Current Date

Search
Close this search box.
Search
Close this search box.

റമദാനെഴുത്തിന്റെ മലയാള വായനകള്‍

വായനക്ക് ഒരു ആത്മീയ സുഖം പകര്‍ന്ന ആഴ്ചയാണ് കടന്നുപോയത്. എഴുത്തിലും വായനയിലും റമദാന്റെ ആത്മീയത തൊട്ടനുഭവിച്ച ദിവസങ്ങള്‍. അക്ഷരാര്‍ഥത്തില്‍ വായന തന്നെ ഇബാദത്താവുന്ന കാലമാണല്ലോ റമദാന്‍. അതിനാല്‍ ആത്മീയ വായനയുടെ മാസം കൂടിയാണ് റമദാന്‍. വായിക്കപ്പെടുന്നത് എന്നര്‍ഥമുള്ള വേദഗ്രന്ഥമാണ് ഖുര്‍ആന്‍. വായനാ മാസമായി ആചരിക്കേണ്ടതാണ് അതിന്റെ അവതരണ മാസം. മുവുവന്‍ വിശ്വാസികളും വായന നിര്‍വഹിക്കുന്ന മാസമാണിത്. അക്ഷരമറിയാത്തവര്‍ പോലും മനഃപാഠമാക്കി വായന ഉരുവിടുന്ന അപൂര്‍വ കാലം. ആത്മീയ വായനയുടെ ഊര്‍ജ്വപ്രവാഹമാണ് ഇതിനവരെ പ്രേരിപ്പിക്കുന്നത്.

റമദാനെഴുത്തിന്റെ പോയ വാരത്തില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയ ആനുകാലികം രിസാല വാരികയാണ് (ജൂലൈ 19). വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള റമദാന്‍ അനുഭവങ്ങളും അതന്റെ ദേശസംസ്‌കാരങ്ങളും പരിചയപ്പെടുത്തുന്ന വ്യത്യസ്ത എഴുത്തുകളാണ് പുതിയ രിസാലുയെട റമദാന്‍ വിഭവങ്ങള്‍. ഈജിപ്തിന്റെ റമദാന്‍ കാഴ്ചകളെക്കുറിച്ച് നിര്‍വാന സഅ്ദിന്റെ ലേഖനമാണ് ഇതില്‍ ആദ്യത്തേത്. റമദാന്‍ കള്‍ച്ചര്‍ ഇന്‍ മോഡേണ്‍ കയ്‌റോ എന്ന അവരുടെ പുസ്തകത്തില്‍നിന്ന് ലുഖ്മാന്‍ കരുവാരക്കുണ്ട് തയാറാക്കിയതാണ് ഈ ലേഖനം. രിസാല വാരിക പ്രതിനിധീകരിക്കുന്ന ആത്മീയ ധാരയുമായി ചേര്‍ന്നു പോകുന്ന ലോകത്തിലെ വ്യത്യസ്ത എഴുത്തുകള്‍ മലയാളിക്ക് പരിചയപ്പെടുത്തുന്ന എഴുത്തുകാരന്‍ കൂടിയാണ് ലുഖ്മാന്‍ കരുവാരക്കുണ്ട്. കേരളത്തിന്റെ പരിമിത വായനാ വൃത്തത്തില്‍നിന്ന് ലോകത്തിന്റെ വിശാല എഴുത്തിടങ്ങളിലേക്ക് രിസാല വായനക്കാരെ കൊണ്ടുപോകുന്നതില്‍ ഈ എഴുത്തുകാരന്‍ നല്ല പങ്കുവഹിക്കുന്നുണ്ട്. ഇറാന്‍ സ്വദേശിനിയായ നാഫിസ താഹിര്‍ നജാദ് എഴുതിയ ഇറാനിലെ നോമ്പൊരുക്കങ്ങളെക്കുറിച്ചുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ റമദാനെഴുത്ത്. പ്രശസ്ത ഇംഗ്ലീഷ് ഇസ്‌ലാമിക് എഴുത്തുകാരന്‍ ആന്‍ഡ്രെ മുള്ളറുടെ ഇന്തോനേഷ്യയിലെ നോമ്പനുഭവങ്ങള്‍, മലയാളികള്‍ തന്നെ എഴുതുന്ന കുവൈത്ത്, ബഹ്‌റൈന്‍ രാജ്യങ്ങളിലെ നോമ്പുകാഴ്ചകള്‍… രിസാല നോമ്പ് വിഭവങ്ങള്‍ ഇങ്ങനെ നീണ്ടുപോകുന്നു.

പുതിയ പ്രബോധനം വാരികയാണ് (ജൂലൈ 12) മികച്ച നോമ്പ് വിഭവമൊരുക്കിയ മറ്റൊരു ആനുകാലികം. പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ നോമ്പിനെക്കുറിച്ചുള്ള ലേഖനമാണ് ഇതില്‍ മുഖ്യം. ‘അങ്ങനെയാണ് നോമ്പ് കരുത്തിന്റെ പ്രത്യയശാസ്ത്രമാവുന്നത്’ എന്ന സമീര്‍ വടുതലയുടെ ലേഖനം നോമ്പെഴുത്തിന്റെ എല്ലാ ആത്മീയ സൗന്ദര്യവും വഴിഞ്ഞൊഴുകുന്നതാണ്.

പുതിയ ശബാബ് വാരികയില്‍ (ജൂലൈ 5) എഡിറ്റോറിയലിന് പുറമെ ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയുടെ ലേഖനവും നോമ്പ് വിഷയമായിട്ടുള്ളതാണ്. വിചിന്തനം വാരികയില്‍ (ജൂലൈ 12) എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, കബീര്‍ എം. പറളി, അബ്ദുല്‍ ഹമീദ്, മായിന്‍ കുട്ടി സുല്ലമി, എം. മുഹമ്മദ് മദനി എന്നിവര്‍ റമദാന്റെ വ്യത്യസ്ത ഭാവങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്നു. വരും വാരങ്ങളിലും ആത്മീയതയുടെ റമദാന്‍ സൗരഭ്യം നറുമണം പടര്‍ത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Related Articles