Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെ യാഗശാലയിലേക്ക് തെളിക്കരുത്

ഭാരതീയമെന്നു പറയുന്ന എല്ലാ പ്രാചീന സംസ്‌കാരശേഷിപ്പുകളും ഹൈന്ദവതയുടെ ഭാഗമാണോ? സാംസ്‌കാരികതയുടെ എല്ലാ നല്ല ശേഷിപ്പുകളെയും ആചാര്യന്മാരെയും ഹൈന്ദവഫാസിസത്തിന് മാത്രമായി വിട്ടുകൊടുക്കണോ? ഈയൊരു ചോദ്യം ചിലരിലെങ്കിലും ഉയര്‍ന്നത് യോഗാ ദിനാചരണത്തിന്റെ ഭാഗമായി കൊണ്ടാണ്.

എന്നാല്‍ ചരിത്രത്തിലേക്ക് തിരിഞ്ഞ് യഥാര്‍ഥ വസ്തുതകള്‍ പൊതുമണ്ഡലത്തില്‍ വെച്ച് ഇതൊന്നും ഹൈന്ദവ ഫാസിസത്തിന്റെ സ്വകാര്യസ്വത്തല്ലെന്ന് നിരന്തരം സമൂഹത്തെ ഓര്‍മിപ്പിക്കണം എന്നാണ് ‘മോദിയുടെ യോഗയും മമ്മൂട്ടിയുടെ നിലവിളക്കും’എന്ന കലാകൗമുദിയിലൂടെയുള്ള (2015 ജൂലൈ 5) സുധീറിന്റെ ലേഖനം. നിലവിളക്കു കൊളുത്തുന്നതിനെ എതിര്‍ത്ത ബഹു: മന്ത്രി അബ്ദുറബ്ബിന്റെയും യോഗയെ എതിര്‍ത്ത ചില മുസ്‌ലിംസംഘടനകളെയും മുന്നില്‍ വെച്ചാണ് സുധീറിന്റെ ഈ നിരീക്ഷണം. ഈ ജൂണ്‍ 21 മുതല്‍ ഐക്യരാഷ്ട്രസഭയുടെ കലണ്ടറില്‍ സ്ഥാനം നേടുകയും 251 ലോക നഗരങ്ങളില്‍ ഒരേസമയം ആചരിക്കപ്പെടുകയും ചെയ്ത യോഗാഭ്യാസത്തിന്റെ ആരോഗ്യപരമായ ഗുണദോഷങ്ങള്‍ക്ക് അദ്ദേഹം മുതിരുന്നില്ലെങ്കിലും ഇതൊരു വിപ്ലവകരമായ സംഗതിയാണെന്നും ഇനി ഇതിന്റെ പിത്യത്വം ഏതെങ്കിലും മതവിഭാഗത്തിന് അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പ്രത്യേകചടങ്ങുകള്‍ ഹൈന്ദവതക്ക് ചാര്‍ത്തിക്കൊടുത്ത് മറ്റുള്ളവര്‍ പിന്മാറുക വഴി ഹൈന്ദവ ഫാഷിസത്തിന് വളം വെച്ചുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ലേഖനത്തിലൂടെ സമര്‍ഥിക്കുന്നു. സാംസ്‌കാരിക നായകന്മാരെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്സിനോട് ഈ മഹത്തുക്കള്‍ മുന്നോട്ടുവെച്ച ആശയം ആര്‍.എസ്സിന്റെ ആശയത്തിന് കടകവിരുദ്ദമാണെന്ന് ചങ്കൂറ്റത്തോടെ പറയാനും ഉദ്‌ബോധിപ്പിക്കുന്നു. ഇന്ന് പ്രചാരത്തിലുള്ള യോഗാഭ്യാസങ്ങളൊന്നും തന്നെ പ്രാചീന ടെക്‌സ്റ്റുബുക്കുകളില്‍ ഉള്ളതല്ലെന്നും അത് സങ്കരയിന ഡ്രില്‍ മാത്രമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അതിനുബോല്‍ബലകമായി യോഗയെക്കുറിച്ച് കൂടുതല്‍ കാര്യമറിയേണ്ടവര്‍ക്ക് പ്രശസ്ത ശാസ്ത്ര ചരിത്രകാരിയുടെ നോട്ട് ഓള്‍ഡ് ആസ് യു തിങ്ക്, (ഓപ്പണ്‍ മഗസിന്‍ 2011 ഫെബ്രുവരി 12) വായിക്കാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഇതുവായിക്കുമ്പോള്‍ ഒരു സംശയം ബാക്കിയാവുന്നു നോമ്പും നിസ്‌കാരവും മുസ്‌ലിമിന്റെതും കുര്‍ബാന ക്രൈസ്തവന്റെയും ആകുമ്പോള്‍ നിലവിളക്കു കത്തിക്കുന്നതും സൂര്യനമസ്‌കാരവും മാത്രം എങ്ങനെ ഹൈന്ദവസംസ്‌കാരം മാത്രമാകാതെ ഭാരതീയ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായി മാറി എന്ന്.

