Current Date

Search
Close this search box.
Search
Close this search box.

ജീവനോട് എന്തിനിത്ര ശത്രുത

എന്തെല്ലാം സംഗതികള്‍ക്കാണോ മറ്റൊന്നിന് ജീവന്‍ നല്‍കാന്‍ ശേഷിയുള്ളത് അവയെല്ലാം തന്നെ ഇന്ന് അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ആദിമ പരിശുദ്ധിയില്‍ അവക്കായിരുന്നു ഈ ഭൂമുഖത്ത് ആധിപത്യമുണ്ടായിരുന്നത്. പ്രകൃതിയുടെ സൂക്ഷിപ്പുകാരനായി നിയോഗിക്കപ്പെട്ട മനുഷ്യന്‍ ഒരു വേള നിയോഗലക്ഷ്യം വിസ്മരിച്ചപ്പോള്‍ സംഭവിച്ചതും, സംഭവിച്ചു കൊണ്ടിരിക്കുന്നതും, സംഭവിക്കാനിരിക്കുന്നതുമായ ദുരന്തങ്ങള്‍ അതിഭീകരമാണ്. ജീവന്റെ അടിസ്ഥാനങ്ങളെല്ലാം അവന്റെ ശത്രുക്കളായി മാറി.

നാമല്ലാതെ മറ്റാരാണ് നമ്മുടെ ശത്രു?
ലാഭേച്ഛക്ക് കീഴ്‌പ്പെട്ട് ആസൂത്രണങ്ങളില്‍ വീഴ്ച്ചകള്‍ വരുത്തിയപ്പോള്‍ ഓടകളില്‍ കൂടിയുള്ള ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. അവശിഷ്ടങ്ങള്‍ കൊണ്ട് ഓടകളും, വെള്ളക്കെട്ടുകളും നിറഞ്ഞു. ജലം മലിനമായി. മലിനജലത്തില്‍ കൊതുകുകള്‍ പെരുകുക സ്വാഭാവികം. മലിനജലത്തില്‍ നിന്നുള്ള രോഗാണുക്കള്‍ വഹിച്ചെത്തുന്ന കൊതുകുകള്‍ ആ രോഗാണുക്കള്‍ മനുഷ്യനിലേക്ക് പകര്‍ന്നു. പകര്‍ച്ച പനി പടര്‍ന്നു പിടിച്ചു. രോഗാണുവിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മനുഷ്യന്‍ കൊതുകുകളുടെ മേല്‍ കെട്ടി വെച്ചു. കൊതുകിന്റെ പേരിനോട് ചേര്‍ത്ത് രോഗത്തിന് പേരും നല്‍കി. അങ്ങനെ കൊതുക് നമ്മുടെ ശത്രുവായി. ഈ കൊതുകിനെ നശിപ്പിക്കാന്‍ മനുഷ്യന്‍ രാസവസ്തുക്കള്‍ കണ്ടുപിടിച്ചു. അങ്ങനെ ഗുഡ്‌നൈറ്റ് പുറത്ത് വിടുന്ന വിഷപ്പുകയേറ്റ് കൊതുകുകള്‍ ചത്ത് മലക്കാന്‍ തുടങ്ങി. ഗുഡ്‌നൈറ്റിന്റെ മാസ്മരിക ഗന്ധത്തില്‍ മയങ്ങിയുറങ്ങുമ്പോള്‍ മനുഷ്യന്‍ ഓര്‍ത്തില്ല അടുത്തത് തന്റെ ഊഴമാണെന്ന്. ഡങ്കിപ്പനി, എലിപ്പനി, പക്ഷിപ്പനി എന്നിങ്ങനെ പോകുന്നു പേരുകള്‍. പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്ന ആഹാരശൃംഖലയിലെ ഒട്ടുമിക്ക ജീവികളും മനുഷ്യന്റെ ശത്രുക്കളായി. ‘ഈ ഭൂമിയിലുള്ളതെല്ലാം നാം നിങ്ങള്‍ക്ക് വേണ്ടിയാണ് സൃഷ്ട്ടിച്ചത്’ എന്ന് പരിശുദ്ധ ഖുര്‍ആന്‍. ‘പരിസ്ഥിതി, വികസനം, ഇസ്‌ലാം’ തേജസ് വാരികയില്‍ (നവം 1-15 2004) കലീമും, ഇ. അബൂബക്കറും സംസാരിക്കുന്നു. ‘മനുഷ്യകരങ്ങളുടെ പ്രവര്‍ത്തന ഫലമായി കടലിലും, കരയിലും വിനാശമുളവായിരിക്കുന്നു’ ഖുര്‍ആന്‍ വീണ്ടും ഉണര്‍ത്തുന്നു.

