Current Date

Search
Close this search box.
Search
Close this search box.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഏറ് വീഴുന്നു

എതിര് നില്‍ക്കുന്നവരെല്ലാം (അത് പുസ്തകമായാല്‍ പോലും) ഇല്ലായ്മ ചെയ്യപ്പെടേണ്ടതാണെന്ന ഫാഷിസത്തിന്റെ മെനുവിലേക്ക് പാഞ്ഞടുക്കുകയാണോ നമ്മളെന്ന ആശങ്ക തോന്നും കാലമാണ്. അത്രമേല്‍ കരാളമായിക്കൊണ്ടിരിക്കുന്നു നമ്മുടെ ചുറ്റുപാടുകള്‍.

താമര വിരിയാന്‍മാത്രം ചെളിക്കുണ്ടായിട്ടില്ലെന്നാണ് കേരളത്തെപ്പറ്റി ഇപ്പോഴും നമ്മുടെ വിശ്വാസം. ആ ഒരു വിശ്വാസത്തിനാണ് സമീപകാല സംഭവങ്ങള്‍ ഓട്ട കുത്തിക്കൊണ്ടിരിക്കുന്നത്. ഗെയ്ല്‍ ട്രെഡ്‌വെലുമായി ബ്രിട്ടാസ് നടത്തിയ അഭിമുഖം പുസ്തകമാക്കിയതിന് ഡിസി ബുക്‌സിനെതിരെയുള്ള കലിപ്പും കലഹവും ഇന്ത്യയൊട്ടാകെ ഗുജറാത്ത് പടര്‍ത്താനുള്ള തുടക്കത്തിന്റെ സൂചനയായി വേണം മനസ്സിലാക്കാന്‍.

പുസ്തകങ്ങള്‍ ജീവനുള്ള ഇഷ്ടികകളാണെന്ന് പറയുന്നുണ്ട് ആനന്ദ് (മാതൃഭൂമി വീക്ക്‌ലി ഏപ്രില്‍ 6). സംസ്‌കാരത്തിന്റെ എടുപ്പുകള്‍ ഉയരാന്‍ സഹായിക്കുന്ന ഇഷ്ടികകള്‍..

എന്നിട്ട് ആളുകള്‍ എന്ത് വായിക്കണം.. വായിക്കരുത്..
ഏത് ചിത്രങ്ങള്‍ വരക്കണം.. വരക്കരുത്..
ഏത് വസ്ത്രങ്ങള്‍ ധരിക്കണം.. ധരിക്കരുത്..
ഏത് പുസ്തകം പ്രസിദ്ധീകരിക്കണം.. പ്രസിദ്ധീകരിക്കരുത്..
എന്നൊക്കെ തീരുമാനിക്കാന്‍ വ്യത്യസ്ത സംഘടനകള്‍ക്ക് ആരാണ് അധികാരം നല്‍കിയത് എന്നും ചോദിക്കുന്നു ആനന്ദ്.
(ഡോണ്ഗറിന്റെ പുസ്തകം പിന്‍വലിച്ചതിനെപ്പറ്റിയാണ് ആനന്ദ് എഴുതുന്നത്…)

****************************
ഗെയില്‍ ട്രെഡെ്‌വെല്ലിന്റെ ഹോളി ഹെല്‍ എന്ന പുസ്തകത്തിന്റെ വായനനാനുഭവം പങ്കുവെക്കുന്നുണ്ട് ബാബുഭരദ്വാജ്(ചന്ദ്രിക മാര്‍ച്ച് 29). വാക്കുകളിലടങ്ങിയ കലഹവും കലാപവും വേദനയും  വരികളില്‍ പകര്‍ത്തിപ്പറയാനുള്ള ബാബു ഭരദ്വാജിന്റെ കരവിരുത് ശരിക്കും വിസ്മയം തന്നെയാണ്..

