Current Date

Search
Close this search box.
Search
Close this search box.

എപ്പോഴാണ് ഗോക്കള്‍ മാതാക്കളായത്!

കള്ളും കഞ്ചാവും ആരോഗ്യത്തിന് ഹാനികരമെന്നാണ് ആരോഗ്യമതം. ഇറച്ചിയും മീനും പാലും തേനും ആരോഗ്യപ്രദമെന്നും. എന്നാല്‍ പത്ത് കിലോ കഞ്ചാവ് കൈവശം വെച്ചവന്‍ ജയിലിനുപുറത്തും 100ഗ്രാം പോത്തിറച്ചി കൈയ്യില്‍ കരുതിയവന്‍ അകത്തും കിടക്കേണ്ടിവരുന്ന നാടാണിത്. പക്ഷേ യാഗങ്ങളിലും ഹോമങ്ങളിലും വിശേഷസല്‍ക്കാരങ്ങളിലും വീടുകളിലും മതചടങ്ങുകളിലും ഗോ മാംസത്തിന്റെ സാന്നിധ്യമുണ്ടായിരുന്നവര്‍ക്ക് എപ്പോഴാണ് ഗോ വിശുദ്ധയായത്? ഉത്തരം പറഞ്ഞുതരികയാണ് ജൂണ്‍ ലക്കം സംവാദം മാസികയില്‍ ‘ഹിന്ദുവും ഗോമാംസവും ചരിത്രം നല്‍കുന്ന പാഠങ്ങള്‍’ എന്ന  ലേഖനത്തിലൂടെ മുസ്തഫാ തന്‍വീര്‍. ക്രിസ്തുമതത്തിന്റെയത്രപോലും ചരിത്രമില്ലാത്ത ഒരാരാധനാ സമ്പ്രദായത്തെയാണ് പ്രപഞ്ചത്തോളം പഴക്കമുളള വിശുദ്ധസംസ്‌കാരമായി ആര്‍.എസ്സ്.എസ്സുകാര്‍ പരിചയപ്പെടുത്തുന്നതെന്നും  മൂര്‍ത്തമായ ഗോ പൂജ ഇന്ത്യയില്‍ രൂപപ്പെടുന്നത് ക്രിസ്തുവിന് ശേഷം മൂന്നാം നൂറ്റാണ്ടിലെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായമെന്നും ലേഖകന്‍ തെളിവുകള്‍ സഹിതം എഴുതുന്നു. ആര്യാധിനിവേശം രൂപപ്പെടുത്തിയ ഹൈന്ദവ സംസ്‌കൃതിയെ കുറിച്ച് പഠിക്കാനവലംബിക്കുന്ന ഏറ്റവും പഴയ സ്‌ത്രോതസ്സായ ഋഗ്വേദത്തില്‍ പശുവിനോട് അഹിംസപുലര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന വചനങ്ങളൊന്നും കാണാനില്ലെന്നും പറഞ്ഞുകൊണ്ട് ഗോവധനിരോധനം വന്ന വഴികളെ ലേഖകന്‍ വിവരിക്കുകയാണ് ലേഖനത്തിലൂടെ.

ജ്ഞാന വിനിമയത്തിന്റെ സാധ്യതകള്‍
ഇഖ്‌റഅ് – നീ വായിക്കുക. നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍. ആദ്യമായി ഇറങ്ങിയ ദൈവിക വചനം. ലോകത്തിന് വെളിച്ചമായി ഖുര്‍ആന്‍  അവതീര്‍ണമായ മാസമാണ് റമദാന്‍. മാനവ കുലത്തിന്റെ സന്മാര്‍ഗ ഒന്നിധ്യവും പുരോഗതിയും രക്ഷയും മോക്ഷയും ക്രമാനുഗതമായി ബന്ധപ്പെട്ടിരിക്കുന്നത് അറിവു സമ്പാദനവുമായാണ്. അറിവുനേടുന്നതിനുവേണ്ടിയുള്ള സഞ്ചാരം സ്വര്‍ഗത്തിലേക്കുള്ള വഴിയൊരുക്കുമെന്നാണ് പ്രവാചകവചനം. എന്നാല്‍ ആദിമാതാവായ ആദമും ആദിപിതാവായ ഹവ്വയും സ്വര്‍ഗത്തോപ്പില്‍ നിന്നും പുറത്തായത് അറിവിന്റെ വൃക്ഷത്തില്‍ നിന്നും പഴം തിന്നതിനാലാണെന്നാണ് കൃസ്തീയ പാഠം. അതുകൊണ്ട് മതമല്ലാത്ത അറിവുല്‍പാദകരെ തൂക്കിലേറ്റിയും ചുട്ടെരിച്ചും 12മുതല്‍ 19വരെയുള്ള ക്രൈസ്തവ യൂറോപ്പ് കടന്നുപോയി.

