Current Date

Search
Close this search box.
Search
Close this search box.

വാട്‌സ് ആപ്പ് ചാനല്‍ ചര്‍ച്ചകളിലൂടെ ഒരു വായന

മാരാരെ ചെണ്ട പോലെയാണ് മുസ്‌ലിം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ. വഴിയേ പോകുന്നവര്‍ ആരും ഒന്നു കൊട്ടിനോക്കി ഒച്ചയുണ്ടാക്കും. സമുദായത്തിന് പുറത്തുള്ളവരാണ് അതുചെയ്യാറെങ്കിലും അതിന് വേദിയൊരുക്കിക്കൊടുക്കാറ് പലപ്പോഴും അതിനകത്തുനിന്നുള്ളവര്‍ തന്നെയായിരിക്കും. വിഷയം തെരെഞ്ഞുപിടിച്ച് പോകേണ്ട ആവശ്യമൊന്നുമില്ല, പെണ്ണെന്ന വിഷയം സമുദായത്തിനകത്ത് സജീവമായി എപ്പോഴും ഉണ്ടാകും. ഇപ്പോഴത്തെ വിഷയം സ്ത്രീയുടെ അധികാര പങ്കാളിത്തത്തെ കുറിച്ചാണ്. നവ സാമൂഹിക മാധ്യമങ്ങളായ വാട്‌സ് ആപ്പിലും അച്ചടി മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയുമാണ് സംവാദം കൊഴുക്കുന്നത്.

യുവ സുന്നീ പണ്ഡിതനും പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ആണ് ആദ്യമായി തീപ്പൊരിക്കൊളുത്തിയ പ്രസംഗം നടത്തിയത്. സ്ത്രീകള്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ഭരണം കൈയ്യാളുന്നതും അനിസ്‌ലാമികമാണെന്നും ആരെങ്കിലും അങ്ങനെ മത്സരിക്കുന്നുവെങ്കില്‍ അത് ഹറാമാണെന്നും മത്സരിക്കുന്നവര്‍ ഇസ്‌ലാമിന്റ പേരില്‍ അതു ചെയ്യരുതെന്നും നിങ്ങള്‍ മത്സരിക്കുന്നെങ്കില്‍ പേരുമാറ്റിക്കോ എന്നുമാണ് അദ്ദേഹത്തിന്റെ ഉപദേശം. സ്ത്രീകള്‍ പൊതുനിരത്തിലൂടെ കൈയ്യും വീശിനടക്കുന്നത് അവരുടെ ഭര്‍ത്താക്കന്മാര്‍ ദയ്യൂസ് (കുടുംബത്തിന്റെ സദാചാര കാര്യത്തില്‍ ശ്രദ്ധയില്ലാത്തവന്‍) ആയതുകൊണ്ടാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. വാട്‌സ് ആപ്പിലൂടെ പ്രചരിച്ച ഈ പ്രസ്ഥാവനക്കെതിരെ സ്ത്രീവാദികളും സംരക്ഷകരും ഇറങ്ങി. റിപ്പോര്‍ട്ടര്‍ ചാനല്‍ അതു പ്രൈം ടൈം ന്യൂസാക്കി ചര്‍ച്ചയും ചെയ്തു. അതില്‍ പങ്കെടുത്തുകൊണ്ടു സംസാരിച്ച അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അത്ര കടുപ്പിച്ചല്ലെങ്കിലും സമാനമായി രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്. സ്ത്രീക്ക് സാമൂഹിക പ്രവര്‍ത്തനം ഇസ്‌ലാം അനുവദിക്കുന്നില്ല, ബാധ്യതയുമല്ല. പന്നിയിറച്ചി തിന്നുന്നതുപോലെയുള്ള ഇളവു മാത്രമാണ് അതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. സ്ത്രീ സ്വാതന്ത്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും പ്രവാചകന്റെയും ഖുര്‍ആന്‍ വചനങ്ങളുടെയും അടിസ്ഥാനത്തില്‍ പൂക്കോട്ടൂരിന്റെയും സിംസാറുല്‍ ഹഖിന്റെയും വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടു ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.റുക്‌സാനയും മഹിളാകോണ്‍ഗ്രസിന്റെ പ്രതിനിധി ഷാഹിന കമാലും റിപ്പോര്‍ട്ടര്‍ ചാനലിലൂടെ തന്നെ സംസാരിക്കുന്നതും കണ്ടു.

