയില്‍ (ഡിസം 19 :- ‘അനുഭവങ്ങളുടെ ഓര്‍മച്ചെപ്പാണ് ഓരോ വീടും’) ബഷീര്‍ തൃപ്പനച്ചി. നൂഹിന്റെ കപ്പല്‍ ഒരു സ്‌നേഹ വീടായിരുന്നു. ബന്ധങ്ങളുടെ ഊഷ്മളമായ കണ്ണികള്‍ക്കൊണ്ടായിരുന്നു അതിന്റെ അലകും പിടിയും ബന്ധിപ്പിച്ചുറപ്പിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകള്‍ പോലെ തന്നെ ബഷീര്‍ തൃപ്പനച്ചിയുടെ വീടകത്തും ആടും, പട്ടിയും, പൂച്ചയും, ചെറുപാമ്പുകളും അതിഥികളാണ്. നൂഹിന്റെ കപ്പല്‍ ലോകത്തിന്റെ ഒരു സ്‌പെസിമെന്‍ ആയിരുന്നു. അപ്രതീക്ഷിതമായി ‘ഉമ്മയില്ലാത്ത വീടിന് എത്ര നിലകളുണ്ടായിട്ടെന്ത്?’ എന്ന ഹൃദയഭിത്തികള്‍ തകര്‍ത്ത് ചാട്ടുളി കണക്കെ പാഞ്ഞുകയറുന്ന ആ ചോദ്യം ആഞ്ഞെറിയുന്നുണ്ട് ലേഖകന്‍. വീടകത്ത് വെച്ചു നടക്കുന്ന പ്രസവങ്ങള്‍ പത്രങ്ങളിലെ അപൂര്‍വ്വ വാര്‍ത്തകളുടെ കോളത്തില്‍ സ്ഥാനം പിടിക്കുന്ന ഇക്കാലത്ത്, ലേഖകന്റെ ഭാര്യ ഉമ്മയായി വേഷം മാറുന്നത് സ്വന്തം വീടകത്തു വെച്ചു തന്നെയായിരുന്നു. മോടിപ്പിടിപ്പിക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്ന വീടിനെ കുറിച്ചുള്ള സമകാലിക സൗന്ദര്യധാരണകളില്‍ നിന്നും വ്യത്യസ്തമായി, അനുഭവങ്ങളുടെ നിലവറ വീടകത്ത് എങ്ങനെ ഒരുക്കി വെക്കാമെന്നതിനെ കുറിച്ചൊരോര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.

പതിവ് സിദ്ധാന്തവാശികളെ അകലങ്ങളിലേക്ക് മാറ്റി നിര്‍ത്തിക്കൊണ്ടാണ് രിസാല വാരിക (ഡിസം 10) നബിദിനത്തെ കുറിച്ചുള്ള ചില പ്രായോഗിക ചിന്തകള്‍ വായനക്കാരനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉച്ചത്തില്‍ വെല്ലുവിളിക്കുന്ന തലക്കെട്ടുകളില്‍ നിന്നും വ്യത്യസ്തമായി ഹൃദ്യമായ തലക്കെട്ടിന് കീഴിലാണ് രിസാല വിഷയം ചര്‍ച്ച ചെയ്യുന്നത്. ‘നബിദിനം : വസന്തത്തിന് മങ്ങലേല്‍ക്കാതിരിക്കാന്‍’ എന്ന തലക്കെട്ട്, നബിയുടെ ജന്മദിനത്തെ ‘ആഘോഷം’ എന്ന തര്‍ക്ക വിഷയത്തില്‍ നിന്നും മാറ്റി, സമകാലിക സമൂഹത്തിലെ കാമാതുരമായ പ്രലോഭനങ്ങളെ ജാഗ്രതയോടെ സമീപിക്കാനും, അരുതായ്മകള്‍ക്കെതിരെ വിപ്ലവജ്വാലയായ് ഉയരാനും പ്രവാചക തിരുമേനിയുടെ ഐതിഹാസിക ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ഉണര്‍ത്തുപാട്ടാണ്. പലതും മറന്നു പോകുന്ന കൂട്ടത്തിലേക്ക് വരവുവെക്കാന്‍ സമ്മതിക്കാതെ, നബിയുടെ ഓര്‍മ്മകളെ മുറുകെ പിടിച്ച്, ആ മഹാന്റെ സ്വര്‍ഗീയ സന്നിധിയിലേക്ക് ചെന്നണയുവാന്‍ വെമ്പി കൊണ്ട്, ആ വസന്തത്തിന്റെ വെണ്‍വെളിച്ചം കെട്ടുപോകാതെ സൂക്ഷിക്കാനുള്ള ജാഗ്രത്തായ നീക്കങ്ങളുടെ ഭാഗമായി ഈ ദിനത്തെയും കാണണമെന്ന് രിസാല സൗമ്യമായി ആവശ്യപ്പെടുന്നുണ്ട്. ശേഷം കേരളത്തിലെ നടപ്പു രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ഒരായിരം ക്രിയാത്മക വിമര്‍ശന ശരങ്ങളെയ്യുകയാണ് രിസാല. മദ്യനയം, സോളാര്‍, ബാര്‍ കോഴ, ഗ്രൂപ്പ് വഴക്ക്, കരിമണല്‍ ഖനനം തുടങ്ങിയ വിവാദ വിഷയങ്ങളിലെ നെല്ലുംപതിരും ചികയാന്‍ രാജീവ് ശങ്കറിന് വേണ്ടി പേജുകള്‍ നീക്കി വെക്കാന്‍ രിസാല ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ദീനും ദുനിയാവും രണ്ടല്ല, തൗഹീദിന്റെ നാഥനെ പോലെ ഒന്നാണ് എന്ന പരിശുദ്ധ വേദവാക്യത്തിന്റെ പ്രയോഗികസാക്ഷാത്കാരവും കൂടിയാണ് രിസാല ഇവിടെ നിര്‍വഹിക്കുന്നത്.

