Current Date

Search
Close this search box.
Search
Close this search box.

മറവിക്കെതിരെ ഉണരുന്ന ഓര്‍മകള്‍

ഉറച്ച ബോധ്യങ്ങളും, നനുത്ത അനുഭവങ്ങളുമാണ് ഓര്‍മകളായി മനസ്സിന്റെ അടരുകളില്‍ ഉറഞ്ഞുകൂടി കിടക്കാറുള്ളത്. കാലഭേദങ്ങള്‍ക്കനുസരിച്ച് ഭിന്നങ്ങളായ ശബ്ദസൗകുമാര്യത്തോടെ ഒഴുകുന്ന പുഴ പോലെയാണ് മനുഷ്യമനസ്സ്. ഒഴുക്കില്‍പ്പെടുന്ന ചെറുകല്ലുകള്‍ സമുദ്രത്തിന്റെ അഗാധതയില്‍ വിസ്മൃതി പ്രാപിക്കും. ഓര്‍മകളില്‍ ചിലത് അങ്ങനെയാണ്. ഒഴുക്കിന്റെ  വളഞ്ഞുപുളയലുകളില്‍ മനോഹരങ്ങളായ രൂപങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ട് തീരങ്ങളില്‍ അടിയുന്ന മിനുസമേറിയ കല്ലുകള്‍ പോലെയാണ് ചില ഓര്‍മകള്‍. കാലത്തിന്റെ കൃത്യമായ ഇടവേളകളില്‍ അവ വാര്‍ഷികങ്ങളായും, അനുസ്മരണങ്ങളായും കൊണ്ടാടപ്പെടുന്നു. മറക്കാന്‍ ശ്രമിക്കാതിരിക്കുന്ന എന്നത് ഒരു പ്രതിഷേധകല കൂടിയാണ്.

ആദിവാസികള്‍ നില’നില്‍പ്’ സമരത്തിലാണ്
ഭൂമിയുടെ ആദിമാവകാശികളാണ് ആദിവാസികള്‍ എന്നാണ് പാഠപുസ്തക നിര്‍വചനം. പാഠപുസ്തകളിലെ നിര്‍വചനം അവര്‍ കാണാന്‍ വഴിയില്ല എന്നായിരുന്നു ഭരണകൂടത്തിന്റെ മൂഢധാരണ. ഇന്നിതാ അവര്‍ ഉണര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ജയിക്കും വരെ നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു കൊണ്ട് നിലനില്‍ക്കുക എന്ന അവകാശത്തിന് അവര്‍ പോരാടുകയാണ്. ആദിവാസികളുടെ ഭൂമി കയ്യൂക്കുള്ളവര്‍ തട്ടിയെടുത്തതിന്റെ വിശദമായ ചരിത്രവും കണക്കുകളും ഡോ. അസീസ് തരുവണ (ചന്ദ്രിക ആഴ്ചപ്പതിപ്പ് ഒക്ടോ 11) അവതരിപ്പിക്കുന്നു. എല്ലാം ഉണ്ടായിരുന്ന കാലത്തിന്റെ ഓര്‍മകളാണ് അവരുടെ ഊര്‍ജ്ജം. ഇടക്കിടക്ക് എറിഞ്ഞു കൊടുക്കുന്ന വാഗ്ദാനങ്ങളില്‍ മനംമയങ്ങി കഴിഞ്ഞതെല്ലാം മറവിയുടെ ഘനാന്ധകാരത്തിലേക്ക് വലിച്ചെറിയാന്‍ അവര്‍ ഒരുക്കമല്ല. ഓര്‍മയുടെ ചെപ്പില്‍ നിന്നും നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള, അടിച്ചേല്‍പ്പിക്കപ്പെടുന്ന മറവിയോടുള്ള പ്രതിഷേധ സമരമാണ് ആദിവാസികളുടേത്.

