Current Date

Search
Close this search box.
Search
Close this search box.

വധശിക്ഷ പരിഷ്‌കൃത ലോകത്തിന് നിരക്കാത്തതോ..

ഏറെ പുരോഗമനപരമെന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കാലത്ത് ഒട്ടേറെ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ക്കും വരെ ഇടയായ ഒന്നാണ് വധശിക്ഷാ വിവാദം. ഇന്ത്യയടക്കം വധശിക്ഷക്ക് വിധേയരായ ആളുകളുടെ മത വംശീയ പശ്ചാത്തലം വിലയിരുത്തുമ്പോള്‍ പ്രത്യേകിച്ചും ഇതിനു പ്രാധാന്യവുമുണ്ട്. പരിഷ്‌കൃതലോകത്തിനു നിരക്കാത്തതാണ് വധശിക്ഷയെന്ന വാദം ശക്തിപ്പെടുകയും ഇതിനെതിരെ കൂട്ടായ്മകള്‍ രൂപം കൊള്ളുകയും ചെയ്യുന്നുമുണ്ട്.

അതുകൊണ്ടുതന്നെ വധശിക്ഷയുടെ രാഷ്ട്രീയവും വംശീയവും മതപരവുമായ കാരണങ്ങളെക്കുറിച്ചും മതത്തിനും രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും വധശിക്ഷയെക്കുറിച്ച സമീപനമെന്താണെന്നും അറിയാന്‍ ഏറെ ആഗ്രഹമുണ്ടാകും. പ്രത്യേകിച്ചും പ്രതിക്രിയാ രൂപത്തില്‍ വധശിക്ഷക്ക് ഇസ്‌ലാം അനുവാദം നല്‍കുന്ന പശ്ചാത്തലത്തില്‍. അത്തരത്തിലുള്ള അറിവുകളുമായാണ് ഈ ലക്കം പ്രബോധനം വാരിക (2015 ഒക്ടോബര്‍ 19) പുറത്തിറങ്ങിയിരിക്കുന്നത്. ‘മനുഷ്യന്‍ പുരോഗമിക്കുന്നതിനനുസരിച്ച് ശി്ക്ഷയുടെ കടുപ്പം കുറയ്ക്കണമെന്ന ചരിത്ര വായനക്കപ്പുറം ചരിത്രം തന്നെ അരികിലാക്കിയ സമൂഹങ്ങളുടെ അതിജീവനവുമായി ബന്ധപ്പെടുത്തിയാകണം വധശിക്ഷയുടെ രാഷ്ട്രീയം വായിക്കേണ്ടത് എന്ന സാലിഹ് കോട്ടപ്പള്ളിയുടെ ‘വധശിക്ഷയുടെ രാഷ്ട്രീയവും ദൃശ്യപ്പെടുന്ന വംശീയതയും’ എന്ന ലേഖനവും ‘അന്യായമായി മനുഷ്യജീവന്‍ ഹനിക്കുന്നവര്‍ക്കും ഭൂമിയിയല്‍ കുഴപ്പമുണ്ടാക്കുന്നവര്‍ക്കും മാത്രമാണ് ഖുര്‍ആന്‍ വധശിക്ഷ വിധിച്ചിരിക്കുന്നതെന്നും മതപരിത്യാഗത്തിനും വ്യഭിചാരത്തിനും വധശിക്ഷനല്‍കണമെന്ന വീക്ഷണത്തോട് പ്രമുഖ ഇസ്‌ലാമിക നിയമവിചക്ഷണന്മാര്‍ യോജിക്കുന്നില്ലെന്നും പറയുന്ന ‘വധശിക്ഷക്കെതിരെ വിധിയെഴുതും മുമ്പ്’ എന്ന ലേഖനവും ‘ഖിസാസ് പ്രതിക്രിയയോ’ എന്ന അബൂദര്‍റ് എടയൂരിന്റെ ലേഖനവും.

മണ്ണിനെ തിരിച്ചുപിടിക്കാം
മണ്ണില്‍ നിന്നാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ആ മണ്ണിലേക്ക് തന്നെയാണ് മടക്കവും. ജീവന്‍ നിലനിര്‍ത്തുന്ന പ്രകൃതിയെയും മണ്ണിനെയും സംരക്ഷിക്കാതെ മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക് നിലനില്‍പ്പില്ല. ഈ വലിയ പാഠം നല്‍കിക്കൊണ്ടാണ് ഈ ലക്കം ആരാമം മാസിക(2015 ഒക്ടോബര്‍) വായനക്കാരിലേക്കെത്തുന്നത്. വിഷലിപ്തമായ മണ്ണില്‍ നിന്നും കൊയ്‌തെടുക്കുന്ന വിളവുകള്‍ മനുഷ്യനെ അസുഖക്കാരനാക്കിമാറ്റുമ്പോള്‍ ഇതിലൂടെ ലാഭം കൊയ്യുന്നവരെ നിലക്കുനിര്‍ത്തേണ്ടത് ഉത്തരവാദിത്വപ്പെട്ടവരാണ്.

