Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് പട്ടാള അട്ടിമറിയുടെ മലയാള വായനകള്‍

ഈജിപ്തിലെ പട്ടാള അട്ടിമറിയെയും ജനാധിപത്യ കശാപ്പിനെയും കുറിച്ച വിശകലനങ്ങളായിരുന്നു പോയ വാരത്തിലെ മലയാള മുസ്‌ലിം ആനുകാലികങ്ങളിലെ ശ്രദ്ദേയ കവര്‍സ്‌റ്റോറികള്‍. വി എ കബീര്‍ (പ്രബോധനം  ജുലൈ 19 ), മുജീബ് റഹ്മാന്‍ കിനാലൂര്‍ (ശബാബ്  ജുലൈ 12), ഡോ : സി കെ അബ്ദുല്ല ( തേജസ്  ജൂലൈ 16 – 31 ) എന്നിവരാണ് ലേഖകര്‍. മുര്‍സിയെ അട്ടിമറിച്ചതിന് പിന്നിലെ കരങ്ങളെയും ലക്ഷ്യങ്ങളെയും ഒരേ പോലെ മൂന്ന് ആനുകാലികങ്ങളും ക്യത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഗൂഢാലോചനയെക്കുറിച്ച വി എ കബീറിന്റെ നിരീക്ഷണം ഇങ്ങനെ ‘വാസ്തവത്തില്‍ സെക്യുലര്‍ ഇടതു ലിബറല്‍ പ്രതിപക്ഷം മുബാറക് പക്ഷവുമായി നടത്തിയ അവിഹിത കൂട്ടുക്കെട്ടിന്റെ ഫലമായിരുന്നു പട്ടാള ഇടപ്പെടല്‍. ഇസ്‌ലാമിസ്റ്റ് വിരോധം എന്ന ഏക അജണ്ട മാത്രമാണ് അവരെ യോജിപ്പിച്ചത്.’ ശബാബില്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍ അതിങ്ങനെ വ്യക്തമാക്കുന്നു ‘പ്രക്ഷോഭത്തില്‍ പ്രത്യക്ഷമായി മുന്നില്‍ നിന്നത് സിവില്‍ സമൂഹവും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളാണെങ്കിലും, ജൂലൈ 30 തിലെ സംഭവഗതികളിലേക്ക് ഈജിപ്തിനെ നയിച്ചത് മുബാറക് ഭരണകൂടത്തിന്റെ അവശിഷ്ട പ്രേതങ്ങളും സാമ്യജ്വത്വ അനുകൂല സൈന്യവുമാണെന്നത് ഒരു രഹസ്യല്ല…. നിലവിലെ ലോകക്രമത്തില്‍ സുപ്രധാന ശക്തിയായ അമേരിക്കക്ക് ഈജിപ്തിലെ പുതിയ സംഭവവികാസങ്ങളില്‍ അനിഷേധ്യ പങ്കുണ്ട്. ഒരു സാമ്രാജ്വത്വശക്തി എന്ന നിലയില്‍ അമേരിക്കക്ക് മേഖലയില്‍ ഏറ്റവും താല്‍പര്യമുള്ള രാജ്യമാണ് ഈജിപ്ത്.’  ഡോ: സി കെ അബ്ദുല്ല തേജസില്‍ രേഖപ്പെടുത്തുന്നതിങ്ങനെ ‘മുന്‍സേഛ്വാധിപത്യത്തിന്റെ ശേഷിപ്പുക്കാരും പട്ടാളവും കൂടിയ സഖ്യം അകത്തും ജനകീയ ജനാധിപത്യത്തെയും അതിന്റെ ഇസ്‌ലാമിക സ്രോതസസ്സിനെയും ഭയക്കുന്നവര്‍ പുറത്തുനിന്നും പിന്തുണച്ചു നടന്ന ഗൂഢാലോചനക്ക് അകത്തും പുറത്തും ധാരാളം കക്ഷികള്‍ ചരടുവലിച്ചിട്ടുണ്ട്.’ അറബ് വസന്ത പ്രക്ഷോഭം ആരംഭിച്ചതുമുതല്‍ അതിനെ പിന്തുണച്ചു പോന്ന ഈ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ക്കും അട്ടിമറിയുടെ രാഷ്ട്രീയവും അതിന് പിന്നിലുള്ള സയണിസ്റ്റ് സാമ്യാജ്യത്വ അജണ്ടകളും ക്യത്യമായി തിരിച്ചറിയാനായതില്‍ അത്ഭുതമില്ല.
