Current Date

Search
Close this search box.
Search
Close this search box.

അന്ധവിശ്വാസങ്ങളും വ്യവസായ വല്‍കരിക്കപ്പെടുന്ന കാലം

സി രാധാകൃഷ്ണനെന്ന എഴുത്തുകാരനെപ്പറ്റി പുഴകള്‍ ഒന്നായിത്തീര്‍ന്ന അനുഭവമെന്നാണ് പറയാറ്. ഈ മാര്‍ച്ച് മാസത്തില്‍ എഴുപത്തഞ്ച് തികയുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്. കഴിഞ്ഞലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പും ചന്ദ്രിക ആഴ്ചപ്പതിപ്പും സി രാധാകൃഷ്ണനുമായുള്ള അഭിമുഖങ്ങള്‍ കൊണ്ട് സമ്പന്നമാണ്. കാലിക കാലത്തെ മുനയുള്ള ചിന്തകളാല്‍ വരയുന്നു അദ്ദേഹം.

മുടിയും പാനപാത്രവും ആള്‍ദൈവങ്ങളുമെല്ലാം വിദ്യാസമ്പന്നരെന്ന് നമ്മള്‍ കരുതുന്നവര്‍ക്കിടയില്‍ പോലും കൊഴുക്കുന്നത് വികലവിശ്വാസങ്ങള്‍ കൊണ്ടാണെന്നും നമ്മുടേത് ഒരു വ്യവസായ യുഗമായതിനാല്‍ അന്ധവിശ്വാസങ്ങളും വ്യവസായ വല്‍ക്കരിക്കപ്പെടുകയാണെന്നും പറയുന്നു അദ്ദേഹം. ആം ആദ്മി പാര്‍ട്ടിയെ പറ്റിയും ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്.

‘കുറ്റിച്ചൂലുകൊണ്ട് നമുക്ക് അടിച്ചുവാരാം, അങ്ങനെ അടിച്ചുവാരി മുറ്റവും അകവുമൊക്കെ വൃത്തിയാക്കിയാല്‍ ആ ചൂല് പിന്നെ ഉപയോഗിക്കാറില്ലല്ലോ നമ്മള്‍. ചൂല് ഉപേക്ഷിക്കും. വൃത്തിയാക്കിക്കഴിഞ്ഞാല്‍ നമുക്കൊരു നയവും പരിപാടിയും ആസൂത്രണവും ലക്ഷ്യവുമൊക്കെ വേണ്ടേ. അതൊന്നും ആ പാര്‍ട്ടി പറഞ്ഞിട്ടില്ല. വെറും വാഴവെട്ടല്‍ കൊണ്ട് കൃഷിയാകില്ലല്ലോ. അതാണ് അതിന്റെ പരാജയം’

*********************************

കഥകളിലും നോവലുകളിലും വളരെ വന്ന പ്രത്യയശാസ്ത്രം കമ്യൂണിസമാണെന്ന് തോന്നുന്നു. മലയാളത്തില്‍ അത് വളരെ കൂടുതലാണ്. അത് പോലെ തന്നെ നക്‌സലിസവും സര്‍ഗരചനകള്‍ക്കുള്ള വിഷയമായി വന്നിട്ടുണ്ട്. നക്‌സലിസം സമൂഹത്തിന് എന്ത് നല്‍കി എന്ന രീതിയില്‍ വിമര്‍ശനം ഉന്നയിച്ച എഴുത്തുകളുമുണ്ട്. കഴിഞ്ഞ തവണത്തെ ബുക്കര്‍ െ്രെപസിന് ലോംഗ് ലിസ്റ്റ് ചെയ്യപ്പെട്ട ജുംബാ ലാഹ്രിയുടെ ദ ലോ ലാന്റ് പറയുന്നതും നക്‌സലിസവുമായി ബന്ധപ്പെട്ട കഥയാണ്.
എന്റെ പൂച്ചക്കുഞ്ഞിപ്പോള്‍ ഒന്നും മിണ്ടാറില്ല.. മ്യാവൂ എന്ന് കരഞ്ഞാല്‍ മാവോ എന്ന് തെറ്റിദ്ധരിച്ചാലോ.. എന്ന് പറയുന്ന മുഞ്ഞിനാട് പത്മകുമാറിന്റെ ഒരു കവിതയുണ്ട്.
കഴിഞ്ഞ ലക്കം മലയാളം വാരികയില്‍ വന്ന കുരീപ്പുഴ ശ്രീകുമാറിന്റെ നക്‌സലൈറ്റ് എന്ന കവിതയും രസാവഹം..

