Current Date

Search
Close this search box.
Search
Close this search box.

ഗസ്സയുടെ വേദനയും നിശ്ചയദാര്‍ഢ്യവും അക്ഷരങ്ങളിലും

ഗസ്സയിലെ ഇസ്രയേലിന്റെ നരനായാട്ടിനെതിരെ മനസാക്ഷിയുള്ളവരെല്ലാം ശബ്ദിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയിലും മാസത്തിലുമായി പുറത്തിറങ്ങിയ ആനുകാലികങ്ങള്‍, പ്രത്യേകിച്ചും മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ ഗസ്സയുടെ വേദനയും നൊമ്പരവും പങ്കുവെക്കുന്നവയായിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തെയും അതിനോട് അറബ് ലോകം കാണിക്കുന്ന നിസംഗതയിലും പലരും വിമര്‍ശനം രേഖപ്പെടുത്തി.

ഇസ്രയേല്‍ ആക്രമണത്തോട് ഇന്ത്യ സ്വീകരിച്ച നിലപാട് ഭരിക്കുന്നവര്‍ക്ക് പഴയകാല ചരിത്രത്തെ കുറിച്ച അജ്ഞതയായിട്ടാണ് അബ്ദുസ്സലാം റഹ്മാനി കൂട്ടാലുങ്ങല്‍ വിലയിരുത്തുന്നത്. സുന്നി അഫ്കാര്‍ വാരികയില്‍ (ആഗസ്റ്റ് 20) ‘മോഡിയുടെ ഇന്ത്യക്ക് വേട്ടക്കാരന്റെ മനസ്സാണ്’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ അദ്ദേഹം പറയുന്നു : ‘… ഖേദകരമെന്ന് പറയട്ടെ, ഗാന്ധിയുടെ നാട്ടുകാരനായ പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കൂട്ടുമുന്നണിക്കും ഫലസ്തീനോട് സ്വീകരിച്ച നിലപാടുകളെ കുറിച്ചൊന്നും യാതൊരു വിവരവുമില്ലെന്നാണ് സമകാലിക ഇന്ത്യയിലെ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. അതല്ലെങ്കില്‍ കാവിയുടെ മേല്‍വിലാസമൊട്ടിച്ച പ്രധാനമന്ത്രിക്ക് ഒരു മുസ്‌ലിം രാജ്യത്തിന് നേരെ അരങ്ങേറുന്ന നരനായാട്ടുകള്‍ക്ക് നേരെ പ്രതികരിക്കുന്നതിനേക്കാള്‍ ഉചിതം ഇസ്‌ലാം വിരോധികളായ ജൂതരാഷ്ട്രത്തോടൊപ്പം നില്‍ക്കുന്നതാണ് കൂടുതല്‍ ഇഷ്ടമെന്നാണ് കാര്യങ്ങള്‍ കിടപ്പ് സൂചിപ്പിക്കുന്നത്.’