        
എന്നാല്‍ തുടക്കം മുതല്‍ തന്നെ അറബ് വസന്തത്തെ സംശയത്തോടെയും ആശങ്കയുടെയും പരിചയപ്പെടുത്തിയ പ്രസിദ്ധീകരണങ്ങളായിരുന്നു രിസാലയും വിചിന്തനവും. ചിലപ്പോഴെക്കെ സ്വന്തമായി നിലപാടില്ലാത്ത ചന്ദ്രിക പത്രത്തെയും ഈ വിഭാഗം ഉപയോഗപ്പെടുത്തിയത് വായനാനുഭവമാണ്. മുര്‍സി പ്രസിഡന്റായപ്പോള്‍ അതിനെ എങ്ങനെ വിലയിരുത്തണമെന്ന കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ ഈ വിഭാഗങ്ങള്‍ ആശയക്കുഴപ്പത്തിലായിരുന്നു. അക്കാലത്ത് വെളിച്ചം കണ്ട ഈ വിഷയത്തിലെ എഴുത്തുകളിലെല്ലാം ആ കണ്‍ഫ്യൂഷന്‍ നിഴലിച്ചു കാണാം. എന്നാല്‍ പട്ടാളം മുര്‍സിയെ അട്ടിമറിച്ചതോട് കൂടി ആ ആശങ്കയും ആശയകുഴപ്പങ്ങളും കുത്തിയൊലിച്ചു പോയി. പഴയ ഇഖ്‌വാന്‍ വിരോധം വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ എന്നന്നേക്കുമായുള്ള പരാജയവും ചരമപ്രഖ്യാപനവുമാണ് ഈജിപ്തില്‍ നടന്നതെന്ന നിരീക്ഷണങ്ങള്‍ പ്രത്വക്ഷപ്പെട്ടു. വിചിന്തനത്തിലെ സ്ഥിരം പശ്ചിമേഷ്യന്‍ ‘വിദഗ്ദന്‍’ ചന്ദ്രികയിലാണ് ഈ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പരാജയതിയറി ആദ്യം അവതരിപ്പിച്ചത്. ‘രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളെ പരീക്ഷിച്ച ജനമാണ് ഈജിപ്തില്‍ പരാജയപ്പെട്ടിരിക്കുന്നത്. തുര്‍ക്കിയിലും തുനീഷ്യയിലും ഈജിപ്തിലും ആഘോഷിക്കപ്പെട്ട രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളുടെ വിജയത്തിന് അല്‍പ്പായുസ്സേയുള്ളൂവെന്നാണ് ഈജിപ്തിലെ രക്തരൂക്ഷിതമായ പ്രക്ഷോഭങ്ങള്‍ സൂചിപ്പിക്കുന്നത്. ‘(ഡോ: എ ഐ അബ്ദുല്‍ മജീദ് ചന്ദ്രിക ദിനപത്രം ജൂലൈ 5 ) അമേരിക്ക ഇസ്‌ലാമിസ്റ്റുകള്‍ക്ക് സകല പിന്തുണയും നല്‍കിയിരുന്നൂവെന്ന കണ്ടെത്തലും ഈ ‘പശ്ചിമേഷ്യന്‍ വിദഗ്ദന്‍ ‘ ലേഖനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ‘അമേരിക്കയും പിന്നണിയാളുകളും തെരഞ്ഞെടുപ്പിലെ ഇസ്‌ലാമിസ്റ്റുകളുടെ വിജയം അംഗീകരിക്കുകയായിരുന്നു. സാമ്പത്തിക കുത്തുപ്പാളയെടുത്ത ഈജിപ്തിന് വിദേശഫണ്ടുകള്‍ അനുവദിച്ച് കിട്ടാനും അമേരിക്ക നന്നായി ശ്രമിച്ചിരുന്നു.’ ഇങ്ങനെ പോകുന്നു തീവ്രസലഫികളുടെ കേരളപ്പതിപ്പിന്റെ പട്ടാള അട്ടിമറിയുടെ പിന്നിലെ കാരണങ്ങളുടെ മലയാള വിവര്‍ത്തനങ്ങള്‍.

