Current Date

Search
Close this search box.
Search
Close this search box.

മരുഭൂമിയുടെ മനസ്സിലൂടെ….

‘വെള്ളമാണ് ബാഡ്മിര്‍ മരുഭൂമിയിലെ സ്വര്‍ണ്ണം. ഒരു നിധി പോലെയാണ് അവര്‍ വെള്ളം സൂക്ഷിക്കുന്നതും, ഉപയോഗിക്കുന്നതും. വിവാഹം അന്വേഷിക്കുമ്പോള്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വരനോട് ചോദിക്കുന്നത് ‘നിങ്ങള്‍ക്ക് സ്വന്തമായി കിണറുണ്ടോ’ എന്നാണ്. ‘കിണറില്ലെങ്കില്‍ എന്റെ മകള്‍ എവിടെ നിന്ന് വെള്ളം കൊണ്ടു വരും?’ ഈ ചോദ്യത്തെ ഓരോ പുരുഷനും നേരിട്ടേ മതിയാകൂ.‘ വായനക്കാരനു മുന്നില്‍ ആശ്ചര്യമുണര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങള്‍ നിരത്തിക്കൊണ്ടാണ് സെപ്റ്റംബര്‍ 19 ലെ ‘പ്രബോധനം’ വാരികയില്‍ സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ മരുഭൂയാത്രാ വിവരണം പ്രയാണം തുടരുന്നു. പാക് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ലോക പ്രശസ്തമായ താര്‍ മരുഭൂമിയുടെ ഭാഗമായ രാജസ്ഥാനിലെ ബാഡ്മിറിലൂടെയാണ് യാത്രാനുഭവങ്ങള്‍ പുരോഗമിക്കുന്നത്. ചുട്ടുപഴുത്ത് കിടക്കുന്ന മരുനിലങ്ങളില്‍ വസിക്കുന്ന, മനസ്സില്‍ പച്ചപ്പേറ്റിയ ജീവിതങ്ങളെ ഹൃദ്യമായി തൊട്ടുതലോടുന്ന അനുഭവം. ബാഡ്മിര്‍ മരുഭൂമിയിലൂടെ അലഞ്ഞു നടക്കുന്ന ഇടയന്‍മാരുടെ ധ്യാനനിര്‍ഭരമായ കണ്ണുകളില്‍ പ്രപഞ്ചരഹസ്യങ്ങളുടെ താക്കോലുകള്‍ പരതുകയാണ് ലേഖകന്‍. ലോകത്തിന് വെളിച്ചമേകിയ പ്രവാചകന്‍മാരില്‍ പലരും ചെറുപ്രായത്തില്‍ ഇടയന്‍മാരായിരുന്നത്രെ. അശ്ലീലമായി കണക്കാക്കപ്പെടുന്ന ‘അലഞ്ഞു തിരിയുക’ എന്ന പദത്തിന് പ്രപഞ്ചവിശാലതയിലേക്ക് തുറക്കുന്ന ചില ദാര്‍ശനിക വാതിലുകളുണ്ടെന്ന് ലേഖകന്‍ സമര്‍ഥിക്കുന്നു.

രാമക്ഷേത്രം പണിയാന്‍ എം.ജി.എസ്….
ഔദ്യോഗിക ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ തയ്യാറാക്കിയ ബാബരി മസ്ജിദിന്റെ പിതൃത്വത്തെ കുറിച്ചുള്ള പഠനം (മലയാളം വാരിക, സെപ് 19) മോദി യുഗം കൈയ്യടിച്ച് സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയത്തിന് വകയില്ല. ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥാനത്ത് മുമ്പേ ഒരു ക്ഷേത്രം ഉണ്ടായിരുന്നതിന്റെ ഒന്നാന്തരം തെളിവുകള്‍ അദ്ദേഹം തന്റെ ലേഖനത്തില്‍ നിരത്തുന്നുണ്ട്. എതിര്‍ വായനകളെയെല്ലാം മാര്‍ക്‌സിയന്‍ വ്യാജശാസ്ത്രീയതയുടെ വസ്തുനിഷ്ഠാരാഹിത്യമായും, സങ്കുചിതമായ കക്ഷിരാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ ഉപോല്‍പന്നങ്ങളുമായാണ് എം.ജി.എസ് അവതരിപ്പിക്കുന്നത്. പൊളിഞ്ഞു പോവുകയോ’ ‘പൊളിക്കപ്പെടുകയോ’ ചെയ്ത ഒരു ക്ഷേത്രത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ബാബരി മസ്ജിദ് ജന്മമെടുത്തത് എന്ന ‘സത്യം’ തല്‍ക്കാലം ചില അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാമെങ്കിലും ഭാവിയില്‍  സമുദായങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ആരോഗ്യകരമായി വളര്‍ത്താന്‍ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