പകുതി കിട്ടുന്നതോ തീരെ കിട്ടാതിരിക്കുന്നതോ ഏതാണുത്തമം?
ഇസ്‌ലാമിലെ അനന്തരാവകാശനിയമം പലപ്പോലും സ്ത്രീക്ക് പകുതിസ്വത്തേ കൊടുക്കുന്നുള്ളൂവെന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് സമൂഹ്യ ശാസ്തജ്ഞരുടെ പതിവു രീതി. സാമ്പത്തിക ഉത്തരവാദിത്വവുമായി ബന്ധപ്പെട്ടാണ് ഇസ്‌ലാമിലെ അനന്തരസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതെന്നും ഇസ്‌ലാമില്‍ സ്ത്രീക്ക് യാതൊരു തരത്തിലും സാമ്പത്തിക ഉത്തരവാദിത്വമില്ലെന്നും വസ്തുതയാണ്. മുസ്‌ലിം സ്ത്രീക്ക് അവള്‍ക്ക് കിട്ടിയ പകുതി സ്വത്ത് ഇഷ്ടാനുസരണം വിനിയോഗിക്കാം. എന്നാല്‍ സാമ്പത്തിക ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാന്‍ തയ്യാറുളള മറ്റു സമുദായ സ്ത്രീക്ക് മുഴുവന്‍ പോയിട്ട് പകുതിയെങ്കിലും ലഭിക്കുന്നുണ്ടോ?

ഇല്ലെന്നാണ് ടി.എന്‍ ഗോപകുമാര്‍ ‘സ്വത്തും നിയമതടസ്സവും’എന്ന ചെറു കുറിപ്പിലൂടെ കലാകൗമുദി വാരികയിലൂടെ (2015 ജൂലൈ 5) പറയുന്നത്. 1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ ചുവടുപിടിച്ച് 2005-ല്‍ കൊണ്ടുവന്ന ഭേദഗതികള്‍ പോലും ഹിന്ദു സ്ത്രീക്ക് തുല്യത ഉറപ്പുവരുത്തില്ലെന്ന് അദ്ദേഹം ഈ ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു. ‘കൂട്ടുകുടുംബത്തിലെ അവകാശം വിവാഹിതയോകുന്നതോടെ ഹിന്ദു സ്ത്രീക്ക് നഷ്ടമാകുന്നുവെന്നും ഇന്ത്യയിലെ ഹിന്ദു കുടുംബനാഥന് സ്വത്ത് നല്‍കുന്ന കാര്യം വരുമ്പോള്‍ മകനോടാണ് കൂടുതല്‍ താല്‍പര്യം എന്നും മുസ്‌ലിമായ അച്ഛന് തോന്നിയതുപോലെ തന്റെ സ്വത്തുമുഴുവന്‍ മകന് നല്‍കാന്‍ അധികാരമില്ലെന്നും ഇക്കാര്യത്തില്‍ മുസ്‌ലിം സ്ത്രീ ഹിന്ദു സ്ത്രീയെക്കാള്‍ ഭാഗ്യവതിയാണെന്നും അദ്ദേഹം പറയുന്നു.’വസ്തുനിഷ്ടമായും യാഥാര്‍ഥ്യബോധത്തോടെയും കാര്യങ്ങളെ സമീപിക്കുന്നവര്‍ക്ക് തുടര്‍ അന്വേഷണത്തിനും മതത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീയെ ഓര്‍ത്ത് കരയുന്നവരും വായിക്കേണ്ട ലേഖനമാണിത്.

