Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാഹീ പ്രസ്ഥാനവും തമ്മിലെന്ത് അന്തരം?

old-books.jpg

ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാഹീ പ്രസഥാനവും തമ്മില്‍ അടിസ്ഥാനപരമായി വലിയ അന്തരമുണ്ടോ? അല്ലെങ്കില്‍ ജമാഅത്തുകാരുടെ പുതിയ തലമുറക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍ക്കും ഇവര്‍ തമ്മില്‍ യാതൊരുവിധ വ്യത്യാസവും ഇല്ലെന്നു വെറുതെയങ്ങ് തോന്നിപ്പോയതാണോ? അങ്ങനെയൊരു തോന്നലവര്‍ക്കുണ്ടെങ്കില്‍ അതത്ര ശരിയെല്ലായെന്നാണ് അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചിയുടെ വാദം. ‘കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണെന്നും മുന്‍കാല മുജാഹിദ് പണ്ഡിതന്മാര്‍ക്കും നേതാക്കന്മാര്‍ക്കും ജമാഅത്തുമായി എതിര്‍പ്പില്ലെന്നും ഉമര്‍ മൗലവി മാത്രമേ മുജാഹിദ് പണ്ഡിതന്മാരുടെ കൂട്ടത്തില്‍ ജമാഅത്തിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ളൂവെന്നും പറയുന്ന ജമാഅത്തെ ഇസ്‌ലാമിക്കാരനോട് അല്ല, യഥാര്‍ഥത്തില്‍ ജമാഅത്തും ഇസ്‌ലാഹീപ്രസ്ഥാനവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ഏതെങ്കിലും ഒന്നോ രണ്ടോ ആളുകള്‍ പറയുന്നതല്ല, കേരളത്തിലെ നവോത്ഥാന ചരിത്രം പഠിക്കുന്ന ആര്‍ക്കും ഇതു ബോധ്യമാകും എന്നുമാണ് അദ്ദേഹം ശബാബ് വാരികയിലൂടെ പറയുന്നത്. ഇസ്‌ലാഹീ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ ലേഖനം 2015 നവംബര്‍ ലക്കം 15ലേതാണ്. ‘തൗഹീദിന്റെ കാര്യത്തില്‍ പിഴവുപറ്റി എന്ന കാരണത്താല്‍ സമസ്തയെ ഇസ്‌ലാഹീ പണ്ഡിതന്മാര്‍ എവ്വിധം എതിര്‍ത്തിരുന്നുവോ അവ്വിധം മൗദൂദി സാഹിബിന്റെ ആദര്‍ശം പ്രചരിപ്പിച്ച ജമാഅത്തിനെയും അന്നുമുതല്‍ ആശയതലത്തില്‍ വിമര്‍ശിച്ചു പോന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. ആശയതലത്തില്‍ ചര്‍ച്ചയാകുന്ന ഒട്ടേറെ വാദങ്ങളാണ് അദ്ദേഹം ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഹിന്ദുത്വവും സലഫി മൗദൂദി വിഭാഗങ്ങളും ഒരുപോലെ!
ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന ഭീകര സംഘടനയുടെ പിതൃത്വം സി.ഐ.എയും മൊസാദുമാണെന്നും അബൂബക്കര്‍ ബാഗ്ദാദി അമേരിക്കന്‍ -ഇസ്രായേലി ചാരനാണ് എന്നും ലോകം മുഴുക്കെയുള്ള നിഷ്പക്ഷമതികള്‍ സംശയിക്കുകയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി തന്നെ കുറ്റ സമ്മതം നടത്തുകയും ചെയ്തിട്ടും അതിലൊന്നും യാതൊരു സംശയവുമില്ലാതെ വഹാബി മൗദൂദി ചിന്താധാരമാത്രമാണ് ഇതിനൊക്കെ കാരണമെന്ന് ഉറപ്പിച്ചു പറയുന്നവര്‍ കേരളത്തിലെങ്കിലുമുണ്ട്. ഐ.എസിന്റെയും മറ്റു തീവ്രവാദി സംഘടനകളുടെയും വഹാബി വംശാവലിയും അതിന്റെ ജ്ഞാനോദയവുമായുള്ള അവിഹിതബന്ധവും കണ്ടെത്തിയ സ്ഥിതിക്ക് മറ്റൊന്നും വിശകലനവിധേയമാക്കേണ്ടതില്ലായെന്നാണ് രിസാല മാസികയിലൂടെയുള്ള നൂറുദ്ദീന്‍ മുസ്തഫ എന്ന ലേഖകന്റെ നിരീക്ഷണം. ‘ഇസ്‌ലാമിക് സ്റ്റേറ്റ് വാദത്തിന് മുറവിളികൂട്ടുന്ന നല്ലൊരു ശതമാനത്തിന്റെയും ധൈഷണിക പിന്‍ബലം മൗദൂദിയന്‍ കാഴ്ചപ്പാടാണ്’ എന്ന് ഡോ. ആസഫ് ബയാത് എന്ന ഗ്രന്ഥകാരന്റെ നിരീക്ഷണം ഉദ്ദരിച്ചുകൊണ്ട് അദ്ദേഹം സമര്‍ഥിക്കുന്നു. രണ്ട് പ്രദേശങ്ങളില്‍ രണ്ടു മതങ്ങളുടെ പേരില്‍ വേറിട്ട രീതിയിലാണ് രാഷ്ട്രീയ ഇസ്‌ലാമിസവും രാഷ്ട്രീയ ഹിന്ദുത്വവും പ്രവര്‍ത്തിക്കുന്നതെങ്കിലും ഇരുവരും പൊതുവായി പങ്കുവെക്കുന്ന ആശയധാര കൊളോണിയല്‍ ആധുനികത ഉല്‍പ്പാദിപ്പിച്ച ആപേക്ഷികവിരുദ്ധതയാണ് എന്നു പറഞ്ഞവസാനിപ്പിക്കുന്ന ലേഖനത്തില്‍ ഉടനീളം മൗദൂദി വഹാബി ചിന്താധാരകളെ കടന്നാക്രമിക്കുന്നുണ്ട്. ആഗോളസമാധാനത്തിനും സുസ്ഥിരമായ സാമൂഹിക നിലനില്‍പ്പിനും രാഷ്ട്രീയ ഇസ്‌ലാമിസത്തിന്റെയും രാഷ്ട്രീയ ഹിന്ദുത്വത്തിന്റെയും നവമുഖങ്ങല്‍ ഭീഷണിയാണെന്നു പറഞ്ഞുവെക്കുന്ന ഈ ലേഖനം ‘മതം മേല്‍ക്കോയ്മയിലേക്കുള്ള ചവിട്ടുപടിയാക്കുന്നവര്‍’ എന്ന തലക്കെട്ടില്‍ 2015 വാല്യം 25 സെപ്റ്റംബര്‍ ലക്കത്തിലാണ്.

