Current Date

Search
Close this search box.
Search
Close this search box.

ചില തണലിടങ്ങളെ വെയില്‍ കട്ടെടുക്കാറില്ല

പുരുഷാധിപത്യം എന്ന പ്രതിഭാസത്തെ അക്രമാസക്തമായി നേരിടുന്ന സാമ്പ്രദായിക ഫെമിനിസ്റ്റ് ആഖ്യാനങ്ങളില്‍ വ്യത്യസ്തമായി, പൗരുഷ്യത്തെകുറിച്ച് അവള്‍ വെച്ചുപുലര്‍ത്തുന്ന മിഥ്യാധാരണകള്‍ തകര്‍ക്കാതെ സ്ത്രീകളുടെ പദവി മെച്ചപ്പെടുത്താന്‍ സാധിക്കുകയില്ലെന്ന് തിരിച്ചറിഞ്ഞ ഒരു ഫെമിനിസ്റ്റിനെ കെ.ആര്‍ മീര മാധ്യമം ആഴ്ചപ്പതിപ്പില്‍ (2015 ഫെബ്രുവരി 23) പരിചയപ്പെടുത്തുന്നുണ്ട്. ഡോ. രൂപ്‌രേഖ വര്‍മ.

ലഖ്‌നോ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍. സര്‍വകലാശാലയുടെ ചരിത്രത്തില്‍ എം.എല്‍.എമാരുടെയോ മന്ത്രിമാരുടേയോ എം.പിമാരുടെയോ ശിപാര്‍ശപ്രകാരം ഒരു പ്രവേശംപോലും നടക്കാതിരുന്നത് അവര്‍ വി.സി ആയിരുന്ന കാലത്ത് മാത്രമാണ്. മന്ത്രിമാരുടെ ശിപാര്‍ശക്കത്തു കിട്ടിയാല്‍ അതേ കടലാസില്‍ ‘ഏതു നിയമപ്രകാരം?’ എന്നു മറുകുറി അയക്കാന്‍ ധൈര്യം കാണിച്ച ഒരേയൊരു വി.സി. ഇത് വായിക്കുമ്പോള്‍ ‘ഒരു വെറും പെണ്ണായ ഇവര്‍ക്ക് ഇതെങ്ങനെ സാധിച്ചു?’ എന്ന നമ്മുടെ മനസ്സിലുണരുന്ന ചോദ്യത്തെ മുറിപ്പെടുത്തുന്ന ഒരുപാട് മറുപടികള്‍ അവരുടെ എഴുപത്തിരണ്ടു വര്‍ഷത്തെ ജീവിതത്തില്‍ നിന്നും നമ്മുടെ നേര്‍ക്ക് അസ്ത്രമൂര്‍ച്ചയോടെ പാഞ്ഞെത്തും.

കോടതി ഉത്തരവനുസരിച്ച് വിടേണ്ട കടം വീട്ടാന്‍ പണമില്ലാത്തയാളെ ജയിലിലേക്കയക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ വിധിച്ചു. ദാരിദ്ര്യം കുറ്റമല്ലെന്ന് നിയമപുസ്തകത്തെ മനുഷ്യത്വം കൊണ്ട് വ്യാഖ്യാനിച്ച് അദ്ദേഹം വിധിപുറപ്പെടുവിക്കുകയുണ്ടായി. തന്റെ അധികാരം ഉപയോഗിച്ച് കനിവിന്റെ ഭാഷയിലാണ് കൃഷ്ണയ്യര്‍ നിയമത്തെ വ്യാഖ്യാനിച്ചതെന്ന് നിയമവൃത്തത്തില്‍ (ദേശാഭിമാനി 2015 മാര്‍ച്ച് 1) സെബാസ്റ്റ്യന്‍ പോള്‍.

കുമാരന്‍ അപകടത്തില്‍ പെട്ട് കിടപ്പിലാണ്. കാനറ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ജപ്തി നോട്ടീസ് വന്നത്. 30210 രൂപ എന്നത് അദാലത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് 15000 രൂപയായി കുറഞ്ഞു. കിടപ്പിലായ കുമാരന്‍ എവിടെനിന്നെടുത്തു കൊടുക്കും 15000 രൂപ. അദാലത്തില്‍ വിധി പ്രസ്താവിച്ച മുന്‍സിഫ് അരവിന്ദ് ബി എടയോടി സ്വന്തം പോക്കറ്റില്‍ നിന്നും ആ തുകയെടുത്തു കൊടുത്തു. അതെ, ന്യായാധിപരില്‍ നിന്ന് മനുഷ്യത്വം ആവശ്യപ്പെടുന്നത് സഹാനുഭൂതിയാണ്. കൃഷ്ണയ്യര്‍ വെട്ടിത്തെളിച്ച പാതയിലെ കാല്‍പ്പെരുമാറ്റം നിലക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

ടാപ്പ് തിരിച്ച് വെള്ളം വരുന്നത് കാണുമ്പോള്‍ അത്ഭുതം കൂറിക്കൊണ്ട് പരസ്പരം മുഖത്തോട് മുഖം നോക്കുന്നവര്‍, എന്താണ് ടോയ്‌ലറ്റ് എന്നറിയാവത്തവര്‍, പെന്‍സിലും പേനയും പിടിക്കേണ്ട ഇളംകൈകള്‍ ബീഡിതെറുക്കുന്നത് കണ്ടു നില്‍ക്കുകയല്ലാതെ വേറെ നിവൃത്തിയില്ലാത്തവര്‍, ബഹുരാഷ്ട്രകമ്പനികളുടെ ചൂഷണത്തിന് ഇരയാവുകയാണെന്നറിയാതെ അത് വിധിയാണെന്ന് കരുതി സമാധാനപ്പെട്ടിരിക്കുന്നവര്‍; ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരത്തിനിടെ കണ്ടുകൊണ്ട് ഒഴിവാക്കി പോരാന്‍ കഴിയാത്ത ദൃശ്യങ്ങളില്‍ ചിലതു മാത്രമാണിത്.

‘ഒരു സമൂഹത്തിനാവശ്യമുള്ള വിഭവങ്ങളെല്ലാം സൗജന്യമായി നല്‍കി അവരെ അലസരും മടിയന്മാരുമാക്കി മാറ്റുകയല്ല വിഷന്‍ ചെയ്യുന്നത്. ഓരോ പ്രദേശത്തുമുള്ള പ്രകൃതി വിഭവങ്ങളും മറ്റ് സാധ്യതകളും ഉപയോഗിച്ചു തന്നെ അവരെ സമ്പൂര്‍ണ്ണമായി ശാക്തീകരിക്കാനുള്ള പദ്ധതികളാവിഷ്‌കരിക്കുകയും അതുപയോഗിക്കാനവരെ പ്രാപ്തരാക്കുകയുമാണ് വിഷന്‍ 2016-ന്റെ ലക്ഷ്യം’. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി വിഷന്‍ 2016 ആവിഷ്‌കരിച്ചിരിക്കുന്ന പ്രൊജക്ടാണ് മോഡല്‍ വില്ലേജ്. അതിന് വേണ്ടി നമുക്കെന്ത് ചെയ്യാന്‍ എന്നു കഴിയും എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ നജീബ് കുറ്റിപ്പുറം പ്രബോധനം വാരികയില്‍ (2015 ഫെബ്രുവരി 27) വിശദമായി തന്നെ എഴുതിയിട്ടുണ്ട്.

Related Articles