Current Date

Search
Close this search box.
Search
Close this search box.

നാളെ മുതല്‍ മദ്രസകളില്‍ രാമായണവും ഓതുന്നതായിരിക്കും!

കേരള മുസ്‌ലിം വിദ്യാഭ്യാസ ചരിത്രരൂപീകരണത്തില്‍ മദ്രസകളുടെ പങ്ക് അനിഷേധ്യമാണ്. വര്‍ഷം തോറും പുതുക്കുന്ന മദ്രസാ കെട്ടിടത്തിന്റെ പുറംചുവരിലെ പെയ്ന്റിന്റെ നിറം മാറുന്നതിനനുസരിച്ച് ഉള്ളിലൊന്നും മാറുന്നില്ലെന്ന പരാതി മാത്രമല്ല ഇത്തവണത്തെ മലയാളം വാരികയില്‍ (2015 ഫെബ്രുവരി 6) ഹമീദ് ചേന്ദമംഗല്ലൂര്‍ ഉന്നയിക്കുന്നത്. ഉദാഹരണ സഹിതം കിടിലന്‍ ഒരു പരിഹാരവും കൊണ്ടാണ് അദ്ദേഹത്തിന്റെ വരവ്.

മധ്യപ്രദേശിലെ മാന്ദ്‌സൗര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകമത വിദ്യാഭ്യാസത്തെ നിരാകരിക്കുന്നതും, ഹിന്ദു-മുസ്‌ലിം മതപഠനം ഒരു പോലെ നല്‍കുന്നതുമായ 128 മദ്രസകളാണ് നിലവിലെ മദ്രസാ സംവിധാനത്തിനെതിരെ പ്രയോഗിക്കാനുള്ള ബ്രഹ്മാസ്ത്രങ്ങളായി ഹമീദ് ചേന്ദമംഗല്ലൂരിന്റെ ആവനാഴിയില്‍ ഉള്ളത്.

ഒരു മതം മാത്രം പഠിപ്പിക്കപ്പെടുന്ന ‘മദ്രസകള്‍’ അപരമത പുച്ഛവും മതഭ്രാന്തും വളര്‍ത്തുമെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ബാമിയാനിലെ ബുദ്ധപ്രതിമ തകര്‍ത്ത താലിബാനികളും, ബാബരി മസജിദ് തകര്‍ത്ത ഹിന്ദുത്വ ഭീകരവാദികളും വളര്‍ന്നു വരാന്‍ കാരണം മാന്ദ്‌സൗര്‍ മോഡല്‍ മദ്രസകള്‍ പണിയാന്‍ മുസ്‌ലിം സമുദായം തയ്യാറാവാത്തത് കൊണ്ടാണെന്നാണ് അങ്ങേര്‍ പറയുന്നത്. ചേന്ദമംഗല്ലൂരിലെ മാന്ദ്‌സൗര്‍ മദ്രസയില്‍ പഠിച്ചത് കൊണ്ടാകണം ഹമീദ് മാഷിന് ഇന്നും ചേന്ദമംഗല്ലൂര്‍ എന്ന വാലും വെച്ച് കേരളത്തിലെ മറ്റു താലിബാന്‍ മോഡല്‍ മദ്രസകളില്‍ നിന്നും ഇറങ്ങിവരുന്ന താടിക്കാരെ ഭയപ്പെടാതെ എഴുതാന്‍ കഴിയുന്നത്. അല്ലെ?
——————————————————————
‘എന്തിനാ പഠിക്കുന്നത്?’ എന്ന ചോദ്യം ‘എന്തിനാാാ പഠിക്കുന്നത്?’ എന്ന ‘അതിവികസിത’ ശബ്ദരൂപത്തിലേക്ക് വികസിക്കുമ്പോള്‍ ഉത്തരത്തിനായി തപ്പുന്നവരില്‍ ചിലര്‍ വീടിന്റെ ഉത്തരത്തില്‍ മറ്റൊരു ചോദ്യചിഹ്നമായി തൂങ്ങിയാടാതിരിക്കാന്‍ ഒരുപിടി പരിഹാരങ്ങള്‍ നിറച്ച കവര്‍‌സ്റ്റോറികളുമായാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഇത്തവണത്തെ (2015 ഫെബ്രുവരി 2) രംഗപ്രവേശം. ‘കുട്ടികളുടെ അഭിരുചിയോ താല്‍പര്യമോ പരിഗണിക്കാതെ വിദ്യാഭ്യാസസങ്കല്‍പങ്ങളുമായി മാതാപിതാക്കള്‍ പ്രഫഷണല്‍ കോഴ്‌സുകളിലെ പഠനം തങ്ങളുടെ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു’ എന്ന് ഡോ.ബി. ഇക്ബാല്‍ നിരീക്ഷിക്കുന്നു.

‘ഏതു വിഷയമെടുത്തു പഠിച്ചാലും തൃപ്തികരമായ ജീവിതസാഹചര്യങ്ങള്‍ ഉണ്ടാകും എന്ന ഉറപ്പും കുട്ടികള്‍ക്ക് (രക്ഷിതാക്കള്‍ക്കും!) കിട്ടണം. എഞ്ചിനീയറിങ്ങിനു പോയി കഷ്ടിച്ച് പാസായവര്‍ ഉയര്‍ന്ന ശമ്പളവും വാങ്ങി സുഖിക്കുമ്പോഴും സയന്‍സും ചരിത്രവും പഠിച്ചവര്‍ ജോലികിട്ടാതെ അലയുന്നത് കാണുന്ന കുട്ടികളും രക്ഷിതാക്കളും എന്തു ചിന്തിക്കും?’ എന്ന് ചോദിക്കുന്ന ആര്‍.വി.ജി മേനോന്‍ ഉത്തരങ്ങളും നല്‍കുന്നുണ്ട്.
——————————————————————
കേരളത്തിന്റെ ദേശീയ വാരിക ‘കേസരി’യില്‍ (2015 ജനുവരി 30) ബി.ജെ.പി സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ബി. ഗോപാലകൃഷ്ണന്‍ ചില സത്യങ്ങള്‍ തുറന്നെഴുതിയിട്ടുണ്ട്. ‘ഇസ്‌ലാമില്‍ ബാര്‍ബര്‍ പണിയെടുക്കുന്നവരും മുക്കുവരും ഇറച്ചി വെട്ടുന്നവരും പ്രത്യേക ജാതി വിഭാഗങ്ങളാണ്. ഇവര്‍ പരസ്പരം മിണ്ടുകയോ വിവാഹം കഴിക്കുകയോ ഇടപെടുകയോ പോലും ചെയ്യുന്നില്ല. ഒരു മാറ്റവും ഇല്ലാതെ ഇത് ഇന്നും നിലനില്‍ക്കുന്നു’. ഈ ദുരിതാവസ്ഥയില്‍ നിന്നും ആ പാവം മുസ്‌ലിംകളെ മോചിപ്പിച്ചെടുക്കുന്നതിനാണത്രെ ‘ഘര്‍വാപസി’.

Related Articles