Current Date

Search
Close this search box.
Search
Close this search box.

അവര്‍ വിപ്ലവത്തെ ചുംബിക്കാന്‍ ധൈര്യപ്പെടുമോ?

ആവിഷ്‌കാര സ്വാതന്ത്യത്തെ കുറിച്ചുള്ള വെടിവഴിപാടുകള്‍ കുറച്ചധികം ശബ്ദത്തില്‍ തന്നെ മുഴങ്ങിക്കേള്‍ക്കുന്നുണ്ട് ഇന്നത്തെ അന്താരാഷ്ടാ-ദേശീയ-പ്രദേശിക ചലനങ്ങളെ സംബന്ധിച്ച കേരളീയ സാംസ്‌കാരിക വീക്ഷണകോണുകളില്‍ നിന്ന്. ഒരേ വിഷയം ഉയര്‍ത്തിപ്പിടിച്ച് നടന്ന സമര-പ്രതിസമരങ്ങള്‍ ഒരേ സ്ഥലത്ത് മുഖാമുഖം നിന്നുകൊണ്ടായിരുന്നു മുദ്രാവാക്യങ്ങള്‍ വിളിച്ചത്. മുദ്രാവാക്യങ്ങളില്‍ നിന്ന് ചീറിവന്നിരുന്ന വാക്കുകള്‍ക്ക് പ്രസ്‌ക്തി നഷ്ടപ്പെടുകയും, നവഫാസിസ്റ്റ് വിരുദ്ധ ചേരികളെ സംബന്ധിച്ചിടത്തോളം വാക്കുകള്‍ക്ക് പകരം അവ ഉതിര്‍ന്ന് വീഴുന്ന ചുണ്ടുകള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിപ്ലവചുവപ്പാര്‍ന്ന സമരായുധമാവുകയും ചെയ്തു.

‘ചുംബനം പാപമല്ല, കുറ്റവുമല്ല’ എന്ന തലക്കെട്ടിനടിയില്‍ എം സ്വരാജ് പ്രത്യയശാസ്ത്രജാഢകളില്ലാത്ത ചില വര്‍ത്തമാനങ്ങള്‍ ദേശാഭിമാനി വാരികയില്‍ (2015 ജനുവരി 11) വായനക്കാരുമായി പങ്കുവെക്കുന്നുണ്ട്. സദാചാര പോലിസ്, ഫാസിസ്റ്റ് ശക്തികള്‍ എന്നിവര്‍ പ്രയോഗവല്‍ക്കരിക്കുന്ന കയ്യൂക്കിന്റെ അരാഷ്ട്രീയത്തിനെതിരെ ചുണ്ടുകള്‍ തമ്മിലുള്ള മൃദുല സ്പര്‍ശനത്തെ ‘ശക്തമായ’ സമരായുധമായി അവതരിപ്പിച്ച ചുംബനസമരക്കാരുടെ സമരരീതിയെയാണ് സ്വരാജ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. സമരം ആരെയൊക്കെ എതിര്‍ക്കാന്‍ വേണ്ടിയായിരുന്നോ സംഘടിപ്പിക്കപ്പെട്ടത് അവരൊക്കെ തന്നെയും ചര്‍ച്ചകളില്‍ അപ്രസ്‌ക്തരായിത്തീരുകയും, സമരരീതിയുടെ ശരിതെറ്റുകളില്‍ ചാനല്‍ചര്‍ച്ചകള്‍ ഉടക്കിനില്‍ക്കുകയും ചെയ്തു.

ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിനാവശ്യമായ ആശയാദര്‍ശ ഉള്‍ബലം ഇത്തരമൊരു സമരരീതിക്ക് ഇല്ലാത്തതിനാലും, ഒളിഞ്ഞു നോട്ടക്കാര്‍ക്ക് നയനാനന്ദകരമായ ചില ദൃശ്യാനുഭവങ്ങള്‍ നല്‍കാന്‍ മാത്രം ഇടവരുത്തുകയും ചെയ്ത ചുംബനസമരത്തോട് ലേഖകന്‍ തന്റെ വിയോജിപ്പ് തുറന്ന് പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം അത്തരമൊരു സമരരീതി ആവിഷ്‌കരിച്ച് പ്രയോഗിക്കാനുള്ള ആ ആള്‍ക്കൂട്ടത്തിന്റെ അവകാശത്തെ അദ്ദേഹം മാനിക്കുകയും ചെയ്യുന്നു എന്ന് ഒരു ജനാധിപത്യ മര്യാദയായി നമുക്ക് വേണമെങ്കില്‍ വരവുവെക്കാം.

കാമറകള്‍ക്ക് മുന്നില്‍ മാത്രം ചുംബനസമരക്കാരുടെ വിപ്ലവവീര്യമുണരുന്നതാണ് നാം പിന്നീട് കണ്ടത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രോത്സവ നഗരിയില്‍ സമരംനടത്താന്‍ വന്നവരെ തടയാതെ സംഭവം കവറേജ് ചെയ്യാന്‍ വന്ന മീഡിയക്കാരെ പോലീസ് മയത്തില്‍ പറഞ്ഞു വിട്ടു. കാമറകണ്ണുകള്‍ അടഞ്ഞതോടു കൂടി സമരക്കാരെല്ലാവരും ചുണ്ടുകള്‍ ചുണ്ടുകളില്‍ നിന്നും വേര്‍പ്പെടുത്തി ചിറിയും തുടച്ച് നാലുംപാടും ചിതറിപ്പോയി. മലപ്പുറത്തും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, എന്തരോ എന്തോ ആ വഴിക്ക് ആരെയും ഇതുവരെ കണ്ടിട്ടില്ല.

