Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ചരിത്ര വായനകള്‍

കേരള മുസ്‌ലിം ഹെരിറ്റേജ് ഫൗണ്ടേഷന്റെ കീഴില്‍ നടന്ന ചരിത്രസെമിനാര്‍ വിഷയവൈവിധ്യം കൊണ്ടും വ്യത്യസ്ഥ വീക്ഷണഗതിയിലുള്ളവരെ തുറന്ന് പറയാന്‍ അവസരം നല്‍കിയതിലൂടെയും മികച്ച നിലവാരം പലര്‍ത്തുകയുണ്ടായി. പ്രബോധനം വാരികയില്‍ ശൈഖ് മുഹമ്മദ് കാരകുന്നുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ അഭിമുഖത്തില്‍ മുസ്ലിം ചരിത്രസമ്മേളത്തിന്റെ പ്രസക്തിയും പ്രധാന്യവും ഊന്നിപ്പറയുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമി മുന്‍കയ്യെടുത്താണ് ഈ സാംസ്‌കാരിക വേദിക്ക് രൂപം നല്‍കിയിരുന്നത്.

മുസ്‌ലിം സംഘടനകള്‍ തങ്ങളുടെ പാരമ്പര്യമന്വേഷിച്ച് കേരളീയ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തീരുമാനിച്ചിട്ട് അധിക കാലമായിട്ടില്ല. ഇസ്‌ലാമിക ചരിത്രമെന്നു വെച്ചാല്‍ നബിയില്‍ നിന്നും തുടങ്ങി ഉമവി-അബ്ബാസി-ഫാത്തിമി-ഉസ്മാനി ഖിലാഫത്തുകളില്‍ ചെന്നു മുട്ടുകയോ അധികം പോയാല്‍ ഇന്ത്യയിലേകക്കുള്ള സൈനിക പടയോട്ടത്തിലേക്കോ മുഗള്‍ സാമ്രാജ്യത്തോളമോ എത്തിനില്‍ക്കുകയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ നമ്മുടെ കൊച്ചു കേരളത്തിനും ഇസ്‌ലാമിന്റെ ആദ്യ ദശകം മുതലുള്ള കഥപറയാനുണ്ടായിട്ടും അതു കേള്‍ക്കാന്‍ അധികമാരും തയ്യാറായിരുന്നില്ല. അത് പഠിപ്പിക്കേണ്ട സ്ഥാപനങ്ങളായ മദ്രസകളിലും യൂണിവേഴ്‌സിറ്റികളിലും പഠിപ്പിക്കുന്ന ഇസ്‌ലാമിക് ചരിത്ര പുസ്തങ്ങളില്‍ പോലും അതിന് സ്ഥലം നീക്കിവെച്ചതായി കാണുന്നില്ല.

ഇവിടെയാണ് കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മുസ്‌ലിം സംഘടനകളുടെ ശ്രമങ്ങള്‍ ശ്രദ്ധേയമാവുന്നത്. സമസ്ത വിഭാഗങ്ങളാണ് മുസ്‌ലിം നവോഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ട് ആദ്യമായി കാമ്പയിന്‍ തുടങ്ങിയത്. തുടര്‍ന്ന് കേരളത്തിലെ നവോഥാന ശ്രമങ്ങളെ കുറിച്ചും അവയുടെ പൊളിറ്റിക്‌സിനെ കുറിച്ചും പ്രബോധനം വാരികയിലും ലേഖനങ്ങള്‍ വന്നു. പ്രബോധനത്തില്‍ കെ.ടി. ഹുസൈനും ശബാബി പി.എം.എ ഗഫൂറും തദ്‌സംബന്ധമായ ലേഖനങ്ങളെഴുതി. കഴിഞ്ഞ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് പ്രമേയമായി തെരഞ്ഞെടുത്തു നവോദ്ധാനത്തിന്റെ ഒരു നൂറ്റാണ്ട് എന്നതായിരുന്നു. കേരളമുസ്‌ലിം ചരിത്രം എന്നാല്‍ മലബാര്‍ മുസ്‌ലിംകളുടെ ചരിത്രമാണെന്ന പൊതു ധാരണയെ ചോദ്യം ചെയ്തു കൊണ്ടായിരുന്ന ദക്ഷിണേന്ത്യയിലെ മുസ്‌ലിം നവോഥാന സംരഭങ്ങളെ കുറിച്ചു സദ്‌റുദ്ദീന്‍ വാഴക്കാട് ലേഖനമെഴുതിയത്. കേരളമുസ്‌ലിം നവോഥാനമെന്നത് ആണ്‍ കോയ്മയില്‍ മാത്രം ഉണ്ടായതല്ലെന്നും പെണ്ണിനും അതില്‍ ഇടമുണ്ടായിരുന്നുവെന്ന് ആ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പൈതൃകത്തിന്റെ പതിനഞ്ച് നൂറ്റാണ്ട് എന്ന പേരിലാണ് എസ്.വൈ.എസ് 60 ാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സുന്നി അഫ്കാര്‍ ജനുവരി 1 ാം ലക്കത്തില്‍ തുഹ്ഫത്തുല്‍ മുജാഹിദീന്‍ പോരാളികള്‍ക്ക് മഖ്ദൂമിന്റെ സമ്മാനം എന്ന ലേഖനം വന്നിട്ടുണ്ട്. ഏഴു വിദേശ ഭാഷകളിലേക്കും അഞ്ച് ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട തുഹ്ഫത്തിനെ കുറിച്ചുള്ള പഠനമാണ് ലേഖനത്തിലുള്ളത്. ഗ്രന്ഥ കര്‍ത്താവിനെ കുറിച്ചും ഗ്രന്ഥ രചനയുടെ പശ്ചാത്തലത്തെ കുറിച്ചും തുഹ്ഫത്തുല്‍ മുജാഹിദീന്റെ ആഗോള പ്രസക്തിയെ കുറിച്ചും ചരിത്രപരമായ പ്രാധാന്യത്തെ കുറിച്ചുമെല്ലാം ലേഖനത്തില്‍ വിശകലനം ചെയ്യുന്നു. ഉമറുബുനു അബ്ദുല്‍ അസീസിനെ കുറിച്ചുള്ള ലേഖനം ഡിസം-18 ലക്കത്തിലുണ്ട്.

