Current Date

Search
Close this search box.
Search
Close this search box.

പരിഷ്‌കരണം മദ്‌റസകളെ ഇല്ലാതാക്കുമ്പോള്‍

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കും എന്ന പഴഞ്ചൊല്ലു പോലെയൊരു പരിഷ്‌കാരം മുസ്‌ലിം സമുദായത്തിനുമേല്‍ മോദി സര്‍ക്കാര്‍ ആസൂത്രിതമായി നടത്തുന്നുണ്ട്. നവീകരണമെന്ന പേരില്‍ പരിഷ്‌കരിച്ച് പരിഷ്‌കരിച്ച് മദ്രസകളെ ഇല്ലാതാക്കുന്ന പരിപാടിയാണിത്. വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള 2009-ലെ ആര്‍.ടി.ഇ ആക്ട് അധികാരമുപയോഗിച്ച് മഹാരാരാഷ്ട്രാ ഗവണ്‍മെന്‍ാണ് ഇതുമായി മുന്നോട്ടുനീങ്ങുന്നത്. സംസ്ഥാന ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന കരിക്കുലം അംഗീകരിക്കുകയോ മദ്രസാ നവീകരണ പദ്ധതി പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട വിഷയങ്ങള്‍ പഠിപ്പിക്കുകയോ ചെയ്യാത്ത മതകലാലയങ്ങളെയാണ് വിദ്യാലയങ്ങലായി പരിഗണിക്കാതിരിക്കുന്നത്. സമുദായത്തിലെ അറുപത് ശതമാനം കുട്ടികളും സ്‌കൂളില്‍ പോകാത്തതില്‍ വേവലാതിയില്ലാത്തവര്‍ വെറും നാലുശതമാനം മാത്രം പഠിക്കുന്ന മതകലാലയങ്ങളില്‍ കണ്ണുുവെച്ചതിന്റെ ദുഷ്ടലാക്ക് സമുദായം തിരിച്ചറിയാതെ പോകുന്നതിലുള്ള പരാതിയാണ് തെളിച്ചം മാസികയിലെ (2015 ആഗസ്റ്റ്) യൂനുസിന്റെ ‘മദ്രസാ നവീകരണം ഭരണകൂട നീക്കങ്ങളില്‍ സമുദായം വീണ്ടും തോല്‍വി പഠിക്കുന്നു’ എന്ന ലേഖനം.

മതവിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന് പുറത്തുനില്‍ക്കണമെന്ന ശാഠ്യം ശാസ്ത്രീയ പാഠങ്ങള്‍ക്കു വിരുദ്ധമാണ് മതകീയ പാഠങ്ങള്‍ നല്‍കുന്നതെന്ന തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതാണെന്നു വിലയിരുത്തി അവസാനിപ്പിക്കുന്ന ലേഖനം സമുദായത്തിനകത്തുള്ളവര്‍ ശ്രദ്ധയോടെ വായിച്ചിരിക്കേണ്ട ഒന്നാണെന്നു തോന്നുന്നു. വ്യത്യസ്തമായ ശൈലിയില്‍ നിന്നുകൊണ്ടു സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന തെളിച്ചം മാസികയുടെ മറ്റൊരു സാമൂഹിക പ്രാധാന്യമുള്ള ലേഖനമാണിത്.

അവയവദാനത്തിന്റെ മതത്തിന്റെ വിലക്കില്ല
ഏതൊരു വിഷയത്തെയും മതപരമായ പരിപ്രേക്ഷത്തിലൂടെ നോക്കിക്കാണുകയും അതിന്റെ കര്‍മശാസ്ത്ര വിധിവിലക്കുകളെ അറിയാനും ശ്രമിക്കുന്നവരാണ് ഇസ്‌ലാം മത വിശ്വാസികള്‍. ഒട്ടനേകം വിഷയങ്ങളില്‍ ഒരുപാട് സംശയങ്ങളും സന്ദേഹവും പേറുന്നവരുമാണ്. ഖുര്‍ആനിലും പ്രവാചകചര്യയിലും ഇല്ലാത്ത വിഷയമാകുമ്പോള്‍ പ്രത്യകിച്ചും. അത്തരത്തിലൊന്നാണ് അവയവദാനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന കാഴ്ചപ്പാടുകള്‍. ശാസ്ത്ര അറിവുകള്‍ ഏറ്റവും ഗുണപരമായി അനുഭവപ്പെടുന്ന വൈദ്യശാസ്ത്രരംഗം ഇന്ന് മനുഷ്യാവയവങ്ങള്‍ വരെ മാറ്റിവെച്ച് മരണം കാത്തുകിടക്കുന്നവനു മുന്നില്‍ പ്രതീക്ഷ വളര്‍ത്തുകയാണ്.
ഇക്കഴിഞ്ഞ ജൂലൈ മാസം വൈദ്യശാസ്ത്രം ചരിത്രത്തിന് സമ്മാനിച്ചത് അത്തരമൊരു മുഹൂര്‍ത്തമായിരുന്നു. മസ്തിഷ്‌കമരണം സംഭവിച്ച ഒരാളുടെ ഹൃദയം മറ്റൊരാള്‍ക്ക് വെച്ചുപിടിപ്പിക്കാന്‍ നാവികസേനയുടെ എയര്‍ ആംബുലന്‍സ് കുതിച്ചുപാഞ്ഞ ദിവസമായിരുന്നു അത്. സ്വാഭാവികമായും ഇത്തരം കാര്യങ്ങളില്‍ ഉണ്ടാവുന്ന വിശ്വാസിയുടെ സംശയങ്ങള്‍ക്കുള്ള നിര്‍ദ്ധാരണമാണ് ഈ ലക്കം (2015 ആഗസ്റ്റ് 7) ശബാബ് വാരിക.