സ്ത്രീകള്‍ക്ക് 50 ശതമാനം സീറ്റ് സംവരണം ചെയ്തതിനു ശേഷമുള്ള രണ്ടാമത്തെ തെരഞ്ഞടുപ്പാണിത്. കഴിവുണ്ടായാലും ഇല്ലാതിരുന്നാലും ശരി സ്ത്രീകളെ അധികാരപങ്കാളിത്തം നല്‍കി ശാക്തീകരിക്കാന്‍ തീരുമാനിച്ച പഞ്ചായത്തീ രാജ് ആക്ടിന്റെ ബലം കൊണ്ടാണ് ഇങ്ങനെ 50 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക് കിട്ടിയത്. അല്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസ്സറിഞ്ഞ് കൊടുത്തതല്ല. ആദ്യ തെരഞെടുപ്പിലും 50 ശതമാനം സ്ത്രീകളില്‍ ഒട്ടേറെ പേര്‍ മുസ്‌ലിംകളില്‍ നിന്നും മത്സരരംഗത്തുണ്ടാവുകയും വിജയിക്കുകയും ഭരണം നടത്തുകയും ചെയ്തിരുന്നു. അന്നൊന്നും ഇല്ലാത്ത ഇസ്‌ലാമിക വിലക്ക് എന്തേ ഇപ്പോള്‍ എന്നതിന് ഉത്തരം ചിലപ്പോള്‍ രാഷ്ട്രീയം തന്നെയായിരിക്കാം.

നിലവിലെ സംവരണത്തോട് വിയോജന കുറിപ്പെഴുതിയ മാധ്യമം ഗ്രൂപ്പ് എഡിറ്ററായ ഒ. അബ്ദുറഹിമാന്‍ സാഹിബിന് നേരെയും സ്ത്രീസംരക്ഷണ വാദികളും സംവരണ വാദികളും രംഗത്ത് വന്നു. നിലനില്‍ക്കുന്ന പശ്ചാത്തലത്തെ മുന്‍ നിര്‍ത്തി അദ്ദേഹമെഴുതിയ ലേഖനം ചുരുക്കി പറഞ്ഞപ്പോള്‍ ചില അവ്യക്തതകള്‍ക്ക് കാരണമായി എന്നതാണ് വസ്തുത. ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും തന്റെ അഭിപ്രായങ്ങള്‍ പറയാനും എഴുതാനും അവകാശമുണ്ട് എന്ന കാര്യം പോലും മറന്നായിരുന്നു പലരുടെയും പ്രതികരണം. രണ്ടു ദിവസത്തിന് ശേഷം വസ്തുതകള്‍ ഓരോന്നും വിശദീകരിച്ച് അദ്ദേഹം തന്നെ എഴുതിയ പ്രതികരണം (കടന്നല്‍ കൂട്ടില്‍ കല്ലെറിഞ്ഞപ്പോള്‍) ആ അവ്യക്തതകളെ നീക്കുന്നതായിരുന്നു. കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എഴുതിയതായിരുന്നില്ല ലേഖനമെന്നും ദേശീയതലത്തില്‍ സംവരണം ചൂടേറിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും കേരളത്തിലും അതിന്റെ അനുരണനങ്ങള്‍ പ്രകടമാവുകയും ചെയ്തപ്പോള്‍ നേരത്തേ മനസ്സില്‍ കുടിയേറിയ ചില ചിന്തകള്‍ പങ്കുവെക്കണമെന്ന് തോന്നിയെന്നും കടുത്ത വിവാദങ്ങളും വിമര്‍ശങ്ങളും ഉയര്‍ന്ന സ്ഥിതിക്ക് വിശദീകരണം പ്രസക്തമായിത്തോന്നുന്നുവെന്നും, വിശിഷ്യ ടി.ടി. ശ്രീകുമാര്‍, എം.എന്‍. കാരശ്ശേരി, സണ്ണി എം. കപിക്കാട് തുടങ്ങിയ സുഹൃത്തുക്കളുടെ വിയോജനം ശ്രദ്ധിക്കാന്‍ ഇടയായപ്പോള്‍ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ദലിത് മുസ്‌ലിം സംവരണത്തിന്റെ അവസ്ഥകളെ സച്ചാര്‍സമിതി റിപ്പോര്‍ട്ടൊക്കെ ഉദ്ദരിച്ചുകൊണ്ടാണത് എഴുതിയത്.

ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ന്‍ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന പൊതുരംഗത്തേക്കുള്ള സ്ത്രീയുടെ ഇടപെടലിനെക്കുറിച്ച് അവരുടെ കാഴ്ചപ്പാട് വെച്ചുകൊണ്ട് മാധ്യമം ഓണ്‍ലൈനില്‍ മറ്റൊരു ലേഖനവും എഴുതിയിരുന്നു. ഒറ്റവാക്കില്‍ തന്നെ സ്ത്രീരാഷ്ട്രീയ പ്രവേശനത്തെ അംഗീകരിച്ചും അവസരത്തെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു രംഗത്തുവരികയാണ് ഐ.എസ്.എം സംസ്ഥാന അധ്യക്ഷന്‍ ഹുസൈന്‍ മടവൂര്‍ ചെയ്തത്.

എന്തുകൊണ്ടാണ് സ്ത്രീ വിഷയത്തില്‍ ഇത്രയധികം പ്രശ്‌നങ്ങള്‍?
നാട്ടാചാരങ്ങളും സമ്പദായങ്ങളും ദൈവിക ദീനിന് എതിരെല്ലെങ്കില്‍ അത് നിലനിര്‍ത്തിപ്പോരുന്നതില്‍ അപാകതയൊന്നുമില്ല. പക്ഷേ സ്ത്രീ വിഷയത്തില്‍ മുസ്‌ലിം സമൂഹം പലപ്പോഴും ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങള്‍ക്കും പ്രായോഗികതക്കും അപ്പുറം പരമ്പര്യ ആചാര്യങ്ങളെയാണ് കൂടെ കൊണ്ടു നടക്കുന്നത്. അത് പലപ്പോഴും പുരുഷ അനുകൂലവും സ്ത്രീ വിരുദ്ധവുമായ നാട്ടുസമ്പദായങ്ങളാണ്. എഴുതാനും വായിക്കാനും പള്ളിയില്‍ പോകാനും ജോലിക്കുപോകാനും പാടില്ലെന്നു ആദ്യകാലത്ത് പണ്ഡിതന്മാര്‍ക്ക് പറയേണ്ടിവന്നതും പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായി അതൊക്കെയും തിരുത്തപ്പെട്ടെന്നതും വസ്തുതതയാണ്.

ഇസ്‌ലാമിന്റെ ചരിത്രം തുടങ്ങുന്നേടത്തുതന്നെ പെണ്ണിന്റെ ചരിത്രവുമുണ്ട്. ഫിര്‍ഔനോട് അതിജയിച്ച ആസിയയും ഈസാനബിയുടെ മാതാവ് മറിയമും ഹിറാഗുഹയില്‍ന്നും വെപ്രാളപ്പെട്ട് വന്ന മുഹമ്മദിന് ധൈര്യം നല്‍കിയ ഖദീജയും ഇസ്‌ലാമിനുവേണ്ടി ആദ്യം രക്തസാക്ഷിയായ സുമയ്യയും വിജ്ഞാാനത്തിന്റെ കുലപതിയായ ആഇശയും ഖുര്‍ആനിക വചനം ഇറങ്ങാന്‍ കാരണക്കാരിയായ ഖൗലയും മക്കളെയും ഭര്‍ത്താവിനെയും ആങ്ങളമാരെയും ധീരമായി പടര്‍ക്കളത്തിലയച്ച കവയത്രി ഖന്‍സാഉം മുസ്‌ലിം സ്ത്രീയുടെ നായികമാരാണ്. ഇവരൊക്കെയു ജീവിച്ചതും ചരിത്രത്തെ തങ്ങളുടെതുമാക്കി തീര്‍ത്തതും ശക്തരും അജയ്യരും പണ്ഡിതരുമായ പുരുഷമ്മാരുടെ സമകാലികരുമായി ക്കൊണ്ടു തന്നെയാണ്. ഈ ചരിത്രങ്ങളൊക്കെ പേജില്‍ എഴുതിയിടാനും പ്രസംഗത്തില്‍ വീറോടെ ഉദ്ദരിക്കാനും മാത്രമുള്ളതല്ല. അവരൊക്കെ മുസ്‌ലിം സ്ത്രീയുടെ സമുന്നതരായ മാതൃകകകളാണ് അത് ജീവിതത്തില്‍ പകര്‍ത്താനാണ് മുസ്‌ലിം സ്ത്രീയെ അനുവദിക്കേണ്ടത്.

Related Articles