Current Date

Search
Close this search box.
Search
Close this search box.

ലോകത്തിന് വെളിച്ചം കാട്ടിയവര്‍ എങ്ങനെ അപരിഷ്‌കൃതരായി?

ആധുനികതയും അതിനെ രൂപപ്പെടുത്തിയ ശാസ്ത്രസാങ്കേതിക നേട്ടങ്ങളുമെല്ലം യൂറോപ്യന്‍ സംസ്‌കൃതിയുടെയും നാഗരികതയുടെയും നേട്ടമായിക്കൊണ്ടാണ് ലോകം ആഘോഷിക്കുന്നത്. അതേപോലെതന്നെ അജ്ഞരും അപരിഷ്‌കൃതരുമായി കൊണ്ടാണ് യൂറോപ്യന്മാരുംമാധ്യമങ്ങളും അറേബ്യന്‍ സംസ്‌കാരത്തെയും ഇസ്‌ലാമിനെയും പരിചയപ്പെടുത്താറുള്ളതും. ചൊല്ലിപ്പഠിച്ച ചരിതങ്ങളിലൊന്നും അടയാളപ്പെടുത്താതെ ഇരുണ്ടുപോയതാണ് അറേബ്യന്‍ നാഗരികതയുടെ വൈജ്ഞാനിക മണ്ഡലങ്ങള്‍ എന്നതും ചരിത്രവസ്തുതയാണ്. പക്ഷേ എത്രതന്നെ മറയ്ക്കാന്‍ ശ്രമിച്ചാലും കാലമേറെ കഴിഞ്ഞാലും സത്യം ഒരുനാള്‍ പുറത്തുവരും. അതിനു തെളിവാണ് യുനസ്‌കോയുടെ നടപടിയിലൂടെ നാം കാണുന്നത്.

യുനസ്‌കോ 2015 അന്താരാഷ്ട്രാ പ്രകാശവര്‍ഷമായി ആചരിക്കാന്‍ പോകുകയാണ്. ഈ ആചരണത്തിലൂടെ യൂറോകേന്ദ്രീകൃത വിവരവിജ്ഞാനങ്ങളുടെ കാപട്യത്തില്‍ മറഞ്ഞുപോയ അല്‍ഹസന്‍ ബിനുല്‍ ഹൈഥം എന്ന  അറബ് പണ്ഡിതനാണ് അറിവിന്റെ വെളിച്ചത്തിലേക്ക് വരുന്നത്. വെളിച്ചത്തിന്റെ പിതാവായി ലോകം ആദരിക്കുന്നത് എഡിസനെയാണ്. എന്നാല്‍ പ്രകാശത്തെക്കുറിച്ചുള്ള പഠനത്തിലേക്ക് അദ്ദേഹത്തെ വഴി നടത്തിയ, പ്രകാശം എന്താണെന്നും അതിന്റെ സ്വഭാവമെന്തായിരുന്നുവെന്നും ലോകത്തിന് പറഞുകൊടുത്ത അറബ് ശാസ്ത്രജ്ഞനായിരുന്നു ഇബ്‌നുല്‍ ഹൈഥം. ഐസക് ന്യൂട്ടനു മുന്നേ  എന്താണ്ട് 700-വര്‍ഷത്തോളം മുമ്പ് ജീവിച്ച പ്രകാശത്തിന്റെ വഴിയെ സഞ്ചരിച്ച,  നിരീക്ഷണങ്ങള്‍ ‘കിത്താബ് അല്‍ മനാസിര്‍’ എന്നപേരില്‍ എഴുതിവെച്ച പണ്ഡിതന്‍. ഇദ്ദേഹം ശാസ്ത്രത്തിന് നല്‍കിയ സംഭാവനകളെയും ആധുനിക ലോകം എങ്ങനെയാണ് ഇസ്‌ലം ശാസ്ത്രത്തിനും മറ്റ് മാനവിക വിജ്ഞാനങ്ങളിലും നല്‍കിയ സംഭാവനകളെ തിരസ്‌കരിച്ചതെന്നും പറഞ്ഞുതരുന്ന മൗലികമായ രചനയാണ് 2015 മാതൃഭൂമി ആഴ്ചപ്പതിപ്പ് (ജൂണ്‍ ലക്കം 14 )ലെ ‘പ്രകാശത്തിന്റെ ആയിരം തടവറകള്‍’ എന്ന ജീവന്‍ ജോബ് തോമസിന്റെ  ലേഖനം.

ഇബിനുഹസന്റെയും സമകാലികരായ ഇബന്‍ സഹലിനെപ്പോലുള്ളപണ്ഡതര്‍ രൂപം നല്‍കിയ ആഴമുള്ള അറിവുകള്‍ ശാസ്ത്രം പേറുന്നുണ്ടെന്നും അതില്‍ നിന്നാണ് പിന്നീട് യൂറോപ്പ് ആധുനിക സയന്‍സിനും യറോപ്യന്‍ നവോഥാനത്തിനും വഴിയൊരുക്കിയതെന്നും പറയുന്നു ഈടുറ്റ ഈ ലേഖനം.