ഗസ്സ ആക്രമണത്തെ ന്യായീകരിക്കുകയും ഇസ്രയേലിന് വേണ്ടി വാദിക്കുകയും ചെയ്യുന്നവരെ വിമര്‍ശിച്ചു കൊണ്ടുള്ള മറ്റൊരു ലേഖനമാണ് സത്യധാര ദ്വൈവാരിക (ആഗസ്റ്റ് 01-15) പ്രസിദ്ധീകരിച്ച ‘ഗസ്സയില്‍ ചോര മണക്കുമ്പോള്‍ അവര്‍ വെറുതെയിരിക്കുകയാണ്’ എന്ന ലേഖനം. വിഷയത്തില്‍ നിസംഗത പാലിക്കുന്ന അറബ് ലോകത്തെ നിയന്ത്രിക്കുന്നത് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ചില ലോബികളാണെന്നാണ് പ്രസ്തുത ലേഖനത്തില്‍ അബ്ദുല്‍ ഹഖ് എ.പി മുളയങ്കാവിന്റെ കണ്ടെത്തല്‍. എല്ലാത്തരത്തിലും ഇസ്രയേലിനെയും സാമ്രാജ്യത്വ ശക്തികളെയും സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച് ഫലസ്തീനികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന അറബ് ശൈഖുമാരുടെ അവസ്ഥയെ പരിഹസിക്കുന്ന സാദിഖ് ഫൈസി താനൂരിന്റെ ‘ഫലസ്തീന്‍ : നമുക്ക് ഒരു പ്രാര്‍ഥന കൂടി ഡെഡിക്കേറ്റ് ചെയ്യാം’ എന്ന ലേഖനവും സത്യധാരയുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുന്നു. ഫലസ്തീന്‍ ചരിത്രവും സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ ഉറച്ച നിലപാടുകളും വിവരിക്കുന്ന ലേഖനത്തില്‍ ഇങ്ങനെ വിവരിക്കുന്നു : ‘വയറു നിറയെ കെ.എഫ്.സിയും മക്‌ഡൊണാള്‍ഡും വായ നിറയെ കോളയുമായി ഏമ്പക്കമിട്ടു കുടവയറും തടവി ഫലസ്തീനികള്‍ക്കു വേണ്ടി ‘അല്ലാഹുവോട് മാത്രം’ കരഞ്ഞു പ്രാര്‍ഥിക്കാന്‍ അഞ്ചു പൈസയുടെ ചെലവില്ലാതെ ആഹ്വാനം ചെയ്യുന്ന അറേബ്യന്‍ ശൈഖുമാരും മുഫ്തിമാരും മറന്നു പോയ ഒരു ചരിത്ര സത്യമുണ്ട്. തങ്ങളുടെ സ്വാര്‍ത്ഥ മോഹങ്ങളും അധികാരക്കൊതിയുമാണ് ഫലസ്തീനിന്റെ പുണ്യഭൂമിയെ സാമ്രാജ്യത്വ ശക്തികളുടെയും അവര്‍ മുഖേനെ ജൂതകാപാലികരുടെയും കൈകളിലേക്ക് എത്തിച്ചതെന്ന അപ്രിയ സത്യം.