പെണ്ണേ നീ വെറുമൊരുടല്‍ മാത്രം
എന്നെ തല്ലേണ്ടമ്മവാ ഞാന്‍ നന്നാകൂലാ എന്നുപറഞ്ഞമാതിരി തന്നെയാണ് സ്ത്രീ വിഷയത്തില്‍ നമ്മുടെ നാട്ടിലെ പല എഴുത്തുകാരും ഹുദവിമാരും ചില പ്രസിദ്ദീകരണങ്ങളുമൊക്കെ. കുറച്ചുമുമ്പ് തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണ്ടും സ്ത്രീക്ക് എത്രവരെ പുറത്തേക്ക് തലനീട്ടാമെന്ന് ചര്‍ച്ച വന്നിരുന്നു. ഇപ്പോഴിതാ നെടുങ്കന്‍ ലേഖനവുമായി ഒരു കൂട്ടര്‍. സ്ത്രീ പള്ളിപ്രവേശത്തെയും മറ്റും ഇപ്പോഴും വിലക്കിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഭര്‍ത്താവിനെയും മക്കളെയും പരിപാലിക്കാനുള്ളൊരു വസ്തുമാത്രമാണിപ്പോഴും പെണ്ണ്. സ്ത്രീ സംവരണവും അണിഞ്ഞൊരുങ്ങുന്ന വിവാദങ്ങളും എന്ന കെ.പി ജഅ്ഫര്‍ ഹുദവി കൊളത്തൂരിന്റെയും പെണ്ണവകാശങ്ങളുടെ ഉടലും ഉടയാടയും എന്ന പി.എ സാദിഖ് ഫൈസി താനൂരിന്റെയും ലേഖനങ്ങളുടെ രത്‌നച്ചുരുക്കം ഇതുമാത്രമാണ്. നല്ല ഭാഷയിലും ശൈലിയും അവതരിപ്പിക്കപ്പെട്ട ഈ ലേഖനം വായിക്കുമ്പോള്‍ പഴയവീഞ്ഞ് പുതിയകുപ്പിയില്‍ എന്നേ തോന്നൂ. എഡിറ്റോറിയല്‍ അടക്കം രണ്ടു ലേഖനവും കൂടി 19 ഓളം പേജുകള്‍ നീക്കിവെച്ചിട്ടുണ്ടിതിന്. ഇതുവായിക്കുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ഇസ്‌ലാമികമായ ശാക്തീകരണം നേടിത്തന്നവരൊക്കെ അവളെ നയിച്ചത് നരകത്തിലാണെന്നും തങ്ങള്‍ മാത്രമാണ് അവരെ വീട്ടിന്റെ ഉള്ളില്‍ നിന്ന് നേരെ സ്വര്‍ഗത്തിലേക്കെടുക്കുന്നതെന്നും പറയുന്നതെന്നു തോന്നിപ്പോകുന്നു. സത്യധാര 2015 പുസ്തകം 6 ലേതാണ് ദീര്‍ഘമായ ലേഖനം.

Related Articles