എത്ര തന്നെ പഠിച്ചിട്ടും വിനിമയം സാധ്യമാകാത്ത ഭാഷാ പഠനത്തിനും അന്വേഷണനിരീക്ഷണത്വര വളര്‍ത്താത്ത ശാസ്ത്ര പഠനത്തിനും പ്രശ്‌നപരിഹാരത്തിന്റെ ജീവനകല സാധ്യമാകാത്ത ഗണിതത്തിനും വിജ്ഞാനത്തിനുമപ്പുറം ഉപകാരപ്പെടുന്ന അറിവ് നല്‍കാന്‍ പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ച മതത്തിന്റെ സത്തയുള്‍ക്കൊണ്ട് മതഭൗതിക വേര്‍തിരിവില്ലാതെ വിദ്യയഭ്യസിക്കാന്‍ പ്രേരിപ്പിക്കുന്നു  ജൂണ്‍ മാസം സംവാദനം മാസികയിലെ ‘ജ്ഞാനവിനിമയം സമുദായം ശ്രദ്ധിക്കേണ്ടത്’ എന്ന മുഖലേഖനം.

ചിലപ്പോള്‍ വഴിയേ പോകുന്നവനെ കണ്ടാലോ ആരെക്കുറിച്ചെങ്കിലും പറയുന്നതുകേട്ടാലോ നാം ഉടനെ പറയും അവനൊരു പച്ചകാഫിറാണെന്ന്. ആരെയെങ്കിലും കാഫിരാക്കാന്‍ നമുക്കധികാരമുണ്ടോ?അല്ലെങ്കില്‍ ആരാണീ കാഫിര്‍? എന്താണ് അതുകൊണ്ടുദ്ദേശിക്കുന്നത്? ജനനം കൊണ്ട് ഒരാള്‍ ഇപ്പറഞ്ഞ കാഫിറാകുമോ? ഇതിനുള്ള ഉത്തരങ്ങളുമായാണ് ജൂണ്‍ ലക്കം വാല്യം 32 ശബാബ് വാരിക ഇറങ്ങിയിരിക്കുന്നത്. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ എഴുതിയ ‘കാഫിര്‍ ഒരു സമുദായത്തിന്റെ പേരല്ല’ എന്ന ലേഖനത്തിലൂടെ അദ്ദേഹം പറയുന്നത് ഒരു ജനവിഭാഗത്തെയോ വ്യക്തിയെയോ കാഫിറായി പ്രഖ്യാപിക്കുവാനുള്ള അവകാശം സൃഷ്ടികള്‍ക്കാര്‍ക്കും ദൈവം തമ്പുരാന്‍ നല്‍കിയിട്ടില്ലായെന്നാണ്. അറേബ്യക്ക് പുറത്തുള്ള മുസ്‌ലിമേതര സഹോദരങ്ങളെ ഖുര്‍ആന്‍ അഭിസംബോധന ചെയ്ത രീതി അദ്ദേഹം എടുത്തുദ്ധരിക്കുന്നു. ഒരു പ്രബോധിത സമുദായത്തെ ഏവ്വിധം കാണണമെന്നതിനുള്ള നല്ല ഒരു ലേഖനമാണിത്.

നീതി പീഢങ്ങള്‍ അധസ്ഥിത ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം ദലിതുകള്‍ എന്നിവരോട് പുലര്‍ത്തുന്ന അസഹിഷ്ണുതകള്‍ ഏറെയാണ്. പ്രതികളായി പിടിക്കപ്പെട്ട് വര്‍ഷങ്ങല്‍ ജയിലിലടച്ചതിനുശേഷം നിരപരാധിയാമെന്നുപറഞ്ഞുവിട്ടയച്ചവര്‍ ഏറെ. ജോലിയും കുടുംബവും ഇക്കാലയളവിനിടയില്‍ അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കും. ‘മുസ്‌ലിംകള്‍ നീതി നിഷേധത്തിന്റെ ഇരകള്‍’ (തെളിച്ചം മാസിക 2015 ജൂണ്‍) എന്ന ലേഖനത്തിലൂടെ ശരീഫ് കെ.ടി പറയാന്‍ ശ്രമിക്കുന്നത് ഈ കാര്യമാണ.് ജയലളിത അടക്കമുള്ളവരുടെ ജാമ്യവുമായി ബന്ധപ്പെട്ടാണ്  ‘നീതിപീഠങ്ങള്‍ പലരുടെയും തടവറയിലാണ്’ (തെളിച്ചം മാസിക 2015 ജൂണ്‍) എന്ന സമീര്‍ കാവാഡിന്റെ ലേഖനം. നമ്മുടെ നിയമം ഒരു നുണയാണ് എന്ന് കൂടെകൂടെ മനുഷ്യര്‍ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു എന്ന സെബാസ്റ്റിയന്‍ പോളിന്റെ നിരീക്ഷണം അദ്ദേഹം ഇതിനോട് ചേര്‍ത്തുനിര്‍ത്തുന്നു.

Related Articles