നമ്മുടെ മലപ്പുറം
ചോരകണ്ണ്, കൊമ്പന്‍ മീശ, അരയില്‍ കത്തി, പോത്തിറച്ചി. ആകെ കൂടി ഒരു വയലയന്‍സ് സിനിമയുടെ പ്രതീതിയാണ് കേരളത്തിന്റെ തെക്കുള്ളവര്‍ക്ക് മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍. മലപ്പുറത്തേക്ക് സ്ഥലം മാറ്റി കിട്ടി പോകുന്ന മക്കളെ ഓരോ അമ്മമാരും ആധിയോടെയാണ് വീട്ടില്‍ നിന്നും യാത്രയയക്കുക. ‘ശബാബ്’ വാരികയില്‍ (2014 ഒക്ടോബര്‍ 3) മണമ്പൂര്‍ രാജന്‍ ബാബു ‘എന്റെ മലപ്പുറം’ എന്ന തലകെട്ടിന് ചുവട്ടില്‍ എഴുതിയ വസ്തുതകള്‍, മലപ്പുറത്തിന്റെ ഊഷ്മള സ്‌നേഹം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച ഒരു ‘വരത്തന്റെ’ ഹൃദയത്തില്‍ കൈവെച്ചുള്ള നേര്‍സാക്ഷ്യങ്ങളാണ്. വള്ളുവമ്പ്രത്തിനടുത്തുള്ള പൊടിയാട്ട് എന്ന ഗ്രാമത്തെ കേന്ദ്രീകരിച്ചാണ് മലപ്പുറം വിശേഷങ്ങള്‍ പുരോഗമിക്കുന്നത്. എഴുത്തച്ഛന്‍, പൂന്താനം, വള്ളത്തോള്‍, പുലിക്കോട്ടില്‍ ഹൈദര്‍, ഇ കെ അയമു, ഇ എം എസ് തുടങ്ങിയ അനേകം മഹാരഥന്‍മാരുടെ സ്പര്‍ശത്താല്‍ അനുഗൃഹീതമായ ഈ മണ്ണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണെന്ന് ലേഖകന്‍ സമര്‍ത്ഥിക്കുന്നു. സെയ്താലിക്കയുടെ വാടകവീട്ടില്‍ താമസം തുടങ്ങുകയും, പിന്നീട് ‘വാടക ആരു താമസിച്ചാലും കിട്ടും, പക്ഷേ, ബാബുവേട്ടനെ ഇവിടെ വേണം’ എന്നും പറഞ്ഞ് താന്‍ വാടകക്ക് നല്‍കിയ വീട് സെയ്താലിക്ക ബാബുവിന് വില്‍ക്കുകയായിരുന്നു. മുപ്പത്തെട്ട് വര്‍ഷം ഒരു പെറ്റമ്മയെപ്പോലെ തന്നെ പോറ്റിയ മലപ്പുറത്തിന് അക്ഷരപൂക്കള്‍ കൊണ്ടുള്ള ഹാരം തീര്‍ക്കുകയാണ് ലേഖകന്‍.

പ്രസാര്‍ ഭാരതി പ്രസരിപ്പിക്കുന്നത്

സംഗതി ഔദ്യോഗികമാണ് എന്ന ധാരണ ഭരണകൂടമാധ്യമങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കുണ്ട്. അതില്‍ മഴപെയ്യും എന്ന് പറഞ്ഞാല്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ ഒരു കുട കയ്യില്‍ കരുതുന്നത് സ്വാഭാവികമാണ്. കാരണം അത് ആധികാരികമാണ്. മോഹിനിയാട്ടവും, രാമായണ സീരിയലും മതേതരമാണെന്നാണ് ഇന്ത്യന്‍ ജനതയെ വിശ്വസിപ്പിച്ചിരുന്നത്. കുറെയൊക്കെ നമ്മള്‍ അഡ്ജസ്റ്റ് ചെയ്തിട്ടുമുണ്ട്. ആ സൗജന്യത്തിന്റെ ചെലവില്‍ ഇപ്പോഴിതാ ആര്‍ എസ് എസ് പ്രമുഖന്റെ പാര്‍ട്ടി ക്ലാസും ദൂര്‍ദര്‍ശന്‍ സംപ്രേഷണം ചെയ്തിരിക്കുകയാണ്. ‘ഇതാ ആന്റണി, താങ്കള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ആ ശബ്ദം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തിരിക്കുന്നു’ എന്ന് താഹ മാടായി (മാധ്യമം ആഴ്ചപ്പതിപ്പ് ഒക്ടോ 13) ഉച്ചത്തില്‍ സധൈര്യം വിളിച്ചു പറയുന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ ( ഒക്ടോ 19) ബി.ആര്‍.പി ഭാസ്‌കറും ദൂരദര്‍ശന്റെ നടപടിയെ വിമര്‍ശന വിധേമാക്കുന്നു. ഓര്‍മകള്‍ക്ക് മേലുള്ള കടന്നുകയറ്റങ്ങളെ ചെറുക്കുന്നത് ഫാസിസ്റ്റുകളുടെ ദൃഷ്ടിയില്‍ ദേശദ്രോഹമാണെന്ന ബോധ്യത്തോടെ തന്നെ അപകടങ്ങളെ സ്വീകരിക്കാന്‍ അവരുടെ അക്ഷരങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുക.

Related Articles