Current Date

Search
Close this search box.
Search
Close this search box.

കല്ലെറിയപ്പെടാത്ത പ്രവാചകന്‍ ആരുണ്ട്?

തളം കെട്ടിക്കിടക്കുന്ന ഓര്‍മകള്‍ക്ക് ഒഴുക്ക് പ്രദാനം ചെയ്യുന്നത് വാക്കുകളാണ്. ഓര്‍മകള്‍ക്ക് അക്ഷരങ്ങള്‍ കൊണ്ട് ആകൃതി നല്‍കുമ്പോള്‍ രൂപപ്പെടുന്ന ശില്‍പ്പമാണ് ചരിത്രം. മറവിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നതിന് എതിരെയുള്ള സമരമാണ് ഓര്‍മ. സമയം ഓര്‍മളുടെ സുഖ ദുഃഖ സന്തോഷ സന്താപ ചരിത്ര ശില്‍പ്പങ്ങള്‍ പുറകിലവശേഷിപ്പിച്ച് പാഞ്ഞുക്കൊണ്ടിരിക്കുന്നു. മഞ്ചാടിക്കുരുകള്‍ ശേഖരിക്കുന്ന കുട്ടിയുടെ കൗതുകത്തോടും ആ അവശേഷിപ്പുകള്‍ നാം വാരിയെടുക്കും. ചരിത്രത്തിലേക്കുള്ള മടക്കം കുട്ടിക്കാലത്തേക്കുള്ള മടക്കം കൂടിയാണ്.

ഒ.വി വിജയന്റെയും യൂസുഫലി കേച്ചേരിയുടെയും ഓര്‍മകളുടെ പച്ചപ്പിനെ ഊഷ്ണകാല വരള്‍ച്ചയുടെ തീവെയിലിന് വിട്ടുകൊടുക്കാതിരിക്കാന്‍ ഇത്തവണത്തെ ആഴ്ചപ്പതിപ്പുകള്‍ ജാഗ്രതപുലര്‍ത്തിയിട്ടുണ്ട്. തലങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും തൂലികാഗ്രങ്ങളില്‍ മഷിയും സര്‍ഗാത്മകതയും കൊണ്ട് സൃഷ്ടിച്ച ഭാവനാ ലോകത്ത് തന്നെയായിരുന്നു ഇരുവരും വിഹരിച്ചത്. മനസ്സില്‍ പാട്ടിന്റെ തിരയിളമുണ്ടാക്കുന്ന പേരുകളില്‍ ഒന്നാണ് യൂസുഫലി കേച്ചേരി. മതേതരനായ കേച്ചേരി എല്ലാര്‍ക്കും സുചരിചിതനാണ്. മതേതരത്വം എന്നതിന്റെ ദാര്‍ശനിക വിവക്ഷ അദ്ദേഹം വി.കെ ശ്രീരാമനുമായി ഒരിക്കല്‍ പങ്കുവെച്ചത് ചന്ദ്രിക ആഴ്ചപ്പതിപ്പ് (2015 മാര്‍ച്ച് 28) നമുക്ക് വേണ്ടി ഓര്‍മിക്കുന്നു.

ശ്രീരാമന്‍ : മതേതരമായ ഒരു ലോകം സ്വപ്‌നം കാണുന്നുണ്ടോ?

കേച്ചേരി : തീര്‍ച്ചയായും. അതുതന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞതും. ‘ഇലാഹിന്നാസ്’ അഥവാ ജനത്തിന്റെ ദൈവത്തോട് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഇസ്‌ലാമിന്റെയോ ക്രിസ്ത്യാനിയുടെയോ ദൈവത്തോട് എന്നല്ല, ഖുര്‍ആനിലെ ആ വാക്യം തന്നെയാണ് എന്റെ ഇഷ്ടപ്പെട്ട ആശയം. ഒരിക്കലും ദൈവം ഇസ്‌ലാമിന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കൂ എന്നു പറയുന്നില്ല. നിങ്ങള്‍ അഭയം തേടുക, മനുഷ്യവര്‍ഗത്തിന്റെ ദൈവത്തിലേക്ക് എന്നാണ് പറയുന്നത്.