രിസാല വാരികയും (ആഗസ്റ്റ് 13) ‘മടക്കയാത്രക്കുള്ള താക്കോല്‍’, ‘ആ കുഞ്ഞുങ്ങളുടെ ബലിദാനം വെറുതെയാവില്ല’ എന്നീ ലേഖനങ്ങളിലൂടെ ഉള്ളടക്കത്തില്‍ ഗസ്സക്ക് ഇടം നല്‍കിയിട്ടുണ്ട്. ‘ജന്മനാട്ടില്‍ നിന്ന് പിഴുതെറിയുന്നത് ഏറ്റവും വലിയ കുറ്റം’ എന്ന തലക്കെട്ടില്‍ പ്രബോധനം വാരിയില്‍ വന്ന റാശിദുല്‍ ഗന്നൂശിയുടെ ഖുതുബയുടെ സംഗ്രഹവും സയണിസ്റ്റ് വംശീയ വെറിയെ കുറിച്ചുള്ള ‘സയണിസത്തിന് പിന്തുണ പറയാന്‍ അക്ഷരങ്ങള്‍ ശേഖരിക്കുന്ന യൂറോപ്യന്‍ ബുദ്ധിജീവികള്‍’ എന്ന ജോസഫ് മസദിന്റെ പഠനവും ഗസ്സ ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ളവയാണ്. വിചിന്തനം വാരികയില്‍ (ആഗസ്റ്റ് 15) മായിന്‍ കുട്ടി സുല്ലമി എഴുതിയ ‘വിലപിക്കുന്ന ഫലസ്തീന്‍’ ഗസ്സയുടെ വേദനകളും തേജസ് ദ്വൈവാരികയിലെ ‘നിശ്ചയദാര്‍ഢ്യത്തിന്റെ ഗസ്സ’ പ്രതീക്ഷയും പ്രതിഫലിപ്പിക്കുന്നു. എസ്.എ ജലീലിന്റെ ‘ഇസ്‌റാഈല്‍ നേരിടാന്‍ ലക്ഷ്യം വെച്ചത് ഫലസ്തീന്റെ പരമാധികാരം’ വും ‘ഫലസ്തീന്‍ പോരാളികള്‍ക്ക് ഉപദേശികളെ ആവശ്യമില്ല’ എന്ന റംസി ബാറൂദിയുടെ ലേഖനവും ശബാബ് വാരികയുടെ (ആഗസ്റ്റ് 15) ഉള്ളടക്കത്തെ സമ്പന്നമാക്കുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമുള്ള ഇന്ത്യയിലെ ആനുകാലിക സംഭവങ്ങളെ വിലയിരുത്തുന്ന ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലിയുമായി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ അഭിമുഖം പുതിയ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. ‘അത്രമേല്‍ ദുര്‍ബലമല്ല ഇന്ത്യന്‍ മതേതരത്വം’ എന്ന തലക്കെട്ടിലുള്ള അഭിമുഖം ആഗസ്റ്റ് 22-ലെ പ്രബോധന വാരികയാണ് കവര്‍ സ്‌റ്റോറിയായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബി.ജെ.പി ഭരണം ലഭിച്ചു എന്നത് കൊണ്ട് ഫാഷിസമാണ് അധികാരത്തില്‍ വന്നതെന്ന് തെറ്റിധരിക്കേണ്ടതില്ലെന്നും അത്ര എളുപ്പം തകര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും എന്നാണ് ജമാഅത്ത് അമീര്‍ അഭിപ്രായപ്പെടുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. ‘നമ്മുടെ നാടുമായി ബന്ധപ്പെട്ട ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ മുസ്‌ലിം സമൂഹം കൂടുതല്‍ ജാഗ്രത പാലിക്കണം. രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും യഥാവിധി പാലിച്ചുകൊണ്ട് പൗരധര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിക്കണം. വിവിധ ഗവണ്‍മെന്റ് രേഖകളുടെ കൃത്യത ആവശ്യമായ രജിസ്‌ട്രേഷനുകള്‍, വൈദ്യുതിറോഡ്‌വെള്ളം എന്നിത്യാദി  പൊതുസമ്പത്തിന്റെ സംരക്ഷണം, വ്യക്തിപരമോ സംഘടിതമോ ആയ ഏതു പ്രവര്‍ത്തനത്തിലുമുള്ള നിയമപാലനം തുടങ്ങിയവയിലെല്ലാം രാജ്യത്തെ മാതൃകാ ജനതയായി ഉയരാന്‍ മുസ്‌ലിംകള്‍ക്ക് കഴിയണം. നിയമപരമല്ലാത്ത വിധത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് നാം വിട്ടുനില്‍ക്കണം. യതീംഖാനാ വിവാദത്തിന്റെ ഒരു വശം, പല കാര്യങ്ങളിലും നിയമം പാലിച്ചിരുന്നില്ല എന്നതാണ്. അങ്ങനെ വരുമ്പോള്‍ സ്ഥാപിത താല്‍പര്യക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിത്തീരും. എന്നാല്‍, നിയമപരമായി മാത്രം പ്രവര്‍ത്തിക്കുകയാണെങ്കില്‍ ആര്‍ക്കും നമ്മെ പ്രയാസപ്പെടുത്താന്‍ കഴിയില്ല. നമ്മുടെ സ്ഥാപനങ്ങളും ഇതര പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിന്റെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാകണം. അത് നന്മകള്‍ മാത്രം പ്രസരിപ്പിക്കുന്നതും ബഹുസ്വര സ്വഭാവത്തിലുള്ളതുമായിരിക്കണം. നമ്മുടെ ഏതു പ്രവര്‍ത്തനവും രാജ്യനിവാസികള്‍ക്ക് മൊത്തത്തില്‍ പ്രയോജനകരമായിരിക്കണം. ഈയൊരു സ്വഭാവത്തില്‍ പുനരാലോചനകള്‍ നടത്തി നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കാന്‍ സാധിക്കേണ്ടതുണ്ട്.’