ചരിത്രം അറിവിനെ ഇരുണ്ട അറകളിലേക്ക് പലപ്പോഴും തള്ളിമാറ്റുമെന്നും അതിനു കാരണം രാഷ്ട്രീയ സംവിധാനങ്ങളാണെന്നും രാഷ്ട്രീയസംവിധാനം പരാജപ്പെടുബോള്‍ ഇത് പൂൂര്‍ണമാവുമെന്നും ലേഖകന്‍ പറയുന്നു.  ഇസ്‌ലാമിക ലോകത്ത് അഞ്ചുനൂറ്റാണ്ടുകാലം  കരുത്താര്‍ജ്ജിച്ചു നിന്ന  ശാസ്ത്രജ്ഞാനം പൂര്‍ണമായും വിസ്മരിക്കപ്പെട്ടതിന്റെ കാരണം രാഷ്ടീയമായി അറേബ്യന്‍ നാടുകളില്‍ കരുത്താര്‍ജ്ജിച്ച അസ്വസ്തതകള്‍ കൂടിയാണന്നും ലേഖകന്‍ വിലയിരുത്തുന്നു. പോളീമാത്തുകള്‍ അഥവാ അറബിയില്‍ ഹക്കീമുകള്‍ എന്ന പേരിലറിയപ്പെട്ട  അറേബ്യന്‍ പണ്ഡിതന്മാരെ പരിചയപ്പെടാന്‍ വളരെയധികം ഉപകരിക്കുന്നു ലേഖനം. ഒപ്പം ഈ ഹാകിമീങ്ങളിലേക്കുള്ള യുനസ്‌കോയുടെ പഠനയാത്രകള്‍, വിദ്യയെ മതമെന്നും മതാതീതമെന്നും രണ്ടാക്കി വെടക്കാക്കി ഈടുറ്റ വൈജ്ഞാനിക സ്വത്തുക്കള്‍ പാശ്ചാത്യനു മുമ്പില്‍ കൊണ്ടുതള്ളിയ അഭിനവ പണ്ഡിതന്മാരെ ഓര്‍ത്ത് സഹതപിക്കാനും. എല്ലാ നന്മയും യൂറോപ്പിന് ചാര്‍ത്തിക്കൊടുക്കുന്നവരും അറിവിനെ വര്‍ഗീകരിക്കുന്ന നിലവിലെ മുസ്‌ലിം പണ്ഡിതന്മാരും ഒരു പുനര്‍വിചിന്തനത്തിന് തയ്യാറായെങ്കില്‍ എന്നാശിച്ചുപോവുകയാണ് ലേഖനത്തിലൂടെ കടന്നുപോകുമ്പോള്‍.  

നിരോധം അഡാനിക്കു വേണ്ടി!
നമ്മുടെ തീന്‍മേശകള്‍ അലങ്കരിക്കുകയും വയറ് നിറക്കുകയും ചെയ്യുന്ന സ്വാദൂറുന്ന വിഭവ ഭക്ഷണങ്ങള്‍ ഏറെയും മായം കലര്‍ന്നതാണെന്നും  ഒട്ടേറെ മാരകരോഗങ്ങള്‍ക്ക് ഹേതുവായതും ഇത്തരം ഭക്ഷണരീതികളാണെന്നതും സാമൂഹിക പ്രതിബന്ധതയുള്ള ഒട്ടേറെ പേര്‍ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. നിമിഷ ഭക്ഷണക്കൂട്ടായ മാഗിയുടെ നിരോധനം നമ്മെ ഞട്ടിച്ചുകളഞ്ഞു. അതിലെ വിഷാംശത്തെ ഓര്‍ത്തു മാത്രമല്ല ഈ ഞെട്ടല്‍. ബഹുരാഷ്ട് ഭീമന്മാരായ നെസ്‌ലെയുടെ ഉല്‍പ്പന്നത്തെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് മൂലധനമിറക്കാന്‍ പാടുപെടുന്നൊരു സര്‍ക്കാര്‍ കൂട്ടത്തിന് നിരോധിക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്നോര്‍ത്ത്. പക്ഷേ അങ്ങനെ സര്‍ക്കാറിനെ സംശയിക്കുന്നവര്‍ക്കു മുമ്പിലാണ് മറ്റൊരു രഹസ്യവുമായി ഫ്രണ്ട്‌ലൈന്‍ മാഗസിന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്റെ ലേഖനം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ വരുന്നത്.

