Current Date

Search
Close this search box.
Search
Close this search box.

എന്തിനോ വേണ്ടി തിളച്ച സാമ്പാര്‍

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ എന്നത് പ്രസിദ്ധമായൊരു സിനിമാ ഡയലോഗാണ്. ആം ആദ്മി പാര്‍ട്ടിയെ പറ്റി ആലോചിക്കുമ്പോഴേ ഓര്‍മ വരിക ആ ഡയലോഗാണ്.
സത്യത്തില്‍ ആം ആദ്മി എന്തിനായിരുന്നു തിളച്ചിരുന്നത്..? ആര്‍ക്ക് വേണ്ടിയായിരുന്നു?  
ട്രെയില്‍ ചാര്‍ജും, ഗ്യാസ്, മണ്ണെണ്ണ, പഞ്ചസാര ഇത്യാദികള്‍ക്കും എന്തിന് മന്‍മോഹന്‍ സിംഗിന് വരെ വിലയേറിക്കൊണ്ടിരിക്കുന്ന ഈ കാലിക കാലത്തും കെജ്‌രിവാളിന് അഴിമതി എന്ന നാലക്ഷരം മാത്രമേ പറയാനുള്ളൂ. അഴിമതി വിരുദ്ധത മാത്രം എങ്ങനെയാണ് ഒരു സിദ്ധാന്തമാവുക എന്ന് അതുകൊണ്ടാണ് പവന്‍ ഖേര ചോദിച്ചത്.

ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായിരിക്കുന്നു ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി.

ആപ്പ് അസ്തമിക്കാറായോ എന്ന സന്ദീപ് ഉണ്ണിത്താന്റെ വിശകലനം (ഇന്ത്യാ ടുഡേ  ജൂണ്‍ 25) പ്രസക്തമായ കാര്യങ്ങളെ ഓര്‍മപ്പെടുത്തുന്നു. 3,50,000 സന്നദ്ധ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 50,000 ആയി ചുരുങ്ങിയത്രെ. സംഭാവനകള്‍ ഇപ്പോള്‍ പിരിഞ്ഞു കിട്ടുന്നില്ല. ദിവസവും ആയിരക്കണക്കിന് വിളികളും ഇ മെയിലുകളും ലഭിച്ചിരുന്ന പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈനുകളും ഇപ്പോള്‍ നിശബ്ദമാണ്. ഗാസിയാബാദ് കൗസംബിയിലെ എ.എ.പിയുടെ രണ്ടുനില ഓഫീസ് ഇപ്പോള്‍ ശൂന്യം .

ഇങ്ങനെയെല്ലാം സംഭവിക്കാന്‍ കാര്യമെന്താണ്? കിരണ്‍ ബേദി തന്നെ പറയട്ടെ..
‘തികഞ്ഞ അക്ഷമ, തയ്യാറെടുപ്പില്ലായ്മ, അമിത ഇടപെടല്‍, ഏകപക്ഷീയത, മുതലെടുപ്പ്, അമിത അനാവരണം, അമിത കണക്കുകൂട്ടല്‍, ദോഷ ചിന്ത, മറ്റുള്ളവരേക്കാള്‍ വിശുദ്ധര്‍ എന്ന ചിന്ത, അമിത ആത്മവിശ്വാസം, നിയമവാഴ്ചയില്ലായ്മ, റൗഡിസം, സങ്കുചിതത്വം…….’

എ.എ.പിയുടെ ഏറ്റവും വലിയ വെല്ലുവിളി ഇനി വരാന്‍ കിടക്കുന്നേയുള്ളൂ. നവംബറിനും ഡിസംബറിനുമിടയിലായി നടത്താന്‍ സാധ്യതയുള്ള ദല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പ്..

യൂനിവേഴ്‌സിറ്റികള്‍ ഇല്ലാതാകും കാലം
വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മളെല്ലാം വാങ്ങിവെച്ച ഡിക്ഷണറികളെല്ലാം വിരല്‍സ്പര്‍ശം ഏറ്റകാലം മറന്നുകാണും. ഈ ഓണ്‍ലൈന്‍ കാലത്ത് അവയെല്ലാം കഴിഞ്ഞകാലത്തിന്റെ സ്മാരകങ്ങളായി മാറി. അത്ര വേഗതയിലാണ് കാലം മുന്നോട്ടൊഴുകിക്കൊണ്ടിരിക്കുന്നത്.