മന്ത്രവാദത്തിന്റെ ഇരയായി ഒരു യുവതി കൊല്ലപ്പെട്ട സാഹചര്യത്തില്‍ മന്ത്രവാദത്തിനും മതത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കും എതിരെ വായനക്കാരെ ബോധവല്‍കരിക്കുകയാണ് വിചിന്തനം വാരികയുടെ കവര്‍ സ്‌റ്റോറിയായ ‘മന്ത്രവാദം മതത്തിനെതിരെ മനുഷ്യനെതിര്’ എന്ന ലേഖനത്തിലൂടെ ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി. ഇസ്‌ലാമിന്റെ മറവില്‍ മന്ത്രവാദ തട്ടിപ്പുകള്‍ നടക്കുമ്പോഴുള്ള അപകടത്തെ കുറിച്ച് ലേഖനം പറയുന്നു : ‘വചന പ്രഘോഷണങ്ങളും സംഗീത ശുശ്രൂഷയും അനുകരിച്ച് ഇസ്‌ലാമിക അടിയാളങ്ങള്‍ അണിയിച്ച് ഒരുക്കുന്ന ചികില്‍സകള്‍ക്ക് തടയിട്ടില്ലെങ്കില്‍ കേരളം ഭ്രാന്താലയമാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. മറ്റു മതങ്ങളിലെ കച്ചവടക്കാര്‍ അവര്‍ ചെയ്യുന്നതിനെ ആദര്‍ശവത്കരിക്കാന്‍ അധികം ശ്രമിക്കാറില്ല. എന്നാല്‍ ഇസ്‌ലാമിന്റെ പേരില്‍ വ്യാപകമാകുന്ന കാടന്‍ ചികിത്സകള്‍ക്ക് ക്വുര്‍ആനും പ്രവാചകചര്യയും ദുര്‍വ്യാഖ്യാനിക്കുന്ന സാഹചര്യമാണുള്ളത്.’

മന്ത്രവാദികളും അതിന്റെ പേരില്‍ തട്ടിപ്പു നടത്തുന്നവരും മാര്‍ക്കറ്റിങിനായി കൂട്ടുപിടിക്കുന്നത് മതത്തെയാണ്. വിവര ദോഷികളായ ജനങ്ങളെ ആകര്‍ഷിക്കാന്‍ അതിലേറെ നല്ല ഒരു വഴിയില്ലെന്ന് തിരിച്ചറിഞ്ഞവരാണ് തട്ടിപ്പുകാര്‍. എന്നാല്‍ മതങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത കാര്യങ്ങളാണ് ഇതിന്റെ മറവില്‍ നടക്കുന്നത്. എന്നാല്‍ മന്ത്രവാദ ചികിത്സ ഇസ്‌ലാമിന്റെ ഒഴിച്ചുടാനാവാത്ത ഭാഗമായിട്ട് അവതരിപ്പിക്കാനാണ് സെയ്ത് മുഹമ്മദിലൂടെ കേസരി വാരിക ശ്രമിക്കുന്നത്. ‘മന്ത്രവാദ ചികിത്സയുടെ ഇസ്ലാമിക പശ്ചാത്തലം’ എന്ന ലേഖനത്തിന്റെ ‘ആധികാരികത’ക്ക് ശക്തിപകരാന്‍ ഒരു മുസ്‌ലിം നാമധാരിയെ കണ്ടെത്തുന്നതില്‍ അവര്‍ വിജയിച്ചെങ്കിലും ഇസ്‌ലാമിനെ കുറിച്ച് പ്രാഥമികമായ അറിവ് മാത്രമുള്ളവര്‍ക്ക് പോലും അതിലെ പൊള്ളത്തരങ്ങള്‍ വ്യക്തമാകും. അര്‍ധസത്യങ്ങളെയും അസത്യങ്ങളെയും കൂട്ടികലര്‍ത്തിയും ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍കരിക്കാന്‍ ശ്രമിച്ചുമാണ് ലേഖനം മുന്നോട്ട് പോകുന്നത്. ഇത്തരം മന്ത്രവാദ തട്ടിപ്പുകള്‍ മുസ്‌ലിം സമുദായത്തിന്റെ മാത്രം കുത്തകയാണെന്ന ധാരണയുണ്ടാക്കാനും ലേഖകന്‍ ശ്രമിക്കുന്നുണ്ട്.

Related Articles