എന്നാല്‍ രിസാല വാരികയില്‍ ചില ചരിത്രാന്വേഷണ പരീക്ഷണങ്ങള്‍ എന്ന് പേരില്‍ കവര്‍സ്‌റ്റോറിയുണ്ട്. (ഡിസം-12). ‘ചരിത്രത്തില്‍ മുന്‍ കടന്നു പോയ ഏതെല്ലാം ഹിന്ദുക്കളെ ആര്‍.എസ്.എസില്‍ അംഗങ്ങളാക്കി മാറ്റാം എന്നതാണ് മോഡിയുടെ അന്വേഷണമെങ്കില്‍ മുസ്‌ലിം ചിരിത്രത്തില്‍ കടന്നു പോയ ഏതെല്ലാം നേതാക്കളെ ജമാഅത്തെ ഇസ്‌ലാമിയിലേക്ക് മാര്‍ഗം കൂട്ടാമെന്നാണ് മൗദൂദികള്‍ ഉത്സാഹിച്ചു കൊണ്ടിരിക്കുന്നത്.’ ഇതാണ് റൈറ്റപ്പ്. കേരളത്തിലെ നവോഥാന നായകരുടെ രാഷ്ട്രീയ നിലപാടുകളും സമരവീര്യവും എടുത്തു കാണിച്ചതാവാം ഈ വിമര്‍ശനത്തിന് കാരണമെന്ന് മനസ്സിലാക്കാം. അത്രത്തോളം അരാഷ്ട്രീയരായവര്‍ക്ക്, പോരാളികള്‍ക്ക് മഖ്ദൂമിന്റെ സമ്മാനമെന്ന് സുന്നി അഫ്കാന്‍ വിശേഷിപ്പിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ പോലുള്ള ഒരു ഗ്രന്ഥം രചിക്കാനായി എന്നതാണ് ഏറെ അത്ഭുതകരം.

അന്ധവിശ്വസത്തിനെതിരെ
കേരളമുസ്‌ലിംകളില്‍ അന്ധവിശ്വാസത്തിന്റെ വിത്ത് പാകുന്നതില്‍ മതയാഥാസ്ഥിക വിഭാഗങ്ങളിലെ നിലപാടുകള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. സിഹ്‌റും മന്ത്രവാദവുമെല്ലാം ചില അനുകൂല വശങ്ങള്‍ മുതലാക്കി തട്ടിപ്പുകാരും സിദ്ധന്മാരും സാധാരണക്കാരുടെ പണവും ഈമാനും ചോര്‍ത്തിയെടുത്തു. എന്നാല്‍ ഇത്തരം കള്ള നാണയങ്ങളെ പ്രതിരോധിക്കാന്‍ പോലും അത്തരം സംഘടനകളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. എന്നാല്‍ ആകാശം മുട്ടുന്ന അന്ധവിശ്വാസങ്ങള്‍ എന്ന് പേരില്‍ രിസാല വാരികയില്‍ (രിസാല – ഡിസംബര്‍ 12) വന്ന ലേഖനത്തില്‍ ഹദീസുകളുദ്ധരിച്ചു തന്നെ സിദ്ധന്മാരുടെ അടുത്ത് പോവുന്നതും അത് വിശ്വസിക്കുന്നതും നമസ്‌കാരത്തെ പോലും നിഷ്ഫലമാക്കുന്ന കാര്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

ഹസനുല്‍ ബന്നയുടെ അന്ത്യം
തേജസ് ദൈ്വവാരികയില്‍ ശൈഖ യൂസുഫുല്‍ ഖറദാവിയുടെ ആത്മകഥ ഇത് 19 ാം ഭാഗമാണ്. ഇമാം ഹസനുല്‍ ബന്നയുടെ രക്തസാക്ഷ്യം ഈ ഭാഗത്തിന്റെ ഉള്ളടക്കം. ബന്ന രക്ത സാക്ഷിയാവുമ്പോള്‍ ഖറദാവിയുടെ കൂട്ടുകാരും ത്വന്‍ത്വയിലെ ജയിലറകളിലായിരുന്നു. 1949 ഫെബ്രുവരി 13 പുറത്തിറങ്ങുമ്പോളായിരുന്നു കാതുകള്‍ക്ക് വിശ്വസിക്കാനാവാത്ത ആ വാര്‍ത്ത കേട്ടത്. മരണ വാര്‍ത്ത കേട്ട നിമിഷത്തെ കുറിച്ച് ഖറദാവി വിശദീകരിക്കുന്നു.

Related Articles