2015 ജൂണ്‍  ലക്കം 36-ല്‍ ‘അഡാനിക്കുവേണ്ടിയോ നിരോധനം?’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. ഭക്ഷ്യ ഉപഭോഗ വിപണിയില്‍ പ്രത്യേകിച്ചും ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് എന്ന സാങ്കേതിക നാമമുള്ള ഭക്ഷ്യ മാര്‍ക്കറ്റില്‍ കൃത്യമായ സ്വാധീനമുള്ള നെസ്‌ലെക്ക് അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലായെന്നിരിക്കെ 2015ന്റെ വേനലില്‍ എങ്ങനെയാണ് മാഗിക്ക് രാജ്യവ്യാപകമായി നിരോധനം വന്നതെന്നാണ് അേേദ്ദഹത്തിന്റെ ചോദ്യം. ഉത്തരവും അദ്ദേഹം തന്നെ തരുന്നുണ്ട്. കോര്‍പ്പറേറ്റ് മേഖലയും ഭരണകൂടവും തമ്മിലെ ബലാബലത്തില്‍ അഡാനി ഗ്രൂപ്പ് ചെലുത്തുന്ന സ്വാധീനമാണിതിനു കാരണം. അഡാനി ഗ്രൂപ്പ് ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് എന്ന രീതിയില്‍ ഭക്ഷണരംഗത്ത് ഇടപെടാന്‍ പോകുകയാണത്രെ. അച്ചാറും ജാമും ന്യൂഡില്‍സും അഡാനി ഗ്രൂപ്പ് ഇറക്കാന്‍ പോകുന്നെന്ന്. പോരാത്തതിന,് ലോക്‌സഭാ തെരെഞ്ഞടുപ്പ് കാലത്ത് മോദിയെയും ബിജെപിയെയും വിജയിപ്പിക്കാന്‍ മെനക്കെട്ട  യോഗാ ഗുരു ബാബാ രാം ദേവും അദ്ദേഹത്തിന്റെ പതജ്ഞലി ഗ്രൂപ്പും ഇത്രനാളും വിറ്റിരുന്ന പതജ്ഞലി ആരോഗ്യമരുന്നുകളും ആരോഗ്യപരിപാലന വസ്തുക്കളും കൂടാതെ ഇനിമുതല്‍ പതജ്ഞലി മാഗി എന്നപേരില്‍ ക്ഷണനേര പാചക നൂഡില്‍്‌സ് ഇറക്കാന്‍ പോകുന്നുണ്ടത്രെ. പതജ്ഞലിയും അഡാനിയും തമ്മിലുള്ള കൂട്ടുകച്ചവടം ആരംഭിക്കാനിരിക്കുകയാണെന്നും ലേഖകന്‍ തുടരുന്നു. ഇങ്ങനെ രാഷ്ട്രീയ കോര്‍പ്പറേറ്റ് ബലാബലത്തിലാണത്രെ മാഗി ഔട്ടായത്. ചുരുക്കത്തില്‍ ഭാവിയില്‍ നെസ്‌ലെയുടെ വിഷത്തിന് പകരം പതജ്ഞലിയുടെ ശുദ്ധ ഭാരതീയ വിഷം കഴിക്കാമെന്നര്‍ഥം. ‘സൂക്ഷിക്കുക ജീവിതം ഒടുങ്ങുന്നത് പാക്കറ്റ് ഫുഡ്ഡിലാണ്’ എന്ന മോഹനന്‍ വൈദ്യരുമായുള്ള വി.കെ സുരേഷിന്റെ  അതേ ലക്കം ചന്ദ്രിക (ജൂണ്‍ ലക്കം 30) ലേഖനം എങ്ങനെയാണ് പുതിയ വിപണി ഭക്ഷണസംസ്‌കാരം മനുഷ്യരെ നശിപ്പിച്ചതെന്ന് പറഞ്ഞുതരുന്നു. പഠനാര്‍ഹമായ ലേഖനമാണിത്.

മാഗിയേക്കാള്‍ മാരകമായി മറ്റൊന്നുകൂടിയുണ്ടോ?
ഉണ്ടെന്നാണ് കേസരി വാരികയുടെ കണ്ടെത്തല്‍. 2105 ജൂണ്‍ ലക്കം25 -കേസരി പറയുന്നത്  സ്‌നേഹത്തിന്റെയും സഹജീവനത്തിന്റെയും വിശാലസങ്കല്‍പ്പങ്ങള്‍ നിരത്തി ഹിന്ദു യുവതികളെ വലയിലാക്കുന്ന ലവ് ജിഹാദ് എന്ന സാമൂഹിക വിപത്ത് മാഗിയേക്കാള്‍ മാരകമാണെന്നാണ്. ‘മാഗിയെക്കാള്‍ മരകമയായ ലവ് ജിഹാദ്’ എന്ന ലേഖനത്തില്‍ രതീഷ് എ.വി കമ്പില്‍ ന്റെ നിരീക്ഷമമാണിത്. ക്യാമ്പസുകള്‍, ഫാന്‍സി കടകള്‍, വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയ സര്‍വ്വ മേഖലകളിലും  ഈ ജിഹാദി ഭീകരുരടെ അദൃശ്യസാന്നിധ്യമുണ്ടു പോലും! കോടതിയും പോലീസും വിശ്വസനീയ സ്രോതസ്സുകളും തള്ളിക്കളഞ്ഞ ആരോപണം വീണ്ടും കുത്തിപ്പൊക്കി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്ന ലേഖകന്റെ ‘അദൃശ്യജ്ഞാനം’ അപാരം തന്നെ.

Related Articles