സദാചാരവും ദുരാചാരവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ തകര്‍ത്തെറിയാനുള്ള കുത്സിതശ്രമകോലാഹലങ്ങള്‍ കൊണ്ട് ശബ്ദമലിനീകരണം സൃഷ്ടിക്കപ്പെട്ട ഒരു സാമൂഹ്യാന്തരീക്ഷമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ കേരളത്തില്‍. ചുംബനസമര വിവാദങ്ങളുടെ ഭാഗമായി ഉദാരനവലൈംഗികവാദത്തിന്റെ പ്രായോഗിക തലങ്ങളെ സ്വതന്ത്ര്യവുമായി കൂട്ടിചേര്‍ത്ത് വ്യാഖ്യാനിക്കുന്നത് വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. ശബാബ് വാരികയുടെ (ഡിസം 12) ‘ഓപണ്‍ സെക്‌സ് : മാനവികതയോടുള്ള  വെല്ലുവിളി’ എന്ന കവര്‍ സ്‌റ്റോറി അവക്കെതിരെയുള്ള മൂല്യാധിഷ്ഠിത സര്‍ഗാത്മക പ്രതിരോധം തന്നെയാണ്. ലൈംഗികവൈകൃതങ്ങള്‍ അലങ്കാരമായി കൊണ്ടാടിയ സദൂം ഗോത്രത്തെ ഒന്നടങ്കം മുക്കിക്കൊന്ന് ഭൂമിയെ അണുമുക്തമാക്കാന്‍ ചരിത്രത്തില്‍ ഒരു ചാവുകടല്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. ആ ചാവുകടല്‍ പുനഃസൃഷ്ടിക്കപ്പെടുമോ എന്ന് ലേഖകന്‍ ഖലീലുറഹ്മാന്‍ ആശങ്കപ്പെടുന്നുണ്ട്. മൂല്യങ്ങളെ ജീവനു തുല്ല്യം സ്‌നേഹിക്കുന്ന, മൂല്യങ്ങളിലേക്ക് അഭയം തേടി അണയുന്ന ഉത്തമദൈവദാസന്മാരെ സംബന്ധിച്ച് ഇത്തരം ആശങ്കകള്‍ അസ്ഥാനത്തല്ല. ആഭാസത്തരങ്ങള്‍ക്ക് സമരമുറകള്‍ എന്ന് പേരു നല്‍കിയ ചെകുത്താന്‍ കൂട്ടങ്ങള്‍ക്ക് മുന്നില്‍ ബെയ്ജിംഗിലെ ടിയാന്‍മെന്‍ സ്‌ക്വയറും, ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് മുലപ്പൂ വിപ്ലവം വിരിയിച്ചെടുത്ത തഹ്‌രീര്‍ സ്‌ക്വയറും പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട് ലേഖകന്‍.

പൊള്ളുന്ന തീവെളിച്ചത്തിനടുത്ത് നിന്നും ഇയ്യാംപാറ്റകള്‍ മാറിപ്പറക്കാത്തത് എന്തു കൊണ്ടാണെന്നറിയുമോ? സത്യത്തിന് വേണ്ടി പൊരുതി രക്ഷസാക്ഷിത്വം വരിച്ചവന്റെ ജീവിതത്തില്‍ അതിനുള്ള ഉത്തരമുണ്ട്. സത്യമെന്ന വെളിച്ചത്തില്‍ നിന്നും ഒരു നിമിഷം പോലും വേര്‍പിരിഞ്ഞ് നില്‍ക്കാന്‍ ഇഷ്ടപ്പെടാതെ അതിന്റെ ചാരെനിന്ന് ജീവിച്ച് മറുലോകം തേടിപ്പോയവനാണവന്‍.

Related Articles