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പെട്ട ഖുര്‍ആനെയും ഹദീസുകള്‍ അഥവാ സുന്നത്തിനെയും (നബി ചര്യ) അധികരിച്ച് യൂസുഫലി കേച്ചേരിയുമായി നടത്തിയ സംവാദത്തിന്റെ ഓര്‍മകള്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ (2015 മാര്‍ച്ച് 30) ഒ. അബ്ദുറഹ്മാന്‍ പങ്കുവെക്കുന്നുണ്ട്. പാട്ടെഴുത്തുകാരനായി മാത്രം നമുക്ക് പരിചിതനായ യുസൂഫലി കേച്ചേരിയുടെ ജീവിതത്തില്‍ ഹദീസ് നിഷേധത്തിന് കേരളത്തില്‍ തുടക്കം കുറിച്ച ചേകന്നൂര്‍ മൗലവിയുടെ സ്ഥാനമെന്തെന്ന് വ്യക്തമാക്കുന്ന ഒ. അബ്ദുറഹ്മാന്‍ സാഹിബിന്റെ ഓര്‍മ്മയെഴുത്ത് വായനക്കാരില്‍ ആശ്ചര്യം നിറക്കുന്നത് തന്നെയാണ്.

നികേഷ് കുമാര്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഭരണകൂടം നമ്മോട് പറഞ്ഞത്. നികേഷ് കുമാര്‍ നികുതി വെട്ടിപ്പ് നടത്തിയ പണം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത് എന്ന് നാം നമ്മുടെ വക കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ചിലര്‍ വിദേശയാത്രയും ആഢംബര ജീവിതവും വരെ നികേഷിന്റെ ദൈന്യംദിന ജീവിതത്തിലേക്ക് വരവുവെച്ചു. നികുതി വെട്ടിച്ച പണം കൊണ്ട് പടുത്തുയര്‍ത്തിയ വാര്‍ത്താ സാമ്രാജ്യത്തിന്റെ ഉടമ എന്ന വിശേഷണവും ചിലര്‍ ചാര്‍ത്തി കൊടുത്തു.

കലാകൗമുദിയില്‍ (2015 ഏപ്രില്‍ 5) നികേഷ് മനസ്സു തുറക്കുകയാണ്. ചിലരൊക്കെ ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനലിനെ മറവിയുടെ കൂമ്പാരത്തിലേക്ക് തലമുണ്ഡനം ചെയ്ത് വസ്ത്രാക്ഷേപം നടത്തി ചുരുട്ടിയെറിയാന്‍ ശ്രമിച്ചു. റിപ്പോര്‍ട്ടര്‍ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. നികുതി അടയ്ക്കുന്നതിന് നിവൃത്തികേടു കൊണ്ട് കാലതാമസം വരുത്തിയെന്ന് വേണമെങ്കില്‍ വാദത്തിന് സമ്മതിക്കാമെന്ന് നികേഷ് പറയുന്നത് നമുക്ക് മനസ്സിലാക്കാം. വാഴപ്പിണ്ടിക്ക്  പകരം നട്ടെല്ലുള്ള മാധ്യമപ്രവര്‍ത്തനങ്ങളെ എവ്വിധമാണ് ഭരണകൂടവും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് ഇല്ലായ്മ ചെയ്യുന്നത് എന്നതിലേക്കുള്ള വ്യക്തമായ സൂചനകള്‍ നികേഷിന്റെ തുറന്ന് പറച്ചിലില്‍ വെളിപ്പെടുന്നുണ്ട്.

‘വിറ്റ് ഓടണം. അതിന് തയ്യാറുണ്ടോ എന്നതാണ് എന്റെയും മാനേജ്‌മെന്റിന്റെയും മുമ്പിലുള്ള ചോദ്യം. എന്റെ സഹപ്രവര്‍ത്തകരെ കോര്‍പ്പറേറ്റിന് വിറ്റ് ഞാനെങ്ങോട്ടും പോകില്ല. അങ്ങനെ ഒരു സമ്പാദ്യമെനിക്ക് വേണ്ട. തുലയ്ക്കാന്‍ ഇറങ്ങിയവര്‍ അത് ചെയ്യട്ടെ. അതിനെ പ്രതിരോധിക്കാനുള്ള ചങ്കൂറ്റമൊക്കെ എനിക്കുണ്ട്.’

സച്ചിന്‍ ടെഡുള്‍ക്കറുടെ വിദേശനിര്‍മിത ആഢംബര വാഹനത്തിന്റെ നികുതി ഒഴിവാക്കി കൊടുത്ത വാര്‍ത്ത നാം ഇനിയും കേള്‍ക്കും. നികേഷുമാര്‍ കല്ലെറിയപ്പെടും. കല്ലേറു കൊണ്ട് നെറ്റിയില്‍ നിന്നും രക്തം പൊടിയാതെ പ്രവാചകന്‍മാര്‍ ആരും തന്നെ ഭൂമിയിലൂടെ കടന്നുപോയിട്ടില്ല.

Related Articles