Current Date

Search
Close this search box.
Search
Close this search box.

ആനന്ദിന്റെ പുതിയ വെളിപാടുകള്‍

anand.jpg

പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്വാതന്ത്ര്യം ജനാധിപത്യം മതനിരപേക്ഷത തുടങ്ങിയവക്ക് വര്‍ത്തമാനകാല ഇന്ത്യയില്‍ ഏല്‍ക്കുന്ന ക്ഷതങ്ങളെക്കുറിച്ച് ആനന്ദ് തന്റെ പതിവ് ശൈലിയില്‍ വ്യാകുലപ്പെടുന്നുണ്ട്. ഒരേ വാര്‍പ്പു മാതൃകയില്‍ ചിന്തിക്കുന്ന മലയാളത്തിലെ സ്യൂഡൊ സെക്കുലര്‍ ബുദ്ധിജീവികളില്‍ നിന്ന് ആനന്ദിന് പ്രത്യേകം തിരിച്ചറിവുകളൊന്നും ഇനിയുമുണ്ടായിട്ടില്ല. റാഡിക്കലായ മത ജാതി ചിന്തകളുടെയും കൂട്ടായ്മകളുടെയും മേല്‍കോയ്മയാണ് ജനാധിപത്യവും മതനിരപേക്ഷതയും സാധ്യമാക്കുന്ന സാമൂഹിക പുരോഗതിക്ക് തടസ്സം നില്‍ക്കുന്നത് എന്നദ്ദേഹം വിശ്വസിക്കുന്നു.

മതം എന്ന് പറയുമ്പോള്‍ ഇസ്‌ലാം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ആര്‍.എസ്.എസിന് തൂക്കമൊപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയെയും, ആഗോളതലത്തില്‍ ഒരു കാലത്ത് മതനിരപേക്ഷതയുടെ സ്വര്‍ഗമെന്ന് ആനന്ദുള്‍പ്പടെയുള്ളവര്‍ വാഴ്ത്തിയിരുന്ന തര്‍ക്കിയിലെ എ.കെ പാര്‍ട്ടിയും എര്‍ദോഗാനുമാണുള്ളത്. ശാസ്ത്രവും മതരഹിത ജീവിത വീക്ഷണവും മാത്രമേ ലോകത്ത് ശാന്തിയും സമാധാനവും കൊണ്ടു വരികയുള്ളൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന ആനന്ദിനെപ്പോലുള്ളവര്‍ മതനിരപേക്ഷതയുടെ മറവില്‍ ധ്വംസിക്കപ്പെട്ട വിശ്വാസപരമായ സ്വാതന്ത്ര്യത്തെക്കുറിച്ച് എന്നും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു.

മതപരമായ റാഡിക്കലൈസേഷന്‍ പൊതുവെ സാമൂഹിക പുരോഗതിക്ക് കളങ്കം ചാര്‍ത്തുന്ന രണോത്സുകവും ബീഭല്‍സവുമായ പ്രതിനിധാനമാണ് നിര്‍വ്വഹിക്കുന്നത് എന്നത് ക്രമപ്രവൃദ്ധമായി രൂപപ്പെട്ടു വന്ന പൊതുബോധത്തിന്റെ കൂടി പ്രശ്‌നമാണ്. പ്രത്യേകിച്ച് റാഡിക്കല്‍ സലഫിസത്തിനും സൂഫിസത്തിനും മധ്യേ ജനാധിപത്യത്തോടും മത നിരപേക്ഷതയോടുമെല്ലാം നിരന്തരമായ സംവാദങ്ങളിലേര്‍പ്പെട്ട് വികസിതമായ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ കാര്യത്തില്‍. സ്വതന്ത്രചിന്തയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന മുസ്‌ലിം നാടുകളിലുള്‍പ്പടെ രൂപപ്പെട്ടു വരുന്ന നവ ജനാധിപത്യ മുന്നേറ്റങ്ങളെ കൃത്യമായി വിശകലനം ചെയ്യുന്ന  അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദ എക്കണോമിസ്റ്റിന്റെ’ സെപ്തംബര്‍ ലക്കം ആനന്ദുള്‍പ്പടെയുള്ള സ്യൂഡൊ സെക്കുലരിസ്റ്റുകള്‍ മനസ്സിരുത്തി വായിക്കുന്നത് നന്നാകും. മതത്തിന്റെ മൗലികമായ ചട്ടക്കൂടുകള്‍ക്കകത്ത് നിന്നു കൊണ്ട് തന്നെ ജനാധിപത്യത്തോട് സര്‍ഗാത്മകമായി സംവദിക്കുകയും ചില ഘട്ടങ്ങളിലെങ്കിലും മതനിരപേക്ഷതയുടെ വക്താക്കളെക്കാള്‍ നിലപാട് കൊണ്ട് ഒരുപടി മുകളില്‍ നടക്കുകയും ചെയ്ത റാശിദുല്‍ ഗന്നൂശി ഉള്‍പ്പടെയുള്ളവരോട് സെക്കുലര്‍ യൂറോപ്പ് കാണിച്ചത് ഭീമാബദ്ധമാണെന്ന കുമ്പസാരമാണ് കവര്‍ സ്‌റ്റോറിയായി വന്നിരിക്കുന്നത്.

സെക്കുലര്‍ മുഖമുള്ള കിരാതനായ സീസിയെക്കാള്‍ ജനാധിപത്യ വഴിയില്‍ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതായും എക്കണോമിസ്റ്റ് അടിവരയിടുന്നു. ഇസ്‌ലാമിസ്റ്റുകള്‍ വ്യവസ്ഥയോട് സംവദിച്ചും തിരുത്തിയും വികസിപ്പിച്ചെടുത്ത നവജനാധിപത്യ സംരഭങ്ങളെയും മുന്നേറ്റങ്ങളെയും മല്ലാം എത്ര ലളിതമായാണ് ആനന്ദുള്‍പ്പടെയുള്ളവര്‍ ഐ.എസിലേക്ക് വരവ് വെക്കുന്നത്. മതമാണ് പ്രശ്‌നം എന്ന് വരുത്തിത്തീര്‍ക്കാന്‍ മതനിരപേക്ഷതയുടെ വാഴ്ത്തുപാട്ടുകള്‍ നടത്തുന്നവര്‍ പല സെക്കുലര്‍ സ്‌റ്റേറ്റുകളും അധികാരത്തിന്റെ ഭീകരരൂപം പൂണ്ട് കൊന്നൊടുക്കിയ പൗരന്‍മാരുടെ എണ്ണമെത്രയാണ്. സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്ന ഏകശിലാത്മക സവര്‍ണ്ണ ബ്രാഹ്മണിക്കല്‍ സ്‌റ്റേറ്റ് രൂപപ്പെടണമെങ്കില്‍ വംശീയ ഉന്‍മൂലനം സാധ്യമാകണം. സ്വതന്ത്ര ചിന്തകര്‍ ഇല്ലാതാകണം. ആവിഷ്‌കാര സ്വാതന്ത്രൃത്തിന് താഴിടണം. എഴുത്തുകാരുടെയും പൗരന്‍മാരുടെയും രക്തം തെരുവുകളെ ചെഞ്ചായമണിയിക്കുമ്പോള്‍ നമ്മുടെ ബുദ്ധി ജീവികള്‍ ഇനിയെന്നാണ് ഈ തൂക്കമൊപ്പിച്ച കളികള്‍ നിര്‍ത്തുക.

Related Articles