അതുകൊണ്ടുതന്നെ ബന്ധപ്പെട്ട വകുപ്പുമന്ത്രിയുമായുള്ള അഭിമുഖം:’കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കാന്‍ അനുയോജ്യമായ സാഹചര്യം’ എന്ന തലക്കെട്ടില്‍ മന്ത്രി മോഹനനുമായുള്ള അഭിമുഖം ഈ ലക്കത്തിലെ പ്രത്യേകതയാണ്. മുഹമ്മദ് അസ്‌ലം ആണ് അഭിമുഖം നടത്തിയിരിക്കുന്നത്.’ആരോഗ്യമുള്ള മണ്ണ് ആരോഗ്യമുള്ള ശരീരത്തിന്’എന്ന അസ്‌ലം വാണിമേലിന്റെ ലേഖനവും ‘ജൈവകൃഷി പ്രകൃതിയോടുള്ള നീതിസാക്ഷ്യം’എന്ന മുസ്ഫിറ മുഹമ്മദിന്റെ ലേഖനവും പ്രകൃതിയുമായി ഇണങ്ങിജീവിക്കുന്ന മനുഷ്യനെ അതില്‍നിന്നും പറിച്ചെടുത്ത് അതിന്റെ ദുരിതം അനുഭവിക്കാന്‍ വിട്ടവര്‍ക്കുള്ള മറുപടിയാണ്.

സംഘപരിവാറിന്റെ സംവരണനയം
രാജ്യത്ത് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരെ സമൂഹത്തിന്റ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഭരണഘടനാ ശില്‍പികള്‍ വളരെ ഗൗരവത്തോടെ ആലോചിച്ച് ചെയ്തതാണ് വിദ്യാഭ്യാസ രാഷ്ട്രീയ തൊഴില്‍ രംഗങ്ങളില്‍ അവര്‍ക്കുള്ള സംവരണം. പക്ഷേ മനുഷ്യനെ ജാതീയമായി വിഭജിച്ച് അടിമത്തമാഘോഷിക്കുന്ന സവര്‍ണതക്ക് അതിനോട് ഒട്ടും യോജിപ്പില്ല. അധികാരബലത്തില്‍ എതിര്‍പ്പിന്റെ ശബ്ദം അവര്‍ കൂട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്. ആര്‍.എസ് തലവന്‍ മോഹന്‍ ഭഗവതും വൈദ്യയും സംവരണത്തിനെതിരെ ശബ്ദിച്ചിരിക്കുന്നു. സംവരണത്തെക്കുറിച്ച് പഠിക്കാന്‍ രാഷ്ട്രീയക്കാരില്ലാത്ത കമ്മീഷന്‍ വേണമെന്നാണ് അവരുടെ ആവശ്യം.

ഇതിനെക്കുറിച്ചുള്ള പിണറായി വിജയന്റെ പ്രതികരണമാണ് 2015 ഓക്ടോബര്‍ ലക്കം 7 ലക്കം ചിന്ത വാരികയില്‍. സാമുദായിക സംവരണത്തിനപ്പുറം സാമ്പത്തിക സംവരണത്തെക്കുറിച്ച് ആലോചിക്കുന്ന മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായം എന്താണെന്നറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. ഈഴവാദി പിന്നോക്ക വിഭാഗങ്ങളെ മനുഷ്യരായിപ്പോലും കാണാന്‍ തയ്യാറല്ലാത്ത ആര്‍.എസ്.എസ്സില്‍ നിന്ന് സംവരണത്തെക്കുറിച്ച് അനുകൂല സമീപനം പ്രതീക്ഷിക്കുന്നത് പരമാബന്ധമാണെന്നു തിരിച്ചറിയാന്‍ സാമാന്യയുക്തി മതി എന്നാണ് പിണറായിയുടെ വാദം. പുതിയപുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുകയും ഇലക്ഷന്‍ അടുത്തുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. ‘സംഘപരിവാറിന്റെ സംവരണ നയം’ എന്ന തലക്കെട്ടിലാണ് ലേഖനം.

Related Articles