Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം പെണ്ണ് ; ചില മതേതര ഉത്കണ്ഠകള്‍

പെണ്ണ് എന്നും സമൂഹത്തില്‍ ഒരു ഹോട്ട് സബ്ജക്റ്റാണ്. മതേതര തീന്‍ മേശയില്‍ ഇസ്‌ലാമിനേക്കാള്‍ എന്നും ചൂടുളള വിഷയവും മുസ്‌ലിം പെണ്ണായിരുന്നു.പര്‍ദ്ദ മുതല്‍ ത്വലാഖ് വരെയും ബഹുഭാര്യത്വം മുതല്‍ സാമ്പത്തിക അസമത്വം വരെയും മുസ്‌ലിം പെണ്ണ് അനുഭവിക്കുന്ന സകല ദുരിതങ്ങള്‍ക്കും ഒറ്റമൂലിയായി ഒരു മതേതര പരിഹാരത്തിന് ഓറിയന്റിലിസ്റ്റ് എഴുത്തുകാലം തൊട്ട് ഗവേഷണംമാരംഭിച്ചതാണ്. മലയാള അച്ചടി തുടങ്ങിയത് മുതല്‍ ആ കഷായം നമ്മുടെ മതേതര അച്ചുക്കൂടത്തിലും മഷിയായി പെയ്തിറങ്ങുന്നുണ്ട്. ഷാബാനു കേസ് വിവാദക്കാലത്ത് സാക്ഷാല്‍ ഇ.എം.എസ് മുതല്‍ എന്‍ പി മുഹമ്മദ് വരെ കണ്ടെത്തിയ ഏക സിവില്‍കോഡ് പരിഹാരങ്ങള്‍ ഇന്നും മതേതര പ്രസിദ്ദീകരണങ്ങളുടെ അട്ടത്ത് മാറാല പിടിച്ചു കിടക്കുന്നൂവെന്നല്ലാതെ ‘പ്രശ്‌നം ‘ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ പുതിയ പച്ചക്കുതിര മാസികയില്‍ പഴയ മതേതര ചേരുവകള്‍ക്കൊപ്പം അല്‍പ്പം ഖുര്‍ആനും ഹദീസുമെല്ലാം ചേര്‍ത്ത് പുതിയ പരിഹാര ഫോര്‍മുല വാറ്റിയെടുക്കുകയാണ് പഴയ എന്‍ പി മുഹമ്മദിന്റ മകന്‍ ഹാഫിസ് മുഹമ്മദ്.

മലയാളി മുസ്‌ലിം പെണ്ണ് അനുഭവിക്കുന്ന ‘ഏറ്റവും വലിയ ദുരിതമായ ബഹുഭാര്യത്വത്തിന്റ’ സാമുദായിക വശങ്ങളാണ് ലേഖകന്‍ പരിശോധിക്കുന്നത്. ‘പുരുഷ കാമാസക്തിയുടെ ഇരകള്‍ ‘ എന്ന ലേഖന തലക്കെട്ടില്‍ തന്നെ എഴുത്തുകാരന്റെ മുഖ്യ രോഗ ലക്ഷണം പ്രകടമാണ്. പുരുഷന് കീഴൊതുങ്ങി നില്‍ക്കുന്ന പെണ്ണെന്ന നിലയില്‍ നിര്‍ബന്ധിതമായി ബഹുഭാര്യത്വം അംഗീകരിക്കേണ്ടി വരുന്ന മുസ്‌ലിം പെണ്ണിന്റ അസ്വസ്ഥകളാണ് കൗണ്‍സിലര്‍ കൂടിയായ ലേഖകന്‍ കാര്യമായി വിശദീകരിക്കുന്നത്. ചില വാസ്തവങ്ങളും അര്‍ധസത്യങ്ങളുമെല്ലാം ആ അനുഭവങ്ങളില്‍ ഉണ്ടെന്നത് സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇതെല്ലാം മലയാള മതേതരത്വ ലോകത്ത് പല കുറി മഷി പുരണ്ട വിഷയങ്ങളാണ്. അതു കൊണ്ടുകൂടിയാണ് ഹാഫിസ് മുഹമ്മദിന്റ ലേഖനം വായനാമാര്‍ക്കറ്റിലെ ഒരു ചൂണ്ട മാത്രമായി ചുരുങ്ങിയില്ലേ എന്ന് സംശയിക്കുന്നത്. ഏതായാലും വിക്ടോറിയന്‍ സദാചാരവും ഏകപത്‌നീവ്രതവും നമ്മുടെ പുരോഗമന മുഖമാവുന്ന കാലത്തോളം മുസ്‌ലിമിന്റ ബഹുഭാര്യത്വം ഒരു വായനാസുഖമായി മതേതരമലയാളിയെ ഇനിയും ഇക്കിളിപ്പെടുത്തിക്കൊണ്ടിരിക്കും.