ഇന്നും തീണ്ടാപ്പാടകലെ തന്നെ
രാഷ്ട്രീയ പക്വതകൊണ്ടും വിദ്യാഭ്യാസ മേന്മകൊണ്ടും പ്രബുദ്ധത നേടിയവരാണ് കേരളീയര്‍ എന്നാണ് വെപ്പ്. അയ്യങ്കാളിയുടെയും ശ്രീനാരായണ ഗുരുവിന്റെയും മന്നത്തു പത്മനാഭന്റെയും വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെയും നവോത്ഥാന പരിശ്രമങ്ങളുടെ കാലടികള്‍ പതിഞ്ഞ പവിത്രമണ്ണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അയിത്തവും തീണ്ടാപ്പാടകലെ നിര്‍ത്തിയ ജനം. അയിത്തവും തൊട്ടുകൂടായ്മയും കണ്ടുപോയാല്‍ കുളിക്കലുമൊക്കെ അങ്ങ് മാടമ്പിത്തരമുള്ള ബീഹാറിലും ഹരിയാനയിലും മാത്രം. ഇവിടെ അതൊന്നും നടക്കൂലാ. കേരളീയ പൊതുജീവിതത്തെക്കുറിച്ചുള്ള നമ്മുടെ മേനി പറച്ചിലായിരുന്നു ഇതൊക്കെയെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ വാര്‍ത്തയായ പേരാമ്പ്ര സ്‌കൂളിലെ സാംബവ വിദ്യാര്‍ഥികളോട് കാണിക്കുന്ന അനീതി.

ഇത്തരമൊരവസ്ഥ വാര്‍ത്തയാകാന്‍ തന്നെ കാലങ്ങളെടുത്തുവെന്നത് കേരളീയ സമൂഹം എത്രമാത്രം ജാതീയവും മതപരവുമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. വാര്‍ത്തയുടെ നിജസ്ഥിതി അറിയാനായി സാംബവ സഭ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി നടത്തിയ അന്വേഷണ റിപ്പേര്‍ട്ടാണ് കേരളശബ്ദം വാരികയുടെ (2015 ജൂലൈ 19) പ്രധാന കവര്‍‌സ്റ്റോറി. പേരാമ്പ്രയിലെ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നതും പരിഗണിക്കുന്നതുമായ രീതിയും കോളനിയിലെ വീടുകളിലെ ശോച്യാവസ്ഥയും നേരിട്ടുകണ്ടു മനസ്സിലാക്കിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ഇതില്‍ വിവരിക്കുന്നുണ്ട്. ‘2015ലും നരനു നരനശുദ്ധ വസ്തുവോ…’എന്നാണ് ലേഖനത്തിന്റെ ടൈറ്റില്‍. ഇതുവായിക്കുമ്പോള്‍ വെറുതെയല്ല കേരളം ഭ്രാന്താലയമാണെന്നു സ്വാമി വിവേകാന്ദന്‍ പറഞ്ഞതെന്ന് നിസ്സംശയം മനസ്സിലാക്കാം.