ഏറെ കൗതുകത്തോടെ കാത്തിരുന്നത് രിസാലയുടെ നിരീക്ഷണങ്ങളറിയാനായിരുന്നു. പക്ഷേ അവര്‍ തുടക്കം മൗനം പാലിച്ചു. പട്ടാള അട്ടിമറിയെ അനുകൂലിച്ചാല്‍ അത് ജനാധിപത്യവിരുദ്ധമാകും. അതില്‍ പ്രതിഷേധിച്ചാല്‍ ഇഖ്‌വാനെ അംഗീകരിക്കുന്നതിന് തുല്യമാകും. ഒടുവില്‍ ഈ പ്രത്യയശാസ്ത്ര പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞ വായനാവാരത്തില്‍ പരാമര്‍ശിച്ച ലുഖ്മാന്‍ കരുവാരക്കുണ്ട് തന്നെ രംഗത്തിറങ്ങി. ഈജിപ്ത് സ്വദേശിയും അകാദമിക് ചരിത്രകാരനുമായ ഡോ: ശരീഫസുഹൂറുമായി ലുഖ്മാന്‍ ഈജിപ്ത് വിഷയത്തില്‍ നടത്തിയ ദീര്‍ഘമായ ഓണ്‍ലൈന്‍ അഭിമുഖമാണ് രണ്ടു ലക്കങ്ങളിലായി (ജൂലൈ 28, ആഗസ്റ്റ് 2 ) രിസാല കവര്‍സ്‌റ്റോറി ആക്കിയത്. ഒരേ സമയം ഇഖ്‌വാന്‍ വിമര്‍ശകനും അമേരിക്കന്‍ വിരുദ്ധനുമായാണ് ഡോ:ശരീഫിനെ രിസാല പരിചയപ്പെടുത്തുന്നത്. പട്ടാള നടപടിയെ അദ്ധേഹം തുറന്ന് ന്യായീകരിക്കുന്നു. ‘ഈജിപ്തില്‍ നടന്ന ചരിത്രപരമായ ഈ രാഷ്ട്രീയമാറ്റത്തിന് നേത്യത്വം നല്‍കിയ സൈനിക തലവന്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസി യു എസ് ആര്‍മി കോളേജില്‍ എന്റെ ശിഷ്യനായിരുന്നു. വളരെ മാന്യനും മതചിട്ടകള്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന സ്വഭാവക്കാരനുമാണ് അല്‍സീസി. രാജ്യത്തെ ആഭ്യന്തര കലഹത്തില്‍ നിന്ന് രക്ഷിക്കാനും ജനഹിതമനുസരിച്ചുള്ള ഭരണകൂടം സ്ഥാപിക്കാനുമുള്ള ഇടപ്പെടലായിരുന്നു ആര്‍മി നടത്തിയത്‘ തന്റെ ശിഷ്യന്‍ നേത്യത്വം കൊടുക്കുന്ന പട്ടാളത്തോടുള്ള ആഭിമുഖ്യവും സലഫി  ഇസ്‌ലാമിസ്‌ററ് വിരോധവും അഭിമുഖത്തില്‍ ഉടനീളം കാണാം. തുണീഷ്യയിലെ അന്നഹ്ദയുടെ രാഷ്ട്രീയ വിജയത്തെക്കുറിച്ച ചോദ്യത്തിന്റെ ഉത്തരത്തില്‍ അവിടെയും  സൈനിക അട്ടിമറി നടക്കേണ്ടതുണ്ടെന്നും താനത് വൈകാതെ പ്രതീക്ഷിക്കുന്നൂവെന്നും ഈ അകാദമിക് ചരിത്രകാരന്‍ പറയുന്നുണ്ട്. ഏതായാലും എല്ലാം തുറന്ന് പറയാനുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതയെ മാനിക്കുന്നു. ഒപ്പം സൈനിക അട്ടിമറിയോടുള്ള സ്വന്തം നിലപാട് വ്യക്തമാക്കാതെ; പറയാന്‍ കൊതിക്കുന്നതെല്ലാം മറ്റെരാളുടെ വായിലൂടെ സമര്‍ഥിച്ച രിസാലയുടെ സാമര്‍ഥ്യത്തെയും കൈകൂപ്പി വണങ്ങുന്നു.

Related Articles