സാങ്കേതിക വിദ്യയുടെ ഈ വേഗതകാലത്ത് എങ്ങനെയാകണം നമ്മുടെ വിദ്യാഭ്യാസം എന്ന ആലോചന എത്രമാത്രം നടക്കുന്നുണ്ട് എന്നറിയില്ല. കടലാസു പുസ്തകങ്ങളും വിദ്യാലയങ്ങളും യൂനിവേഴ്‌സിറ്റികള്‍ വരെ ഇല്ലാതാകുന്ന ഒരു കാലം അത്ര വിദൂരത്തൊന്നുമല്ല. ഒട്ടേറെ അധ്യാപകര്‍ക്ക് പണി പോകുന്ന ഓണ്‍ലൈന്‍ ടീച്ചിംഗിന്റെ കാലമാണ് വരാനിരിക്കുന്നത്. പ്രഗല്‍ഭരായ അധ്യാപകരുടെ കഴിവുകള്‍ വെറുമൊരു ചുമരിനകത്തും നാല്‍പതുകുട്ടികള്‍ക്കുമായി ചുരുങ്ങുപ്പോകുന്ന കാലം അകലുമായിരിക്കും. വെര്‍ച്വല്‍ ക്ലാസ് റൂമുകളുടെയും ഉന്നത വിദ്യാഭ്യാസരംഗത്തെ ആഗോള മാറ്റങ്ങളെ പറ്റിയുമുള്ള ടിപി ശ്രീനിവാസന്റെ (കലാകൗമുദി ജൂണ്‍ 8) സംസാരങ്ങള്‍ എങ്ങനെവേണം നമ്മുടെ വിദ്യാഭ്യാസം എന്നതിലേക്കുള്ള ഒരു വെളിച്ചം കാട്ടിയാണ്.
വിദ്യാഭ്യാസത്തെ പുതിയ കാലത്തോട് ബന്ധിച്ച് നിര്‍ത്തി പുതിയ പാഠ്യലോകം കിനാവ് കാണുന്ന ആര്‍ക്കും ഈ അഭിമുഖം ഒട്ടേറെ ഉണര്‍വ് നല്‍കും.

***********************
പുതിയ എഴുത്തുകാര്‍ക്ക് ഒട്ടെറെ അവസരങ്ങള്‍ നല്‍കുന്നത് ഒരു പക്ഷേ ചന്ദ്രിക ആഴ്ചപ്പതിപ്പ് ആയിരിക്കും. അതില്‍ വരുന്ന ചില രചനകള്‍ ശരിക്കും നമ്മെ വിസ്മയിപ്പിക്കും. ബിജു ടി ആര്‍ പുത്തഞ്ചേരിയുടെ പ്രതീക്ഷ എന്ന കവിത സുന്ദരമായിരുന്നു. (ചന്ദ്രിക മെയ് 31)

പ്രതീക്ഷ 

രാത്രിയിലൊറ്റക്കൊരു
പെണ്‍കുട്ടി നടന്നു പോകുമ്പോള്‍
നിലാവ് വെളിച്ചം നല്‍കും..
ഒറ്റക്കണ്ണുള്ള നക്ഷത്രങ്ങള്‍
വഴിയരികില്‍ കാത്തിരിക്കും..
കടത്തിണ്ണയിലിരിക്കുന്ന തെരുവ് നായ്ക്കള്‍
മിഴിപാതി തുറന്ന് ഉമിനീരിറക്കും..
നെറ്റിപ്പട്ടം കെട്ടിയ ഒരാന
ഇരുളില്‍ നിന്ന് ചിന്നം വിളിക്കും..
അശ്ലീലഗാനം മൂളി കൊതുകുകളും
കരിവണ്ടുകളും അവളെ പിന്തുടരും..
ഒറ്റയ്ക്ക് പോവരുതെന്ന് പറഞ്ഞ്
കുറുക്കന്‍മാര്‍ തട്ടുകടയില്‍ നിന്നിറങ്ങി വരും..
മദ്യലഹരിയില്‍ സര്‍പ്പങ്ങള്‍
ഫണം ചീറ്റി ഭയപ്പെടുത്തും..
വീടെത്തുംവരെ അവളുടെയുള്ളില്‍ ഭയം..
ഇലയനക്കങ്ങള്‍ ശ്രദ്ധിച്ച്
പതിയെ നടക്കുമ്പോള്‍ ശരീരം വിറക്കും..
വൈദ്യുതി വിളക്കുകള്‍ കണ്ണുചിമ്മുമ്പോള്‍
മരക്കൊമ്പിലിരുന്ന മൂങ്ങ കരയും ,
ഒരിടവേളയില്‍ അവളെ കാണാതാവുമ്പോള്‍,
അപ്രതീക്ഷിതമായി പെയ്ത മഴയില്‍
അവളൊലിച്ചു പോയതായി തോന്നും..

Related Articles