മുസ്‌ലിം രക്ഷിതാക്കളുടെ ശ്രദ്ധക്ക്….
മുകളില്‍ കാണുന്ന തലകെട്ടില്‍ സെപ്റ്റംബര്‍ 21 ലെ ‘ദി വീക്ക്’ മാഗസിനില്‍ ജാവേദ് ആനന്ദ് അതിഥികള്‍ക്കുള്ള കോളത്തില്‍ എഴുതിയ കുറിപ്പ് മുസ്‌ലിംകള്‍ക്കുള്ള ‘സദുപദേശങ്ങളാല്‍’ സമ്പന്നമാണ്. ‘മതേതര’ ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്ന ‘മുസ്‌ലിം’ കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍. പ്രസ്തുത മാഗസിന്റെ കവര്‍ സ്റ്റോറി ഇറാഖിലെ തീവ്രസായുധ ഗ്രൂപ്പായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരുവാനായി ഇറങ്ങി പുറപ്പെട്ട മുംബൈയിലെ എഞ്ചിനീയറിംഗിന് പഠിക്കുന്ന നാല് ‘കുട്ടികളെ’ കുറിച്ചാണ്. മൗലാന അബുല്‍ കലാം ആസാദിന്റെ ഖുര്‍ആന്‍ വിശദീകരണമാണോ നിങ്ങളുടെ കുട്ടികള്‍ കേള്‍ക്കുന്നത് അതല്ല ഉസാമ ബിന്‍ ലാദന്റെ ഖുര്‍ആന്‍ വിശദീകരണമാണോ നിങ്ങളുടെ കുട്ടികള്‍ മദ്രസകള്‍, ഇസ്‌ലാമിക് സെന്ററുകള്‍, മസ്ജിദുകള്‍ എന്നിവിടങ്ങളില്‍ നിന്നും കേള്‍ക്കുന്നത് എന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. സാക്കിര്‍ നായിക്കിന്റെ പീസ് ടിവി ഒരുക്കാരണവാശാലും കാണരുതെന്നും അത് സമാധാനമല്ല മറിച്ച് ഇസ്‌ലാമിന്റെ ആധിപത്യമനോഭാവമാണ് മനുഷ്യമനസ്സുകളില്‍ കുത്തിവെക്കുന്നത് എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

വിമോചന രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും, തീവ്രജിഹാദി വികാരത്താല്‍ പ്രേരിതരായി അബദ്ധങ്ങള്‍ എഴുന്നളിക്കുന്നവരെയും ഒരേ പ്രത്യയശാസ്ത്ര നുകത്തിലാണ് ലേഖകന്‍ കെട്ടിയിടുന്നത്. സൗദിയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്, മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സയ്യിദ് ഖുതുബ്, ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ സയ്യിദ് അബുല് അഅ്‌ലാ മൗദൂദി എന്നിവരുടെ രാഷ്ട്രീയ ഇസ്‌ലാമാണ് ഇസ്‌ലാമിക് സ്റ്റേറ്റ് പോലെയുള്ള സംഘങ്ങള്‍ക്ക് ബീജാവാപം ചെയ്തതത്രെ. അതു കൊണ്ട് തന്നെ മുകളില്‍ പറഞ്ഞവരുടെ ചിന്താരീതി ആദര്‍ശമായി സ്വീകരിച്ച സംഘടനകളില്‍ നമ്മുടെ കുട്ടികള്‍ അകപ്പെട്ടു പോകാതിരിക്കാനായി മുന്‍കരുതലെടുക്കണമെന്നും ജാവേദ് ഉപദേശിക്കുന്നുണ്ട്. കഴിച്ച് കഴിച്ച് വരുന്തോറും കയ്ച്ചു കയ്ച്ചു വന്ന പഴം പോലെയുണ്ട് പ്രസ്തുത ലേഖനം.

Related Articles