Current Date

Search
Close this search box.
Search
Close this search box.

ഇവര്‍ എഴുതുന്നത് ആര്‍ക്കു വേണ്ടിയാണ്?

ശുദ്ധമായ ചരിത്രബോധത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ജാഗ്രവത്തായ ചില ഉണര്‍ത്തു പാട്ടുകള്‍ ശക്തിയായി മുഴങ്ങികൊണ്ടിരിക്കുന്ന സവിശേഷമായ രാഷട്രീയ സാഹചര്യത്തിലൂടെയാണ് ഇന്ന് വായനാ സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വാധിപത്യ പ്രത്യയശാസ്ത്രത്തിന് അധികാരം ലഭിച്ചാല്‍ അപര ശബ്ദങ്ങളുടെ നാവ് അക്ഷരാര്‍ഥത്തില്‍ തന്നെ അരിഞ്ഞ് വീഴ്ത്തപ്പെടുമെന്ന് ധരിച്ച് ആശങ്കപ്പെട്ടവരാണ് ഏറെപേരും. അക്ഷരം കൂട്ടി വായിക്കാനറിയാത്തവനെ കൊണ്ട് കൊല്ലും കൊലയും നടത്തിച്ച ത്രിശൂലപാണികളെയാണ് നമുക്ക് പരിചയം. എന്നാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി നിലവാരം പ്രാപിച്ചിരിക്കുകയാണ്.

അക്ഷരം പഠിക്കാന്‍ പള്ളികൂടത്തില്‍ പോകുന്ന കുട്ടികള്‍ കേരളം മഴുവെറിഞ്ഞുണ്ടാക്കിയ പരശുരാമന്റെ മഴുവിന്റെ നീളവും വീതിയും, ഏറിന്റെ ഗതിവേഗങ്ങളും ശാസ്ത്രീയമായി പഠിക്കേണ്ടി വരുന്ന ഗതികേടിനെ പറ്റിയാണ് ‘തേജസും’ ‘പ്രബോധനവും’ ആശങ്കപ്പെടുന്നത്. മഹാഭാരതവും രാമയാണവും തീര്‍ത്തും ചരിത്രവസ്തുതകളാണെന്നാണ് ഇനിയങ്ങോട്ട് നാം വിശ്വസിക്കേണ്ടത്. അക്ഷരങ്ങള്‍ക്കും മോദി ഭരണക്കാലത്തെ പേടിക്കേണ്ടിയിരിക്കുന്നു. ഹിന്ദു സ്ത്രീയെ മുസ്‌ലിം പുരുഷന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്ന ശിവാജിയും, ഹിന്ദു സ്ത്രീകളെ ഇരകാളാക്കുന്ന അക്ബര്‍ രാജാവും, കാമപേക്കൂത്തിന് മണിമാളികകള്‍ ഉണ്ടാക്കുന്ന ഹൈദരാബാദിലെ നൈസാമുമാരുമാണ് ആര്‍ എസ് എസിന്റെ തൂലികയിലൂടെ നമ്മുടെ കുട്ടികളുടെ മുന്നിലേക്ക് എത്തുന്നത്. അക്ഷരങ്ങള്‍ക്ക് ശബ്ദമുണ്ടായിരുന്നെങ്കില്‍ അവ പച്ചത്തെറി പറഞ്ഞേനെ.

ഇസ്രായേല്‍ അധിനിവേശത്തിന്റെ ഫലമായി പിറന്നുവീണ നാട് നഷ്ട്‌പ്പെട്ടവന്റെ തിരിച്ചുപിടിക്കല്‍ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന പ്രസ്ഥാനമാണ് ഫലസ്തീനിലെ ഹമാസ്. ശത്രുവിനോട് അവന്റെ ഭാഷയില്‍ തന്നെ പ്രതികരിക്കാന്‍ ഫലസ്തീനികള്‍ക്ക് ത്രാണിയേകിയ അധിനിവേശ വിരുദ്ധ പ്രസ്ഥാനം. ഹമാസിനെ പറ്റി മുജാഹിദ് സെന്ററില്‍ നിന്നും ഇറങ്ങുന്ന വിചിന്തനം വാരികക്കും, ആര്‍ എസ് എസിന്റെ കേസരിക്കും പറയാനുണ്ടായിരുന്നത് ഒരേ കാര്യങ്ങള്‍ തന്നെയായിരുന്നു.