പച്ചക്കുതിരയിലെ തന്നെ ഷഫീഖ് വഴിപ്പാറ എഴുതിയ മാപ്പിള ഭക്ഷണം എന്ന സാസ്‌കാരിക പഠനവും പങ്കുവെക്കേണ്ടതാണ്. മലബാര്‍ മുസ്‌ലിംകള്‍ പ്രത്യേക ദിനങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണ വൈവിധ്യങ്ങളെ സവിസ്തരം പ്രതിപാതിക്കുന്ന പഠനമാണിത്.റമദാനിലെ ഇരുപത്തേഴാം രാവില്‍ ഉണ്ടാക്കുന്ന കല്‍ത്തപ്പം, ശഅബാനിലെ ബറാഅത്ത് രാവില്‍ ഉണ്ടാക്കുന്ന ചക്കര ചോറ്, മൗലീദ് കാലത്തെ കാവ, മരിച്ച വീട്ടില്‍ മൂന്ന്, പതിനാല്, നാല്‍പ്പത്, ആണ്ട് ദിനങ്ങളില്‍ വിളമ്പുന്ന ചോറും കുമ്പളങ്ങാ കറിയും പോത്തിറച്ചി വരട്ടിയതും  നേര്‍ച്ചയുടെ ഭാഗമായുള്ള അന്നദാനവും ഷഫീഖ് വിശദമായി പരാമര്‍ശിക്കുന്നുണ്ട്. സുന്നി പ്രസിദ്ദീകരണങ്ങളിലെ സ്ഥിരം എഴുത്തു സാന്നിദ്ധ്യമായ ലേഖകന്‍ ഈ നേര്‍ച്ച മൗലൂദുകളെ നിരാകരിക്കുന്ന നവോത്ഥാന പ്രസ്ഥാനങ്ങളെ കേരളീയ മഹിത പാരമ്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന യൂറോകേന്ദ്രീകൃത പരിഷ്‌ക്കരണമായാണ് പരിചയപ്പെടുത്തുന്നത്. ഏതായാലും മാപ്പിള വിഭവങ്ങള്‍ മതേതര തീന്‍മേശകളെ ഇനിയും വിഭവസമൃദ്ധ്വമാക്കട്ടെയെന്ന് ആഗ്രഹിക്കുന്നു..

മുസ്‌ലീം ആനുകാലികങ്ങളില്‍ പോയ വാരം ശ്രദ്ധേയമായി തോന്നിയത് പാലിയേറ്റീവ് സ്‌പെഷല്‍ പതിപ്പായ ഇറങ്ങിയ പ്രബോധനം വാരികയാണ്. സാന്ത്വന ചികിത്സാരംഗത്ത് ലോകത്തിന് തന്നെ മാതൃകയായ കേരള മോഡല്‍ പാലിയേറ്റീവിനെയും അതിന്റ വളര്‍ച്ചയില്‍ മുസ്‌ലീം സംഘടനകള്‍ വിശിശ്യാ ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് യുവജന സംഘടനയും വഹിച്ച പങ്ക് വാരിക അടയാളപ്പെടുത്തുന്നു. കേരളത്തില്‍ പാലിയേറ്റീവ് പ്രസ്ഥാനത്തിന് തുടക്കമിട്ട ഡോ:സുരേഷ് കുമാറുമായുളള അഭിമുഖവും ആതുര ചികിത്സയുടെ ഇസ്‌ലാമിക മാതൃകകളും പ്രബോധനം പങ്കുവെക്കുന്നു. ഉത്തരേന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ കേരളത്തിലെ എല്ലാം മുസ്‌ലീം സംഘടനകളും ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അജണ്ടകളിലെ അഭിനന്ദാര്‍ഹമായ ഈ മാറ്റം എല്ലാം മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലും പ്രതിഫലിച്ച് കാണാം. മുന്‍ കഴിഞ്ഞ ലക്കങ്ങളിലെ തെളിച്ചം മാസികയും സുന്നി അഫ്കാറും ഈ വിഷയം പങ്കു വെച്ചിരുന്നു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റിന്റെ കീഴില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ‘ഉത്തരേന്ത്യ വിളിക്കുന്നു ‘ എന്ന വിഷയമാണ് പുതിയ ലക്കം ശബാബ് കവര്‍ സ്‌റ്റോറി. ഏതായാലും ഈ നല്ല കാല്‍വെപ്പിന് തുടര്‍ച്ചയും മികച്ച പ്രതിഫലനവും ഉണ്ടാകട്ടെയെന്ന് പ്രാഥിക്കുന്നു.

Related Articles