Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യമാണ് രക്ഷ!

ജീവിതത്തിന്റെ തിളപ്പും സൗന്ദര്യവുമാണ് യുവത്വം. കത്തിനില്‍ക്കുന്ന ചിന്തകള്‍ക്കും വര്‍ണം വിരിയുന്ന സ്വ്പനങ്ങള്‍ക്കും കുതിച്ചുയരുന്ന പ്രതീക്ഷകള്‍ക്കും ഹേതു. വസന്തത്തിന്റെ ഇടിമുഴക്കള്‍ കേട്ടത് യൗവനത്തിന്റെ തിളപ്പിന് കര്‍മ്മസായൂജ്യത്തിലൂടെ ആവിഷ്‌കാരം നേടാന്‍ ശ്രമിച്ചവരിലൂടെയാണ്. പക്ഷേ ആധുനികത കെട്ടഴിച്ചുവിട്ട പേക്കൂത്തുകള്‍ക്കും അരാജകത്വത്തിനും പുതുതലമുറയുടെ പ്രതിനിധിയായ ചടുലയൗവ്വനത്തെ പഴിപറഞ് കാലം കഴിക്കുന്നവര്‍ക്കുമുമ്പില്‍ തീക്ഷ്ണയൗവ്വനങ്ങള്‍ ചരിത്രത്തെ എവ്വിധമാണ് നിര്‍ണയിച്ചതെന്ന് ഒരുപാട് തെളിവുകളുണ്ട്. ജീവിതത്തിന്റെ സമസ്തഭാവങ്ങളും കൊഴുത്തുനില്‍ക്കുന്ന യൗവനത്തിന്റെ വിവിധതല സ്പര്‍ശനങ്ങള്‍ നടത്തുകയാണ് പ്രബോധനം വാരിക. (2015 ജൂണ്‍ ലക്കം 03)

ആദര്‍ശം പൂത്തുലഞ്ഞ യൗവനങ്ങല്‍ എന്ന ലേഖനത്തിലൂടെ ആദര്‍ശസമൂഹത്തെ സൃഷ്ടിച്ചവരുടെ കൂട്ടത്തില്‍ ഗണ്യമായ വിഭാഗം യുവജനങ്ങളായിരുന്നുവെന്നും അവര്‍ ആദര്‍ശത്തെ സ്വാംശീകരിച്ചതും ജീവിതത്തെ വഴിനടത്തിയതും ദൈവികമതത്തിലൂടെയായിരുന്നുവെന്നും ഇസ്‌ലാമിക ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും സമീര്‍ വടുതല ഉദ്ദരിക്കുന്നു. ആദര്‍ശപ്രതിബദ്ധതയാല്‍ സുരക്ഷിത സ്വകാര്യതയില്‍പോലും മ്ലേച്ചലൈംഗികതയുടെ പ്രലോഭനങ്ങളില്‍നിന്നും കുതറിമാറിയ യൂസുഫ് നബിയെയും മക്കയിലെ അഭിസാരികയായ ഇനാഖിനോട് ‘നോ’പറഞ്ഞതിനാല്‍ ദ്രേഹിക്കപ്പെട്ട മര്‍സദിനെയും ഉദാഹരിച്ചുകൊണ്ട് ആണ്‍-പെണ്‍സൗഹൃദങ്ങളില്‍ ആഴമുള്ള ചട്ടക്കൂട് വികസിപ്പിക്കാന്‍ സാധിച്ചത് ആരോഗ്യകരമായ സഹവര്‍ത്തത്തിന്റെ സംസ്‌കാരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടും ചരിത്രത്തെ ഒപ്പം കൂട്ടി കോര്‍പ്പറേറ്റ് ദാസ്യത്തിലമരുന്ന അരാഷ്ട്രീയ യുവത്വത്തെ ചടുലമാക്കാന്‍ പ്രേരിപ്പിക്കുന്നു ലേഖകന്‍.