‘വിശ്വാസത്തിന്റെ നരകത്തെക്കുറിച്ചാണ് ഇതില്‍ പറയുന്നത്. വിശ്വാസത്തില്‍ നിന്ന് ഭക്തിയിലേക്കും ഭക്തിയില്‍ നിന്ന് മായമില്ലാത്ത ഭ്രാന്തിലേക്കും മനുഷ്യന്‍ എങ്ങനെ എത്തിച്ചേരുമെന്നതിന്റെ അനുഭവക്കുറിപ്പാണിത്. ഒരു കാര്യത്തില്‍ നമ്മള്‍ സുധാമണിയെ നമിക്കണം. ജനങ്ങള്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് അമ്മയുടെ വാല്‍സല്യമാണെന്നവര്‍ കണ്ടെത്തി. അതിന്റെ നാനാതരം കച്ചവടസാധ്യതകളെപ്പറ്റി ദീര്‍ഘദര്‍ശനം നടത്താന്‍ പറ്റി..
സുധാമണിയുടെ മറ്റൊരു ആയുധം കാരുണ്യമാണ്. ഭക്തിയെപോലെതന്നെ വിലമതിക്കാന്‍ പറ്റാത്ത കച്ചവടച്ചരക്കാണ് കാരുണ്യവും.. ആയിരം രൂപ കക്കുന്നവന്‍ നുറ് രൂപ കാരുണ്യത്തിന്റെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നു..’

*******************************
സ്ത്രീവേവുകളെപ്പറ്റി ഒട്ടേറെ കഥകളും കവിതകളും വന്നിട്ടുണ്ട്.. ഒരു പെണ്ണ് കരഞ്ഞാലും അവളുടെ കണ്ണ്‌നീരില്‍ വെള്ളമേറിപ്പൊയെന്ന് പരാതി പറയുന്ന ആള്‍ക്കൂട്ടത്തെപ്പറ്റി ടിപി രാജീവന്‍ എഴുതിയിട്ടുണ്ട്.. കമലാസുറയ്യയുടെ കോലാട് എന്ന കഥയും വീരാന്‍ കുട്ടിയുടെ പുകയില്ലാത്ത അടുപ്പുകളുടെ ഉപമ എന്ന കവിതയുമൊക്കെ പെണ്ണുങ്ങളുടെ പൊള്ളുന്ന ജീവിതത്തെ പകര്‍ത്തിയ രചനകളായിരുന്നു..

ഷമിയാസ് വളപട്ടണത്തിന്റെ സ്ത്രീ എന്ന കവിതയും സുന്ദരം. (ചന്ദ്രിക മാര്‍ച്ച് 22)

സ്ത്രീ

മുഖം കഴുകാന്‍
രണ്ടു കണ്ണിന്റെ ഗര്‍ത്തത്തില്‍
കുറച്ച് ഉപ്പുവെള്ളം മാത്രം..
ദാഹം കൊതിച്ച്
നാവ് വായ്ക്കകത്ത്
ജീവനോടെ പിടഞ്ഞു..

ഒരു ഹൃദയം
രണ്ട് കൈകാലുകള്‍
നീന്തിയക്കരെ പിടിക്കാന്‍
ഇവയൊക്കെ മതി..

എന്നാലും എന്റെ സഹോദരീ
സാമൂഹ്യപാഠത്തില്‍
ഞാന്‍ പഠിച്ച
നാല്‍പ്പത്തിനാലില്‍
ഒരു പുഴ
നീയായിരുന്നല്ലോ…?

*******************************
ഈയാഴ്ചയിലെ തമാശ എന്ന ടൈറ്റിലില്‍ ഇന്ത്യാ ടുഡേയില്‍ വന്നത്.. കെജ്‌രിവാള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു, ഉത്തരങ്ങളില്ല.. മോഡിക്ക് ഉത്തരമുണ്ട്.., എന്നാല്‍ ചോദ്യങ്ങള്‍ ഇഷ്ടമല്ല.. രാഹുലിന്റെ ഉത്തരങ്ങള്‍ കൂടുതല്‍ ചോദ്യങ്ങളാണ് ഉയര്‍ത്തുക..

Related Articles