വിദ്യാഭ്യാസത്തിനുമേലുള്ള ഫാസിസത്തിന്റെ പിടുത്തം
വിദ്യാഭാസത്തെയും സാംസ്‌കാരത്തെയും വരുതിയിലാക്കിക്കൊണ്ടു മാത്രമേ ഏതൊരു സമൂഹത്തിനുമേലും അധീശത്വം സ്ഥാപിക്കാന്‍ ആര്‍ക്കും സാധിക്കുകയുള്ളൂ. ജനാധിപത്യത്തിന്റെ തുറസ്സുകളെയും രാഷ്ട്രീയമായ പ്രക്രിയകളെയും ഇത്തരം ഫാസിസ്റ്റുകള്‍ക്ക് എപ്പോാഴും ഭയമാണ്. അതുകൊണ്ടുതന്നെയാണ് മേല്‍പറഞ്ഞവക്ക് മൂക്കുകയറിടാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നതും. ഇക്കാര്യം നല്ലവണ്ണം മനസ്സിലാക്കിയവരാണ് ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തെ ഫാസിസിറ്റു ദിശയിലൂടെ ചരിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍. ബി.ജെ.പി കേന്ദ്ര അധികാരത്തില്‍ മേല്‍ക്കൈ നേടിയതിനുശേഷം ഈ ശ്രമം വളരെ സാര്‍വ്വത്രികമായി നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏത്രതന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും വിവരസാങ്കേതികതയുടെ അതിപ്രസരണത്തില്‍ അത് വേണ്ടവണ്ണം ഫലം ചെയ്യില്ല എന്നതും യാഥാര്‍ഥ്യമാണ്. ആര്‍ക്കും തന്റെ അഭിപ്രായം ലോകത്തോടു വിളിച്ചു പറയാന്‍ ഇന്നാവും. അതുകൊണ്ടുതന്നെയാണ് ഇത്തരം തുറന്നു പറച്ചിലുകളും ഏറ്റുപറച്ചിലുകളും ഭയക്കുന്ന ഫാസിസ്റ്റുകള്‍ ഇത്തരം സ്ഥാനങ്ങളെ നിയന്ത്രിക്കാനും അതിന്റെ തലപ്പത്ത് സമാന ആശയക്കാരെ കുടിയിരുത്താനും ശ്രമിക്കുന്നത്. വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളെ കച്ചവടമാക്കുകയും സ്വന്തമാക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇക്കൂട്ടരുടേത്.

പല രംഗത്തും ഇങ്ങനെ മേല്‍ക്കെ നേടിയ ഫാസിസം ഇപ്പോള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിന്റെ അധിപനായി അഖില ഭാരതീയ ഇതിഹാസ സം സങ്കലന്‍ യോജനയുടെ തലവന്‍ സുദര്‍ശന റാവുവിനെ നിയമിച്ചതും ഈയൊരുദ്ദേശത്തോടെയാണ്. അതിനെതിരെ ജനാധിപത്യത്തിനും മതേതരത്വത്തിനും സാംസ്‌കാരിക രംഗം മലീനസപ്പെടുത്തുന്നതുമെതിരെ പ്രതിരോധം സഷ്ടിച്ചുകൊണ്ട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ഈ വിഷയത്തെ വിശകലനം ചെയ്യുകയാണ് സി.എസ് വെങ്കിടേശ്വരന്‍ ‘ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരവും വിദ്യാഭ്യാസത്തിന്റെ ഭാവിയും’എന്ന ദേശാഭിമാനി വാരികയിലെ (2015ജൂലൈ ലക്കം 8) ലേഖനത്തിലൂടെ. ഫാസിസം ആധിപത്യം നേടുന്ന കാലത്ത് ബുദ്ധിജീവികളും കലാകാരന്മാരും അധ്യാപകരും വിദ്യാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാമടങ്ങിയ പ്രധിരോധ കൂട്ടായ്മ രൂപീകരിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്നും കൂടി അദ്ദേഹം ലേഖനത്തിലൂടെ പറയുന്നു.

Related Articles