‘അവയവദാനത്തിന്ന് മതത്തിന്റെ വിലക്കേര്‍പ്പെടുത്തരുത്’ എന്ന അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചിയുടെതാണ് പഠനാര്‍ഹമായ ഈ ലേഖനം. നബി(സ) ജീവിച്ചിരുന്നപ്പോള്‍ ഇല്ലാത്ത ഒരു നൂതനപ്രശ്‌നമെന്ന നിലക്ക് ഖുര്‍ആനിലോ നബിചര്യയിലോ അവയവ -രക്തദാനത്തെപ്പറ്റി പരാമര്‍ശങ്ങള്‍ കാണുക സാധ്യമല്ലന്നും ആധുനിക കാലത്ത് മുസ്‌ലിം രാജ്യങ്ങളില്‍ രൂപം നല്‍കപ്പെട്ട വിവിധ ഫിഖ്ഹ് കൗണ്‍സിലുകളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ഫത്‌വകള്‍ വന്നിട്ടുണ്ടെന്നും ലേഖകന്‍ വിശദീകരിക്കുന്നു. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ മനുഷ്യകുലത്തിന്റെ ജീവന്‍ രക്ഷിച്ച പോലെയാണ് എന്ന വിശുദ്ധ കുര്‍ആനിലെ വിശാലമാനവിക വീക്ഷണം പൊതുതത്വമായി അംഗീകരിച്ചുകൊണ്ടാണ് അവയവ ദാനത്തിന് ഫത്‌വകള്‍ നല്‍കിയിരിക്കുന്നതെന്ന് ലേഖകന്‍ വിശദീകരിക്കുന്നു. അവയവദാനവുമായി ബന്ധപ്പെട്ട ശബാബിലെ തന്നെ മറ്റൊരു ലേഖനമാണ് ‘അവയവദാനം പ്രസക്തിയും പ്രായോഗിക പ്രശ്‌നങ്ങളും’ എന്ന ഷബീര്‍ രാരങ്ങോത്തിന്റെത്.

മലപ്പുറത്തിന്റെ കുറ്റം?
‘വീടെവിടെയാണെന്നു ചോദിച്ചു. കരുനാഗപ്പള്ളിയാണെന്നു പറഞ്ഞു.’ ‘ഓ.. മലപ്പുറത്തോ കോഴിക്കോട്ടോ ആണെന്നു തോന്നി.’
തട്ടമെന്നത് മലബാറിന്റെയും മലപ്പുറത്തിന്റെയും കുറ്റമായി കരുതുന്ന പൊതുബോധത്തിന് തന്റെ മതവേഷം അഴിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതാന്‍ കഴിയാതെപോയ കന്യാസ്ത്രീയോട് വലിയ സഹതാപമായിരുന്നു. പക്ഷേ അതേ കാര്യത്തിന് പരീക്ഷയെഴുതാന്‍ കഴിയാതെപോയ ആലിയ എന്ന മുസ്‌ലിം പെണ്‍കുട്ടി തട്ടമിട്ടതിന്റെ പേരില്‍ പരീക്ഷാഹാളില്‍ നേരിട്ട പീഢനത്തെക്കുറിച്ച സംവാദം മാസികയിലെ (2015 ആഗസ്റ്റ്) തുറന്നെഴുത്ത് ശ്രദ്ധേയമാണ്. ‘വിശ്വാസം അഴിച്ചുവെക്കാന്‍ എനിക്കാവില്ല’ എന്ന തലക്കെട്ടില്‍ ആലിയ തന്നെയാണത് തുറന്നെഴുതിയത്.

Related Articles