കുടിയേറ്റത്തിന്റെ ചരിത്രമാണ് കേരളത്തിനും അതിലെ മുസ്‌ലിം സമുദായത്തിനുമുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ ആഭ്യന്തര വരുമാനത്തിന്റെ ഗണ്യമായ പങ്ക് ഈ പ്രവാസികളുടെതാണ്. ഇന്ന്, ഉപജീവനമാര്‍ഗം തേടി മാത്രമല്ല, വിജ്ഞാസമ്പാദനത്തിനും ആണ്‍പെണ്‍ ഭേദമന്യേ സമ്പത്തും അറിവും നേടി ദേശാടനം നടത്തിയവരുടെ സംഖ്യ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇങ്ങനെയുള്ള പ്രവാസത്തെയും പ്രവാസിലോകത്തെയും ചേര്‍ത്ത് നിര്‍ത്താനും അതിനോട് സംവദിക്കാനും കഴിയാതെ പോകുന്നത് സമുദായത്തിന് വലിയ നഷ്ടമാണെന്നാണ് പുതിയകാലത്തെ മുസ്‌ലിം ചെറുപ്പവും മുസ്‌ലിം സമുദായവുമെന്ന ലേഖത്തിലൂടെ അതേ ലക്കത്തില്‍ ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞുവെക്കുന്നത്. ശാസ്ത്രസാമൂഹിക ചരിത്രപഠനരംഗത്തും ഗവേഷണരംഗത്തും വളര്‍ന്നുവരുന്ന ഈ തലമുറയുടെ ബൗദ്ധിക നിലവാരത്തെ മാനിക്കാതെയും അവരുടെ ധിഷണാ സാധ്യതകളെ ഉപയോഗപ്പെടുത്താതെയും പ്രവാസിലോകത്തുനിന്ന് സംഭാവന മാത്രം പിരിച്ച് പിഴിയുന്ന മതരാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍ ഇതൊന്നുവായിക്കുക തന്നെ വേണം. മുസ്‌ലിം സ്ത്രീയുടെ പ്രവര്‍ത്തനമേഖലകളെയും നിലപാടുകളെയുംആധുനിക ശാക്തികരണ മാപിനിയുപയോഗിച്ച് അളന്നെടുക്കാന്‍ ശ്രമിച്ച് മുസ്‌ലിം സ്ത്രീയെ വെറുമൊരു അടുക്കളക്കാരിയായി മാത്രം കാണുന്ന പൊതുമുഖ്യധാരാ സമൂഹത്തിന്റെ നിലപാടുകള്‍ക്കുള്ള മറുപടിയാണ് ഫാസില എ.കെയുടെ ‘പുനര്‍നിര്‍ണയിക്കപ്പെടുന്ന മുസ്‌ലിം യുവതിയുടെ കര്‍തൃത്വം’എന്ന ലേഖനം.