നക്‌സലൈറ്റ്

രണ്ട് നക്‌സലൈറ്റുകള്‍
കണ്ടുമുട്ടി.
അടുത്ത തട്ടുകടയില്‍ നിന്നും
കട്ടന്‍ ചായയും
പരിപ്പുവടയും കഴിച്ചു.
പിരിയാന്‍ നേരം
ഇരുവരും
ഒരുപോലെ പറഞ്ഞു:
ശരി
എന്നാല്‍ നമുക്ക് പിളരാം..

******************************
ഓണ്‍ലൈന്‍ ലോകത്തെ അങ്ങനെ ആര്‍ക്കും അവഗണിക്കാനൊക്കാത്ത കാലമാണ്. ഒരു പക്ഷേ അച്ചടി പ്രസിദ്ധീകരണങ്ങളിലേതിനെക്കാള്‍ രചനകള്‍ വായിക്കപ്പെടുന്നത് ഇപ്പോള്‍  ഇലോകത്താണ്. വാരികകളില്‍ ഇന്ന എഴുത്ത് വന്നു എന്നത്  നാലാളറിയുന്നത് ഫേസ്ബുക്കിലോ മറ്റോ അത് ഷെയര്‍ ചെയ്യുമ്പോള്‍ മാത്രമാണ്.

സോഷ്യല്‍ സൈറ്റുകളുടെ ഈയൊരു റീച്ച് മനസ്സിലാക്കിക്കൊണ്ടാണ് മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ അവക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നത്.
മാധ്യമം ദിനപ്പത്രത്തിലെ ‘സാമൂഹിക മാധ്യമം’ഇതില്‍ നല്ലൊരു കാല്‍വെപ്പാണ്. കലാകൗമുദി വാരികയും ഫേസ്ബുക്ക് രചനകള്‍ക്ക് ഇടം നല്‍കാറുണ്ട്. ഫെബ്രുവരി 21 ലക്കത്തില്‍ അജയന്‍ തെക്കേക്കരയുടെ ഫേസ്ബുക്കില്‍ വന്ന കഥ പരിചയപ്പെടുത്തുന്നു.

‘ഒരുനാള്‍ ഒരാള്‍ക്ക് പുഴയില്‍ നിന്നും കുറേ മീനുകളെ കിട്ടി . അത് അയാള്‍ വീട്ടില്‍ കൊണ്ടുപോയി ഭാര്യയുടെ കയ്യില്‍ കൊണ്ടുപോയി കൊടുത്തിട്ട് കറിവെക്കാന്‍ പറഞ്ഞു. പക്ഷെ ഭാര്യക്ക് അത് കറിവെക്കാന്‍ സാധിച്ചില്ല. കാരണം വീട്ടില്‍ കറന്റില്ല, ഗ്യാസില്ല, മണ്ണെണ്ണയില്ല.. അവസാനം അയാള്‍ ജീവനുള്ള ആ മീനുകളെ പുഴയിലേക്ക് തന്നെ കൊണ്ടുവിട്ടു..
അപ്പോള്‍ അതില്‍ ഒരുമീന്‍ ഉയര്‍ന്നുചാടിക്കൊണ്ട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു… ‘യുഡിഎഫ് സര്‍ക്കാര്‍ സിന്ദാബാദ്’..

Related Articles