കുഫിയ്യ പുതപ്പിച്ച് തീവ്രവാദികളെ മാത്രമായിരുന്നു ഇതുവരെ ഉണ്ടാക്കിയിരുന്നത്. തീവ്രവാദികള്‍ക്ക് പക്ഷെ താടിയും മുസ്‌ലിം പേരും ഉണ്ടാവണമെന്ന ഒരു കണ്ടീഷന്‍ പോലീസിനും അതുപോലെ പൊതുജനങ്ങള്‍ക്കും നിര്‍ബന്ധമുണ്ട്. അതു രണ്ടുമില്ലാത്തവരെ ജനങ്ങള്‍ തീവ്രവാദിയായി അംഗീകരിക്കില്ല. ഇനി ക്ലീന്‍ ഷേവ് ചെയ്തവന്‍ പാര്‍ലമെന്റ് ആക്രമിക്കുകയാണെങ്കിലും ശരി, ജനങ്ങള്‍ പറയും അവനല്ല അത് ചെയ്തതെന്ന്. തീവ്രവാദി എന്ന ഗണത്തിലേക്ക് മാവോവാദിയെന്ന പേരിലറിയപ്പെടുന്ന മാവോയിസ്റ്റിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമായ സൂചനകള്‍ നല്‍കി കഴിഞ്ഞു.

സ്ഥിരപ്പെട്ട ഒരു രൂപമോ ഭാവമോ മതമേലങ്കിയോ ഇല്ലാത്തതിനാല്‍ ആര്‍ക്കും പെട്ടെന്ന് മാവോയിസ്റ്റാവാം എന്ന സൗകര്യമുള്ളത് പോലെത്തന്നെ ആര്‍ക്കും ആരെയും മാവോയിസ്റ്റായി ലേബല്‍ ചെയ്ത് സാംസ്‌കാരിക മാര്‍ക്കറ്റില്‍ അവതരിപ്പിക്കാം എന്ന സ്ഥിതി വിശേഷവും ഇപ്പോള്‍ ഇവിടെ വളര്‍ന്നു വന്നിട്ടുണ്ട്. ഇതിന്റെ പ്രായോഗിക ഉദാഹരണങ്ങള്‍ ഭരണംകൂടം തന്നെ നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് നമുക്ക് കാണിച്ചു തരികയും ചെയ്തു. കേരളത്തില്‍ ഇപ്പോള്‍ പിറന്നുവീണിട്ടുള്ള മാവോവാദി ആക്രമണ വാര്‍ത്തകളുടെ പിതൃത്വത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള ചില ശരിയുത്തരങ്ങള്‍ ‘മാവോവാദി കൃഷി കേരളത്തില്‍’ എന്ന ലേഖനത്തിലൂടെ (മാധ്യമം ആഴ്ചപ്പതിപ്പ് 2015 ജനുവരി 5) കെ.എസ് ഹരിസണ്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.

മാവോയിസ്റ്റുകളുടെ ദേശീയ കേരളീയ വളര്‍ച്ചാഘട്ടങ്ങളും, നാഴികകല്ലുകളും, സമകാലിക സമരമുഖങ്ങളിലെ ഇടപെടലുകളുടെ പാശ്ചാത്തലത്തില്‍ മാറിവരുന്ന കാലത്തെ അഭിമുഖീകരിക്കുന്നതില്‍ സംഭവിച്ച പാളിച്ചകളും പരിമിതമായ തോതിലാണെങ്കിലും വ്യക്തമായും, കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലും എഴുത്തിലേക്ക് കൊണ്ടുവരാന്‍ ലേഖകന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ഭരണകൂടത്തിന്റെ ജനവിരുദ്ധമായ രാഷ്ട്രീയ-സാമ്പത്തിക നയങ്ങള്‍ക്കെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങളെ തുടക്കത്തില്‍ തന്നെ അലസിപ്പിക്കാനുള്ള ഒരു മാര്‍ഗമായി മാവോയിസ്റ്റ് ഭീതിയെ ഭരണകൂടം ഉപയോഗപ്പെടുത്തുന്ന കാഴ്ച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

സൈനിക ലൈനില്‍ നിന്നും ജനകീയ വിപ്ലവപാതയിലേക്ക് പ്രവേശിക്കാത്ത കാലത്തോളം എല്ലാവിധ പ്രതിരോധ-പ്രചാരണായുധങ്ങളും കൈവശമുള്ള ഭരണകൂടം മാവോയിസ്റ്റുകളുടെ കൈയ്യബദ്ധങ്ങള്‍ ആഘോഷിച്ചു കൊണ്ടിരിക്കും. നിലവിലുള്ള മനുഷ്യ-പ്രകൃതി വിരുദ്ധ ശക്തികള്‍ക്കെതിരെ പോരാടാന്‍ തയ്യാറുള്ള ജനകീയ ഗറിലകളെയാണ് ലേഖകന്‍ മാവോവാദി രാഷ്ട്രീയത്തിന്റെ സാധ്യതകളില്‍ നിന്നും തിരഞ്ഞു കൊണ്ടിരിക്കുന്നത്.

മൂല്യാധിഷ്ഠിത സമരപോരാളികള്‍ എവിടെയെന്ന ചോദ്യങ്ങള്‍ നാലുപാടു നിന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളായി സ്വയം എഴുന്നേറ്റ് നില്‍ക്കാന്‍ തയ്യാറുള്ളവര്‍ക്ക് വേണ്ടിയാണ് ചില തടവറകള്‍ ഇവിടെ നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

Related Articles