ചെങ്കൊടിയില്‍ ഇരയുടെ ചോര മണക്കുന്നു
കമ്മ്യൂണിസം പാവപ്പെട്ടവന്റെ പ്രത്യശാസ്ത്രമാണെന്നാണ് വെപ്പ്. ചോരനീരാക്കി പണിയെടുക്കുന്നവന്റെ പക്ഷത്താണ് തങ്ങള്‍ എന്ന് തെളിയിക്കുന്ന ചിഹ്നങ്ങള്‍ മനസ്സിനെ ആകര്‍ഷിക്കാന്‍ പോന്നതും. പണ്ടൊക്കെ എന്ന് പറഞ്ഞ് തുടങ്ങുന്ന പഴമപ്പെരുമ പറയുന്ന വാചകങ്ങള്‍ കൊണ്ട് അലങ്കരിച്ച് വെക്കാന്‍ മാത്രം പറ്റുന്ന ഒന്നായി ഇന്ന് കമ്മ്യൂണിസം മാറിയിട്ടുണ്ട് എന്ന് ആരെങ്കിലും വാദിക്കുകയാണെങ്കില്‍ അയാളെ കുറ്റം പറയാന്‍ കഴിയില്ല. ബംഗാള്‍ കുറേ കാലം ഭരിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് തൊഴിലാളികളായിരുന്നു എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ ദുരന്തം വേറെയുണ്ടോ. മുതലാളിമാരുടെ ചൂഷണങ്ങള്‍ക്കെതിരെ തൊഴിലാളി വിപ്ലവം സൃഷ്ടിച്ച് കൊണ്ടായിരുന്നു കമ്മ്യൂണിസം ആഗോളതലത്തില്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ ഉയിഗൂര്‍ മുസ്‌ലിംകളെ കശാപ്പ് ചെയ്തപ്പോള്‍ ഒഴുകിയ ചുടുചോര കൊണ്ടാണ് ചൈനീസ് ചെമ്പട തങ്ങളുടെ ചെങ്കൊടിക്ക് രക്തവര്‍ണ്ണം നല്‍കിയത് എന്നത് സമീപകാല ചരിത്രം. നോമ്പു കാലത്ത് മുസ്‌ലിംകള്‍ നിര്‍ബന്ധമായും പകല്‍ സമയത്ത് ഭക്ഷണം കഴിക്കണം എന്ന് നിയമം പാസാക്കിയ രാജ്യമാണ് സഖാക്കളുടെ ചൈന. ഉയിര്‍ഗൂര്‍ മുസ്‌ലിംകളുടെ ജന്മഗേഹമായ തുര്‍ക്കിസ്ഥാനില്‍ 1996 ല്‍ ചൈനീസ് സര്‍ക്കാര്‍ 44 അണവായുധ പരീക്ഷണങ്ങളാണ് നടത്തിയത്. ഉയിര്‍ഗൂര്‍ മുസ്‌ലിംകളിലെ പുതുതലമുറയില്‍ കാന്‍സര്‍ രോഗം വ്യാപകമാണിന്ന്. ചൈനീസ് കമ്മ്യൂണിസം ചെങ്കൊടി പുതച്ച് മൂടി വെച്ചിരിക്കുന്ന വൈകൃതങ്ങള്‍ ശബാബ് വാരികയില്‍ (ഒക്ടോ 31 2014) ഹാറൂന്‍ മൊഗുള്‍ അനാവരണം ചെയ്യുന്നു.

Related Articles