കേസരിയില്‍ എം. ജോണ്‍സണ്‍ റോച്ച് എഴുതിയ ‘പലസ്തീനിന്റെ ദുര്‍ഗതിക്ക് ആരാണുത്തരവാദി?’ എന്ന തലവാചകത്തിലുള്ള ലേഖനം അദ്ദേഹത്തിന്റെ വൈജ്ഞാനിക സത്യസന്ധതയെ ചോദ്യം ചെയ്യുന്നതും ചരിത്രത്തിലുളള നിരക്ഷരതയെ വെളിവാക്കുന്നതുമായിരുന്നു. ‘ഇസ്രായേല്‍ സൈന്യത്താല്‍ കൊല്ലപ്പെടുന്ന ഫലസ്തീനികളെയും അവരുടെ കുട്ടികളേയും തുടക്കം മുതല്‍ തന്നെ ഹമാസ് വിറ്റു കാശാക്കിക്കൊണ്ടിരിക്കുന്നു. ഓരോ കൊല്ലപ്പെടലുകളേയും ഓരോ ഘോഷയാത്രയായി കൊണ്ടു നടന്ന് പ്രദര്‍ശിപ്പിച്ച് മറ്റ് അറബ് രാഷ്ട്രങ്ങളുടെ വൈകാരികതലങ്ങളെ ഹമാസ് ചൂഷണം ചെയ്യ്തു കൊണ്ടിരിക്കുകയാണ്. മറ്റ് അറബ് രാഷ്ട്രങ്ങളില്‍ നിന്നും കിട്ടുന്ന വമ്പിച്ച ധനസഹായം കൊണ്ട് ഹമാസ് തടിച്ച് കൊഴുക്കുന്നതിനോടൊപ്പം റോക്കറ്റുകളും ആയുധങ്ങളും നിര്‍മ്മിച്ച് കൂട്ടുകയും ചെയ്യുന്നു. ഇസ്രായേലിലേക്ക് തുരങ്കങ്ങള്‍ നിര്‍മ്മിച്ച് കടന്നുകയറി അപകടങ്ങള്‍ സൃഷ്ട്ടിക്കുന്നു. യഹൂദരെ ഇടയ്ക്കിടെ ആക്രമിക്കേണ്ടത് ഹമാസിന്റെ നിലനില്‍പ്പിന്റെ ഒരാവശ്യമായിത്തീര്‍ന്നിരിക്കുന്നു‘.
 ഇനി വിചിന്തനം വാരികയിലൂടെ ഒന്ന് കണ്ണോടിക്കാം. രണ്ടും അച്ചടിക്കുന്നത് ഒരിടത്ത് നിന്നാണോയെന്ന് ചിലപ്പോള്‍ വായനക്കാര്‍ക്ക് സംശയം തോന്നിയേക്കാം.