ലോകത്ത് പലഭാഗത്തും പല രീതിയും പലവഴിയും പല തരത്തിലുള്ള ഭീകരനിയമങ്ങളും മനുഷ്യാവകാശനിഷേധവും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. പൗരാവകാശങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളികളോടൊപ്പം തന്നെ ഈ ലംഘനങ്ങളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ ജനാധിപത്യരാജ്യങ്ങള്‍ പോലും തയ്യാറല്ല എന്നതിന്റെ ഉദാഹരണങ്ങള്‍ നാള്‍ക്കുനാള്‍ ഏറിവരികയാണ്. ഇത് ഏറിയകൂറും നടപ്പിലാക്കപ്പെട്ടത് ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലും അതിന്റെ സംവിധാനം ഉപയോഗിച്ചുമാണ്. മുസ്‌ലിം, ദലിത് സ്ത്രീ സമൂഹങ്ങളാണ് ഇതിന്റെ ഇരകളിലേറെയും. ജനിക്കുന്നതിനു മുമ്പേ തന്നെ നീതിനിഷേധവും ജനിക്കാനുള്ള അവകാശം പോലും ഇത്തരം വിഭാഗങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ട്. ഇവരുടെയൊക്കെ പിറവി ഭയന്നവര്‍ അവരെ ഭൂലോകത്തുനിന്നും ഇല്ലാതാക്കാന്‍ കൊണ്ടുപിടിച്ച ആസൂത്രിത നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ തെളിവുകള്‍ ലോകത്തങ്ങോളമിങ്ങോളം വെളിപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. അത്തരമൊന്നാണ് കേരളത്തില്‍ നടപ്പിലാക്കിയ വന്ധ്യംകരണം. 70 ളുടെ തുടക്കത്തില്‍ അടിയന്തരാവസ്ഥയുടെ മറപിടിച്ച് അവിവാഹിതര്‍ അടക്കമുള്ള മുസ്‌ലിം ദലിത് യുവാക്കളെ 100 രൂപയും ഒരു ബക്കറ്റും നല്‍കി വന്ധീകരിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരമാണ് ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിലെ ‘നമ്മുടെ കുടുംബാസൂത്രണത്തില്‍ യഥാര്‍ഥത്തില്‍ നടന്നതെന്ത്’ എന്ന ആര്‍.കെ, ബിജുരാജിന്റെ ലേഖനം.

‘മുസ്‌ലിം ലോകത്തിന്റെ മോചനത്തിനും സമാധാന നിഷ്ഠമായ ജീവിതത്തിനും ഒരേയൊരു മാര്‍ഗമേയുള്ളൂ, അതാണ് ജനാധിപത്യം.’ എന്നാണ് കാരശ്ശേരി മാഷുടെ മുസ്‌ലിം സമുദായത്തോടുള്ള ഉപദേശം. മതരാഷ്ട്രവാദികള്‍ക്ക് എതിര്‍പ്പുള്ളത് രാജാധിപത്യത്തോടും സൈനികാധികാരത്തോടും സ്വേച്ഛാധിപത്യത്തോടുമല്ലെന്നും ജനാധിപത്യത്തോട് മാത്രമാണെന്നും അമേരിക്കന്‍ സാമ്പത്തിക ചൂഷണത്തിന്റെയും സ്വന്തം ഭരണാധികാരികളുടെ സ്വേച്ഛാധിപത്യഭാവത്തിന്റെയും മതപുരോഹിതന്മാരുടെ മതരാഷ്ട്രവാദത്തിന്റെയും അധികാരദാഹികളുടെ ഹിംസാതാല്‍പര്യത്തിന്റെയും നുകങ്ങളില്‍ നിന്ന് മുസ്‌ലിം നാടുകളെ രക്ഷിക്കാന്‍ ജനാധിപത്യത്തിനു മാത്രമേ സാധിക്കൂ എന്നാണ് ലോകം മുഴുക്കെ മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമങ്ങളെയും ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന ഭീകരസംഘടനയെയും താലിബാനെയും മുന്‍നിര്‍ത്തി മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ എം.എന്‍ കാരശ്ശേരി പറയുന്നത്. ചരിത്രത്തിലെ ശിയാ-സുന്നിസംഘട്ടനങ്ങളെ കുറിച്ച് പറഞ്ഞ് പ്രവാചകന്‍ മതത്തെ ഭരണവുമായി കൂട്ടിക്കിഴിച്ചിട്ടില്ലെന്നും ‘മതരാഷ്ടവാദി’കളാണ് ഇന്നത്തെ ലോകത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദികള്‍ എന്നും ‘മതരാഷ്ട്രവാദികളെ ജനാധിപത്യമാണ് രക്ഷ’എന്ന ലേഖനത്തിലൂടെ അദ്ദേഹം പറഞ്ഞുവെക്കുന്നു.

Related Articles