ഹമാസ് ഫലസ്തീന്‍ ജനതക്ക് ശാപമോ‘ എന്ന തലകെട്ടില്‍ വിചിന്തനം വാരികയില്‍ ഡോ.എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി എഴുതിയ ഹമാസ് വിശകലനം സഹതാപമര്‍ഹിക്കുന്നതാണ്. ‘ഹമാസിനെ ഗസ്സയിലെ ജനങ്ങള്‍ വോട്ട് ചെയ്ത് തെരഞ്ഞെടുത്തുവെന്നത് ശരി. ഹമാസിന്റെ ചില അപക്വമായ നീക്കങ്ങള്‍ ഇസ്രായേലിന് തങ്ങളുടെ കാട്ടാളത്തം ന്യായീകരിക്കാന്‍ വക നല്‍കി എന്നെങ്കിലും അംഗീകരിച്ചേ പറ്റൂ. ആയുധബലത്തില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്ന ഇസ്രായേലിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന ആയുധമോ പരിശീലനമോ ഹമാസ് നേടിയിട്ടില്ല. പഴഞ്ചന്‍ ഓലപ്പടക്കളാണ് ഇപ്പോഴും തെല്‍ അവീവിന് നേരെ എറിയുന്നത്. വല്ലപ്പോഴും ഹമാസ് ഗറില്ലകള്‍ക്ക് ഒന്നോ രണ്ടോ ഇസ്രായേലി സൈനികരെ ലഭിക്കും. അവരെ ബന്ധികളാക്കി വിലപേശും. ഇഖ്‌വാനുല്‍ മുസ്‌ലിമീന്റെ ഫലസ്തീന്‍ ഘടകമാണ് ഹമാസ്. കുറച്ച് കാലം മുര്‍സി അധികാരത്തിലിരുന്നപ്പോള്‍ ഹമാസിന് സുവര്‍ണ്ണകാലമായിരുന്നു. ഹമാസിന്റെ പല നേതാക്കളും ഒളിജീവിതം നയിക്കുന്നത് ഖത്തറിലും ഈജിപ്തിലുംമൊക്കെയാണ്. ഗസ്സയില്‍ പിഞ്ചുപൈതങ്ങളും ഹമാസിന്റെ പ്രദേശിക നേതാക്കളും മരിച്ചുവീഴുമ്പോള്‍ വലിയ വര്‍ത്തമാനം പറഞ്ഞ് അറബ് രാജ്യങ്ങളില്‍ സുഖജീവിതം നയിക്കുന്നതിന് അവരുടെ പക്ഷത്ത് ന്യായങ്ങള്‍ കാണും. ഉര്‍ദുഗാന്റെ ഇഖ്‌വാന്‍ ചായ്‌വും ഖത്തറിന്റെ തലോടലും യൂസുഫുല്‍ ഖറദാവിയുടെ തലോടലുമെല്ലാം ഹമാസിനെ സ്വന്തം ദൗര്‍ബല്യത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ മാത്രം അന്ധരാക്കിയിരിക്കുന്നു. ഫലസ്തീനിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ ഞങ്ങള്‍ക്കെന്താ ജോലിയെന്ന് ചോദിക്കുന്നത് പോലെയുണ്ട് ചില ഹമാസ് ചെയ്തികള്‍‘ ഇങ്ങനെ പോകുന്ന ബഹുമാനപ്പെട്ട സ്വലാഹിയുടെ വികല വിശകലനം.

ഇദ്ദേഹം പറയുന്ന കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഹമാസ് ‘പടക്കമെറിഞ്ഞത്’ കൊണ്ടാണ് ജൂതന്‍മാര്‍ വന്ന് ഫലസ്തീനില്‍ അധിനിവേശം നടത്തിയതെന്ന് തോന്നി പോകും. ഒരു മൊട്ടു സൂചി പോലും സ്വന്തമായി ഉണ്ടാക്കാനറിയാത്ത അറബികള്‍ക്ക് മാതൃകയായി ഇസ്രായേലിന് ഭീഷണിയായി മാറിയ മിസൈലുകള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഹമാസ് നിര്‍മ്മിച്ചു. വളര്‍ന്ന് വളര്‍ന്ന് 160 കിലോമീറ്റര്‍ ദൂരത്തേക്ക് അയക്കാന്‍ കഴിയുന്ന മിസൈലുകള്‍ വികസിപ്പിച്ചിട്ടുണ്ട് ഹമാസ്. ലേഖകന്‍ കളിയാക്കി കൊണ്ട് പറഞ്ഞല്ലോ ഹമാസ് തെല്‍ അവീവിലേക്ക് പടക്കമെറിഞ്ഞുവെന്ന്. പടക്കമേറിന് മുമ്പ് ഗസ്സയില്‍ നിന്നും തെല്‍അവീവിലേക്ക് എത്ര ദൂരമുണ്ടെന്ന് ലേഖകന് ഒന്ന് അന്വേഷിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

Related Articles